Thursday, January 19, 2012

ചെറുപ്പക്കാരന്റെ മനസ്സ്




അയാള്‍ കോട്ടഴിച്ചു മേശപ്പുറത്തു ഇട്ടു
ഇന്നെങ്കിലും നടക്കണം
കുറെ ദിവസങ്ങളായി അയാള്‍ സ്വയം പറയുന്നു
അയാളുടെ യവ്വനത്തില്‍ നടന്നുപോയ വഴികളിലൂടെയുള്ള യാത്രയെ കുറിച്ച്
ഓഫീസില്‍ നിന്ന് ഇറങ്ങുന്നതിനു മുമ്പ് കാലേകൂട്ടി അയാള്‍ തീരുമാനിക്കും
ഇന്ന് ഞാന്‍ എന്റെ ചെറുപ്പകാലത്തിലൂടെ നടക്കും
അപ്പോഴെക്കെ ആ ചിന്തകള്‍ അയാളെ യവ്വനത്തിലേക്ക് കൂട്ടി കൊണ്ട് പോവും.
പെടുന്നനെ അയാളില്‍ ഒരു ചെറുപ്പക്കാരന്റെ ഉന്മേഷം നിറയും. തീര്‍ത്തും ആരോഗ്യവാനായ എപ്പോഴും പുഞ്ചിരിച്ചു കൊണ്ട് നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ
കാറിന്റെ കീ പോക്കറ്റില്‍ നിന്ന് എടുക്കുന്നതോട് കൂടി അയാളുടെ മനസ്സ് മാറും
അയാളുടെ കാലുകള്‍ക്ക് പെട്ടന്ന് തളര്‍ച്ച ബാധിച്ചത് പോലെ തോന്നും.. അയാള്‍ പെട്ടന്ന് ദുര്‍ബലനായാത് പോലെ ആവും..
കറുത്ത കോട്ടിനുള്ളില്‍ അയഞ്ഞു തൂങ്ങിയ ശരീരം അയാളെ ഒരു അലസനായ മനുഷ്യനാക്കി മാറ്റും.


അയാള്‍ നടക്കാന്‍ തുടങ്ങി
നടത്തത്തിനു ഇടയില്‍ അയാളില്‍ ഒരു സംശയം ജനിച്ചു
മുന്നോട്ടു നടക്കണോ, അതോ, റോഡുകള്‍ ക്രോസ് ചെയ്തുഷോപ്പുകള്‍ക്കിടയിലൂടെ,
ഷോപ്പില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെ നോക്കി, ഷോപ്പില്‍ അലങ്കരിച്ചിരിക്കുന്ന വസ്തുക്കളെ നോക്കി നടക്കണോ.
അതായിരുന്നു അയാളുടെ യവ്വനത്തിലെ ഹോബി. എല്ലാ ഷോപ്പുകളിലും കയറി ഇറങ്ങി,
ഒന്നും വാങ്ങാതെ എല്ലാവരെയും താന്‍ പറ്റിച്ചു എന്ന സ്വയം തോന്നലില്‍ അയാള്‍ ഒരു വിജയിയായി നടക്കുമായിരുന്നു
പക്ഷെ അയാളെ ഏറ്റവും ഉന്മേഷവാനാക്കിയിരുന്നത് കടല്കരയിലൂടെയുള്ള യാത്രകള്‍ ആയിരുന്നു.
കടല്‍ പോലെ ആയിരുന്നു അയാളുടെ മനസ്സ്. ആ മനസ്സ് നിറയെ സ്വപ്നങ്ങളായിരുന്നു.
അയാള്‍ കടല്‍കര ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി .
ഇനി അയാള്‍ക്ക് റോഡുകള്‍ ക്രോസ് ചെയ്യണ്ട. കാലുകളും കൈകളും സ്വതന്ത്രമാക്കി നടക്കാം
കടലിന്റെ ഒരറ്റത്ത് കുറെ കടല്‍ കാക്കകള്‍, അയാള്‍ ഒരു കല്ല് എടുത്തു അവയുടെ കൂട്ടത്തിലേക്ക് എറിഞ്ഞു
അവ  പാറി മറ്റൊരു സ്ഥലത്ത് പോയി ഇരുന്നു.


കടലിനെ നോക്കിയപ്പോള്‍ അയാള്‍ക്ക് വല്ലാത്ത അപരിചിതത്വം തോന്നി.
ഒറ്റപ്പെട്ട നൌകകള്‍ക്ക് പകരം, കടല്‍ ഒന്നാകെ കുറെ നൌകകള്‍, അവയെല്ലാം നിശ്ചലമായ അവസ്ഥയില്‍ ആയിരുന്നു.


രണ്ടു പെണ്‍കുട്ടികള്‍ അയാള്‍ക്ക് എതിരെ വരുന്നത് കണ്ടു, അവരെ നോക്കി അയാള്‍ പുഞ്ചിരിച്ചു.. അവര്‍ തമ്മില്‍ പരസ്പരം എന്തോ പറഞ്ഞു.. അയാള്‍ക്ക് തോന്നി തന്നെ പരിഹസിക്കാന്‍ ആണോ എന്ന്.
തന്റെ പ്രായം ആയിരിക്കാം അവരെ ചൊടിപ്പിച്ചത്.. പക്ഷെ ഇന്ന് മുതല്‍ താന്‍ ചെറുപ്പക്കാരന്‍ ആണ്..
ഇനി തനിക്കു എന്ത് ആവാം.. അയാള്‍ മുന്നോട്ടു നടന്നു.


കടല്‍ തീരത്തിനോട് ചേര്‍ന്ന്കിടക്കുന്ന ബീച് പാര്‍ക്കിലെ പുല്‍മേട്‌ കണ്ടു അയാള്‍ അതിശയപ്പെട്ടു
പുല്ലിന്റെ പച്ചപ്പ്‌ എല്ലാം പോയി മണ്ണ് പുറത്തേക്കു കാണുന്ന രീതിയില്‍ ആയിരിക്കുന്നു.
അയാള്‍ ഒരു നിമിഷം സംശയിച്ചു. തന്റെ മനസ്സിന് എന്തെങ്കിലും പറ്റിയിട്ടുണ്ടോ,
താന്‍ കാണുന്നത് എല്ലാത്തിനും പുതുമ നഷ്ടപ്പെട്ടിരിക്കുന്നു
ഇന്നലെ വരെ നിശ്ചലമായ അവസ്ഥയിലായിരുന്ന തന്റെ മനസ്സ്, ഇപ്പോള്‍ എന്തെക്കെയോ തേടുന്നു.


അയാള്‍ക്ക് ആ വഴികള്‍ നല്ലവണ്ണം പരിചിതമായിരുന്നു.
തന്റെ ഇരുപതാമത്തെ വയസ്സില്‍, അയാള്‍ നടന്നിരുന്നത് , ഒരു തോള്‍ അറ്റം വികൃതമായ രീതിയില്‍ ചലിപിച്ചു കൊണ്ടായിരുന്നു.
അതിനു കാരണം, അയാളുടെ കാല്‍പാദങ്ങളില്‍ ഒന്നിന്റെ ചലനം, വ്യതസ്തമായ രീതിയില്‍ ആയിരുന്നു.
ഈ അവസ്ഥ മാറ്റി എടുക്കാന്‍ അയാളുടെ കൂട്ടുകാരില്‍ ഒരാള്‍ അയാളെ അവിടെ കൊണ്ട് വരികയായിരുന്നു.
തന്റെ കുഞ്ഞുനാളില്‍ അമ്മയുടെ മുന്നില്‍ പിച്ചവക്കുന്നത് പോലെ അയാള്‍, കൂട്ടുകാരന്റെ മുന്നില്‍ പിച്ചവച്ചു. പതുക്കെ പതുക്കെ, അയാള്‍ തന്റെ വൈകൃതം മാറ്റി എടുത്തു.
അപ്പോഴാണ് അയാള്‍ക്ക് മനസിലായത്.. മാറ്റാന്‍ പറ്റാത്ത ഒരു വിധിയുമില്ല മരണം അല്ലാതെയെന്നു.
ഇന്ന് അയാള്‍ക്ക് വയസ്സായി. പക്ഷെ അത് ശരീരത്തിന് മാത്രമാണ് എന്നാണ് അയാളുടെ പക്ഷം .
ചിലപ്പോള്‍ അയാള്‍ സ്വയം കണക്കു കൂട്ടും, എന്നിട്ട് മനസ്സില്‍ പറയും..
ഇനി ജീവിച്ചാല്‍ എത്ര കാലം. വിരലില്‍ എന്നാവുന്ന കുറച്ചു വര്‍ഷങ്ങള്‍ മാത്രം. ആ കാലയളവ്‌ , ദൈവത്തെ ഓര്‍ത്തു, മക്കളെ ഓര്‍ത്തു , സ്വന്തം കുടുംബത്തെ സ്നേഹിച്ചു ജീവിക്കണം.
കുറച്ചു നേരത്തിനു ശേഷം അയാള്‍ക്ക് തോന്നും, വേണ്ട.. തന്റെ മനസ്സിപ്പോഴും ചെറുപ്പമാണ്. അത് കൊണ്ട് ചെറുപ്പകാര്‍ ജീവിക്കുന്നത് പോലെ ഒരു നിഷേധി ആയി ജീവിക്കണം. തന്റെ ചുറ്റുമുള്ളതിനെ കണ്ടില്ലന്നു നടിക്കണം, വിശ്വാസങ്ങളെ നിരാകരിക്കണം, തല ഉയര്‍ത്തി പിടിച്ചു, ഭൂമിയെ കാല്‍ക്കടിയിലാക്കി നടക്കണം. നിലനില്‍പ്പിനു തടസ്സമാവുന്നതിനെ ബലം ഉപയോഗിച്ച് തകര്‍ക്കണം,. വിധിയെ പഴിക്കാതെ മുന്നേറണം . .


അയാളുടെ ഓര്‍മ്മകള്‍ പൂക്കുന്നത് ഇരുപതാമത്തെ വയസ്സ് മുതലാണ്. അതിനു മുമ്പുള്ളതൊന്നും അയാള്‍ക്ക് ഓര്‍ക്കാന്‍ കഴിയാറില്ല.
അയാളുടെ കൂട്ടുകാര്‍, എല്‍ കെ ജി ക്ലാസ്സുകളിലെ കവിതകള്‍ ചെല്ലുമ്പോള്‍, അയാള്‍ കൊച്ചു കുട്ടിയെ പോലെ ചിരിക്കും.
മൂവാണ്ടന്‍ മാവില്‍ കയറിയതും, പുളിയന്‍ ഉറുമ്പ് അവരുടെ ശരീരത്തില്‍ കടിച്ചതും, ഓണ തുമ്പികളെ പിടിക്കാന്‍ പോയതും, നന്ത്യാര്‍വട്ടപൂക്കളുടെ മനോഹാരിതയേയും പറഞ്ഞു ഗതകാല സുഖസ്‌മരണകള്‍ അയവിറക്കുമ്പോള്‍,
അയാള്‍ സ്നേഹമെന്ന മൂന്നു അക്ഷരത്തെ കുറിച്ച് ഓര്‍ക്കും. കഥകളിലും കവിതകളിലും മാത്രം എഴുതി നിറച്ച സ്നേഹത്തെ മാത്രമേ അയാള്‍ കണ്ടിരുന്നൊള്ളൂ. അപ്പോഴെക്കെ അയാള്‍ ഓര്‍ക്കും, . പ്രപഞ്ചം എന്ന മൂന്നക്ഷരത്തെ കുറിച്ച് ആരും എന്ത് കൊണ്ട് എഴുതുന്നില്ല. പ്രവഞ്ചത്തില്‍ ഉള്‍പ്പെടുന്ന ലോകത്തെ കുറിച്ച് ആരും ഓര്‍ക്കുന്നില്ല.


അയാള്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നത് എല്ലാത്തിനെയും അഭിനന്ദിക്കുന്ന ഒരു സമൂഹമായിരുന്നു.
അത്കൊണ്ട് അയാള്‍ ന്യായമായും ഊഹിച്ചു, തെറ്റുകള്‍ ചൂണ്ടികാണിക്കാന്‍ ആരുമില്ല.
പുതിയ ഒരു വിപ്ലവം ഇവിടെ പിറവി എടുക്കേണ്ടതുണ്ട്‌.
സത്യവും മിഥ്യയും വേര്‍തിരിക്കുന്ന ഒരു വിപ്ലവം ഉയരണം..
ഈ ചിന്തകള്‍ അയാള്‍ കൂട്ടുകാരുടെ മുന്നില്‍ വക്കും, എന്നിട്ട് അവരോടു വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെടും,നീണ്ട തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ എവിടെയാണ് താന്‍ തുടങ്ങിയത് എന്നറിയാതെ അയാള്‍ ഉഴപ്പും..അത്കണ്ടു കൂട്ടുകാര്‍ ആര്‍ത്തു ചിരിക്കും.. പിന്നെ അവര്‍ വിഡ്ഢി എന്ന അര്‍ത്ഥത്തിലുള്ള തമാശകള്‍ അയാളോട് പറയും..എന്നിട്ട് എല്ലാവരും പൊട്ടി പൊട്ടി ചിരിക്കും.. കൂട്ടത്തില്‍ അയാളും കൂടും.. ചിരിക്കുമ്പോള്‍ ലോകത്ത് ബുദ്ധിയുള്ളവര്‍ എന്ന് വിശ്വസിക്കുന്നവര്‍ ചെയ്തുകൂട്ടുന്ന വിക്രിയകള്‍ ഓര്‍ത്തു അയാള്‍ സ്വയം പറയും, താന്‍ മണ്ടന്‍ ആയി പോയത് എത്ര നന്നായി, വിഡ്ഢി ആവുന്നതാണ് നല്ലത്, എന്ത് ചെയ്താലും കുറ്റമില്ലല്ലോ,..


അയാള്‍ പാര്‍ക്കിലേക്ക് കയറി പാര്‍ക്കിന്റെ വലതു മൂലയിലായിലുള്ള മനുഷ്യ നിര്‍മിതമായ കുന്നിന്റെ അരികില്‍ ഇരുന്നു.
അവിടെ ഇരുന്നാല്‍ പാര്‍ക്കിലെ കാഴ്ചകള്‍ കണ്‍ നിറയെ കാണാം..
അപ്പോഴാണ് അയാള്‍ക്ക് അരികിലേക്ക് ഗൈഡ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു ചെറുപ്പക്കാരന്‍ വരുന്നത്..
ചെറുപ്പക്കാരന്‍ തന്റെ ജോലിയെ കുറിച്ച് അയാളോട് വിവരിക്കാന്‍ തുടങ്ങി,


ഗൈഡ് എന്നാല്‍ ഒരു വെറും ഒരു വഴി കാട്ടി മാത്രമല്ല..
കണ്ടെത്താന്‍ ആഗ്രഹിക്കുന്നതിനെ തേടാനുള്ള വഴി
തിരിച്ചറിയാന്‍ കഴിയാത്തതിനെ കണ്ടെത്താനുള്ള മാര്‍ഗദര്‍ശി,
കണ്ടെത്തുമെന്നു വിശ്വാസമില്ലാത്തതിനെ കാണാനുള്ള കണ്ണാടി..


ഗൈഡ് തന്നെ എന്തിനു നിര്‍ബന്ധിക്കുന്നു
പരസ്ത്രീബന്ധമോ?, പെട്ടന്ന് അയാള്‍ സ്വയം തിരുത്തി,
പരസ്ത്രീ എന്നൊന്നില്ല. സ്ത്രീ ഒന്നേയുള്ളൂ. അത് പുരുഷന്റെ നട്ടല്ലില്‍ നിന്ന് പുരുഷന്റെ വികാരങ്ങള്‍ക്ക് വിധേയമാവാന്‍ സൃഷ്ടിക്കപ്പെട്ടതാണ്.


ഗൈഡ് അയാളെ ഒരു കെട്ടിടത്തിലേക്ക് നയിച്ചു.
തൂക്കിയിട്ടിരിക്കുന്ന മറകള്‍ക്കുള്ളില്‍ വച്ച് ഗൈഡ് അയാള്‍ക്ക് ഒരു കൊച്ചു യന്ത്രം കൈമാറി.
ആ കൊച്ചുയന്ത്രത്തിനകത്തുനിന്ന് നിസ്സഹായനായ ഇരകളുടെ നിലവിളികള്‍ അയാള്‍ കണ്ടു.
വേട്ടക്കാരുടെ ഹിംസാത്മകമായ അട്ടഹാസങ്ങള്‍ അയാളുടെ ചെവിയില്‍ മുഴങ്ങി.
നിഷ്‌കളങ്കയായ ഒരു ഇര, വേട്ടക്കാരന്റെ കാലില്‍ വീണു കേഴുന്നതും വേട്ടക്കാരന്‍ ഇരയുടെ കൊച്ചു ശരീരം വൈവിധ്യമായ കാഴ്ചകളായി യന്ത്രത്തിനകത്തു വിന്യാസിക്കുന്നതും അയാള്‍ കണ്ടു.
ആ കാഴ്ചകളില്‍ ഒന്നില്‍ കണ്ട രൂപത്തിന്റെ സദൃശമായ ഒരു കാഴ്ച അയാളുടെ മനോവികാരങ്ങളെ തളര്‍ത്തി,
പെട്ടന്ന് അയാള്‍ തന്റെ മക്കളെ കുറിച്ച് ഓര്‍ത്തു..
വേണ്ട വേണ്ട കാണണ്ട.. അയാള്‍ അലറി വിളിച്ചു


പിന്നെ അയാള്‍ താന്‍ വന്ന വഴിയിലൂടെ തിരിഞ്ഞു നടക്കാന്‍ തുടങ്ങി
കടല്‍ തീരത്തിനോട് ചേരുന്നു കിടക്കുന്ന ബീച് പാര്‍ക്ക്‌ അയാള്‍ കണ്ടു
അവിടെ നിറയെ മനുഷ്യ സമുച്ചയം, പച്ചപുല്‍ നിറഞ്ഞ പുല്‍മേടുകള്‍


പിന്നെയും അയാള്‍ നടന്നു..
രണ്ടു പെണ്‍കുട്ടികള്‍ അയാള്‍ക്ക് എതിരെ വരുന്നു..
അവരെ നോക്കി അയാള്‍ പുഞ്ചിരിച്ചു
അവര്‍ തെല്ലു ഒതുങ്ങി നിന്ന്, ഹായ് അങ്കിള്‍ എന്ന് പറഞ്ഞു അയാളെ അഭിവാദ്യം ചെയ്തു. .


അയാള്‍ കടല്‍ നോക്കി..
കടല്‍ ഒന്നാകെ സുന്ദരമായ നൌകകള്‍ ഒഴുകി നടക്കുന്നു.


പിന്നെ അയാള്‍ കാലുകള്‍ വലിച്ചു വെച്ച്
ഓഫീസിലേക്ക് നടന്നു..
ഓഫീസിലെത്തിയതും മേശപ്പുറത്തു അഴിച്ചുവച്ച കോട്ട്‌ എടുത്തു ധരിച്ചു
അയാള്‍ക്ക് ആശ്വാസമായി.
അയാള്‍ മന്ത്രിച്ചു
ചെറുപ്പക്കാരന്റെ മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കും

9 comments:

  1. പേര് എല്‍.കെ.ജി.യാണെങ്കിലും എഴുത്തിനു ഒരു ഡിഗ്രി ഒണ്ടു കേട്ടോ.

    ReplyDelete
  2. nalla katha..ചെറുപ്പക്കാരന്റെ മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കും

    ReplyDelete
  3. good narration.....keep going!!

    ReplyDelete
  4. GREAT WORK,,, REALY NICE,,,
    WISH U ALL THE BEST......

    ReplyDelete
  5. MOBLE NO KODUKKATHAD ENTHE,,,
    VILIKKAMAYIRUNNU,,,

    ReplyDelete
  6. കൊള്ളാം മന്‍സൂര്‍. .. നന്നായി എഴുതി.

    ReplyDelete
  7. മാറ്റാന്‍ പറ്റാത്ത ഒരു വിധിയുമില്ല മരണം അല്ലാതെ
    ഇഷ്ടപ്പെട്ടു.....
    വീണ്ടും കാണാം

    ReplyDelete
  8. ചെറുപ്പക്കാരന്റെ മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കുമോ?
    നല്ല എഴുത്ത്..

    ReplyDelete

ധന്യമീ ജീവിതം

അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള്‍ ഉറങ്ങിയെന്നുറപ...