Monday, August 1, 2011

ദൃഷ്ടി ദോഷം


ഈയിടെയാണ് ഞാന്‍ അത് ശ്രദ്ധിക്കാന്‍ തുടങ്ങിയത്, എന്റെ കണ്ണുകള്‍ക്ക്‌ എന്തോ കുഴപ്പം ഉണ്ടന്ന്.. . ആദ്യം ഞാന്‍ കരുതിയത് എന്റെ തലച്ചോറിനു എന്തോ കുഴപ്പം ഉണ്ട് എന്നായിരുന്നു..പക്ഷെ എന്റെ ചിന്തകളും.. ദൈനംദിന പ്രവര്‍ത്തനങ്ങളും വളരെ ഭംഗിയായി എനിക്ക് നിര്‍വഹിക്കാന്‍ പറ്റുന്നുണ്ട്..അങ്ങിനെ ആണെങ്ങില്‍ തലച്ചോറില്‍ നിന്നും കണ്ണുകളിലേക്കു എത്തുന്ന സന്ദേശങ്ങള്‍ക്ക് ആയിരിക്കില്ലേ കുഴപ്പം. .. അതും ഞാന്‍ പരീക്ഷിച്ചു നോക്കി..ഞാന്‍ കാണുന്നത് എല്ലാം വിക്ത്യമാണ്.. ചിലപ്പോള്‍ മറ്റുള്ളവര്‍ കാണാത്തതും എനിക്ക് കാണുവാന്‍ സാധിക്കുന്നും ഉണ്ട്.. പക്ഷെ മറ്റുള്ളവരില്‍ നിന്നും എന്നെ വിത്യസ്തനാക്കുന്നത് ഞാന്‍ കാണുന്നത് എല്ലാം എന്റെ ഒരു കണ്ണില്‍ കൂടിയാണ് എന്നതാണ്.. . എന്റെ രണ്ടാമത്തെ കണ്ണ് എല്ലായിപോഴും അടഞ്ഞാണ് കിടക്കുന്നത്.. ഇടയ്ക്കു എന്നില്‍ ഇത് അസ്വസ്ഥത ഉണ്ടാക്കുന്ന്ടുണ്ട്.. ചില കാഴ്ചകള്‍ എന്റെ കണ്ണിനെ മാത്രമല്ല എന്റെ മനസ്സിനെയും വേദനിപ്പിക്കുന്നു.. ചിലത് കണ്ടിട്ടും, കണ്ണ്, അത് കാണാത്തത് പോലെ ഒരു നാട്ട്യക്കാരന്റെ ഭാവത്തില്‍ നില്‍ക്കുന്നു..


ആദ്യമായി ഈ കാര്യം ഉണര്‍ത്തിയത് എന്റെ നല്ല പാതിയാണ്. . എന്റെ ചിന്തകളില്‍ ആണ് അവള്‍ കുഴപ്പം കാണാന്‍ തുടങ്ങിയത്...പക്ഷെ അത് എന്റെ കാഴ്ചയുടെ അവസ്ഥാന്തരങ്ങള്‍ ആണന്നു ഞാന്‍ അവളോട്‌ പറഞ്ഞില്ല.... എനിക്ക് എന്നെ സ്വയം വിശ്വാസം ആയത് കൊണ്ടാണോ എന്നറിയില്ല.. .എനിക്ക് അവളോട്‌ വല്ലാത്ത നീരസം തോന്നി.. ഞാന്‍ അത് പ്രകടിപ്പിച്ചില്ല.. കാരണം.. അവള്‍ എനിക്ക് എന്റെ കണ്ണുകളെ പോലെയാണ്.. ചിലതെക്കെ ഞാന്‍ അവളിലൂടെയാണ് കാണുന്നത്.. അവളെ മറയാക്കിയും ഞാന്‍ ചിലത് കാണാന്‍ ശ്രമിച്ചിട്ടുണ്ട്.. പക്ഷെ എന്റെ ചിന്തകള്‍ക്ക് മാറ്റം ഉണ്ടന്ന് അവള്‍ വിശ്വസിക്കാന്‍ തുടങ്ങിയത് മുതല്‍ അവള്‍ എനിക്ക് പുറം തിരിഞ്ഞു നില്ക്കാന്‍ തുടങ്ങിയിട്ടുണ്ട്.

എന്റെ വീടിനു ചുറ്റും കുറെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പുതുതായി വന്നു കൊണ്ടിരിക്കുന്നു.. കണ്ണിനു ആഘോഷമായിരുന്നു ആ കാഴ്ച.. വലിയ വലിയ കെട്ടിടങ്ങള്‍, ഓരോന്നും വിത്യസ്തമായവ, ഓരോ കെട്ടിടങ്ങളിലും നിറയെ മുറികള്‍,  പിന്നെ അവ ഓരോന്നിനെയും ബന്ധിപ്പിക്കുന്ന രഹസ്യ മുറികള്‍, അവയിലെക്കെ കുറെ ജീവിതങ്ങള്‍ കൂട് കെട്ടിയിരിക്കുന്നു.. എന്റെ കണ്ണിനെ പോലെ തന്നെ എന്റെ ഗ്രാമത്തിലെ ഓരോ കണ്ണുകളും ഇപ്പോള്‍ ആഘോഷ തിമര്‍പ്പിലാണ്. ഓരോ കെട്ടിടങ്ങളുടെയും വരവ് ഗ്രാമക്കാര്‍ ആഘോഷിക്കുന്നു.. അവരുടെ ചര്‍ച്ചകള്‍ തുടങ്ങുന്നതും .. അവസാനിക്കുനതും പുതിയ കെട്ടിടത്തിന്റെ രൂപത്തെ കുറിച്ചും.. അവയുടെ വര്‍ണ്ണത്തെ കുറിച്ചും പറഞ്ഞു കൊണ്ടായിരുന്നു..അവരില്‍ ചിലര്‍ ഓരോ കെട്ടിടത്തിന്റെ ബലത്തെ കുറിച്ചും, കെട്ടിടത്തിന്റെ ഉള്‍വശങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന തടികളെ കുറിച്ചും പിന്നെ അവക്കുള്ളിലെ സുന്ദരികളായ ശില്‍പ്പങ്ങളെ കുറിച്ചും ഗാഡമായ അറിവുള്ളവര്‍ ആയിരുന്നു. ഒരിക്കല്‍ ആ ചര്‍ച്ചയില്‍ എന്റെ കണ്ണ് അറിയാതെ ചെന്ന് പെട്ടു. ആദ്യമൊന്നും എന്റെ കണ്ണിനു അവരുടെ കണ്ണുകളിലെ ദുര്‍ഗ്രാഹ്യമായ നിഗൂഢതകള്‍ തിരിച്ചറിയാന്‍ പറ്റില്ലായിരുന്നു.. അപ്പോള്‍ ഒന്നും അവരുടെ കണ്ണുകളില്‍ എന്റെ കണ്ണ് ഒരു കാഴ്ച ആയിരുന്നില്ല . പിന്നീട എപ്പോഴോ എന്റെ കണ്ണിലെ നക്ഷത്ര തിളക്കം അവര്‍ തിരിച്ചറിഞ്ഞു. . അവര്‍ ഭീതിയോടെ പരസപരം നോക്കാന്‍ തുടങ്ങി.. അതില്‍ പിന്നീട് എന്റെ കണ്ണിനും അവരുടെ കണ്ണുകള്‍ക്കുമിടയിലായി ഒരു മറ അവര്‍ ഉണ്ടാക്കി. .. അപ്രതീക്ഷിതമായ ഒരു ആഘാതമായിരുന്നു അത് എന്റെ കണ്ണിനു.. പിന്നീടുള്ള ഓരോ ദിനവും എന്റെ കണ്ണ് അവരെ തേടി അലഞ്ഞു. വിശ്രമം ഇല്ലാതെയുള്ള അലച്ചില്‍ കാരണമാവാം കണ്ണിനു അസ്വസ്ഥത കൂടി വരാന്‍ തുടങ്ങി..അവസാനം കണ്ണ് അത് കണ്ടത്തുക തന്നെ ചെയ്തു.. അവര്‍ വേറെ ഒരു കെട്ടിടത്തിലേക്ക് താവളം മാറ്റിയിരുന്നു..


അവര്‍ മൂന്ന് പേരടങ്ങിയ ഒരു സംഘം ആയിരുന്നു.. ഒന്നാമന്റെ പ്രായം പതിനട്ടു വയസ്സ് തോന്നിപ്പിക്കുന്ന ഒട്ടും ആരോഗ്യവനല്ലാത്ത, നെഞ്ചിന്‍ കൂട് ഉയര്‍ന്നു നില്‍കുന്ന ഒരു ചെറുപ്പക്കാരന്‍, രണ്ടാമന്‍ കുറച്ചു കൂടി ആരോഗ്യവനായി തോന്നിപ്പിച്ചു. അവന്റെ മുതുകത്തെ ഉറച്ച മസ്സിലുകള്‍ കണ്ടാല്‍ അറിയാം അവന്‍ ഒരു കായികാഭ്യസി ആണന്നു. ..അവനു ഏകദേശം മുപ്പത്തഞ്ചു വയസ്സ് തോന്നിപ്പിക്കും.. മൂന്നാമന്‍ ഒരൂ പടു വൃദ്ധന്‍ ആയിരുന്നു.. കുറ്റി തലമുടിയുള്ള, വെറ്റില കറ പിടിച്ച പല്ലും, പേയിളകിയ നായയെ പോലെ വാ തുറന്നു പിടിച്ച രൂപത്തിലുമായിരുന്നു അയാളുടെ സൃഷ്ടിപ്പ്. ഇത് നോക്കി കൊണ്ടിരുന്നപ്പോള്‍ അത് വരെ അടഞ്ഞു കിടന്ന എന്റെ രണ്ടാമത്തെ കണ്ണ് ഒന്ന് ഇമ വെട്ടി.. .. എന്തിനായിരിക്കും ഇത് വരെ തുറക്കാതെ കിടന്ന കണ്ണ് ഇമ വെട്ടിയത്.. ..എന്തിന്റെ എങ്കിലും ദുസ്സുചന ആയിരിക്കുമോ? ഒന്നാമത്തെ കണ്ണ് ഇതൊന്നും അറിയുന്നതായി ഭാവിച്ചില്ല.. കണ്ണ് അതിന്റെ കഴ്ച്ചയിലെക്ക് വീണ്ടും പോയി.. ഇപ്പോള്‍ അവരില്‍ വൃദ്ധന്‍ കെട്ടിടത്തിന്റെ അകത്തേക്ക് പോയി.. വീണ്ടും പുറത്തു വന്നു. ഇടയ്ക്കു വൃദ്ധന്റെ മുഖം വിവര്‍ണമാവുന്നുണ്ട്.. നെറ്റിയില്‍ നിന്ന് ഒലിച്ചു ഇറങ്ങുന്ന വിയര്‍പ്പു ചാലുകള്‍ കൈ കൊണ്ട് തുടച്ചു മാറ്റുന്നുമുണ്ട്.. വൃദ്ധന്‍ തീര്‍ത്തും അസ്വസ്ഥന്‍ ആണ്. ഒന്നാമനും രണ്ടാമനും എന്തോ സംസാരിക്കുന്നു.. കണ്ണിനു കേള്‍വി ശക്തി ഇല്ലല്ലോ ... കണ്ണ് വെറുതെ ഇരുന്നില്ല.. കണ്ണു സ്വയം ഒരു കഥ മെനഞ്ഞു ഉണ്ടാക്കി.. അത് ഏകദേശം ഇങ്ങിനെയാണ്.. ആ കെട്ടിടത്തിനകത്ത് ദൈവത്തിന്റെ ശ്രിഷ്ടിയിലെ ഏറ്റവും മനോഹരമായ എന്തോ ഉണ്ട്..ആ സ്രിഷ്ടിയ്ടെ നിയന്ത്രണവും അതിന്റെ വ്യവഹാരങ്ങളുമാണ് അവരുടെ ചര്‍ച്ച വിഷയം. ഒന്ന്മന്റെ ഭാഷയില്‍ അതിനെ അവിടുന്ന് കൊണ്ട് പോവാതെ അവിടെ വച്ച് കൊണ്ട് തന്നെ പൊന്‍ പണം തരുന്ന രാജാവിന്‌ കാഴ്ച വക്കണം.. രണ്ടാമത്തവന് അത് വിദേശ രാജ്യങ്ങളില്‍ കൊണ്ട് പോവണം..എന്നിട്ട് രാജ്യത്തിന്‌ വിദേശ നാണ്യം നേടിത്തരുന്ന രീതിയില്‍ വ്യപാരം ചെയ്യണം. വൃദ്ധന് രണ്ടു പേരും പറയുന്നതിന് അനുസരിച്ച് തലയാട്ടി കൊണ്ടിരിക്കുക എന്ന ജോലി മാത്രം. ആ കെട്ടിടത്തിനു ഒരു തുള ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍, അതിനുള്ളില്‍ എന്താണ് ഉള്ളത് എന്ന് അറിയാമായിരുന്നു.. ആ കെട്ടിടം പണിതത് ഒരു വലിയ സിമന്റ്‌ കമ്പനിയുടെ മുതലാളി ആയിരുന്നു.. തുള ഉണ്ടാകാന്‍ പോയിട്ട് ഒരു ഈച്ച പോലും.. അതിനകത്തേക്ക് കയറാന്‍ പറ്റാത്ത വിധത്തില്‍, നല്ല ഉറപ്പുള്ളതായിരുന്നു അതിന്റെ ഭിത്തികള്‍.. അതും പോരാഞ്ഞിട്ട് ആ കെട്ടിടത്തിനു രണ്ടു കാവല്ക്കരെയും നിയോഗിച്ചിട്ടുണ്ട്.. പുറത്തേക്കും അകത്തേക്കും പോവുന്ന ഓരോ ആളുകളും. .കാവല്‍ക്കാരുടെ അനുവാദം വാങ്ങണം.. അല്ലെങ്കില്‍ കാവല്‍ക്കാരുടെ മര്‍ദനം ഏറ്റവു വങ്ങേണ്ടി വരും.


ഇപ്പോള്‍ അവര്‍ മൂവരും എന്തെക്കയോ സംസാരിക്കുന്നു.. കണ്ണിനു കാഴ്ച ശക്തി മാത്രം ഉള്ളുവല്ലോ.. അവര്‍ പറയുന്നത് മനസിലാക്കുന്നത് പലപ്പോഴും കണ്ണ് സ്വയം പടച്ചുണ്ടാകുന്ന കാര്യങ്ങളില്‍ കൂടിയാണ്.. .. ഇപ്പോള്‍ രണ്ടാമന്‍ ഒന്നാമനോടും വൃധനോടുമായി താന്‍ പണ്ട് വേട്ടക്കു ഇറങ്ങിയതിനെ കുറിച്ചും.. വേട്ടയാടി പിടിച്ച പുള്ളിമനെ കുറിച്ചും ഒക്കെയുള്ള കഥകള്‍ പറയുകയാണ്.. ഒരിക്കല്‍ ഒരു കൊടും വനത്തില്‍ രണ്ടാമന്‍ ഒറ്റപെട്ടു പോയന്നും രാത്രിയുടെ വിജനതയില്‍ പെട്ടന്ന് കരിയിലകളുടെ കര കര ശബ്ദമുണ്ടായപ്പോള്‍ രണ്ടാമന്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചതും പിന്നെ ഒരു ഗജ വീരന്റെ തുമ്പി കയ്യില്‍ എത്തിയതിനെ കുറിച്ചുമൊക്കെയുള്ള വീര കഥകള്‍ ആണ് പറയുന്നത് .. ഇപ്പോള്‍ വൃദ്ധന്റെ മുഖം കുറച്ചു കൂടി സന്തോഷം തോന്നിപ്പിക്കുന്ന വിധത്തില്‍ ആയി.. ഇതിനടയില്‍ വൃദ്ധന്‍ കൂടെ കൂടെ കെട്ടിടത്തിനകത്തെക്ക് പോവുകയും പുറത്തേക്കു വരികയും ചെയ്തു കൊണ്ടിരുന്നു.... ഒന്നാമനും രണ്ടാമനും അക്ഷമരായി കാണപെട്ടു. എന്താണ് കെട്ടിടത്തിനകത്ത് ഇത്രയും നിഗൂഡത, ആ കെട്ടിടത്തിനു തൊട്ടു വേറെ കെട്ടിടങ്ങള്‍ ഇല്ല.. കുറച്ചു അകലെ ഒരു കെട്ടിടത്തില്‍ ഒരു കൂറ്റന്‍ നായ, സിംഹത്തെ പോലെ, കുതിച്ചു ചാടാന്‍ ഒരുങ്ങി നില്‍ക്കുന്നു.. അത് കുരചപ്പോള്‍ ആ കെട്ടിടം പ്രകമ്പനം കൊണ്ടതായി തോന്നിപ്പിച്ചു.. തലോച്ചോറില്‍ നിന്ന് ഒരു മരവിപ്പ് ശരീരത്തിലേക്ക് ഇരച്ചു കയറി.. എന്റെ കണ്ണിന്റെ കാത്തിരിപ്പ്‌ നീണ്ടു നീണ്ടു പോവുകയാണ്.. ഇപ്പോള്‍ കണ്ണില്‍ ചെറുതായി വേദന എടുക്കുന്നുണ്ട് .. മണിക്കൂറുകള്‍ ഘടികരങ്ങളെ മുട്ടിച്ചു കൊണ്ട് കടന്നു പോയി.. പെട്ടന്ന് കെട്ടിടത്തിനകത്ത് എന്തെക്കെയോ തട്ടി മറിയുന്നത് പോലെ കോലാഹലം.. പിന്നെ അത് നേര്‍ത്തു നേര്‍ത്ത് ഒരു തേങ്ങലിന്റെ രൂപത്തില്‍ ആയി.. എന്റെ കണ്ണിനെ കുറിച്ച് എനിക്ക് അഭിമാനം തോന്നി..കണ്ണിന്റെ പ്രതിഫലനം എന്റെ വികാരങ്ങളില്‍ ഉണ്ടാക്കുന്ന മാറ്റത്തെ കുറിച്ച് ഓര്‍ത്തപ്പോള്‍, കണ്ണുണ്ടായിട്ടും കാണാതെ .. അറിയാതെ .. കാലപ്രവാഹത്തില്‍ കൂടി സഞ്ചരിക്കുന്ന ആളുകളെ കുറിച്ചോര്‍ത്തു ദുഃഖം തോന്നി. ..

ഇപ്പോള്‍ മൂന്നുപേരും കെട്ടിടത്തിനകത്തെക്ക് പോയി.. എന്റെ കണ്ണ് അവരെ പിന്തുടര്‍ന്നു . കെട്ടിടത്തിനകത്ത് കുറെ മുറികള്‍.. ആദ്യത്തെ മുറി ചെന്ന് എത്തുന്നത് ഒരു നടു മുറിയിലേക്ക്.. അവിടുന്ന് ഒരു രഹസ്യ മുറിയിലേക്ക് അവര്‍ മൂവരും നടന്നു... .. അതിനകത്ത് ഒരു പേടമാന്‍.. ഭയം കൊണ്ട് വിറച്ചു നില്‍ക്കുന്നു .. ഒന്നാമനും രണ്ടാമനും അതിനു ചുറ്റും ഒരു വലയം ഉണ്ടാക്കിയിട്ടുണ്ട്. .ഇടയ്ക്കു ഇടയ്ക്കു അവര്‍ കൈ എത്തിച്ചു ആ മാനിനെ തൊടാന്‍ ശ്രമിക്കുന്നു.. . വൃദ്ധന്‍ നോട്ടുകെട്ടുകള്‍ എണ്ണി കൊണ്ടിരിക്കുന്നു.. പെട്ടന്ന് ഒന്നാമന്‍ ആ മാനിനു മേല്‍ ചാടി വീണു....മാന്‍ കുതറി ഓടി.. ഓരോ മുറിയില്‍ നിന്നും മറ്റൊരു മുറിയിലേക്ക് നില വിളിച്ചു കൊണ്ട് ഓടാന്‍ ആരംഭിച്ചു.. ഓടി ഓടി തളര്‍ന്ന പേടമാന്‍ വേദനയോടെ വൃദ്ധനെ നോക്കി  ദീനമായി കേണു.. ..അപ്പോഴേക്കും ഒന്നാമനും രണ്ടാമനും.. മാനിന്റെ മാംസളമായ ശരീരത്തിലേക്ക് ചാടി വീണു കഴിഞ്ഞിരുന്നു.. എന്നിട്ട് അവര്‍ രണ്ടു പേരും ആ മാനിനെ സുഭിക്ഷമായി ഭക്ഷിച്ചു.. പിന്നീടുള്ള ദിനങ്ങള്‍ വൃദ്ധന് ആഘോഷമായിരുന്നു.. നോട്ടു കെട്ടുകളില്‍ വൃദ്ധന്‍ ആനന്ദം കണ്ടത്തി.. ..അതിനിടയില്‍ എങ്ങിനെയോ.. ആട്ടിന്‍ തോല്‍ അണിഞ്ഞ കുറെ ചെന്നായ്ക്കള്‍ ഇതറിഞ്ഞു.. അവര്‍ മാനിന്റെ ചോര വാര്‍ന്നൊലിക്കുന്ന മൃതപ്രായമായ മാംസളത നോക്കി അവര്‍ ആര്‍പ്പു വിളികളും കൊട്ടും കുരവയുമായി ആഘോഷിക്കാന്‍ തുടങ്ങി.. അവരുടെ ആഘോഷങ്ങളില്‍ ഗ്രാമത്തിലെ എല്ലാ കണ്ണുകളും ഒത്തു ചേര്‍ന്ന്...., .. എന്റെ ഒന്നാമത്തെ കണ്ണിനു മാനിന്റെ രോദനങ്ങള്‍ കാണാന്‍ ഇഷ്ടമായി തുടങ്ങിയിട്ടുണ്ട്.. ഓരോ ദിനവും എന്റെ കണ്ണ് നിങ്ങളുടെ കണ്ണുകളെ പോലെ തന്നെ ചോരവാര്‍ന്നു പഴുത്തു നീര് ഒലിച്ചിറങ്ങുന്ന .. ഈച്ച ആര്‍ത്തു . പുഴുവരിച്ച.. കാഴ്ചകള്‍ കണ്ടു ആഹളാധിക്കുന്നു.. അപ്പോഴാണ് എന്റെ തുറക്കാത്ത കണ്ണിനെ ഓര്‍ത്തു എനിക്ക് സഹതോപം  തോന്നിയത്. കണ്ണേ തുറക്കു.... കണ്ണേ തുറക്കു...

3 comments:

  1. kannukal thurannu pidikkaam... Aa kaazhcha karuthalinteyakatte, kaarunyathinteyakatte.. Karaalathaye cherukkunnathaakatte..

    ReplyDelete
  2. kannukal thurannu pidikkaam... Aa kaazhcha karuthalinteyakatte, kaarunyathinteyakatte.. Karaalathaye cherukkunnathaakatte..

    ReplyDelete
  3. ആരായിരുന്നു ആ മാന്‍പേട ? നിങ്ങളുടെ ആരും ആയിരുന്നില്ല അല്ലെ? ആയിരുന്നെങ്ങില്‍ മറ്റെ കണ്ണും അറിയാതെ തുറന്നെനെ.. വേദന കൊണ്ട്..

    ReplyDelete

ധന്യമീ ജീവിതം

അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള്‍ ഉറങ്ങിയെന്നുറപ...