Thursday, February 9, 2012
പ്രലോഭനം
ഞാനിപ്പോളൊരു ധര്‍മസങ്കടത്തിലാണ്.
എനിക്ക് മരിക്കാന്‍ ഒരിക്കല്‍ പോലും പേടിയുണ്ടായിരുന്നില്ല. കാരണം ഞാന്‍ ആരോഗ്യവാനയിരുന്നു.
എന്നെ സ്നേഹിക്കുവനായി കുറേപേർ എനിക്ക് ചുറ്റുമുണ്ടായിരുന്നു. എന്നെ സന്തോഷിപ്പിക്കുവാനായി കുറെ കാഴ്ചകളുണ്ടായിരുന്നു.
എന്നിട്ടും, ഇപ്പോള്‍ ആദ്യമായി മരണഭയം എന്നെ പിന്തുടരാന്‍ തുടങ്ങിയിരിക്കുന്നു.
ഞാൻ ചെയ്യുന്ന ഓരോ കര്‍മ്മത്തിനും കുറെ അര്‍ഥങ്ങള്‍ ഉള്ളത് പോലെ തോന്നി തുടങ്ങിയിരിക്കുന്നു.
ഏതോ ഒരു നാള്‍, ഞാന്‍ ഒരാളില്‍ നിന്ന് വെറും ഒരു രണ്ടു ദിര്‍ഹം കടം വാങ്ങിയിരുന്നു.
ഇന്നലെ രണ്ടു കിലോ മീറ്ററോളം നടന്നു അയാളെ തേടിപ്പിടിച്ചു ഞാൻ ആ രണ്ടു ദിർഹം അയാളെ ഏല്‍പ്പിച്ചു.
അപ്പോള്‍ അയാളെന്റെ നേർക്ക് കുറെ നേരം തുറിച്ചു നോക്കി, പിന്നെ അയാള്‍ക്ക് ചുറ്റും കൂടിയിരുന്നവരോട്
എന്റെ വിവരക്കേടിനെ കുറിച്ച് പറഞ്ഞു ചിരിച്ചു.
ഈയിടെയായി ഞാന്‍ ദിവസവും മൂന്നും നാലും പ്രാവശ്യം കുളിച്ചു ഡ്രസ്സ് മാറുന്നു. മുടി ജെല്‍ പുരട്ടി ഒതുക്കി വക്കുന്നു.
ചൂട് കാലമായത് കൊണ്ട് ശരീരം വിയര്‍ക്കുന്നു എന്നാണ് ഞാന്‍ അതിനു ന്യായം കണ്ടത്തിയതെങ്കിലും,
ഇപ്പോള്‍ തോന്നുന്നു വഴിയില്‍ എവിടെയെങ്കിലും മരിച്ചു വീണാല്‍ ഒരു മാന്യദേഹത്തിന്റെ ശരീരമാണ് എന്ന് മറ്റുള്ളവര്‍ക്ക് തോന്നാന്‍ വേണ്ടി
ആയിരിക്കണം എന്നെ കൊണ്ട് എന്റെ മനസ്സ് അങ്ങിനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.
ഞാനിപ്പോള്‍ എല്ലാവരോടും കുറെ നേരം സംസാരിക്കുന്നു. അവരോടെക്കെ നന്മ ഉപദേശിക്കുന്നു. തിന്മ വര്‍ജിക്കാന്‍ ഉപദേശിക്കുന്നു.
മാതാപിതാക്കളോട്, ഭാര്യയോട്, കുട്ടികളോട് പാലിക്കേണ്ട മര്യാദകളെ കുറിച്ച് ഓര്‍മിപ്പിക്കുന്നു.
ശരീരം സംരക്ഷിക്കാന്‍ ഉപദേശിക്കുന്നു. ദൈവത്തെ കുറിച്ച് ഓര്‍മിപ്പിക്കുന്നു. മരണ ശേഷം മറ്റൊരു ജീവിതം ഉണ്ടന്ന് ഉണര്‍ത്തുന്നു.
അതാണ് യഥാര്‍ത്ഥ ജീവിതം എന്ന് ഉല്‍ബോധിപ്പിക്കുന്നു. ഈ ജീവിതം നൈമിഷികമാണ് എന്ന തത്വം പറയുന്നു.
ദുബായ് ബാങ്ക് സ്ട്രീറ്റില്‍ കണ്ട ഒരു പരസ്സ്യപലകയാണ് എന്നെ പ്രലോഭാപ്പിച്ചു ആ ക്ലിനിക്കിലേക്ക് എത്തിച്ചത്.
ചിരിച്ചു കൊണ്ട് നില്‍ക്കുന്ന നയനസുഭഗമായ സുന്ദരികളായിരുന്നു ആ പരസ്സ്യത്തിനു പോസ് ചെയ്തു നിന്നിട്ടുണ്ടായിരുന്നത്.
അവർ നില്ക്കുന്നതിനു താഴെയായി, കറുപ്പും ചുവപ്പും നിറങ്ങളിൽ എന്തെക്കെയോ കുറെ എഴുതി വച്ചിട്ടുണ്ടായിരുന്നു.
യു കെ യിലെ പഠനം കഴിഞ്ഞു തിരിച്ചെത്തിയ ഡോക്ടര്‍ എന്ന് മാത്രമേ എനിക്ക് വായിക്കാന്‍ കഴിഞ്ഞൊള്ളൂ.
അപ്പോഴേക്കും എന്റെ കണ്ണുകള്‍ ആ സുന്ദരികളായ പെണ്‍കുട്ടികളുടെ അംഗലാവണ്യത്തില്‍ ഉടക്കി.
അവരുടെ പ്രസ്സന്നത നിറഞ്ഞ ചിരിയും, ചുവന്ന നിറത്തിൽ ലിപ്സ്റ്റിക്ക് ഇട്ട അധരങ്ങളും എന്നെ കാമമോഹങ്ങളുടെ പറുദീസയിലെത്തിച്ചു.
ക്ലിനിക്കിന്റെ റിസപ്ഷന്‍ കൌണ്ടറിലെത്തിയപ്പോള്‍ എന്റെ കണ്ണുകള്‍ ആദ്യം തേടിയത് ആ പരസ്യത്തില്‍ കണ്ട പെണ്‍കുട്ടികളെ ആയിരുന്നു.
പക്ഷെ, പ്രതീക്ഷകള്‍ക്ക് വിപരീതമായി കൌണ്ടറില്‍ എന്നെ എതിരേറ്റത് മെലിഞ്ഞ ശരീരമുള്ള ഒരു ചെറുപ്പക്കാരന്‍ ആയിരുന്നു.
കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ വിരലുകള്‍ ദൃഗതിയില്‍ ചലിപ്പിക്കുന്നതിനിടയില്‍ അയാള്‍ തല ഉയര്‍ത്തി എന്നെ നോക്കി എന്നിട്ട്
വീണ്ടും മോണിട്ടറിലേക്ക് കണ്ണുനട്ട് കീബോര്‍ഡിനെ വേദനിപ്പിക്കാന്‍ തുടങ്ങി.
"രോഗികളുടെ ബാഹുല്യം ഒട്ടുമില്ലാത്ത ഈ ക്ലിനിക്കില്‍ ഇത്രമാത്രം ജോലിയെന്താണ് ഇയാള്‍ക്ക്?"
ഞാന്‍ ആത്മഗതം ചെയ്യുന്നതിനിടയില്‍ അയാള്‍ വീണ്ടും തല ഉയര്‍ത്തി എന്താണ് എന്ന് ഭാവത്തില്‍ തല ഇളക്കി.
ഞാന്‍ എന്റെ ഇന്‍ഷുറന്‍സ് കാര്‍ഡ് എടുത്തു അയാളുടെ നേരെ നീട്ടി. അയാള്‍ അത് വാങ്ങി തിരിച്ചും മറിച്ചും നോക്കി എന്നിട്ട് ചോദിച്ചു.
'നിങ്ങള്‍ ആദ്യമാണോ ഇവിടെ വരുന്നത്?'
"അതെ, ആദ്യമാണ്, നിങ്ങളുടെ പരസ്സ്യമാണ് എന്നെ ഇങ്ങോട്ട് കടന്നു വരാന്‍ പ്രേരിപ്പിച്ചത്"
'നിങ്ങള്‍ക്കെന്താണ് രോഗം?'
"എനിക്ക് രോഗമൊന്നുമില്ല, എന്നാലും വെറുതെയൊന്നു ശരീരം പരിശോധിച്ചു രോഗമൊന്നുമില്ല എന്ന് ഉറപ്പുവരുത്തുവാൻ വേണ്ടിയാണു വന്നത്"
'എന്നാല്‍ ഇരിക്കു . ഈ കാര്‍ഡ് ഞങ്ങളുടെ ക്ലിനിക്കില്‍ ഉപയോഗിക്കാന്‍ പറ്റുമോ എന്നറിയില്ല, നോക്കട്ടെ'
"ഹേ... അങ്ങിനെ വരാന്‍ സാധ്യത ഇല്ല, ആ കാര്‍ഡ് എല്ലായിടത്തും ഉപയോഗിക്കാം കഴിയും.
ഇത് ഒരു പ്രശസ്തമായ ഇന്‍ഷുറന്‍സ് കമ്പനിയുടെതാണ്"
'ശരി, നിങ്ങള്‍ അവിടെ പോയി ഇരിക്ക്. ഞാന്‍ ഇതൊന്നു പഠിക്കട്ടെ'
കൌണ്ടറിനു സമാന്തരമായി തലങ്ങും വിലങ്ങും കുറെ കസേരകള്‍ നിരത്തിയിട്ടിരിക്കുന്നു.
പിറകിലത്തെ വരികള്‍ക്ക് മുന്നിലായി ഒരു കാബിന്‍ കണ്ടു. അതില്‍ വെളുത്ത ബോര്‍ഡില്‍ ചുവന്ന മഷി കൊണ്ട്
നഴ്സിംഗ് സ്റ്റാഫ് ഒണ്‍ലി എന്ന് എഴുതിവച്ചിട്ടുണ്ട്. ആ കസേരകളില്‍ ഒന്നിലായി ഞാൻ ഇരിപ്പുറപ്പിച്ചു.
ഇപ്പോള്‍ എനിക്ക് ആ കാബിനുള്ളിലെ പെണ്‍ക്കുട്ടികളെ കാണാം. അവിടെ രണ്ടു പെണ്‍കുട്ടികള്‍ എന്തോ കുത്തികുറിക്കുന്നു.
ഒളികണ്ണിട്ടു ഞാന്‍ അവരെ നോക്കി. അവര്‍ എന്നെ നോക്കിയപ്പോള്‍ ഞാന്‍ അവര്‍ക്കായി എന്റെ കൃത്രിമത്വം നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു.
ആ ക്ലിന്ക്കില്‍ എന്റെ കണ്ണുകള്‍ എത്തുന്നിടമെല്ലാം പരസ്യത്തില്‍ കണ്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഞാൻ പരതി.
പക്ഷെ, അവരെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. വല്ലാത്തൊരു നിരാശാബോധം എന്നെ പിടികൂടി.
അതിനിടയിൽ ഒരു പെണ്‍കുട്ടി എന്റെ മുന്നിലൂടെയായി പലപ്രാവശ്യം നടന്നുപോയി.
ഞാന്‍ അവളുടെ മുഖം ശ്രദ്ധിച്ചു. ആ മുഖം നിറയെ. നഖം കൊണ്ട് വിക്രതമാക്കപ്പെട്ട മുഖകുരുകളുടെ കലകള്‍ ആയിരുന്നു.
പെട്ടെന്ന് എന്റെ അന്തരംഗം മന്ത്രിച്ചു "ഇതും ഒരു പ്രലോഭനമാണ്, അല്ലെങ്കില്‍ ഇവള്‍ എന്തിനു എന്റെ മുന്നിലൂടെ നടക്കണം?"
അവള്‍ ധരിച്ചിരുന്നത് അവളുടെ കാലിനു ഒട്ടുംചേരാത്ത ഒരു വലിയ ഷൂസ് ആയിരുന്നു.
ആ ഷൂസ് തറയില്‍ അമര്‍ത്തി ചവിട്ടി നടക്കുന്നത് കൊണ്ടാവണം, അവളുടെ നടത്തത്തിനു വല്ലാത്ത ഒരു അസ്വഭാവികത ഉണ്ടായിരുന്നു.
ആ പെണ്‍കുട്ടി ഒരു അഹങ്കാരി ആയിരിക്കണമെന്നു എനിക്ക് തോന്നി.
അല്ലായിരുന്നുവെങ്കിൽ ഭൂമിയെ ഇത്ര മാത്രം വേദനിപ്പിച്ചു കൊണ്ട് അവൾ നടക്കുമായിരുന്നോ?
ഒരു പെണ്‍ക്കുട്ടിയുടെ ശബ്ദം പോലും കേള്‍ക്കാതെ കൂടുതല്‍ സമയം എനിക്കവിടെ ഇരിക്കാന്‍ തോന്നിയില്ല.
നഴ്സിംഗ് സ്റ്റാഫ് ഇരിക്കുന്ന കാബിനുള്ളിലേക്ക് ഞാന്‍ കയറി ചെന്നു.
പരസ്യത്തില്‍ കണ്ട ആരെയും മോഹിപ്പിക്കുന്ന മുഖങ്ങള്‍ക്കു പകരം ദയനിയത നിറഞ്ഞ മുഖഭാവമുള്ള രണ്ടു പെണ്‍കുട്ടികളായിരുന്നു
എന്നെ എതിരേറ്റത്.
അവര്‍ക്കിടയില്‍ എന്നെ കൂടുതല്‍ ആകര്‍ഷിച്ച സവിത എന്ന് പേരുള്ള പെണ്‍കുട്ടിയെ ഞാന്‍ നോക്കി.
അവളുടെ വസ്‌ത്രധാരണരീതി കണ്ടപ്പോള്‍ അവൾ മാനസികമായി സന്തോഷവതി അല്ലന്നു എന്റെ മനസ്സ് പറഞ്ഞു.
അവളുടെ മുഖത്തിന് ആരെയും ആകര്‍ഷിപ്പിക്കുന്ന സൌന്ദര്യം ഉണ്ടായിരുന്നിട്ടുകൂടി അവള്‍ വസ്ത്രം ധരിച്ചിരുന്നത്
വളരെ അലസതയോടെയായിരുന്നു.
ദിക്കു തെറ്റിവന്നു കൂട്ടിലടക്കപ്പെട്ട ഒരു പാവം കുഞ്ഞി കിളിയുടെ രോദനം അവളുടെ നയനങ്ങളില്‍ എനിക്ക് കാണാന്‍ കഴിഞ്ഞു.
എനിക്കവളോട് അലിവ് തോന്നി. പൊടുന്നനെ എന്റെ മനസ്സ് ആര്‍ദ്രമായി.
മിനിട്ടുകളുടെ പരിചയം മാത്രമെ എനക്ക് അവളുമായിട്ട് ഉണ്ടായിരുന്നൊള്ളൂ
എന്നിട്ടും അവളുടെ മനസ്സ് കണ്ടെത്താൻ സാധിച്ചതായി എനിക്ക് തോന്നി.
എന്റെ മനസ്സ് എന്നോട് പറഞ്ഞു 'അവൾ സ്വപനം കണ്ട ലോകം ഇങ്ങിനെയായിരുന്നില്ല.
അവൾ ഈ ജോലി ഇഷ്ടാമായിട്ടല്ല ചെയ്യുന്നത്. ആരോ നിര്‍ബന്ധപൂര്‍വ്വം അവളെ ഇതിനായി നിയോഗിച്ചതാണ്
മാത്രമല്ല അവൾക്കു കിട്ടുന്ന സാലറിയിൽ അവൾ സംത്രിപ്തയുമല്ല. പിന്നെയെങ്ങിനെയാണ് അവൾ സന്തോഷവതിയാവുക'
ഞാന്‍ അവളെ ഇമയനക്കാതെ നോക്കിയെങ്കിലും ഒരിക്കല്‍ പോലും അവൾ എന്നിലേക്ക് ദൃഷ്‌ടി ഉയര്‍ത്തിയില്ല.
എന്നോട് സംസാരിക്കുമ്പോള്‍ ചുണ്ടിന്റെ കോണില്‍ ഒരു പുഞ്ചിരി വരുത്താന്‍ അവള്‍ ശ്രമിക്കുന്നത് പോലെ തോന്നിപ്പിച്ചു.
എന്റെ മുന്നിലൂടെ അവള്‍ നടന്നു പോയപ്പോള്‍ അലസമായി കിടക്കുന്ന അവളുടെ ചുരിദാറിന്റെ പിന്ഭാഗം ഞാന്‍ ശ്രദ്ധിച്ചു.
കഷ്ടപാടുകള്‍ നിറഞ്ഞ ഒരു വീട്ടിലെ കുട്ടി പോലും ഇത്രയും ഭംഗിയില്ലാത്ത വസ്ത്രം ധരിക്കില്ല.
ഞാന്‍ വെറുതെ അവളുടെ കൈ വെള്ളയിലേക്ക് നോക്കി. അതില്‍ നെടുകേയും കുറുകെയും കുറെ രേഖകള്‍ കാണാൻ കഴിഞ്ഞു.
ഹെഡ് ലൈനും, ഹാര്‍ട്ട് ലൈനും കഴിഞ്ഞുള്ള ആയുസ്സ് രേഖ ഞാന്‍ ശ്രദ്ധിച്ചു.
അത് എവിടെയും കൂട്ടി മുട്ടാതെ നീണ്ടുകിടക്കുന്ന രീതിയില്‍ ആയിരുന്നു.
എന്റെ മനസ്സ് മന്ത്രിച്ചു "ഈ കുട്ടി ഇങ്ങിനെ വിഷാദം നിറഞ്ഞ മനസ്സുമായി ജീവിക്കാന്‍ ആണ് ഭാവമെങ്കില്‍ ,
ജീവിത കാലം മുഴുവന്‍, കണ്ണീരുമായി കഴിയുവാനായിരിക്കും വിധി!"
ഞാന്‍ ഇരിക്കുന്നതിനു എതിരെയുള്ള ഇടനാഴിയിലെ ആദ്യത്തെ മുറിയുടെ വാതില്‍ തുറന്നു ഒരാള്‍ പുറത്തു വന്നിട്ട് എന്നോട് ചോദിച്ചു
"നിങ്ങള്‍ അല്ലെ രമേശ്? എന്റെ കൂടെ വന്നോളു"
ഞാന്‍ അദ്ധേഹത്തിന്റെ കൂടെ ആ മുറിയിലേക്ക് കയറി.
അദ്ധേഹത്തിന്റെ കുപ്പായ കീശക്കു മുകളിലായി എഴുതിയിരിക്കുന്ന പേരില്‍ നിന്ന് അദ്ദേഹം ഒരു ഡോക്ടര്‍ ആണന്നു എനിക്ക് മനസ്സിലായി.
ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു "ഒരു ഡോക്ടര്‍ രോഗിയെ പുറത്തു നിന്ന് വിളിച്ചു കൊണ്ട് വന്നു തന്റെ മുന്നില്‍ ഇരുത്തുന്നത്
ഒരു ഡോക്ടറെ ഞാൻ ആദ്യമായാണ് എന്റെ ജീവിതത്തില്‍ കാണുന്നത്"
അപ്പോൾ അദ്ദേഹം പറഞ്ഞു
'ഞാന്‍ യു കെ ആയില്‍ ആയിരുന്നു പ്രാക്ടീസ് ചെയ്തിരുന്നത്, അവിടെയുള്ള ക്ലിനിക്കുകളിൽ ഡോക്ടർമാർ ഇതുപോലെയാണ് ചെയ്യുന്നത് .
ആ ശീലമാണ് ഇപ്പോഴും ഞാന്‍ പിന്തുടരുന്നത് '
"പക്ഷെ ഞങ്ങളുടെ നാട്ടില്‍ ഇങ്ങിനെ അല്ല ഡോക്ടര്‍മാര്‍.
ഞങ്ങള്‍ അവരുടെ കാബിനില്‍ എത്തിയാലും അവര്‍ തല ഉയര്‍ത്തണമെന്നില്ല.
ചിലര്‍ ഞങ്ങളുടെ രൂപവും, വസ്ത്രധാരണ രീതിയും നോക്കും,
ഞങ്ങളുടെ കയ്യില്‍ അണിഞ്ഞിരിക്കുന്ന സ്വര്‍ണ മോതിരത്തിന്റെ കനം,
കയ്യില്‍ കെട്ടിയിരിക്കുന്ന വാച്ചിന്റെ ബ്രാന്‍ഡ് നെയിം, ഇതെക്കെ അവരെ ത്രിപ്തരാക്കിയാല്‍
ഒരു പക്ഷെ ഞങ്ങള്‍ക്ക് മുന്നില്‍ അവര്‍ സന്തോഷത്തിന്റെ മുഖം കൊണ്ട് വന്നേക്കാം.
ഞങ്ങള്‍ വേദന കൊണ്ട് പിടയുന്ന, ദരിദ്രനായ ഒരാളാണ് എന്നവര്ക്ക് തോന്നിയാൽ,
കഠിനഹൃദയനായ ഒരാളെ പോലെ അവളെ ഞങ്ങളെ നോക്കും.
പിന്നെ അവര്‍ തല ഉയര്‍ത്താതെ, കയ്യിലിരിക്കുന്ന പേപ്പറില്‍ എഴുതി കൊണ്ടേയിരിക്കും"
'ഞാന്‍ ചെറുപ്പത്തില്‍ ലണ്ടനില്‍ പോയതാണ്.
എനിക്ക് മലയാളം സംസാരിക്കാന്‍ മാത്രമേ അറിയൂ. എനിക്ക് മലയാളികളുടെ ആചാരരീതികള്‍ അറിയില്ല'
"നന്നായി. നിങ്ങള്‍ മലയാളിയാണ് എന്ന ബോധം നിങ്ങളില്‍ നിറയുമ്പോള്‍, ലോകത്തില്‍ ഏറ്റവും ഉന്നതന്‍ നിങ്ങളാണന്ന
ഒരു തോന്നല്‍ നിങ്ങളില്‍ നിറയും.
പിനീട് നിങ്ങള്ക്ക് ഒരു സംസ്ക്കരത്തെയും ഉള്‍കൊള്ളാന്‍ കഴിയില്ല.
ഒരു മര്യാദയും പാലിക്കാന്‍ കഴില്ല.
നിങ്ങള്ക്ക് ആ സീറ്റില്‍ നിന്ന് എഴുന്നേറ്റു റൂമിന് വെളിയില്‍ വന്നു ഒരു രോഗിയെ വിളിച്ചു കൊണ്ട് പോയി
തന്റെ മുന്നില്‍ ഇരുത്താന്‍ മാത്രമുള്ള വിനയമൊന്നും പിന്നീട് ഉണ്ടാവില്ല"
'എന്താണ് രോഗം?'
എനിക്ക് ഒരു രോഗവുമുള്ളതായി തോന്നുന്നില്ല.
വെറുതെ എന്റെ ശരീരത്തിന്റെ അവസ്ഥയെ കുറിച്ച് അറിയണം എന്നത് മാത്രമാണ്
ഞാൻ ഈ വരവുകൊണ്ട് ആഗ്രഹിക്കുന്നത്.
മാത്രമല്ല എന്റെ കയ്യില്‍ ഒരു ഇന്‍ഷുറന്‍സ് കാര്‍ഡ് ഉണ്ട്.
അത് കയ്യിളിരിക്കുമ്പോൾ കാശ് ചിലവാകുന്നതിനെ കുറിച്ച് ആലോചിച്ചു തല പുകക്കുയും വേണ്ടല്ലോ.
അത്കൊണ്ട് നിങ്ങള്‍ എല്ലാ ടെസ്റ്റിനും എന്നെ വിധേയമാക്കണം.
രോഗം ഇല്ലെങ്കിലും, എന്റെ ശരീരത്തെ കുറിച്ച് ഒരു ഏകദേശ ധാരണ എനിക്കറിയാൻ സാധിക്കുമല്ലോ"
ഉടനെ അദ്ദേഹം ഒരു കുറിപ്പ് എഴുതിതന്നു എന്നെ ലബോറട്ടറിയിലേക്ക് പറഞ്ഞു വിട്ടു.
ഒട്ടും വേദനിപ്പിക്കാതെ ആ പുരുഷ നേഴ്സ് എന്നിൽ നിന്ന് രക്തം കുത്തിയെടുത്തു ഒരു കുപ്പിയിൽ നിക്ഷേപിച്ചു.
അതിനു ശേഷം എന്നെ മറ്റൊരു മുറിയില കൊണ്ട് പോയി എന്റെ ശരീരത്തെ സ്കാനിങ്ങിനു വിധേയനാക്കി.
കുറച്ചു നേരത്തിനു ശേഷം ഡോക്ടർ എന്നെ വീണ്ടും അദ്ധേഹത്തിന്റെ അടുക്കലേക്കു വിളിപ്പിച്ചു.
എന്റെ ബ്ലഡ് ടെസ്റ്റ് ചെയ്ത കുറിപ്പ് നോക്കി അത്ഭുതത്തോട് കൂടി ഡോക്ടർ എന്നോട് ചോദിച്ചു
'നിങ്ങള്‍ എങ്ങിനെ ഇപ്പോഴും ജീവിക്കുന്നു? നിങ്ങള്‍ക്കില്ലാത്ത രോഗമില്ലല്ലോ?
ബ്ലൂഡ്ല്‍ ഹിമോഗ്ലോബിന്‍ കുറവ് കാണുന്നുണ്ട്.
ബ്ലഡ് പ്രഷര്‍ ലെവല്‍ ഹൈ ആണ്.
യുറിക്ക് ആസിട് ലെവല്‍ മാക്സിമം ആയിരിക്കുന്നു.
നിങ്ങളുടെ രക്ത കുഴലുകള്‍ നിറയെ ചീത്ത കൊളസ്ട്രോളാണ് അത് ഹാര്‍ട്ട് അറ്റാക്ക്‌നു വഴി തുറക്കാം'
പിന്നെ അദ്ദേഹം അള്‍ട്രാസൌണ്ട് സ്കാനിംഗ് റിപ്പോര്‍ട്ട് എടുത്തു മേശപ്പുറത്തിട്ടു കൊണ്ട് പറഞ്ഞു
'നിങ്ങള്‍ മദ്യപിക്കും അല്ലെ? കരള്‍ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ നിങ്ങളുടെ ശരീരം കാണിച്ചു തുടങ്ങിയിട്ടുണ്ട്.
ശരീരത്തില്‍ പ്രോട്ടീന്റെ അളവ് കൂടുതലായിട്ടുണ്ട്. ഇനി നിങ്ങള്‍ എണ്ണയില്‍ വറുത്ത ആഹാരം കഴിക്കരുത്.
മത്സ്യ മാംസാദികള്‍ ഉപേക്ഷിക്കണം. ധാന്യങ്ങള്‍ കുറക്കണം.
പയര് വര്‍ഗങ്ങള്‍ ഉപേക്ഷിക്കണം. മുട്ട പാല് ഇത് പോലെ കൊഴുപ്പ് കൂടിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വര്‍ജിക്കണം.
പിന്നെയും അദ്ദേഹം എന്തെക്കെയോ പറയുന്നുണ്ടായിരുന്നു.. ഞാനപ്പോൾ അദ്ദേഹം പറയാത്തതായി
എന്തെങ്കിലും ബാക്കിയുണ്ടോ എന്നലോചിക്കുകായിരുന്നു.
അദ്ദേഹം പറയാനായി ബാക്കിയുണ്ടായിരുന്നത് ആ ക്ലിനിക്കിന്റെ മുതലാളിയുടെ സ്വര്‍ണ്ണകടയുടെ പരസ്സ്യത്തിനു
ഉപയോഗിക്കുന്ന ചില വാചകങ്ങള്‍ മാത്രമായിരുന്നു.
'നിങ്ങള്‍ വാങ്ങുന്ന ഓരോ തരി സ്വര്‍ണത്തിനും പകരം ഞങ്ങള്‍ നിങ്ങള്ക്ക് ഞങ്ങളുടെ സ്ഥാപനത്തിന്റെ വിശ്വാസിത ഉറപ്പു തരുന്നു'
ആ പരസ്യ പലകയിലെ പെണ്‍കുട്ടികളുടെ സുന്ദരമായ മുഖം കണ്ടില്ലായിരുന്നുവെങ്കില്‍
എനിക്ക് മരിക്കാന്‍ ഒരിക്കല്‍ പോലും പേടിയുണ്ടാകുമായിരുന്നില്ല
ഞാന്‍ എന്നൊന്നും സന്തോഷവാനും ആരോഗ്യവാനും ആയിരുന്നേനെ.
എന്നെ സ്നേഹിക്കുവാനായി എന്നെ സന്തോഷിപ്പിക്കുവാനായി കുറെ കാഴ്ചകള്‍ ഉണ്ടാകുമായിരുന്നു....
പക്ഷെ ഇപ്പോള്‍ .......
Subscribe to:
Post Comments (Atom)
ധന്യമീ ജീവിതം
അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള്‍ ഉറങ്ങിയെന്നുറപ...
-
അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള്‍ ഉറങ്ങിയെന്നുറപ...
-
ഖാദിം ഹുസൈൻ തിരിച്ചുവന്നിരിക്കുന്നു. എനിക്ക് അതൊരു വലിയ ഷോക്ക് ആയിരുന്നു. അയാളുടെ നെഞ്ചിൽ നിന്ന് ഇറ്റിറ്റു വീഴുന്ന രക്തത്തു...
-
മരം പെയ്യുന്നു ---------------------- "മനു, നിനക്ക് എന്താണ് അറിയേണ്ടത്? നീ ചോദിക്കുന്നത് പറയാന്‍ എനിക്ക് ബുദ്ധിമുട്ടാ...
കഥ നന്നായിരിക്കുന്നു.
ReplyDeleteതടര്‍ന്നും നല്ല രചനകള്‍ സൃഷ്ടിക്കാനുള്ള അവസരം
ലഭിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്,
സി.വി.തങ്കപ്പന്‍
പതിവുരീതികളില്‍ നിന്നും വേറിട്ടുള്ള ആവിഷ്കരണം നന്നായിരിക്കുന്നു.
ReplyDeleteനല്ല കഥ. പുതുമയുള്ള അവതരണം
ReplyDeleteവ്യത്യസ്ഥതപുലർത്തുന്ന കഥ, നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ...
ReplyDeleteആശംസകള്‍
ReplyDeleteനന്നായിരിക്കുന്നു :)
ReplyDelete