Saturday, January 7, 2012

തിരിച്ചറിവുകള്‍



ഇത് രണ്ടാം തവണയാണ് മരണത്തിന്റെ നൂല്‍പാലത്തില്‍ നിന്ന് കാല്‍തെന്നി ജീവിത്തിലേക്ക്‌ വീഴുന്നത്.
ആദ്യമായി മരണത്തെ ആഗ്രഹിച്ചത് അച്ഛനില്‍ നിന്ന് എന്നെ അടര്‍ത്തി മാറ്റിയ അമ്മയുടെ സ്വാര്‍ത്ഥതയില്‍ നിന്നും  മോചനം നേടാനായിരുന്നു .

അമ്മയെ മനസ്സിലാക്കാന്‍ ഒരു വൃഥാ ശ്രമം നടത്തി നോക്കി,
ദേഷ്യം തോന്നുമ്പോളെല്ലാം അച്ഛന്റെ പേര് പറഞ്ഞു മകളെ അധിക്ഷേപിക്കുന്ന അമ്മയുടെ മനസ്സിന്റെ ഉള്ളിലേക്ക് എത്തിപ്പെടാന്‍ പക്ഷേ ഒരിക്കലും സാധിച്ചില്ല.
താന്‍ ഇല്ലാതാവുമ്പോള്‍ അമ്മ ജീവിതത്തില്‍ നിന്ന് എന്തെങ്കിലും
പഠിക്കുമായിരിക്കും എന്ന ചിന്തയില്‍ നിന്നാണ് മരണം എന്ന മാര്‍ഗം മുന്നില്‍ തെളിഞ്ഞുവന്നത്.

ഒരു സാരിയുടെ അറ്റം കഴുത്തില്‍ മുറുകുക മാത്രമേ വേണ്ടു, അവസാനത്തെ പിടച്ചിലിനെയും അതിജീവിച്ചാല്‍ സുന്ദരമായ മരണത്തെ പുല്‍കാം.
പക്ഷേ  തനിക്കതിനു കഴിഞ്ഞില്ല.

മഹേഷ്‌ ...നിന്നെ ഞാൻ കെട്ടുമെന്ന് പറഞ്ഞു വാശിപിടിച്ചത് ഇപ്പോഴും ഞാൻ  ഓര്‍ക്കുന്നു.
അന്നും അമ്മ എന്നെ എതിര്‍ത്തു.
അമ്മക്ക് എന്നെയും അറിയാം,നിന്നെയും അറിയാം, എന്നിട്ടും അമ്മ എതിര്‍ത്തപ്പോള്‍
പതിവുപോലെ അമ്മയെ കുറ്റപ്പെടുത്തി.
മകളെ മനസിലാക്കാത്ത അമ്മ എന്ന് മനസ്സില്‍ അടക്കം പറഞ്ഞു.
ഇപ്പോള്‍ ഈ ആശുപത്രി കിടക്കയില്‍ ഏകയായി കിടക്കുമ്പോള്‍
എന്റെ അമ്മ കൂടെ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു
എല്ലാം ഉള്ളിലിങ്ങിനെ നിറച്ചൊതുക്കിപിടിച്ചാല്‍ ഉള്ളുപൊട്ടിപോവില്ലേ മോളെ എന്ന് കേഴുന്ന അമ്മയെ.

എല്ലാ അമ്മമാരും മക്കളെ എത്രമാത്രം മനസിലാക്കി കാണും
അമ്മിഞ്ഞ പാലിന്റെ രുചി നുകരാൻ   തന്റെ മാതൃത്വത്തിലേക്ക് കുഞ്ഞിനെ അടുപ്പിച്ചു, ആ കുഞ്ഞുവായിലേക്ക് മുലപ്പാല്‍ നല്‍കുമ്പോള്‍ അനുഭവിച്ചിരുന്ന ആനന്ദത്തിന്റെ നിര്‍വൃതിയില്‍ നിന്ന് തുടങ്ങി കാണണം, തന്റെ കുഞ്ഞിനെ മനസിലാക്കുന്നത്.
കുഞ്ഞുടപ്പിട്ടു, കണ്ണില്‍ കണ്മഷി എഴുതി, മുടി പിന്നികെട്ടിയിട്ടു സ്കൂള്‍ബസ് വരുന്നതും കാത്തു വീടിന്റെ വരാന്തയില്‍ എന്നെയും തോളില്‍ ഏറ്റി, പാട്ട് പാടിതന്നു പതിയെ പതിയെ നടക്കുന്ന അമ്മയെ എനിക്ക് ഓർമ്മവരുന്നു.
പിന്നെ പുതിയ വീടെടുത്ത്  വിടപറഞ്ഞു പോവുമ്പോള്‍ അമ്മയുടെ കണ്‍കോണില്‍ അടര്‍ന്നു വീഴാനായി വെമ്പിനില്‍ക്കുന്ന രണ്ടു നീര്‍മണിതുള്ളികളെ ഞാന്‍ കണ്ടിരുന്നു.
മകളെ മനസിലാക്കിയത് കൊണ്ടാവണം പുഞ്ചിരിച്ചുകൊണ്ടാണ് അന്ന് എന്നെ യാത്രയാക്കിയത്.


അമ്മയെ തനിച്ചക്കാന്‍ വേണ്ടി മരണം ആഗ്രഹിച്ചു നടന്നിരുന്ന ഞാന്‍
ഇപ്പോൾ, എന്നെ തനിച്ചാക്കി അമ്മ പോയതിനെ കുറിച്ചോര്‍ത്തു പരിതപിക്കുന്നു.

ജീവിതം എത്ര അത്ഭുതം അല്ലെ, മരണം പോലെ മറ്റൊരു അത്ഭുതം.
അസ്തമയത്തിലെ എണ്ണിത്തീരാത്ത നിറഭേദങ്ങളെ പോലെ, അനന്തമായ തിരമാലകളെ പോലെ,
ഉഷസിന്റെ രശ്മികള്‍ പോലെ, മറ്റൊരു അത്ഭുതം.

മഹേഷ്‌, നീ എന്റെ ജീവിതത്തിലേക്ക് വന്നപ്പോള്‍ ഞാന്‍ ഒത്തിരി അഹങ്കരിച്ചു.
കാണാത്ത, അറിയാത്ത, മനസിലാക്കാത്ത, ഒരാളിന് പകരം, നാടറിയുന്ന, സ്നേഹിക്കാന്‍ അറിയുന്ന, ജീവിക്കാന്‍ അറിയുന്ന ഒരാളാണ് എന്റെ ജീവിതത്തിലേക്ക് വന്നതെന്നോർത്ത്.
ആദ്യമായി ജീവിക്കാന്‍ തോന്നിയ നിമിഷമായിരുന്നു അത്.
ആദ്യ സ്പര്‍ശനത്തിലൂടെ ഞാനറിഞ്ഞു  നിന്നെ വിട്ടുപിരിയാന്‍ എനിക്കാവില്ല എന്ന്.
പക്ഷേ  എല്ലാം വെറും പക്വതയില്ലാത്ത മനസ്സിന്റെ തോന്നലുകളാണന്നു മനസിലായതും പെടുന്നനെയായിരുന്നു
നിനക്ക് സ്നേഹിക്കാന്‍ അറിയുമെന്ന് വിശ്വസിച്ചുപോയതെത്ര തെറ്റായിരുന്നു.
നിനക്ക് എന്താണറിയുമായിരുന്നത്
വീര്യം കൂടിയ മദ്യത്തിന്റെ ലഹരിയില്‍ രാത്രികളില്‍ എന്റെ ശരീരത്തെ പ്രാപിക്കാനുള്ള അടങ്ങാത്ത ആവേശമോ?
സ്നേഹിക്കാനെന്ന പേരില്‍ വാക്കുകളില്‍ നുണകവിതകള്‍ തീര്‍ക്കുന്ന മാന്ത്രികതയോ?
എന്റെ കയ്യിലെ കുപ്പിവളകള്‍ നോക്കി നിന്റെ സ്വപ്നത്തിലെ പെണ്‍കുട്ടിയും ഇങ്ങിനെ ആയിരുന്നു എന്ന് പറഞ്ഞു ചുണ്ടുകള്‍ എന്റെ കവിളിനോട് ചേര്‍ക്കുന്നതോ?


എപ്പോഴയാണ് മനുഷ്യന് ജീവിക്കണമെന്ന് തോന്നുന്നത് അപ്പോഴെക്കെ മനുഷ്യന്‍ മരണത്തെ കുറിച്ചോര്‍ക്കും. ആരായിരിക്കും ഇങ്ങിനെ പറഞ്ഞിട്ടുണ്ടാവുക.
അങ്ങിനെ ഒരാള്‍ ഇല്ലെങ്കില്‍ ഇതാ ഞാന്‍ പറഞ്ഞിരിക്കുന്നു.
വെറുതെ ഒന്ന് ജീവിതത്തെ കാമിച്ചു നോക്കു, അവിടെ വച്ച് നാം മരണത്തെയും ഓര്‍ക്കും.
അത് പക്ഷേ  ജീവിതത്തിന്റെ തുടക്കത്തില്‍ ആവാം, അല്ലെങ്കില്‍ ജീവിതം ഒരു വേദനയാവുമ്പോള്‍ ആവാം.
ഒരുപക്ഷേ  എല്ലാം നേടി എന്ന് തോന്നുമ്പോള്‍ ആവാം..


എല്ലാം നേടിയാല്‍ പിന്നെ എന്ത് അല്ലെ? ശൂന്യത മാത്രം.
ആഗ്രഹങ്ങളാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ആഗ്രഹങ്ങള്‍ നിലക്കമ്പോള്‍ ശൂന്യത മാത്രം.
പിന്നെ തേടുക നാശത്തെ ആയിരിക്കും.


നശിക്കണം.. മരിക്കണം.. അവസാനിപ്പികണം.. ഇല്ലാതാക്കണം..
എന്നിട്ട്?
വീണ്ടും തിരിച്ചു ജീവിതത്തിലേക്ക്?
ആഗ്രഹങ്ങളിലേക്ക്? സ്വപങ്ങളിലേക്ക്? വിശ്വാസത്തിലേക്ക്?
എന്നിട്ട്?
ക്രോധംപൂണ്ട പകലുകളെയും, ദുഃഖം പുരണ്ട സന്ധ്യകളെയും അനുഭവിപ്പിച്ചു തീര്‍ത്തു വീണ്ടും നാശത്തിലേക്ക്..
അവസാനിപ്പിക്കലിലേക്ക്.
എന്നിട്ട്?
ചുറ്റിലും നിലച്ച ശബ്ദങ്ങള്‍ക്ക്‌ നടുവില്‍,
രോദനങ്ങള്‍ക്ക്‌ നടുവില്‍,
കര്‍പൂര ഗന്ധത്തിനു നടുവില്‍,
അടുക്കിവച്ച വിറകു കഷ്ണങ്ങള്‍ക്ക് നടുവില്‍,
കത്തിജ്വലിക്കുന്ന അഗ്നികുണ്ഡത്തിനു നടുവില്‍.



എങ്ങിനെയാണ്‌ ഞാന്‍ നിന്റെ ജീവിതത്തിലേക്ക് എത്തിച്ചേര്‍ന്നത്?
ദിക്ക് തെറ്റി വന്ന ഒരു കുരിവി ആയിരിക്കണം ഞാന്‍ ‍
വഴിപിണഞ്ഞ വ്യസനം ചിറകടിയായി ഉയര്‍ന്നിരിക്കണം
പിന്നെ പിന്നെ പറക്കനാവാതെ തളര്ന്നിട്ടുണ്ടാവണം
ഒടുവില്‍ നിന്റെ സ്വാര്‍ത്ഥതയുടെ ഇരുണ്ട ഇടനാഴിയില്‍,
സന്ദേഹങ്ങള്‍ക്ക് മദ്ധ്യേ ജീവിച്ചതാവണം.
അല്ലയിരുന്നുവെങ്കിൽ
വീണ്ടുമൊരു സാരിത്തുമ്പില്‍ കെട്ടിതൂങ്ങാന്‍ തോന്നുമായിരുന്നോ?


നിനക്ക് വെറുതെ ഈ മുറിയിലേക്ക് ഒന്ന് എത്തിനോക്കാം.
ഈ ചെറിയ വാതിലിന്‍ വിടവിലൂടെയെങ്കിലും, വെറുതെ  എന്നോട്  കുശലന്വേഷണം നടത്താം.
ദേവൂട്ടി നിനെക്ക് എന്തെങ്കിലും വേണമോ എന്ന് ചോദിക്കാം,
അല്ലെങ്കില്‍ ഒന്ന് പുഞ്ചിരിച്ചു പോവാം.
അപ്പോള്‍ ഞാന്‍ പ്രതികരിക്കുമെന്ന് വിചാരിച്ചാണോ നീ അടുത്തേക്ക് വരാത്തത്.
അതോ നിന്റെ മുഖം എന്റെ കൈകളില്‍ കോരിയെടുത്തു ആ കണ്ണുകളിലേക്കു നോക്കി
പ്രിയനേ ഈ സ്വരമൊന്നു കേള്‍ക്കാന്‍, ഈ കണ്ണുകളില്‍ എന്റെ പ്രതിബിംബം കാണാന്‍
ഞാന്‍ എത്ര കാലമായി ആഗ്രഹിക്കുന്നു എന്ന് പറയുന്നത് കേള്‍ക്കുമെന്ന് പേടിച്ചാണോ?
അതോ ഞാന്‍ മരിച്ചാല്‍
നീന്റെ ഓര്‍മകളില്‍ എപ്പോഴെങ്കിലും ഒരു സ്നേഹമായി, തണലായി, തലോടലായി, തെന്നലായി, വേഴാമ്പലായി, ഞാന്‍ എത്തി നോക്കുമ്പോള്‍ ,
എന്റെ കുഴിമാടത്തിന്നരികില്‍
ഒരു വിളക്ക് കൊളുത്താന്‍ നീ മറക്കരുതേ എന്ന് പറയും എന്നോര്‍ത്താണോ?

മരിക്കാന്‍ കിടക്കുന്ന ഒരാള്‍ക്ക് എന്ത് ആഗ്രഹമാണ് ഉണ്ടാവുക?
ഈശ്വര വിശ്വാസി ആണെ‍ങ്കില്‍ സ്വര്‍ഗത്തെ കുറിച്ച് ഓര്‍ക്കാം,
ഈശ്വരന്റെ മലാഖമാരാല്‍ അനുഗ്രഹിക്കപ്പെടുന്നത് ഓര്‍ക്കാം.
പക്ഷെ ഭൌതിക വാദി ആണെങ്കില്‍, എന്ത് ആഗ്രഹമായിരിക്കും ഉണ്ടാവുക?
യുക്തിയില്‍ നിന്നു ഒരുത്തരം കണ്ടത്തുകയാകാം അല്ലെ?

എന്റെ ആഗ്രഹം പറയട്ടെ ?
വേണ്ട നിന്റെ കണ്ണുകള്‍ എന്നെ ഓര്‍ത്തു ഈറനണിയുമ്പോള്‍ ഞാന്‍ അത് പറയാം
അപ്പോള്‍ നിനക്ക്  മനസ്സിലാവും
നിന്നെ സ്നേഹിച്ചിരുന്ന, ആരാധിച്ചിരുന്ന, കാമിച്ചിരുന്ന ഒരു പാവം പെണ്‍കുട്ടിയെ.
നിന്നെ തൊട്ടുരുമ്മി കിടക്കുമ്പോള്‍, മുടി ഇഴകളില്‍ക്കൂടി വിരല്‍ ഓടിക്കുമ്പോള്‍, അറിയാതെ നിർവൃതിയിൽ  ആണ്ടുപോയിരുന്ന ഈ പാവം പെണ്‍കുട്ടിയെ.


എന്റെ മുന്നില്‍ വന്നു എന്റെ കൈയ്യിലെ ഞരമ്പുകള്‍ക്കു വേണ്ടി പരതുന്ന ഈ വെള്ളയുടുപ്പിട്ട കുട്ടികളെ നോക്കു, അവര്‍ എത്ര കരുണയോടും വാത്സല്ല്യത്തോടും കൂടിയാണ് എന്നെ മുട്ടിയുരുമ്മി നില്‍ക്കുന്നത്.
ഞെരമ്പുകള്‍ കാണാന്‍ കഴിയാത്ത എന്റെ മെലിഞ്ഞ കൈതൊണ്ടയില്‍ സൂചി കുത്തിയിറക്കുമ്പോള്‍ ഞാന്‍ വേദനിച്ചു നിലവിളിച്ചു പോവുമെന്ന് അവര്‍ വിചാരിച്ചു കാണണം.
അവര്‍ സ്നേഹവായ്‌പോടെ  എന്റെ തലയില്‍ തലോടുന്നു.
അവര്‍ പറയുന്നത് എന്താണന്നോ? മാഡം നിങ്ങളെ വേദനിപ്പിക്കാന്‍ ഞങ്ങള്‍ക്ക് ഒട്ടും ആഗ്രഹമില്ല.
ഈ മെലിഞ്ഞ കയ്യില്‍ നിന്ന് ഞങ്ങള്‍ക്ക് ഞെരമ്പുകള്‍ കണ്ടു പിടിക്കാന്‍ പറ്റുന്നില്ല.
മാഡം ഞങ്ങളോട് ദേഷ്യപ്പെടരുതേ, ഞങ്ങളെ ശപിക്കരുതേ.

എന്നിട്ടും മഹേഷ്‌ ...നിനക്ക്  എന്റെ അരികിലേക്ക് വരാന്‍ തോന്നുന്നില്ലല്ലോ?
നിനക്ക്  ഞാന്‍ അത്രക്കും വെറുക്കപ്പെട്ടവളായോ?


ദൂരെ ആശുപത്രി മതിലനപ്പുറത്തു കാണുന്ന വേപ്പുമര ചില്ലയില്‍ ചിറകടിച്ചു എത്തിയ കുഞ്ഞികിളിക്കരികെ കൌതകത്തോടെ നോക്കി ഇരിക്കുന്ന മഞ്ഞകിളിയെ എനിക്ക് ഈ കിടക്കയില്‍ കിടന്നു കാണാം.
ഇടയ്ക്കിടെ തല ചലിപ്പിക്കുന്ന മഞ്ഞകിളിക്ക് അരികില്‍ സ്വപനത്തില്‍ എന്നോണമാണ് കുഞ്ഞികിളി ഇരിക്കുന്നത്.
ഞാന്‍ ഇപ്പോള്‍ ഇമവെട്ടാതെ അത് നോക്കി കിടക്കുകയാണ്.
ഓരോ കുഞ്ഞു സ്വപ്നത്തിനും എത്ര മനോഹാരിതയാണ്.
ചിലതിനക്കെ പുഷ്പങ്ങളുടെ സൌരഭ്യം.
ചിലതെക്കെ ഇപ്പോഴും എന്റെ നെഞ്ചിന്‍ കൂടില്‍ കിടന്നു കളകൂജനം നടത്തുന്നു.



കണ്ടില്ലേ?
മരണത്തെ കാമിച്ചു ഒരു സാരിതുമ്പില്‍ ആടി നിന്ന എനിക്ക് ദൈവം വിധിച്ചത് ,
അതോ പ്രകൃതിയോ,
രണ്ടായാലും വിധി ഒന്ന് തന്നെ.
എന്റെ വയറു നിറയെ പഴുപ്പാണന്നു ഡോക്ടര്‍മാര്‍ വിധി എഴുതി കഴിഞ്ഞു. പഴുപ്പ് കോശങ്ങളില്‍ നിന്ന് കോശങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുന്നു.

മരണം ആഗ്രഹിച്ച എനിക്ക് വിധി തന്നെ വഴികാട്ടിയായി മാറിയിരിക്കുന്നു.
എനിക്ക് കാണാനായി ജനാലകള്‍ പ്രകൃതിയിലേക്ക് തുറന്നിട്ടിരിക്കുന്നു.
എന്നെ സന്തോഷിപ്പിക്കാനായി എനിക്ക് ചുറ്റും പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
എന്റെ ഹൃദയം നിറയ്ക്കാനായി എന്റെ പ്രിയതമന്‍ പുറത്തു എന്നെയും ഓര്‍ത്തിരിക്കുന്നു എന്നിവര്‍ പറയുന്നു.

നീ പുറത്തു കാത്തിരിപ്പുണ്ടോ?
എങ്കില്‍ ഞാനിതും മറ്റൊരു അത്ഭുതത്തില്‍ പെടുത്തും
കാരണം നിനക്ക് കാത്തിരിക്കാനായി ഇനിയും ആശുപത്രി വരാന്തകള്‍ ഉണ്ടാവും
ആശുപത്രി കിടക്കയില്‍ കിടന്നു നിന്റെ മുഖം ഒന്ന് കാണാന്‍ കൊതിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടും.
ഒരു പൂവില്‍ നിന്ന് മറ്റൊരു പൂവിലെക്കുള്ള നിന്റെ ദൂരം വളരെ ഹ്രസ്വമായിരുന്നില്ലേ ?
എത്ര എത്ര പൂവിതള്‍ നീ അടര്‍ത്തി മാറ്റിയിട്ടുണ്ടാവും?
എത്ര എത്ര തളിരുകള്‍ നീ നുള്ളി കളഞ്ഞിട്ടുണ്ടാവും,
എത്ര എത്ര കുരുതികള്‍ നീ കഴിച്ചിട്ടുണ്ടാവും?
ഒരു പിടി മലര്‍
ഒരു കഴുത്ത്
ഒരു വെട്ട്
ഒരു പിടച്ചില്‍
കുരുതികളം രക്തം കൊണ്ട് നിറഞ്ഞു.
നീ അട്ടഹസിച്ചു ചിരിച്ചു.
നിന്റെ ചിരി ഓര്‍ത്തു പൂവിതള്‍ നൊന്തുകരഞ്ഞു.

കാവലിരിക്കുന്ന കഷ്ടപ്പാട് വെറുതെ ആണന്നു നിനെക്ക് തോന്നുമെന്നുറപ്പാണ്.
നീ കഥ എഴുതുന്ന ആളല്ലേ? കവിത എഴുതുന്ന ആളല്ലേ?

നിന്നെ ഞാന്‍ പറഞ്ഞു മനസിലാക്കി തരണമോ?
എത്രനാള്‍ കാവലിരിക്കും നീ ഈ പ്രാണന്‍ വിട്ടകലാന്‍ വെമ്പിനില്‍ക്കുന്ന ശരീരത്തിന്?

സത്യം പറയട്ടെ ഇപ്പോഴും എനിക്ക് നിന്നോട് വെറുപ്പ്‌ തോന്നുന്നില്ല.
ഞാന്‍ വെറുക്കാന്‍ ശ്രമിച്ചു.
പക്ഷേ  അതിലുമധികം ഞാന്‍ നിന്നെ സ്നേഹിച്ചു പോയിരുന്നു.
സ്നേഹത്തിനു ഭാരമുണ്ടോ? ഇല്ല, ഒട്ടുമില്ല, അത് പറന്നു പറന്നു നടക്കുന്നു,
അരുവിയെ പോലെ പതുക്കെ ഒഴുകുന്നു.
വേനലിലെ ആദ്യ മഴ പോലെ, തുള്ളികള്‍ ഓരോ ഓരോന്നായി എന്നില്‍ കുളിര്‍മ പകരുന്നു.


എന്റെ അവസാന ആഗ്രഹം പറയാന്‍ സമയമായന്നു തോന്നുന്നു.

മഹേഷ്‌ ...നമുക്ക് രണ്ടു പേര്‍ക്കും ഒരു സിനിമയിലെ കഥാപാത്രങ്ങള്‍ ആവാം.
നീ തടിയും മുടിയും നീട്ടി വളര്‍ത്തിയ ഒരു കാമുകന്‍, ഞാന്‍ ആശുപത്രി കിടക്കയില്‍ .. നീ എന്റെ അരികിലേക്ക് വരുന്നു.


'ദേവൂട്ടി നിനക്ക്  എന്ത് ആഗ്രഹമാനുള്ളത്?'


"എന്നോട് ഒരു തമാശ പറയു മഹേഷ്‌,
എന്നെ ചിരിപ്പിക്കു മഹേഷ്‌.."

'ദേവൂട്ടി ഇപ്പോഴാണോ തമാശ. ഞാന്‍ നിന്നെ ഒരു പാട് ഒരു പാട് സ്നേഹിക്കുന്നു ദേവൂട്ടി'

"ഹ ഹ ഹ മഹേഷ്‌, ഞാന്‍ ചിരിച്ചു..
ശെരിക്കും ഇത് ഒരു വണ്ടര്‍ഫുള്‍ തമാശ ആയിട്ടുണ്ട്‌
ഒരു തമാശ കൂടി പറയു മഹേഷ്‌ "

'ഇങ്ങിനെ എന്നെ പരീക്ഷിക്കല്ലേ ദേവൂട്ടി, എനിക്കിത് സഹിക്കാന്‍ കഴിയുന്നില്ല,
നിന്റെ സ്നേഹത്തില്‍ ഞാന്‍ മരിക്കും ദേവൂട്ടി'

"ഹ ഹ ഹ മഹേഷ്‌,.. ഞാന്‍ വീണ്ടും ചിരിച്ചു. റിയലി യു ആര്‍ എ ഗ്രേറ്റ്‌ പേഴ്‌സൺ
ഇനി എന്നെ കുറച്ചു സ്നേഹിക്കു മഹേഷ്‌,
എന്നെ കെട്ടി പിടിച്ചു നിന്നിലേക്ക്‌ അമര്‍ത്തു മഹേഷ്‌"

'ഹെന്റെ ദേവൂട്ടി.....'

അയാള്‍ അവളെ കെട്ടിപിടിച്ചു
അവളുടെ ശ്വാസഗതി ഉയര്‍ന്നു

ജാലകങ്ങളിലൂടെ തണുപ്പ് മുറിയിലേക്ക് അരിച്ചു കയറി
ആശുപത്രി മതിലനപ്പുറത്തെ വേപ്പുമര ചില്ലയില്‍ കുഞ്ഞിക്കിളി പറക്കാന്‍ കഴിയാതെ ചിറകിട്ടടിച്ചു കരഞ്ഞു
പുറത്തു പ്രക്രതിയില്‍ പെയ്യനായി ഒരു മഴ ഒരുങ്ങി നില്‍പ്പുണ്ടായിരുന്നു
ചിറകൊടിഞ്ഞ അവളുടെ ശരീരം
വേദനകളില്ലാത്ത മറ്റൊരു ലോകത്തേക്ക് യാത്രയായി

9 comments:

  1. നനായി എഴുതി.
    "എത്ര എത്ര കുരുതികള്‍ നീ ബലി കഴിച്ചിട്ടുണ്ടാവും" കുരുതിയും ബലിയും തമ്മില്‍ നേര്‍ത്ത അര്‍ത്ഥവ്യത്യാസം അല്ലേ, ഉള്ളൂ?
    കഥ ഇഷ്ടമായി.

    ReplyDelete
  2. പെണ്‍ കുട്ടിയാണെങ്കില്‍ ചതിക്കപ്പെടും എന്നുള്ള രീതിയിലാണ് ഇപ്പോഴത്തെ കഥകളുടെ പോക്ക്. ആ.. സമൂഹം തന്നെ ഒരു പക്ഷെ അങ്ങനെ ആയിരിക്കാം. കഥ നന്നായിട്ടുണ്ട്. ആശംസകള്‍

    ReplyDelete
  3. കഥയേക്കാള്‍ കൂടുതല്‍ വെരോന്തെക്കൊയോ പറഞ്ഞു പറഞ്ഞു എവിടെയൊക്കെയോ എത്തിച്ചു... എനിക്കേറ്റവും ഇഷ്ടമായതും അതാണ്‌... ഭംഗിയുള്ള എഴുത്ത്... നല്ല വായന സുഖം...

    നന്ദി..സുഹൃത്തെ...

    ReplyDelete
  4. നന്നായിരിക്കുന്നു രചന.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  5. നന്നായി അവതരിപ്പിച്ചു..

    ReplyDelete
  6. അതി മനോഹരമായിരിക്കുന്നു ഈ കഥ.
    യഥാര്‍ത്ഥ സ്നേഹം തേടിയുള്ള യാത്രയില്‍ , മുഖം മൂടിയിട്ട കള്ള കാമുകരുടെ മുന്നില്‍ ആ കാപട്യം തിരിച്ചറിയാനാവാതെ വീണു പോകുന്ന മറ്റൊരു പെണ്‍കുട്ടി!!
    അവതരണം ഏറെ ഹൃദ്യമായി. ഇനിയും ഇത് പോലെ ഒരു പാട് എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  7. excellent...
    good..but too lengthy...

    ReplyDelete

ധന്യമീ ജീവിതം

അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള്‍ ഉറങ്ങിയെന്നുറപ...