Sunday, January 1, 2012
അയഥാര്‍ത്ഥ ലോകം
കസവ് കര തുന്നിപ്പിടിപ്പിച്ച വെളുത്ത സാരി ധരിച്ചു തൊട്ടുഅപ്പുറത്തുള്ള തീവണ്ടിയുടെ വാതിലില്‍ നില്ക്കുന്ന പെണ്‍കുട്ടിയെ ഞാന്‍ സാകുതം നോക്കി. 'അതെ, അവള് തന്നെ, അഞ്ജു.' മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ചെന്നൈയില്‍ ഞങ്ങളൊരുമിച്ചു എം ബി എ ക്ക് പഠിക്കുമ്പോളായിരുന്നു ഒരിക്കല്‍ ഒരു നദിയുടെ പേരില്‍ തമിഴ് മനം കത്തിയെരിഞ്ഞത്. ആ തീയില്‍ പലതും വെന്തുകരിഞ്ഞു,. അവിടെ വച്ച് എനിക്ക് നഷ്ടപ്പെട്ട സൌഹൃദത്തിലെ ഒരു കണ്ണിയാണ് അഞ്ജു. ആ സംഭവം നടക്കുമ്പോള്‍ ഒരു ദിവസം അവള് പെട്ടെന്ന് അപ്രക്ത്യക്ഷമാവുകയായിരുന്നു. വര്‍ഷകാലത്തിലെ പേമാരിയില്‍ കുലംകുത്തി ഒഴുകിയ ആ നദി തന്നെയാണ് ഞങ്ങളെ ഇപ്പോള്‍ വീണ്ടും ഒന്നിപ്പിച്ചിരിക്കുന്നത്. തമിഴ്നാടിനും കേരളത്തിനും ഇടയിലുള്ള, ഈ റെയില്‍വേ സ്റ്റേഷനില്‍ ഞങ്ങളുടെ യാത്രക്ക് അര്‍ദ്ധവിരാമം പ്രാപിക്കേണ്ടി വന്നിരിക്കുന്നു. രണ്ടു ദിശകളിലേക്കായി സഞ്ചരിച്ചു കൊണ്ടിരുന്ന ഈ വണ്ടികള്‍ കുറെ മനുഷ്യരെയും വഹിച്ചു കൊണ്ട് നാലുപുറവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുകയാണ്. ഞാന്‍ കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള യാത്രയിലാണ്. ഞങ്ങളുടെ ട്രെയിനില്‍ അധികവും ഉദ്യോഗസ്ഥപ്രഭുക്കളാണ്. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്കുള്ള തീവണ്ടിയില്‍ അധികവും പാവപ്പെട്ട അവിദഗ്ദ്ധ കൂലിവേലക്കാരുമാണ്. രണ്ടു തീവണ്ടികളില്‍ ഏതെങ്കിലും ഒരു വണ്ടിയുടെ യാത്ര തുടരാന്‍ കഴിയുമെന്നാണ് അതികൃതര്‍ അറിയിച്ചിരിക്കുന്നത്. അത് ഏതു ദിശയിലേക്കു പോവുന്ന വണ്ടിയകണം എന്ന് തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. നിത്യവേതനത്തിന് തൊഴില്‍ ചെയ്യുന്നവരെ പാവപെട്ട കൂലിവേലക്കാര്‍ എന്ന് വിശേഷിപ്പ്പിച്ചത് എന്റെ കാഴ്ച്ചപാടിലൂടെയല്ല, അതൊരു തത്വസംഹിതയുടെ കാഴ്ചയാണ്. ഞാനും അതിലൊരു കണ്ണിയാണ് എന്നത് കൊണ്ടാവാം, എന്റെ മനസ്സും അങ്ങിനെ സഞ്ചരിച്ചത്. ഇനി നമുക്ക് വീണ്ടും അഞ്ജുവിലേക്ക് വരാം. എന്റെ കമ്പാര്‍ട്ട്മെന്റിന്റെ ജാലക പഴുതിലൂടെ നോക്കിയാല്‍ എനിക്കവളെ കാണാം. എന്നെയവള് തിരിച്ചറിയുന്നതിനു മുമ്പായി, ഞാന്‍ ഞങ്ങളുടെ കഴിഞ്ഞ കാലത്തിന്റെ പടികളിലൂടെ സഞ്ചരിച്ചു വരാം.
ഞങ്ങളുടെ ക്ലാസ്സിലെ ശരവണന് എന്ന പയ്യനും അഞ്ജുവുമായി പ്രണയത്തില്‍ ആയിരുന്നു. ഫസ്റ്റ് സെമസ്റ്ററില്‍ ആ പ്രണയം മഞ്ഞു പെയ്യുന്ന ഡിസംബറിന്റെ തണുത്ത പകലുകളെ ഓര്‍മിപ്പിക്കുന്നതായിരുന്നു. അഞ്ജു പലപ്പോഴും ഹോസ്റ്റലില്‍ തന്നെ ചടഞ്ഞുകൂടി, പൂവിനെ കുറിച്ചും, പൂവില്‍ നിന്ന് തേന്‍ നുകര്‍ന്ന് പോവുന്ന വണ്ടുകളെ കുറിച്ചും, പൂതോട്ടത്തിനു ചുറ്റും പാറിപറക്കുന്ന ചിത്ര ശലഭങ്ങളെ കുറിച്ചുമെല്ലാം പറഞ്ഞു. സെക്കന്റ് സെമസ്റ്ററില്‍ കുറച്ചു കൂടി ഗൌരവ പ്രാധാന്യമുള്ള കാര്യങ്ങളിലായി അഞ്ജുവിന്റെ നേരം പോക്ക്. ശൈത്യകാലത്തിനും വേനല്‍ക്കാലത്തിനും ഇടയിലുള്ള വെയിലിന്റെ ചൂട് കുറഞ്ഞ പകലുകളെ ഓര്‍മിപ്പിക്കുന്നതായിരുന്നു അവയില്‍ പലതും. നിലാവുള്ള രാത്രികളെ കുറിച്ചും അസ്തമിക്കാത്ത പകലുകളെ കുറിച്ചും, പൂര്‍ണചന്ദ്രനെ കുറിച്ചുമെല്ലാം അവള് പറയുമായിരുന്നു. അവസാനത്തെ സെമസ്റ്റര്‍ ഒടുവില്‍ എത്തുമ്പോളാണ് അഞ്ജുവിനെ കാണാതാവുന്നത്. അപ്പോള്‍ തന്നെയായിരുന്നു ഒരു നദിയുടെ പേരില്‍ തമ്ഴ്മനം കത്തി എരിഞ്ഞതും. അഞ്ജുവിന്റെ അപ്രക്ത്യക്ഷമാവലിനെ കുറിച്ച് ഏറ്റവും കൂടുതല്‍ അറിയുന്നത് ശരവണന് മാത്രമാണ്. പക്ഷെ അപ്പോഴേക്കും ഭാഷ അടിസ്ഥാനമായി കോളേജില്‍ രണ്ടു ഗ്രൂപ്പുകള്‍ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ഞങ്ങള്‍ക്ക് എതിരെയുള്ള ഗ്രൂപ്നുനു നേതൃത്വം കൊടുത്തത് ശരവണന് ആയിരുന്നു. പിന്നീടുള്ള ദിനങ്ങള്‍ ഭീതിയുടെത് ആയിരുന്നു. ആര് എവിടെ വച്ച് അക്രമിക്കപെടുക എന്ന് പറയാന്‍ പറ്റാത്ത ഒരു അവസ്ഥ. പക്ഷെ അപ്പോള്‍ ഞങ്ങള്‍ക്ക് തണലായി, ഞങ്ങളുടെ സംരക്ഷകരായി ഞങ്ങളുടെ കൂടെ നിന്നതും, കോളേജില്‍ കൂടെ പഠിക്കുന്ന ചുരുക്കം ചില തമ്ഴ് സുഹ്രത്തുക്കള്‍ ആയിരുന്നു. പഠനം കഴിഞ്ഞു എന്റെ ജോലി പത്ര പ്രവര്‍ത്തനത്തിലേക്ക് നീണ്ടപ്പോഴും അഞ്ജുവിന്റെ തീരോധനം എന്റെ മനസ്സില്‍ ഒരു കനലായി എരിഞ്ഞുകൊണ്ടിരുന്നു. കാരണം, ചില സൌഹൃദങ്ങള്‍ ഒരു ബൈ പറച്ചിലിലൂടെയോ അല്ലെങ്കില്‍ ഒരു അപ്രക്ത്യക്ഷമാവലിലൂടെയോ അവസാനിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. നമുക്ക് ഹൃദയം ഉണ്ട് എന്ന തോന്നല്‍ ഉണ്ടാവുമ്പോള്‍ എല്ലാം അവ നമ്മുടെ ഓര്‍മകളില്‍ മായാതെ, മരിക്കാതെ, മറക്കാതെ കിടക്കുന്നുണ്ടാവും.അഞ്ജു ഒരു അതിബുദ്ധിമതിയായ വിദ്യാര്‍ത്ഥിനി ആയിട്ടും, ശരവണനെ അവള് സെലക്ട് ചെയ്തത് ശരിയായില്ല എന്നെനിക്കു പലപ്പോഴും തോന്നിയിരുന്നു. അത് കൊണ്ട് തന്നെ ആ ഒരു കാര്യത്തെ കുറിച്ച് ഞാന്‍ അഞ്ജുവിനെ ബോധാവതിയാക്കാന് പലപ്പോഴും ശ്രമിച്ചിരുന്നു.
"അഞ്ജു, നിന്നെ പോലെ ഒരാള്‍ക്ക് യോജിച്ചതാണോ ശരവണന്?"
"ഫൈസല്‍ , ആര്‍ക്കും പെട്ടെന്ന് അവനെ ഉള്‍കൊള്ളാന്‍ ആവില്ല , തെറ്റിദ്ധരിക്കപ്പെട്ട ഒരു ജന്മം എന്നെക്കെ പറയാറില്ലേ? അതാണ് അവന്. മുഖം നോക്കാതെ പെട്ടെന്ന് പ്രതികരിക്കും, അതാണ് അവന്റെ കുഴപ്പം"
"അതവന് സ്വയം ശ്രിഷ്ടിക്കുന്നത് തന്നെയാവില്ലേ അഞ്ജു? മറ്റുള്ളവര്‍ അവനെ തെറ്റിദ്ധരിക്കുന്നത് അവന് ആസ്വദിക്കുന്നുണ്ടാവും. പക്ഷെ നമുക്ക് സ്വയം നമ്മളെ മനസിലാക്കാന്‍ പറ്റില്ലേ? വേണമെങ്കില്‍ അവന്നു സ്വയം മാറ്റാന്‍ പറ്റുന്ന സ്വഭാവമേ അവനൊള്ളൂ"
"ഫൈസല്‍, നീ അവനില്‍ ആഗ്രഹിക്കുന്ന 'പാവം പയ്യന്' അവനു വേണ്ട. ഒരു അര്‍ത്ഥത്തില്‍ നമ്മുടെ ഐഡന്റിറ്റി തിരിച്ചറിയാതെയിരിക്കുന്നതാണ് നല്ലത്. അത് അറിയുന്നതോട് കൂടി ഒരു മുന്‍ധാരണ വച്ചാവും സമൂഹം നമ്മോടു പെരുമാറുക. പാവമായത് കൊണ്ടെന്താണ് കാര്യം. എല്ലാവര്ക്കും വഞ്ചിക്കാനും ചതിക്കാനും സഹതാപത്തോടെ നോക്കാനുമല്ലാതെ വേറെയെന്തിനു കഴിയും? ആര്‍ക്കും കയറി ഇരിക്കാന്‍ പാകത്തില്‍ ഒരു ചാഞ്ഞ കൊമ്പ്, അതിനുമപ്പുറം എന്ത് നേട്ടമാണ് പാവം എന്നവസ്ഥ കൊണ്ടുള്ളത്?"
"പക്ഷെ, അഞ്ജു, ഇങ്ങിനെ പാവമെന്നു പറയുന്നവര്‍ പലരും, പെട്ടെന്ന് വികാരത്തിന് അടിമപ്പെടുന്നവരാണ്. ചെറിയ ചെറിയ കാര്യങ്ങള്‍ മതി അവരെ ദുഖിപ്പിക്കുവാനും. സന്തോഷിപ്പിക്കുവാനും. പ്രതികരണം പെട്ടാന്നവുന്നത്കൊണ്ട് പലപ്പോഴും ബന്ധങ്ങളുടെ തകര്‍ച്ചയും ദൃതഗതിയിലായിരിക്കും. ഉപേക്ഷിച്ചു പോവുന്നത് അവര്‍ക്ക് സഹിക്കാന്‍ കഴില്ലെങ്കിലും, അവര്‍ മറ്റൊരു ബന്ധനത്തില്‍ ആവുന്നതോട് കൂടി പഴയ ഓര്‍മ്മകള്‍ അവരില്‍ നിന്ന് നഷ്ടപ്പെടും"
"നീ പറഞ്ഞത് ശരിയാണ് ഫൈസല്‍, ഞങ്ങള്‍ പലപ്പോഴും വഴക്കിടാറുണ്ട്, അതിനു പ്രത്യകമായ ഒരു കാരണമൊന്നും വേണ്ട. പക്ഷെ അത് പോലെ തന്നെയാണ് ഇണക്കവും. വീണ്ടും ഇണങ്ങുമ്പോള്‍ അതിന്റെ ത്രില്‍ ഞാന്‍ ആസ്വദിക്കാറുണ്ട്. അത് കൊണ്ട് തന്നെയാണ് അവന്റെ സ്വഭാവത്തില്‍ ഞാന്‍ അപാകതകള്‍ കാണാത്തതും"
"അഞ്ജു, അതിനു പ്രധാന കാരണം, പ്രകടിപ്പിക്കുന്ന സ്നേഹത്തില്‍ എത്തുമ്പോള്‍ ആര് ആരെയാണ് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് എന്ന് വിവേചിച്ചു അറിയാന്‍ സാധിക്കാത്ത അവസ്ഥയിലെത്തുന്നത് കൊണ്ടാണ്. അങ്ങിനെയൊരു അവസരത്തില്‍ ഇത്തരക്കാര്‍ പെട്ടെന്ന് പ്രതികരിക്കും. അപ്പോള്‍ അവരില്‍ തോറ്റു കൊടുക്കാനുള്ള സന്മനസ്സു നഷ്ടപ്പെടും, പിന്നെ അത് വളര്‍ന്നു ഞാന്‍, എന്നെ, എന്റെ, എന്നീ വാക്കുകളുടെ അമിതപ്രയോഗത്തിലേക്ക് എത്തിക്കുന്ന തര്‍ക്കങ്ങളിലേക്ക് അവരെയെത്തിക്കും. ജയമാണ് എല്ലായിടത്തും മനുഷ്യനെ ഉന്നതിയില്‍ എത്തിക്കുന്നതെങ്കില്‍, തോറ്റു കൊടുക്കുവാനുള്ള സന്മാനസ്സന് ഏറ്റവും നന്നായി സ്നേഹിക്കാന്‍ അറിയുന്നു എന്നതിന്റെ വിവക്ഷ. തോല്‍വിയും ത്യാഗവും സ്നേഹത്തിന്റെ അളവുകോല്‍ ആണ് എന്ന് വേണമെങ്കില്‍ പറയാം"
പരസ്പരം പ്രണയിക്കുന്ന അവസരത്തില്‍, രണ്ടു വ്യക്തികള്‍ തമിലുള്ള സ്നേഹവും വിശ്വാസവും എത്രമാത്രം ദൃഢമായിരിക്കുമെന്നു എനിക്ക് മനസിലായ കാലമായിരുന്നു അത്.. പക്ഷെ ഭാഷ, വംശം, വര്‍ണ്ണം, വര്‍ഗം, ദേശിയത ഇവ മനുഷ്യ വര്‍ഗത്തില്‍ രൂപാന്തരം പ്രാപിക്കുമ്പോള്‍ അവിടെ സ്നേഹമെന്ന വികാരത്തിന് വലിയ പ്രാധാന്യമൊന്നുമില്ല എന്ന് മനസിലായതും പൊടുന്നനെയായിരുന്നു. ഒരു കാലത്ത് ശരവണന് അഞ്ജു തന്റെ സ്നേഹത്തിന്റെ ദേവത ആയിരുന്നു എങ്കില്‍, പെട്ടെന്ന് മറ്റൊരു ദിവസം അവള് തന്റെ ദേശത്തിന് വെള്ളം നിഷേധിക്കുന്ന ഒരു സമൂഹത്തിന്റെ കണ്ണികളില്‍ ഒരാളായി മാറി. തീവണ്ടി 'സ്റ്റേഷനില്‍' നിന്ന് മാറ്റാനുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഏതു ദിശയിലേക്കുള്ള ഗതാഗതമാവണം ആദ്യം ക്ലിയര്‍ ചെയ്യേണ്ടത് എന്നാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നതിപ്പോള്‍. കേരളം ഭരിക്കുന്നത് ഒരു ദേശീയ കക്ഷിയാണ്. തമിഴ്നാട് ഒരു പ്രാദേശിക കക്ഷിയും. പക്ഷെ കേന്ദ്രം ഭരിക്കേണ്ടത് ആര് എന്ന് തീരുമാനിക്കനുള്ളത് ഈ പ്രാദേശിക കക്ഷിയാണ് എന്നത് ഒരു വിരോധാഭാസമായി തോന്നുന്നു. കേരളവും ഇനി മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. ദേശീയ കക്ഷികള്‍ക്ക് പകരം പ്രാദേശിക കക്ഷികള്‍ ഭരിക്കേണ്ടതിന്റെ ആവശ്യകത നമുക്ക്, നമ്മള് പാണ്ടികള് എന്ന് വിളിച്ചു അതിക്ഷേപിക്കുന്നവര്‍ പഠിപ്പിച്ചു തന്നിരിക്കുന്നു. പ്രതീക്ഷിച്ചത്പ്പോലെ എന്നെയവള് കണ്ടു കഴിഞ്ഞു . "അഞ്ജു നീ ഇവിടെ!! ഈ സ്റ്റേഷനില്‍ !! എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല ഇങ്ങിനെ ഒരു കൂടി കാഴ്ച . നിനക്കെന്താണ് സംഭവിച്ചത്, നീ എങ്ങിനെയാണ് അവിടുന്ന് അപ്രക്ത്യക്ഷയമായത്?"
"ഹോ, അത് ആലോചിക്കാന്‍ കഴിയുന്നില്ല ഫൈസല്‍, അന്ന് വല്ലാത്തൊരു ദിവസമായിരുന്നു. പെട്ടെന്ന് തമിഴ്നാട് വിട്ടുപോവാന്‍, ഒരു സംഘം ഞങ്ങളോട് ആവശ്യപ്പെട്ടു. ആ ഗ്രൂപ്പില്‍ ശരവണനും ഉണ്ടായിരുന്നു. ഭാഷ സ്നേഹം കൊണ്ട് സ്വന്തം സ്നേഹം മുരടിച്ച ഒരു വ്യക്തിയെ ആണല്ലോ എനിക്ക് സ്നേഹിക്കാന്‍ തോന്നിയത് എന്നോര്‍ത്ത് സ്വയം എന്നോട് തന്നെ ലജ്ജ തോന്നി. ഐ ഹൈറ്റ് സെ ഗുഡ്ബൈ ഫൈസല്‍ , ഞാന്‍ അവനോടു ഗുഡ് ബൈ പറഞ്ഞപ്പോള്‍ കരഞ്ഞു പോയി. അവന് തിരിഞ്ഞു നടക്കുമ്പോള്‍ , അവനൊരിക്കല് കൂടി തിരിഞ്ഞുനോക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷെ, എന്റെ സ്വപ്നങ്ങള്‍ ദൂരേക്ക് ദൂരേക്ക് പോവുന്നത് എനിക്ക് ഇമവെട്ടാതെ നോക്കി നില്‍ക്കേണ്ടി വന്നു. എനിക്കറിയാമായിരുന്നു അവന് എന്നെ ഓര്‍ക്കുക ഒരു മലയാളി ആയിട്ടായിരിക്കുമെന്നു . അവന്റെ ഗ്രാമത്തിനു വെള്ളം നിഷേധിച്ച ഒരു ജനതയുടെ ഭാഗമായിട്ടായിരിക്കുമെന്നു. എന്റെ സ്വപനങ്ങളെല്ലാം പെട്ടെന്ന് തകര്‍ന്നു തരിപ്പണമായി പോയപ്പോള്‍ മനസ്സ് ശൂന്യമായി. പിന്നെയെനിക്ക് അവിടുന്ന് രക്ഷപ്പെടുകയല്ലാതെ നിവര്‍ത്തി ഇല്ലായിരുന്നു. ഒരു താത്കാലിക ഒളിച്ചോട്ടം, പക്ഷെ ജീവിതത്തില്‍ നിന്ന് ഒളിച്ചോടാന്‍ എനിക്ക് കഴിഞ്ഞില്ല"
"അഞ്ജു ജീവിതമെന്നത് ഒരു ട്രിപീസ് കളിയെ പോലെയാണ് , ഏറ്റവും നല്ല അഭ്യസിക്കുപോലും ഒരു പക്ഷെ കയറിന്റെ മറ്റൊരു അറ്റത്തേക്ക് എത്തുവാന്‍ സാധിക്കണമെന്നില്ല. ഒരു പക്ഷെ ശരവണന് തിരിഞ്ഞു നോക്കിയിരുന്നെങ്ങില്‍ അവന് നിന്നെയും കടന്നു മുന്നോട്ടു പോവാന്‍ സാധിച്ചില്ല്ലെങ്കിലോയെന്നു അവന് ഭയപെട്ടിരിക്കാം. അല്ലെങ്കില്‍ നിന്റെ കണ്ണുകളിലെ ജലകണികകള്‍ അവന്റെ ഹൃദയത്തില്‍ അലകള്‍ ഉണ്ടാക്കുമെന്ന് അവന് തോന്നിയിരിക്കാം? പിന്നെയവന് പോവാന്‍ സാധിക്കുമയിരുന്നോ? ഒരു പക്ഷെ അവന് നിന്റെ കൂടെ വരികയായിരുന്നുവെങ്കില്‍, തമിള്‍, കേരളം വൈകാരികതക്കിടയില് അവനു പിടിച്ചു നില്ക്കാന് കഴിയുമായിരുന്നു എന്ന് തോന്നുന്നുണ്ടോ? എന്നിട്ട് പിന്നെയെങ്ങിനെ വീണ്ടും നീ തമിഴ്നാട്ടില്‍ വന്നു? അതൊരു വിരോധാഭാസമായി തോന്നുന്നു"
"ഫൈസല്‍ നിന്റെ ചിന്തകളും എന്റെ ചിന്തകളും ഒരു പോലെ ആയിരുന്നുവല്ലോ? ഞാന്‍ അവിടുന്ന് അന്ന് പോയതിനു ശേഷം പലപ്പോഴും എനിക്ക് തോന്നീട്ടുണ്ട്, ഒരു ബൈ പറച്ചിലില്‍ എല്ലാം അവസാനിക്കുമോ എന്ന്. അത് കൊണ്ട് തന്നെയാണ് വീണ്ടും ഒരിക്കല്‍ കൂടി അവനെ കാണാന്‍ പോയത്. നിന്റെ നിരീക്ഷണങ്ങള്‍ എത്ര മാത്രം ശരിയാണ് എന്നെനിക്കു മനസിലായത്, അവനെ വീണ്ടും കണ്ടുമുട്ടിയപ്പോളാണ്. അവനിപ്പോള്‍ ഒരു സംസ്കാരത്തിന്റെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. പഴയത് അവനു ഓര്‍മകളില്‍ പോലുമില്ല എന്നെനിക്കു മനസിലാവാന്‍ അധിക സമയം വേണ്ടി വന്നില്ല. പിന്നെയൊന്നും ആലോചിച്ചില്ല, വേഗമൊരു മടക്കയാത്ര, അത് മാത്രമായിരുന്നു മുന്നിലുള്ള ലക്ഷ്യം. ഇനി ആരോടും ബൈ പറയേണ്ടി വരില്ലല്ലോ, വീട്ടുകാര്‍ നിശ്ചയിക്കുന്ന ഒരാളുടെ കൂടെ ജീവിച്ചു, ജീവിതം തീര്‍ക്കുകതന്നെ".
"കേരളത്തിലെ എല്ലാം ഡാമും പൊട്ടും എന്നാണല്ലോ പുതിയ പ്രചരണം, കണ്ടില്ലേ? .യൂടുബില്‍ നമ്മുടെ തൊടുപുഴക്കാരന് മന്ത്രിയുടെ പ്രസംഗം ഉണ്ട്. മന്ത്രിയുടെ ലോക വിവരത്തെ കുറിച്ച് നിങ്ങള്‍ നാട്ടുകാര്‍ക്ക് അറിയാന്‍ കഴിയും. ഇതില്‍ കൂടുതല്‍ ആനന്ദലബ്ദിക്ക് എന്തുവേണം? കേരളം എന്ന് കേട്ടാല്‍ തിളക്കണം ചോര ഞെരുമ്പുകളില്‍ എന്ന് ഉച്ചത്തില്‍ ചൊല്ലാം"
"ഫൈസല്‍ നീ ശരിക്കും ആരുടെ ഭാഗമാണ്? കേരളമോ? അതോ തമിഴ്നാടോ?"
"ഞാന്‍ മനുഷ്യരുടെ ഭാഗമാണ്. ഡാം പൊട്ടുമെന്ന പ്രചരണം എന്തുകൊണ്ട് തമിഴ് ജനത ഏറ്റടുക്കുന്നില്ല എന്ന് മനസിലാക്കിയിട്ടുണ്ടോ? തമിഴ്നാട്ടിലെ ഗ്രാമീണര്‍ വിശ്വസിക്കുന്നത്, കേരളം അവരെ വെള്ളം കിട്ടാത്ത ഒരു കാലഘട്ടത്തിലേക്ക് നയിക്കാന്‍ പോവുകയാണ് എന്നാണ്. നമ്മുടെ ഭരണത്തിലിരിക്കുന്ന സംഘടനയുടെ ഭാഗമായ ചില ഗ്രൂപ്പുകള്‍ ഡാം ഷട്ടര്‍ അടക്കാന്‍ ശ്രമിച്ചത് തമിഴ് ഗ്രാമങ്ങളില്‍ പ്രചരിച്ചത് എങ്ങിനെയാണ് എന്നറിയാമോ? കേരളം അവര്‍ക്ക് വെള്ളം നിഷേധിക്കാന്‍ പോവുന്നു, ഇടുക്കിയിലെ തമിഴ്പെണ്കുട്ടികളെ മലയാളികള്‍ മാനഭംഗം ചെയ്യുന്നു എന്നുള്ള രീതിയിലാണ്. അപ്പോള്‍ അവര്‍ വിചാരിച്ചു, കേരളത്തിന് ഇനി പച്ചകറികള്‍ കൊടുക്കണ്ടാന്നു. പാല് അവര്‍ റോഡില്‍ ഒഴിച്ച് നായക്ക് കുടിക്കാന്‍ കൊടുക്കുന്നു. എന്നാലും മലയാളിക്ക് കൊടുക്കില്ലന്നു അവര്‍ ശപഥം ചെയ്യുന്നു. ഇങ്ങിനെ ഒരു വികാരം ഒരു ജനതയില്‍ ഉടലെടുക്കാന്‍ ആരാണ് കാരണക്കാര്‍. നമ്മള് പാവം ജനങ്ങള്‍ ഉത്തരവാദി അല്ലായിരിക്കാം, പക്ഷെ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്വമില്ലേ? ഇത്രയും വലിയ ഒരു വിഷയം അവര്‍ കൈകാര്യം ചെയ്ത രീതി കേവലം കവല ചട്ടമ്പിമാരെ അനുസ്മരിപ്പിക്കുന്നതായി പോവുന്നില്ലേ? കേരളം മാറി മാറി ഭരിച്ച എല്ലാ സര്‍ക്കാരിനും ഇതിന്റെ ഉത്തരവാദിത്തം ഉണ്ട്. സ്വന്തം മക്കള്‍ക്കും മരുമക്കള്‍ക്കും എഞ്ചിനീയറിംഗ് സീറ്റിനും, മെഡിസിന് സീറ്റിനു വേണ്ടി നെട്ടോട്ടം ഓടുന്ന മന്ത്രിമാര്‍ ലക്ഷ്യമിടുന്നത് അവരുടെ തലമുറയുടെ ഭാവി തന്നെ ആവില്ലേ.. എന്നിട്ടും, 30 ലക്ഷം ജനങ്ങളുടെ ഭാവിയെ കുറിച്ച് അവര്‍ക്ക് എന്ത് കൊണ്ടാണ് അറിയാതെ പോയത്. അതിനൊരു ഭൂമികുലുക്കം വരണമായിരുന്നുവോ?"
കുറച്ചു നേരം നിശബ്ധമായി നിന്ന അഞ്ജു എന്തോ ഓര്‍ത്തിട്ടെന്നവണ്ണം എന്നെക്കുറിച്ച് അനേഷിച്ചു. എന്റെ കഥകളെ കുറിച്ചും, ഞാന്‍ കല്ല്യാണം കഴിക്കാന്‍ കാലതാമസമെടുക്കുന്നതിനെ കുറിച്ചൊക്കെ അനേഷിക്കാന്‍ തുടങ്ങി. ഇഷ്ട്ടപെടാത്ത ഒരു കാര്യത്തെ കുറിച്ച് ഓര്‍ക്കുന്നത് വലിയ സന്തോഷമൊന്നും നല്‍കില്ലെന്നും വെളിച്ചതിനപ്പുറമുള്ള ഇരുട്ടിനെ ഓര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നൊക്കെ ഫിലോസഫി പറഞ്ഞിട്ടും അവള് വിട്ടില്ല. അവള് ചോദ്യങ്ങള്‍ തുടര്‍ന്ന് കൊണ്ടിരുന്നു
"വാട്ട്? യു ഡോണ്ട് ലൈക്ക് പ്രൊപോസല്‍ ഫൈസല്‍?"
"ആക്ക്ചലി ഞാന്‍ ഇഷ്ടപ്പെടാത്ത ഒരു റിലേഷന്ഷിപ്"
"ദെന്‍ വൈ ഡിഡ് യു അഗ്രീ ഫൈസല്‍? വെറുതെ നിന്റെയും ആ കുട്ടിയുടെയും ലൈഫ് നശിപ്പിക്കണോ?
"ചില ചെടികള്‍ക്ക് സ്വന്തമായി വളരാന്‍ സാധിക്കില്ല. അതിനു ചുറ്റും പടരന്നു പന്തലിച്ചു നില്ക്കുന്ന വൃക്ഷങ്ങള്‍ക്ക് നല്കുന്ന വെള്ളം കൊണ്ടാവും ആ ചെടിയുടെ നിലനില്‍പ്പ്. ചില തീരുമാനങ്ങള്‍ എടുക്കുന്നത് അതിന്റെ യഥാര്‍ത്ഥ സമയത്താവില്ല. പിന്നീട് അത് തിരുത്താന്‍ നമുക്ക് കഴിയാറുമില്ല"
"ഡോണ്ട് ബി കവാട്. യു ഹാവ് ദി ഫ്രീഡം റ്റു മേയ്ക്ക് എ ഡിസിഷന്‍ ഫോര്‍ യു. അത് പോലെ അവള്‍ക്കും അവകാശമുണ്ട് അവളെ ശരിക്കും അര്‍ഹിക്കുന്ന ആളിന് തന്നെയാണോ കിട്ടിയത് എന്നറിയാന്‍. നമുക്ക് ചെയ്യാനുള്ളത് നമ്മള് ചെയണം. അല്ലാതെ വെറുതെ കയ്യും കെട്ടി നോക്കിനിന്നിട്ട് ഫിലോസഫി പറഞ്ഞിട്ട് എന്താ കാര്യം. മാര്യേജ് ഈസ് എ ബിഗ് ഡിസിഷന്‍. തോന്നുമ്പോള്‍ മാറ്റാന്‍ പറ്റില്ല അത്."
"ആ ഡിസിഷന്‍ എന്റെ കയ്യില്‍ അല്ല അഞ്ജു. അത് എന്നില്‍ നിന്ന് പോയി. ഇരുട്ടില്‍ എത്തിയാല്‍, നമുക്കും ചുറ്റും ശൂന്യതയായിരിക്കും, ചിലപ്പോള്‍ ഭയാനകമായ ശൂന്യത. ചുറ്റുമുള്ളത് എന്താണെന്നു തിരിച്ചറിയാന്‍ കഴിയാതെ, എവിടെയാണ് നില്‍ക്കുന്നത് എന്നറിയാന്‍ കഴിയാത്ത അവസ്ഥ."
"പണ്ട് ഫൈസല്‍ എന്നോട് പറഞ്ഞ ഒരു കാര്യം ഞാന്‍ ഓര്‍ത്തു പോവുകയാണ്. ഹൃദയത്തിനുള്ളില്‍ സൂക്ഷിക്കുന്ന സ്നേഹമാണ് നല്ലതു . ബന്ധനങ്ങള്‍ ഇല്ലാത്ത സ്നേഹം..അതിനാണ് സൌരഭ്യം കൂടുതല്‍. അപ്പോളെനിക്ക് ആരോടും വിട പറയേണ്ടി വരില്ലായിരുന്നു"
"അഞ്ജു നീ രക്ഷപെട്ടു,കേള്‍ക്കുന്നില്ലേ അറിയിപ്പ്, നിങ്ങളുടെ വണ്ടിക്കു യാത്ര തുടരാം, പക്ഷെ ഇത് ഒരു വിരോധാഭാസമല്ലേ, കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള വണ്ടി ആയിരുന്നില്ലേ പോവേണ്ടത്, അതിനു പകരം, തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്കുള്ള വണ്ടിയെ എങ്ങിനെ അധികൃതര്‍ പോവാന്‍ അനുവദിക്കുന്നു"
"ഫൈസല്‍ അതാണ്, കേരളം ഭരിക്കുന്നവരും തമിഴ് നാട് ഭരിക്കുന്നവരും തമ്മിലുള്ള വിത്യാസം. കേരളത്തില്‍ നിന്ന് പര്ലിമെന്റിലേക്ക് പോവുന്ന പലര്‍ക്കും, ഡല്‍ഹി ഒരു ടൂറിസ്റ്റ് കേന്ദ്രം മാത്രമാണ്, നേരെ ചൊവ്വ രണ്ടു വാക്ക് ഹിന്ദി പോലും സംസാരിക്കാന്‍ അറിയാത്തവരാണ് നമ്മുടെ പാര്ലിമെനട്രി മെംബേര്‍സ്. നമ്മുടെ ആവശ്യങ്ങള്‍ നമുക്ക് ദേശീയ നേതാക്കളെ പറഞ്ഞു മനസിലാക്കി കൊണ്ടുക്കാന് സാധിക്കാറില്ല, അല്ലെങ്ങില്‍ അവര്‍ ഡല്‍ഹിയില്‍ എതുന്നതോട് കൂടി, കേരളം മറന്നു പോവുന്നു"
അഞ്ജു ബൈ പറഞ്ഞു പോയിട്ടും എന്റെ മനസ്സ് കുറെ ചോദ്യങ്ങളിലൂടെയും അവക്കുള്ള അവ്യക്തമായ ഉത്തരങ്ങലൂടെയും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഈ ഒരു ദിവസം പിന്നീടുള്ള എന്റെ ചിന്തകളില്‍ എങ്ങിനെയായിരിക്കും കടന്നു വരിക, അഞ്ജു എന്ന് എന്റെ പഴയ സഹപാഠിയെ വീണ്ടും കണ്ടുമുട്ടിയതോ? അതോ രണ്ടു ട്രെയിനുകളില്‍ ഒന്നിന്റെ പാത മാത്രം സുഗമമാക്കി അതിനെ യാത്രയാക്കാന്‍ അനുവദിച്ച തല തിരിഞ്ഞ സര്‍ക്കാര്‍ നയങ്ങളോടുള്ള അമര്‍ഷമായോ? മനുഷ്യ വാസമില്ലാത്ത ഒരിടത്ത് തന്റെ കഴുതകളെ മേയാന്‍ വിട്ട യജമാനന്റെ വിഡ്ഢിത്തം ഓര്‍ത്തു ചരി വരുന്നു. അവശേഷിക്കുന്ന വെളിച്ചത്തെ ഇരുള് വിഴുങ്ങിയാല്‍ ദുര്ഗടങ്ങളും അപകടങ്ങളും പതിയിരിക്കുന്ന പാതയിലൂടെ യജമാനനെ സുരക്ഷിതമായി കൊണ്ട്പോവേണ്ടത് ഈ കഴുതകളാണ് എന്ന് യജമാനന് മറന്നു പോവുന്നു. എവിടെയൊക്കെ ഉപേക്ഷിച്ചു പോയാലും ഒരു ദിവസം നമ്മള് കണ്ടു മുട്ടും. എന്തൊരയഥാര്ത്ഥ ലോകം!!
Subscribe to:
Post Comments (Atom)
ധന്യമീ ജീവിതം
അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള് ഉറങ്ങിയെന്നുറപ...
-
അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള് ഉറങ്ങിയെന്നുറപ...
-
ഖാദിം ഹുസൈൻ തിരിച്ചുവന്നിരിക്കുന്നു. എനിക്ക് അതൊരു വലിയ ഷോക്ക് ആയിരുന്നു. അയാളുടെ നെഞ്ചിൽ നിന്ന് ഇറ്റിറ്റു വീഴുന്ന രക്തത്തു...
-
മരം പെയ്യുന്നു ---------------------- "മനു, നിനക്ക് എന്താണ് അറിയേണ്ടത്? നീ ചോദിക്കുന്നത് പറയാന്‍ എനിക്ക് ബുദ്ധിമുട്ടാ...
ഇടക്ക് കുറച്ചു ഇഴച്ചില്‍ തോന്നി എങ്കിലും എഴുത്തിന്റെ രീതി വളരെ നന്നായി.വളരെ നല്ല വിഷയം.
ReplyDeleteആശംസകള്‍