Sunday, December 6, 2015

ആസക്തിയുടെ ആളലുകള്‍


('ആസക്തികൾ ' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ കഥാരചന മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ കഥ )









നിങ്ങള്‍ ഒരിക്കലും  ഇഷ്ടപ്പെടാത്ത ഒരു കാര്യം ചെയ്യാന്‍ നിങ്ങളുടെ ഉറ്റ സുഹൃത്ത് നിര്‍ബന്ധിക്കുകയാണെന്നു കരുതുക. നിങ്ങള്‍ എന്തു ചെയ്യും? അയാള്‍ പറയുന്നതൊക്കെ കേട്ടുനില്‍ക്കുമോ?  അതോ അയാളുടെ അഭാവത്തില്‍ അയാള്‍ പറഞ്ഞതിലെ സത്യത്തെയും അസത്യത്തെയും വേര്‍തിരിക്കാന്‍ ഒരു ശ്രമം നടത്തുമോ? അവസാനം ഉത്തരം കിട്ടാത്ത മനസ്സില്‍ നിന്ന് 'എന്തെങ്കിലും ഒക്കെ ആവട്ടെ, ഞാന്‍ എന്തിന് അതൊക്കെ ഓര്‍ക്കാന്‍ പോവണം' എന്ന് സ്വയം പറഞ്ഞു കൊണ്ട് അയാള്‍ പറഞ്ഞതൊക്കെ  മനസ്സില്‍ നിന്നു മായ്ക്കാന്‍ ശ്രമിക്കുമോ? സത്യം പറയട്ടെ. ഇങ്ങനെയൊരു അവസ്ഥയിലൂടെയാണ്‌ ഞാനും ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.  എനിക്കുതന്നെ അവിശ്വസനീയമായ വഴികളില്‍ക്കൂടി ഞാന്‍ എന്നെ നടത്തുന്നു. എന്റെ ഓരോ പ്രവൃത്തികള്‍ക്കുമൊടുവില്‍ ഞാന്‍ സ്വയം ചോദിക്കുന്നു. "ഞാന്‍
തന്നെയാണോ ഇതൊക്കെ ചെയ്തത്? അങ്ങിനെയെങ്കില്‍ എന്തിന്?" സ്വയം ഒരുത്തരം കണ്ടെത്താന്‍ മനസ്സ് പ്രയാസപ്പെടുമ്പോള്‍ ഞാന്‍ അത്തരം ചിന്തകളെ പാതിവഴിയിലുപേക്ഷിച്ച്, എന്തെങ്കിലുമൊക്കെ ആവട്ടെ എന്നു മനസ്സില്‍ പറഞ്ഞ് എന്റെ പ്രവൃത്തികളില്‍ മുഴുകുന്നു.  വായനക്കാരേ, നിങ്ങള്‍ അല്പനേരം എന്റെ കൂടെ ചേരുമോ? ഞാന്‍ നിങ്ങളെ ഒരു  കഥയിലേയ്ക്കു കൂട്ടിക്കൊണ്ടുപോവുകയാണ്. നിങ്ങൾക്ക് ഈ കഥ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ  ചെയ്യാം. കാരണം ഇതെന്റെ കഥയാണ്. പക്ഷെ ഇതിലെ കഥാപാത്രങ്ങളില്‍ ചിലര്‍ നിങ്ങളാണ്.!

എനിക്കൊരു കൂട്ടുകാരനുണ്ട്. അവന്റെ കൂട്ടുകാരനാണു ഞാന്‍ എന്നു പറയുന്നതാണ് കൂടുതല്‍ ശരി. കാരണം, സ്വന്തം ആനന്ദാനുഭൂതികൾ എന്നിലൂടെയാണ് അവന്‍ ആസ്വദിക്കുന്നത്.. ഇപ്പോള്‍ ഞങ്ങള്‍ക്കു മുമ്പിലുള്ള ഈ വീഥിയിലൂടെ തടിച്ച ശരീരപ്രകൃതിയുള്ള ഒരു പെണ്‍കുട്ടി നടന്നു പൊയ്ക്കൊണ്ടിരിക്കുന്നു എന്നു സങ്കല്പിക്കുക.  അവളുടെ മാംസളമായ ശരീരഭാഗങ്ങള്‍  ഇടുങ്ങിയ വസ്ത്രത്തിനുള്ളില്‍ വിങ്ങിനില്‍ക്കുന്ന അവസ്ഥയിലാണെന്നും വിചാരിക്കുക. ഇനി നിങ്ങള്‍ എന്റെ കൂട്ടുകാരനെ ശ്രദ്ധിക്കൂ. കണ്ടില്ലേ അവന്റെ നോട്ടം? അവന്റെ കണ്ണുകളിലെ ഭാവം കാണാന്‍ കഴിയുന്നുണ്ടോ? അത് ആളിക്കത്തുകയാണ്‌. കാമം നിറഞ്ഞ മനസ്സിന്റെ നെരിപ്പോടില്‍ നിന്നുയരുന്ന ജ്വാലകളാണവ. അവന്‍  എന്തൊക്കെയോ സ്വയം പുലമ്പിക്കൊണ്ടിരിക്കുന്നു.  ചുണ്ടുകള്‍ വരണ്ടുപോവുന്നുണ്ട് എന്നു സംശയം തോന്നുന്നതു കൊണ്ടാണോ, അവന്‍ നാവുകൊണ്ട്  ചുണ്ടുകളില്‍ നനവു പടര്‍ത്തിക്കൊണ്ടിരിക്കുന്നത്? അതോ ഒരു ഇച്ഛാഭംഗം അവനെ  ഗ്രസിച്ചുകഴിഞ്ഞുവോ? ഞങ്ങള്‍ക്കിടയിലെ എന്റെ സ്ഥാനത്തെക്കുറിച്ച് നിങ്ങളില്‍ സന്ദേഹമുണ്ടോ? ഇതാ, ഇനി എന്റെ ഊഴമാണ്. അവന്‍ എന്റെ നേര്‍ക്ക്‌ നോക്കുന്നതു കണ്ടില്ലേ?  അതിന്റെ അര്‍ഥം, ഞാന്‍ പ്രവര്‍ത്തിക്കേണ്ട സമയമായി എന്നാണ്. നോക്ക്, അവള്‍ ഞങ്ങളെയും കടന്നുപോയതു കണ്ടുവോ? അവള്‍ ഞങ്ങളെ ഒന്നു നോക്കുന്നതു പോലുമില്ല. അവളുടെ മനസ്സിലിപ്പോള്‍ സ്വന്തം സുരക്ഷയെക്കുറിച്ചുള്ള ചിന്തകള്‍ മാത്രമായിരിക്കണം. ഞങ്ങളുടെ മൌനസംഭാഷണത്തിന്റെ  പൂര്‍ണത അവളുടെ മനസ്സില്‍ ഒരിടത്തും ഇല്ലാത്തതു കൊണ്ടായിരിക്കണം അവള്‍ ഞങ്ങളെയും കടന്നു വിദൂരതയിലേക്ക് മറയാന്‍ തുടങ്ങുന്നത്. എനിക്ക് പക്ഷെ അവളെക്കുറിച്ച് ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല. എന്റെ കൂട്ടുകാരന്റെ ആവശ്യം ഞാൻ അവളുടെ പിറകെ പോകണം എന്നതാണ്. എനിക്കിതൊരു പതിവാണ്. ഞാന്‍ മുമ്പ് എത്രയോ പ്രാവശ്യം ഇങ്ങനെ ചെയ്തിട്ടുണ്ട്.! ഞാനിപ്പോള്‍ നടന്നുനടന്ന് അവളുടെ തൊട്ടടുത്തെത്തിയിരിക്കുന്നു.  എനിക്കിപ്പോള്‍ അവനെ കാണാന്‍ കഴിയുന്നതേയില്ല. അവന്റെ കണ്ണില്‍ നിന്നും ഞങ്ങളുടെ രൂപങ്ങള്‍ മറഞ്ഞിട്ടുണ്ടാവും, തീര്‍ച്ച. ഇനി എനിക്ക് തിരിച്ചുനടക്കാനുള്ള സമയമാണ്. ഇതാ ഞാന്‍ അവന്റെ അടുത്തെത്തിക്കഴിഞ്ഞു. മുൻപു പലപ്പോഴായി ചെയ്ത എന്റെ പ്രവൃത്തികള്‍ ഞാന്‍ നിങ്ങള്‍ക്കായി ഇപ്പോള്‍ തുടരാന്‍ പോവുകയാണ്. അവന്റെ കണ്ണുകള്‍ വികസിച്ചുവരുന്നത് ശ്രദ്ധിച്ചുവോ? അതിനു കാരണം, ഞാനിപ്പോൾ അവളുടെ ശരീരഭാഗങ്ങളെക്കുറിച്ച്  വര്‍ണ്ണിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. എന്റെ സംസാരം നിറയെ അവളുടെ ശരീരത്തിലെ ഉയര്‍ച്ച താഴ്ച്ചകളെക്കുറിച്ചുള്ള ആശ്ചര്യം ജനിപ്പിക്കുന്ന, അത്ഭുതം നിറഞ്ഞ വിവരണങ്ങളാണ്. അവന്‍ എന്നോട് ചോദ്യങ്ങള്‍ ചോദിക്കാതെതന്നെ, ഞാന്‍ അവന്  ഉത്തരങ്ങള്‍ കൊടുത്തുകൊണ്ടിരിക്കണം. അതാണ് ഞങ്ങൾക്കിടയിലുള്ള നിയമം. എന്റെ ഉത്തരങ്ങള്‍ കേട്ട മാത്രയില്‍ വിടര്‍ന്നുവികസിച്ച അവന്റെ കണ്ണുകള്‍ തിളങ്ങുന്നത് കണ്ടില്ലേ? എന്റെ സുന്ദരമായ പ്രയോഗങ്ങളും കാവ്യാത്മകത നിറഞ്ഞ വര്‍ണ്ണനകളും കേട്ട് അവന്‍. വികാരപരവശനായിട്ടുണ്ട് . ആനന്ദത്തിന്റെ, നിര്‍വൃതിയുടെ,  നിശ്വാസത്തിന്റെ  കൊടുമുടിയിലേക്ക്  ഞാന്‍ അവനെ കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണ്‌. ഇപ്പോള്‍,  അവന്റെ കണ്ണുകള്‍ ചെറുതായിച്ചെറുതായി വരുന്നത് ഞാന്‍ അറിയുന്നു. ഈ ജ്ഞാനം കൊണ്ട് ഞാന്‍ മനസ്സിലാക്കേണ്ടത്  അവനു സന്തോഷമായി, ആശ്വാസമായി എന്നൊക്കെയാണ്. ഇനി നിങ്ങൾക്ക് നിങ്ങളുടെ വിചാരങ്ങള്‍ അവസാനിപ്പിക്കാം. കാരണം ഞങ്ങള്‍ സ്ഥിരമായി സന്ദര്‍ശിക്കുന്ന പബ്ബുകളിലെ പെണ്‍കുട്ടികളുടെ മിസ്സ്‌കോളുകള്‍ ഞങ്ങളെത്തേടി വരാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ക്ക് അവിടെയെത്താനുള്ള പ്രലോഭനമാണ്‌ ഈ ഫോണ്‍കാളുകളിലൂടെ അവര്‍ ലക്ഷ്യമിടുന്നത്. ഞങ്ങളുടെ ശരീരവും ആമാശയവും നിറയ്ക്കാൻ  നുരഞ്ഞു പൊന്തുന്ന ലഹരിയുടെ മായികലോകത്തേക്ക്  ഞങ്ങളെ അവർ  സ്വാഗതം ചെയ്യുകയാണ്. ഞങ്ങൾ കുടിക്കുന്ന പാനീയത്തിന്റെ അളവു കൂടുന്നതനുസരിച്ച്  അവർക്ക് അവരുടെ യജമാനൻ
പ്രത്യേകമായി വേതനം നൽകുന്നു. അതോടൊപ്പം  ലഹരിയുടെ നിറവിൽ ഞങ്ങളുടെ കീശയിലുള്ള നോട്ടുകൾ ഞങ്ങൾ അവര്‍ക്ക് ടിപ്പായി നൽകുന്നു. പക്ഷെ, ഇതൊക്കെ ഞങ്ങൾ അവർക്ക് നല്‍കണമെങ്കിൽ, അവർ കൊഞ്ചിക്കുഴഞ്ഞു ഞങ്ങളോട് ഇടപഴകണം. ഞങ്ങൾ ഉപയോഗിക്കുന്ന ദ്വയാർത്ഥപ്രയോഗങ്ങൾ ശ്രവിച്ച് അതിലുൾപ്പെട്ട  ഇക്കിളിപ്പെടുത്തുന്ന കാര്യങ്ങൾ ആസ്വദിച്ച് ഞങ്ങളുടെ കൂടെച്ചേർന്നു ചിരിക്കണം.

ഇത്രയൊക്കെ ഞാൻ നിങ്ങളോട് പറഞ്ഞപ്പോൾ ഒരിക്കലെങ്കിലും എന്റെ മനസ്സ് കണ്ടത്തുവാൻ നിങ്ങൾ ശ്രമിച്ചിരുന്നുവോ? ഇല്ല എന്നാണ് എന്റെ മനസ്സ് പറയുന്നത്. കാരണം നിങ്ങൾക്കും അറിയേണ്ടത് ആ പെൺകുട്ടിയെക്കുറിച്ചു മാത്രമായിരുന്നു. അവളുടെ ശരീരത്തെക്കുറിച്ചുള്ള എന്റെ വർണ്ണനകള്‍  മാത്രമായിരുന്നു. നിങ്ങൾക്കിടയിലുള്ള സ്ത്രീകൾ പോലും ഞാൻ പറയുന്നതു കേൾക്കാൻ ഉത്സാഹപ്പെടുകയായിരുന്നു.  എന്റെ കൂട്ടുകാരൻ ചെയ്യുന്നതിലൊന്നും എനിക്ക് ഒരു താല്‍പര്യവുമില്ല. തടിച്ച പ്രകൃതമുള്ള
ചില സ്ത്രീകൾ ധരിച്ചിരിക്കുന്ന ഇറുകിയ വസ്ത്രങ്ങൾ കാണുമ്പോൾ എനിക്ക് ഛർദ്ദിൽ വരും. ഇത്തരക്കാരെ ഇഷ്ടപ്പെടുന്ന പുരുഷമന:ശ്ശാസ്ത്രം ഞാൻ നിരീക്ഷണത്തിനു വിധേയമാക്കിയിട്ടുണ്ട്. ഈ പുരുഷകേസരികൾ അധികവും നിരാശരാണ്. മോഹഭംഗങ്ങളുടെ പാപഭാരം പേറിയാണ് അവരോരോരുത്തരും  തങ്ങളുടെ ജീവിതം ഹോമിച്ചുതീര്‍ക്കുന്നത്. ഇത്തരക്കാർ അധികവും മതപരമായും ആത്മീയപരവുമായ കാര്യങ്ങൾ ഉപദേശിച്ചുകൊണ്ട്  തനിക്കു ചുറ്റുമുള്ളവരെ ഉല്‍ബുദ്ധരാക്കുന്നവരാണ്. പെയ്മുഖമണിഞ്ഞ ഈ പുരുഷന്മാർ അധികവും തങ്ങളുടെ ഇണകളിൽ സംതൃപ്തരാവാത്തവരാണ്. മാത്രമല്ല നിരന്തരം തങ്ങളുടെ ഭാര്യമാരോടോ, അല്ലെങ്കിൽ തങ്ങളുടെ പ്രേമഭാജനങ്ങളോടോ കലഹത്തിലേർപ്പെടുന്ന വരാണ്..

നിങ്ങൾക്ക് ഞങ്ങളുടെകൂടെ വരണമെന്നാഗ്രഹമുണ്ടോ? എങ്കിൽ വരൂ.


ഈ പബ്ബിന്റെ അകം നോക്കൂ. മെലിഞ്ഞ ശരീരപ്രകൃതിയുള്ള എത്രപേരെ നിങ്ങള്‍ക്കിവിടെ കാണാൻ കഴിയും? വിരലിലെണ്ണാവുന്നവർ...അല്ലേ? എന്തു കൊണ്ടിങ്ങനെ? എവിടെയാണ് പുരുഷനിലെ ആസക്തി ഒളിഞ്ഞിരിക്കുന്നത്? എന്റെ എതിർവശത്തു നിൽക്കുന്ന നീല നിറത്തിൽ മുട്ടുവരെയെത്തുന്ന അരവസ്‌ത്രം ധരിച്ച ഒരു തടിച്ചിയെ കണ്ടില്ലേ?  എന്റെ കൂട്ടുകാരന് അവളെ
ഇഷ്ടപ്പെട്ടിട്ടുണ്ട്. അവന് അവളോട്‌ പ്രേമം തോന്നുന്നു എന്നുപറയുന്നു.  മാത്രമല്ല എന്റെ ഊഴത്തെക്കുറിച്ച് അവൻ എന്നെ ബോധവാനാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇപ്രാവശ്യം എനിക്ക് കുറെക്കൂടി ഭാരിച്ച ഉത്തരവാദിത്വമാണുള്ളത്. അവനോടുള്ള അനുരാഗത്തിന്റെ വിത്തുകൾ അവളിൽ വിതറണം. എന്നിട്ട് അവളെ വശീകരിച്ച് അവനിലേക്കടുപ്പിക്കണം. പബ്ബുകളിൽ കണ്ടു വരുന്ന ഇത്തരം സ്ത്രീകളിൽ പ്രേമം എന്ന വികാരം ഉണ്ടാവാറില്ല. തങ്ങളെ ഇഷ്ടപ്പെടുന്ന വര്‍ക്കായി സ്വശരീരം
കാഴ്ചവെയ്ക്കാൻ അവർ തയ്യാറാവുന്നു. തങ്ങളുടെ കൂടെക്കഴിയുന്ന ഓരോ നിമിഷത്തിനും വേതനം നല്‍കണമെന്ന് അവർ ആവശ്യപ്പെടുന്നു. ഇത്തരം കാഴ്ചപ്പാടുള്ള ഒരു സ്ത്രീയിൽ ഞാൻ എങ്ങനെ അനുരാഗത്തിന്റെ പുഷ്പങ്ങൾ വിതറും?  പക്ഷെ അവൻ പറഞ്ഞതെന്തും അനുസരിച്ചുമാത്രമേ എനിക്ക് ശീലമുള്ളു. എന്റെ കൂട്ടുകാരനോട് ഞാൻ സംസാരിക്കുന്നതെന്താണെന്ന്  നിങ്ങളെ കേള്‍പ്പിക്കാം.

‘നോക്കൂ ഹർഷൻ, ഷി ഈസ്‌ എ ബിച്ച്. നോട്ട് എ ഗുഡ് ഗേൾ. അവള്‍ക്കാവശ്യം
നിന്റെ പ്രേമസല്ലാപമല്ല.’

‘സോവാട്ട്‌ മാൻ? നീ അവളോട്‌ സംസാരിക്കൂ. നീ സംസാരിച്ചാൽ വളയാത്ത ഏതു പെണ്ണാണുള്ളത്? കമോൺ മാൻ.’
‘ഞാനെന്താ ഗന്ധർവനാണോ? നല്ലവനാണ്,  ശുദ്ധനാണ്, വിശ്വസിക്കുവാന്‍ കൊള്ളുന്നവനാണ് എന്നൊക്കെ ഒരു പെണ്ണിനെ കൊണ്ട് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന രീതിയിലുള്ള പെരുമാറ്റം ഒരു പുരുഷനില്‍ നിന്നുണ്ടായാല്‍, അവള്‍ അയാളെ സ്നേഹിച്ചിരിക്കും. ചിലര്‍ പണത്തിനും സെക്സിനുവേണ്ടിയും സ്നേഹിക്കുന്നുണ്ട്. അത് പക്ഷെ സ്നേഹമല്ല. കാപട്യം മാത്രമാണ്.’
‘ഹേ മാന്‍ കമോൺ. ഗോ ആന്‍ഡ്‌ ക്യാച്ച് ഹെര്‍.‘

കണ്ടില്ലേ എന്റെ കൂട്ടുകാരനെ നിങ്ങള്‍ ? ഞാന്‍ പറയുന്നതൊന്നും അവന്‍ ശ്രദ്ധിക്കുന്നതേയില്ല. അവന്റെ ലക്‌ഷ്യം ആ പെണ്ണ് മാത്രമാണ്. ഞാന്‍ ഇപ്പോള്‍ എന്തുപറഞ്ഞാലും എന്റെ ഒഴിഞ്ഞുമാറലായി മാത്രമേ അവന്‍ കാണൂ. മാത്രമല്ല, വികാരപരവശമായ ഒരവസ്ഥയിലാണി പ്പോള്‍ അവൻ.
ഇത്തരം നിയന്ത്രിക്കാനാവാത്ത വികാരാധീനത ഒരുതരം നെഗറ്റീവ് പ്രവണതയാണുണ്ടാക്കുക. അത്തരം അവസ്ഥയില്‍, തങ്ങൾ ചെയ്യാനാഗ്രഹിക്കുന്ന കാര്യത്തില്‍ മാത്രമേ അവരുടെ ശ്രദ്ധ ഉണ്ടാവൂ. മറ്റുകാര്യങ്ങള്‍ എല്ലാം അവര്‍ക്ക് അന്യമാണ്. ഞാന്‍ ആ തടിച്ചിയുടെ അടുത്തേക്ക് പോവുകയാണ്. അവളോട്‌ എന്താണു ചോദിക്കേണ്ടത് എന്നതിന് ഒരു രൂപവുമില്ല മനസ്സില്‍. നിങ്ങൾക്കവളെ കാണാന്‍ കഴിയുന്നുണ്ടോ? നീല നിറത്തില്‍ മുട്ടുവരെയെത്തുന്ന അരവസ്‌ത്രത്തിനു മുകളിലായി പൊക്കിള്‍ക്കുഴി പുറത്തേക്കു കാണുന്ന വിധത്തില്‍ ഒരു ചുവന്ന ടീഷര്‍ട്ട് ആണ് അവള്‍ ധരിച്ചിരിക്കുന്നത്. കഴുത്തില്‍ നേര്‍ത്ത പരുത്തി നൂല്‍ കൊണ്ടുള്ള ഒരു ചരട്. ആ ചരടില്‍ ദൈവത്തിന്റെ ചിത്രം ആലേഖനം ചെയ്ത ഒരു ലോക്കറ്റ് തൂക്കിയിട്ടിരിക്കുന്നു. ആളുകള്‍ അവളെ നോക്കുമ്പോളെല്ലാം അവള്‍ ദൈവത്തിന്റെ ചിത്രത്തില്‍ വിരലുകള്‍ സ്പര്‍ശിച്ച്  എന്തോ മന്ത്രങ്ങള്‍ ഉരുവിടുന്നുണ്ട്.  തീര്‍ച്ചയായും അവള്‍ ദൈവവിശ്വാസി തന്നെയാണ്. താന്‍  ചെയ്യാന്‍ പോവുന്ന പ്രവൃത്തി തെറ്റാണെന്നറിഞ്ഞുകൊണ്ടു തന്നെയാണ് അവള്‍ ഇത്തരത്തില്‍ ഒരു കാര്യത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഞാന്‍ അവളോട്‌ സംസാരിക്കാന്‍ പോവുകയാണ്.

"നിങ്ങള്‍ ഒരുപാട് ദുഖിക്കുന്നു.. ഒരു പാട് അസ്വസ്ഥയാവുന്നു. സ്നേഹം നിഷേധിക്കപ്പെട്ടവളെന്നു സ്വയം വിധിക്കുന്നു. ബന്ധങ്ങള്‍ നിങ്ങൾക്ക് മോഹഭംഗം മാത്രമേ നല്‍കിയിട്ടുള്ളു. പലപ്പോഴും നിങ്ങള്‍ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചിട്ടുണ്ട്. ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ജീവിതം കൊണ്ടുപോവുന്നത് നിങ്ങൾക്കിഷ്ടമില്ലാത്ത വഴിയിലൂടെയാണ്."

"സര്‍ ആരാണ്..? സര്‍ പറഞ്ഞതൊക്കെ സത്യമാണ്. എന്നെ സാറിന് അറിയാമോ?"
 

 "ഞാന്‍ ഈ മുഖത്ത് നിന്നു വായിച്ചെടുത്തതാണ് ഇതല്ലാം. എനിക്ക് നിങ്ങളെ അറിയില്ല പക്ഷെ എന്റെ സുഹൃത്തിനു നിങ്ങളെ മനസ്സുകൊണ്ടറിയാം. അവന്‍ നിങ്ങളെ ഒരു പാട് ഇഷ്ടപ്പെടുന്നു.  നിങ്ങളുടെ തൊഴിലെന്താണ് എന്നറിഞ്ഞിട്ടുപോലും  ഒരാള്‍ നിങ്ങളെ സ്നേഹിക്കാന്‍ തയ്യാറാവുന്നുവെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അതിനര്‍ഹയാണ്. ഒരു പക്ഷെ നിങ്ങളുടെ ഈ കഴുത്തില്‍ കിടക്കുന്ന ദൈവമാകില്ലേ അങ്ങനെയൊരു ഭാഗ്യം നിങ്ങൾക്കു കൊണ്ടുവന്നു തന്നത്?"

"എനിക്കു കരച്ചില്‍ വരുന്നു. എന്നെ സ്നേഹിക്കാന്‍
ഒരാള്‍ തയ്യാറാവുമോ സര്‍?  എന്റെ ശരീരം മാത്രമാണ് സര്‍ എല്ലാവർക്കും ആവശ്യം. കുടിച്ചുന്മത്തരായി അവര്‍ എന്റെ ശരീരത്തിലേക്കു വീഴുന്നു. പിന്നെ എന്തെക്കെയോ കാട്ടിക്കൂട്ടുന്നു. തങ്ങള്‍ ചെയ്യുന്നതെന്താണെന്നുപോലും പലര്‍ക്കും അറിയില്ല. ചിലര്‍ എന്നെ കാണുന്നമാത്രയില്‍ കട്ടിലില്‍ ബോധരഹിതരായി വീണുപോവും.  ബോധം തെളിയുന്ന അവസ്ഥയില്‍ അവര്‍ ചോദിക്കുക, 'കഴിഞ്ഞോ' എന്നുമാത്രമാണ്. ഞാന്‍ തലകുലുക്കുമ്പോള്‍ പാവങ്ങള്‍ വിശ്വസിച്ചു പോവും. എല്ലാവർക്കും വേണ്ടത് എന്റെ ഈ തടിച്ച ശരീരം മാത്രമാണ് സര്‍. കോളേജ്പഠനകാലത്ത് ഒരു ചെറുപ്പക്കാരന്‍ എന്നെ കല്യാണം കഴിക്കണമെന്ന ആഗ്രഹം പറഞ്ഞുകൊണ്ട് എന്നെ സ്നേഹിക്കാന്‍ തുടങ്ങി. ഞാന്‍ അയാള്‍ക്ക് എല്ലാം നല്‍കി. പക്ഷെ  അയാള്‍ ആഗ്രഹിച്ചത് എന്റെ ശരീരം മാത്രായിരുന്നു. ആവശ്യം കഴിഞ്ഞപ്പോള്‍ അയാള്‍ പോയി. പിന്നെയും ഞാന്‍ കുറെ കപടസ്നേഹബന്ധങ്ങളില്‍ വീണുപോയി. ഞാന്‍ സ്നേഹിക്കാന്‍ ശ്രമിച്ചവര്‍ക്കെല്ലാം എന്റെ ശരീരം മാത്രമാണാവശ്യം എന്ന് പതിയെ ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി. പിന്നെടെനിയ്ക്കു മനസ്സിലായി, ഞാന്‍ സ്നേഹിക്കപ്പെടാന്‍ അർഹയല്ല എന്ന്.  അതോടെ, ഒരു പുരുഷനെ സ്നേഹിച്ച്,  അയാളുടെ മക്കളെ വര്‍ത്തിവലുതാക്കി അവരുടെ കൂടെ ജീവിക്കണമെന്ന എന്റെ സ്വപ്നമെല്ലാം വെന്തുകരിഞ്ഞു പോയി.  ജീവിതത്തില്‍ ഒറ്റപ്പെട്ടുപോവുന്ന ചില നിമിഷങ്ങളില്‍ ഞാന്‍ ഓര്‍ത്തിട്ടുണ്ട് സര്‍, എനിക്കു സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും ഒരാള്‍ ഉണ്ടായിരുന്നുവെങ്കിലെന്ന്. ഞാന്‍ ഭാഗ്യമില്ലത്തവളാണ് സര്‍.  ഒരു ദൈവത്തിനും എന്നെ സഹായിക്കാന്‍ കഴിയില്ല. സാറിന്റെ കൂട്ടുകാരന് അതിനു കഴിയുമോ?“

ഇനി എന്റെ സ്നേഹിതനോടാണ് എനിക്കു സംസാരിക്കേണ്ടത്.
അവള്‍ സ്നേഹം ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കവനെ അറിയിക്കണം. സത്യം പറയട്ടെ, എനിക്കിപ്പോള്‍ അവളോട്‌ അനുകമ്പ തോന്നുന്നു. എത്ര പാവമാണ് അവള്‍.! അവള്‍ ചെയ്യുന്ന ജോലി എന്തോ ആവട്ടെ? അല്ലെങ്കില്‍ത്തന്നെ തെറ്റാണോ അവള്‍ ചെയ്യുന്നത്? തന്നില്‍ നിന്ന് പുരുഷന്മാര്‍ ആഗ്രഹിക്കുന്നത് അവള്‍ അവര്‍ക്ക് നല്‍കുന്നു.  താന്‍ ചെയ്യുന്ന പ്രവൃത്തിക്ക് ഒരു പ്രതിഫലം
അവള്‍ നിശ്ചയിച്ചിരിക്കുന്നു എന്നു മാത്രം. പക്ഷെ ഇങ്ങനെയൊക്കെ അവളെക്കൊണ്ട് ചെയ്യിക്കുന്നതും സമൂഹമല്ലേ? സ്നേഹിക്കപ്പെടാന്‍ തനിക്കു വിധിയില്ലെന്ന് ഒരു സ്ത്രീക്ക് തോന്നണമെങ്കില്‍, അതിനു കാരണക്കാര്‍ ആരാണ്? എന്നിലും നിങ്ങളിലും എല്ലാം സ്ത്രീയെ കളിപ്പാട്ടമാക്കുന്നവരില്ല്ലേ? എന്റെ സ്നേഹിതന് അവളെ ഇഷ്ടപ്പെടുകയാണെങ്കില്‍ അവന്  അവളുടെ കുഞ്ഞുങ്ങളുടെ അച്ഛനായി മാറാന്‍ സാധിക്കുമെങ്കില്‍, ഇങ്ങനെയൊരു ബന്ധത്തിന് വഴിയൊരുക്കിക്കൊടുത്ത ഞാന്‍ എന്റെ ജീവിതത്തില്‍ ചെയ്യുന്ന ഏറ്റവും വലിയ പുണ്യ പ്രവൃത്തിയാവും അത്.

"ഹര്‍ഷന്‍,  അവള്‍ ഓകെ പറഞ്ഞു. അവള്‍ പാവമാണ് ഡാ. നിന്റെ ജീവിതം ധന്യമാവാന്‍ ഇതില്‍ കൂടുതലൊന്നും നീ ചെയ്യണ്ട. അവള്‍ സ്നേഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ട്. നീ അവള്‍ക്ക് ഒരു ജീവിതം കൊടുക്ക്‌, പ്ലീസ്."

പ്രിയപ്പെട്ടവരേ,  നമുക്കിവിടെവെച്ച് ഈ കഥ നിര്‍ത്താം.  ഇതിന്റെ ക്ലൈമാക്സ്‌ എന്തായി എന്നറിയാന്‍ നിങ്ങൾക്ക് ആഗ്രഹമുണ്ടെന്ന് എനിക്കറിയാം. പക്ഷെ ഞാന്‍ നിസ്സഹായനാണ്. നിങ്ങളുടെ മനസ്സിപ്പോള്‍ ആഗ്രഹിക്കുന്നത് ആ പെണ്ണിനെ അയാള്‍ എന്തുചെയ്തു എന്നറിയാന്‍
മാത്രമാണ്. ഇപ്പോഴും എന്നെക്കുറിച്ച് നിങ്ങള്‍ അറിയാനാഗ്രഹിക്കുന്നില്ല. ഈ കഥയില്‍ ആരാണ് പ്രധാന കഥാപാത്രം.?  ഞാനല്ലേ? ഈ കഥ തുടര്‍ന്നുപോവുന്നത് എന്നിലൂടെയാണ്. എന്നിട്ടും
നിങ്ങൾക്കെന്നെ വേണ്ട.  ഇപ്പോള്‍ നിങ്ങൾക്കെന്നോട് ചെറുതായി ദേഷ്യം തോന്നുന്നില്ലേ? അങ്ങനെ, ആദ്യമായി നിങ്ങളെന്നെ ഓര്‍ക്കുന്നു. ദേഷ്യത്തോടെയാണെങ്കിലും എന്നെ ഓര്‍ത്തല്ലോ? അതു മതി എനിക്ക്, നന്ദി. ഞാന്‍ കഥ തുടരുന്നു.

ഞാന്‍ പറഞ്ഞതു കേട്ടതും, ഹര്‍ഷന്‍ ദേഷ്യപ്പെട്ടു ചാടി എഴുന്നേറ്റതും ഒരുമിച്ചായിരുന്നു. എന്റെ കഴുത്തിനു കുത്തിപ്പിടിച്ച് അലറിക്കൊണ്ട് അവൻ പറഞ്ഞു "ഡാ തന്തയില്ലാത്തവനേ, നിന്റെ വയറു കുത്തിക്കീറി കുടല്‍മാല ഞാന്‍ പുറത്തെടുക്കും. നിന്റെ ഭാര്യയെ ഓര്‍ത്താണ് ഞാന്‍ അതു ചെയ്യാത്തത്. ഞാനെന്താ, ഈയാംപാറ്റയാണോ തീയില്‍ ചെന്നു ചാടാന്‍.?“ അന്ധാളിച്ചു പോയ  ഞാന്‍ കുതറിമാറി.അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവന്റെ കലിയടങ്ങിയില്ല.  അവന്‍ ദേഷ്യം കലര്‍ന്ന സ്വരത്തില്‍ എന്നോട് പറഞ്ഞു "നിനക്കറിയില്ലേ.? എന്റെ സ്വപ്നമാണ് തടിച്ച സ്ത്രീകള്‍. ആ സ്വപ്നങ്ങളില്‍ ഞാന്‍ സ്വയം ആനന്ദം കണ്ടെത്തുന്നു. നീ എന്റെ സ്വപ്നം കളയാന്‍ വന്ന പിശാചാണോ?  അവളെ ഇഷ്ടമാണ് എന്നു പറഞ്ഞതും അവളെ വളയ്ക്കാന്‍ പറഞ്ഞതും അവളെ തൊട്ടടുത്തിരുന്നു നോക്കിക്കാണാന്‍ മാത്രമാണ്. അല്ലാതെ, ഛേ..! "     ഒന്നും പറയാതെ സ്തംഭിച്ചു നിന്ന ഞാന്‍ ഓര്‍ത്തു.  എന്റെ പിന്നിൽ അവള്‍ എങ്ങനെയായിരിക്കും നില്‍ക്കുന്നതെന്ന്. നിറഞ്ഞ കണ്ണുകളുമായി  അവളുടെ ചുണ്ടുകള്‍  എന്നോടു പറയുന്നത് ഒരു പക്ഷെ ഇങ്ങനെയായിരിക്കാം.."വേദനിപ്പിച്ചോളൂ, കരയിപ്പിച്ചോളൂ, വേദനിക്കുന്നതും കരയുന്നതും ഞാന്‍ ശീലിച്ചുപോയി."

പെട്ടെന്ന് ഞാന്‍ തിരിഞ്ഞുനോക്കി. അവള്‍ നില്‍ക്കുന്ന സ്ഥലം ശൂന്യമായിരുന്നു. ഞാന്‍ എല്ലായിടത്തും മാറിമാറി നോക്കിക്കൊണ്ടിരുന്നു. ആ നിമിഷം,  പബ്ബിലെ അരണ്ട വെളിച്ചത്തെ ഞാന്‍ വല്ലാതെ ശപിച്ചു പോയി. അവള്‍ക്കെന്തു സംഭവിച്ചു? അല്‍പനേരത്തിനു ശേഷം  എന്റെ തൊട്ടടുത്തുള്ള തുണിന്റെ മറവില്‍ നിന്ന് ഒരു പൊട്ടിച്ചിരി കേട്ട് ഞാന്‍ അങ്ങോട്ടു നടന്നു. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വെളുത്തുനീണ്ട് കൊലുന്നനെയുള്ള ഒരു പുരുഷനുമായി തന്റെ അധരം പങ്കുവെയ്ക്കുന്നു അവള്‍. പിന്നെ, അയാളുടെ അരക്കെട്ടില്‍ കൈകള്‍ ചുറ്റി അയാളെ തന്റെ ശരീരത്തോടുചേര്‍ത്ത് അമര്‍ത്തിക്കൊണ്ടിരിക്കുന്നു.!
അവളുടെ കൈ അവന്റെ ശക്തമായ വിരലുകളാല്‍ ലാളിക്കപ്പെട്ടുകൊണ്ടിരുന്നു. ബ്ലെഡി ബിച്ച്..! ഞാന്‍ അറിയാതെ പറഞ്ഞു പോയി. അത് കേട്ടതും അവള്‍ എന്റെ നേര്‍ക്ക്‌ അപരിചിതഭാവത്തില്‍ നോക്കി ഉച്ചത്തില്‍ ചോദിച്ചു. 

"ഹു ആര്‍ യൂ? ഡോണ്ട് ഡിസ്റ്റര്‍ബ് മി, പ്ലീസ്‌..!"
ഞാന്‍ നോക്കി നില്‍ക്കെ അവളുടെ കൈകള്‍ അയാളുടെ പാന്റ്സിന്റെ പോക്കറ്റ് ലക്ഷ്യമാക്കി നീണ്ടുപോയി. പെട്ടെന്ന് എന്നെ തള്ളിമാറ്റിക്കൊണ്ട് അവള്‍ ഓടി. അവള്‍ക്കു പിറകിലായി ഓടുന്ന അയാള്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു: "വിടരുതവളെ. ആ തന്തയില്ലാത്തവളെ പിടിക്കൂ. സ്നേഹം നടിച്ച് അവളെന്നെ വശത്താക്കാന്‍ ശ്രമിക്കുകയായിരുന്നു....”

5 comments:

  1. മനുഷ്യന്റെ മനസ്സുകളെക്കുരിച്ച് അവനവനു തന്നെ ചിലപ്പോള്‍ പിടി കിട്ടതാകുന്നുണ്ട്. സൌന്ദര്യ ആസ്വാദനം എന്നത് എത്ര ഇല്ലെന്നു പറഞ്ഞാലും എല്ലാവരുടെ ഉള്ളിലും ഉണ്ട്. അതിന്റെ തോതിനു മാത്രമേ വ്യത്യാസമുള്ളൂ. അതിനെ വേണ്ട രൂപത്തിലും വേണ്ടാത്ത രൂപത്തിലും കച്ച്ചവടമായും ഒക്കെ മാറ്റിത്തീര്‍ക്കുന്നത് ഓരോ വ്യക്തിയുടെയും ചിന്തകളാണ്. അതിന് ഒരു പൊതു നിര്‍വ്വചനം കൊടുക്കുന്നത് ശരിയാകും എന്ന് തോന്നുന്നില്ല.
    എഴുത്ത്‌ ഇഷ്ടപ്പെട്ടു.

    ReplyDelete
  2. മനസ്സ്‌ ഒരു മാന്ത്രിക കുതിരയാണന്നും ആരും കാണാത്ത മേച്ചില്‍ പുറം തേടി ഓടുമെന്നും ഒരു സിനിമാപാട്ടില്‍ കേട്ടിട്ടുണ്ട്.സൌന്ദര്യ ആസ്വാദനത്തിന്റെ പുതിയ തലങ്ങള്‍ കാട്ടിത്തന്ന ഒരു നല്ല കഥ.

    ReplyDelete
  3. വളരെ നന്നായിരിക്കുന്നു

    ReplyDelete
  4. നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  5. എല്‍ കെ ജി കഥയില്‍ പുരോഗമനം കൈവരിച്ചിരിക്കുന്നു

    ആശംസകള്‍

    ReplyDelete

ധന്യമീ ജീവിതം

അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള്‍ ഉറങ്ങിയെന്നുറപ...