Saturday, October 29, 2011

ഒരു മേയ് മാസത്തിന്റെ ഓര്‍മയില്‍, സസ്നേഹം

എന്തിനാണ് സുഹുര്‍ത്തുക്കളെ നിങ്ങളെന്റെ  കണ്ണുകളിലേക്ക്  ഉറ്റുനോക്കുന്നത്?
എന്നിലെ പരിഭ്രാന്തിയും പരിഭ്രമവും ആണോ നിങ്ങളെയിങ്ങിനെ നോക്കാന്‍ പ്രേരിപ്പിക്കുന്നത് ? 
കണ്ടില്ലേ  ഈ റയിൽവേ സ്റ്റേഷനില്‍ എന്തൊരു തിരക്കാണ്. അവധി ആയത് കൊണ്ടായിരിക്കണം ഇത്രയും തിരക്ക് അല്ലെ?  പക്ഷെ എന്നെപോലെ നിങ്ങളിൽ ആര്ക്കും  ദുഖമോ അമര്‍ഷമോ ഉള്ളതായി തോന്നുന്നില്ല.എല്ലാവരും വളരെ സന്തോഷത്തില്‍ ആണല്ലോ?  എന്നില്‍ മാത്രം എന്തെ ഇത്രയും അസ്വസ്ഥത? നിങ്ങളോട് ഞാനിവിടെ  എത്തുന്നതിനു മുമ്പുള്ള എന്റെ അവസ്ഥ പറയേണ്ടിരിക്കുന്നു.....


സുഹൃത്തുക്കളെ , ഞാനും വളരെയധികം  സന്തോഷമുള്ള ഒരാളാണ്.  എന്റെ  ദുഖത്തിനും സന്തോഷത്തിന്നും ഇടയില്‍ ഞാനൊരു  പാലം തീര്‍ത്തിട്ടുണ്ട്.
ആ പാലത്തിനു ഇരു വശവും ഞാന്‍ എന്റെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി കെട്ടിയിട്ടുണ്ട്, ഒന്ന് ദുഖത്തിന്റെയും മറ്റൊന്ന് സന്തോഷത്തിന്റെയും.  
പക്ഷെ ദുഖത്തിന്റെ അറ്റം എന്റെ കാണാമറയത്താണ്. ഞാന്‍ അത് മനപൂര്‍വം ഉണ്ടാക്കിയതാണ് .കാരണം ഞാന്‍ ദുഖികേണ്ടവനല്ല.
നിങ്ങള്‍ക്കും വേണമെങ്കില്‍ ഇങ്ങിനെ ഒരു പാലം ഉണ്ടാക്കുവുന്നതാണ് . ഞന്‍ കഥയില്‍ നിന്ന് വ്യതിചലിക്കുന്നു അല്ലെ? ഗൾഫിൽ നിന്ന് അഞ്ചു  ദിവസത്തെ ലീവെടുത്ത്  ഞന്‍ എന്റെ "പെണ്‍ സുഹ്രത്തിനെ" കാണാന്‍ വന്നതാണ്‌.  എന്നിലെ കപടവേഷക്കാരനെ നിങ്ങള്‍ കണ്ടില്ലേ ? എത്ര നിസ്സാരമായാണ് ഞന്‍ എന്റെ പ്രണയനിയെ വെറും ഒരു സുഹ്രത്ത് എന്ന വക്കില്‍ ഒതുക്കിയത്? ഒരു ജീവന് എത്ര വിലപെട്ടതാണോ പ്രാണന്‍ അത് തന്നെയാണ് പ്രണയവും.  പ്രണയമില്ലാത്ത ജീവന്‍ ശവശരീരത്തിന് തുല്യമാണ്.  പ്രണയമാണ് ജീവന്റെ തുടിപ്പ്.  എന്റെ പ്രണയനിയെ കുറിച്ച് വര്‍ണിക്കാന്‍ എനിക്ക് എത്രയോ വരികളും വര്‍ണനകളും കിടക്കുന്നു.... എന്നിട്ടും ഞന്‍ വളരെ നിസ്സാരമായി 'സുഹ്രത്ത്' എന്ന വക്കില്‍ എന്റെ പ്രാണനെ ഒതുക്കി.   അവളെ ആദ്യമായി ഞന്‍ കണ്ടത്  മഹാത്മാഗാന്ധി സര്‍വ്വകലാശാലാപരിസരത്തു വച്ചാണ്.   ഞാന്‍ ദത്തെടുത്ത്  പഠിപ്പിക്കുന്ന രണ്ടു  കുട്ടികളെ കാണാന്‍ പോയപ്പോള്‍ ആയിരുന്നു ആ കൂടികാഴ്ച .  അന്ന് അത് വേറുമൊരു  സൌഹൃദ കാഴ്ച്ചയില്‍ ഒതുങ്ങി .  പിന്നെ പിന്നെ ഫോണ്‍ വിളികളില്‍ കൂടി ഞങ്ങളുടെ ബന്ധം വളര്‍ന്നു.  ഞങ്ങള്‍ വീണ്ടും ഒരിക്കല്‍ കൂടി കാണരുതെന്ന് പറയാമായിരുന്നു.  
കാരണം   ഞങ്ങളിലുള്ള ബന്ധം വളര്‍ന്നു പന്തലിക്കുന്നത് ഞങ്ങള്‍ പരസ്പരം ഭയപ്പെട്ടിരുന്നു.  പക്ഷേ , പിന്നീട് എപ്പോഴോ ഞങ്ങളിലെ ഞങ്ങള്‍ ഉണര്‍ന്നു. ഞങ്ങള്‍ക്ക് പരസ്പരം കാണാതെ വയ്യാന്നായി.  അങ്ങിനെ ഞങ്ങള്‍ വീണ്ടും പരസ്പരം കാണണം എന്ന് തീരുമാനിച്ചു.  ആയിടക്കു അപ്രതീക്ഷ്തമായി  കുറച്ചു ദിവസങ്ങള്‍ എനിക്ക് വീണു കിട്ടി.  എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു.   സന്തോഷം എന്റെ സിരകളില്‍ ആനന്ദത്തിന്റെ അമൃത് നിറച്ചു, മനസ്സ് അതിന്റെ മാസ്മരികതയില്‍ എന്നെ വാനിലേക്ക് ഉയര്‍ത്തി. ഞാന്‍ അവിടെ ചിറകുകള്‍ വിടര്‍ത്തി പറന്നു നടന്നു. 
                                                            
കൊച്ചിൻ എയർപോർട്ടിൽ നിന്ന് കോട്ടയത്തേക്കുള്ള യാത്രയിൽ എന്നില്‍ ഉത്ക്കണ്ഠ കൂടി കൂടി വരാന്‍  തുടങ്ങി.   ഒത്തിരി  സന്തോഷം ഉണ്ടായിരുന്നു, പക്ഷെ അനിയന്ത്രിതമായ പ്രതീക്ഷകളും ആശങ്കങ്ങളും എന്നെ തളര്‍ത്തി.  കാറിലെ പിന്‍ സീറ്റിലേക്ക് ഞന്‍ കുറച്ചു കൂടി ചേര്‍ന്നിരുന്നു.  എന്റെ മൊബൈല്‍ ഫോണില്‍ ഇടതടവില്ലാതെ മെസ്സജുകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.   കാര്‍  ഓരോ കവലകളില്‍ എത്തുമ്പോഴും അവള്‍ക്കു വിളിച്ചു പറയണമെന്ന് അവള്‍ പ്രത്യേകം എന്നെ ഓര്‍മിപ്പിച്ചിരുന്നു.  ഞാന്‍ അവളുടെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്തത് കൊണ്ട് കൂടിയാണ് അവള്‍ എനിക്ക് മെസ്സേജ്കള്‍ അയച്ചു കൊണ്ടിരിക്കുന്നത്. എങ്ങിനെയെങ്കിലും  അവിടെ എത്തിയാല്‍ മതിയന്നു മാത്രമായിരുന്നു  എന്റെ  ചിന്ത.  ഫോണ്‍ എടുത്തു മെസ്സേജ്നു റിപ്ലയ് കൊടുക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും എന്നിലെ അസ്വസ്ഥത അതിനു തടസ്സം നിന്നു . മൊബൈല്‍ ഫോണിലെ അറബിയിലും ഇംഗ്ലീഷിലുമുള്ള  കീ ബട്ടണുകള്‍ എന്നിലെ കണ്‍ഫ്യൂഷന്‍ കൂടുതല്‍ വര്‍ധിപ്പിച്ചു.

മഹാത്മാഗാന്ധി സര്‍വ്വകലാശാല യിലെ സ്കൂള്‍ ഓഫ് ഇംഗ്ലീഷ് വകുപ്പ്‌ന്റെ അരികു ചേര്‍ന്ന് ഞങ്ങള്‍ നടപ്പ് തുടര്‍ന്നു.  ഇടക്ക് എപ്പോഴോ മഴ തുള്ളിയിടുന്നത് പോലെ എന്നില്‍ സംശയം ജനിച്ചു.   കൈവെള്ള കൊണ്ട് ഞാന്‍ അവളുടെ തലയില്‍ മഴ തുള്ളികള്‍ എല്ക്കാതെ ഇരിക്കാനായി  മറച്ചു പിടിച്ചു. അവള്‍ എന്നെ നോക്കി മന്ദസ്മിതം തൂകി.  അപ്പോള്‍  അവളുടെ കണ്ണുകളില്‍ സന്തോഷത്തിന്റെ രണ്ടു നീര്‍മണി മുത്തുകള്‍ അടര്‍ന്നു വീഴുവനായി നില്‍ക്കുനത് പോലെ എനിക്ക് തോന്നി. ഒരു ക്ലാസ്സ്‌ മുറിയുടെ  അരികു പറ്റി ഞങ്ങള്‍ പരസപരം കണ്ണില്‍ കണ്ണില്‍ നോക്കി ഇരുന്നു. അന്ന് ഒരു ഒഴിവുദിനം ആയിരുന്നതിനാലാവണം കാമ്പസ് വിജനമായിരുന്നു.  സര്‍വകലാശാല ലൈബ്രറിയില്‍ നിന്ന് എടുത്ത ആനന്ദിന്റെ "മരുഭൂമികള്‍ ഉണ്ടാകുന്നത്‌ " എന്ന പുസ്തകം അവളുടെ കയ്യില്‍ ഇരുന്നു വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞു നനഞ്ഞ അവസ്ഥയില്‍ ആയി. 
..

അന്നത്തെ ദിവസം അവളുടെ വീട്ടില്‍ എനിക്ക് ഒരു വിരുന്ന്‌ അറേഞ്ച് ചെയ്തിരുന്നു.  അവളുടെ അമ്മയുടെ സ്നേഹം തുളുമ്പുന്ന വാക്കുകളില്‍ ഞാന്‍ വീണു പോയി എന്നതാണ് സത്യം .

ഞാന്‍ ഹോട്ടലില്‍ എത്തി.  കുളിച്ചു ഫ്രഷ്‌ ആയി. അവളുടെ ചേട്ടന്‍ ബൈക്ക് കൊണ്ട് വന്നു എന്നെ കൂട്ടി കൊണ്ട് പോവാം എന്നായിരുന്നു പറഞ്ഞിരുന്നത്.  സമയം ആറ് മണി ആവുന്നു, അവളുടെ ചേട്ടന്‍ എത്താനുള്ള സമയമായി വരുന്നു. ഞാന്‍ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു അവളുടെ വീട്ടിലേക്കു  പോവാന്‍ റെഡി ആയി നിന്നു.  പെട്ടന്ന് എന്റെ ഫോണ്‍ റിംഗ് ചെയ്തു,  ഞാന്‍ ഓടി ചെന്ന് ഫോണ്‍ എടുത്തു.  ഫോണില്‍ അവളുടെ തേങ്ങി തേങ്ങിയുള്ള കരച്ചില്‍ കേട്ട് എന്ത് പറയണം എന്നറിയാതെ ഞാന്‍ സ്തബ്ദ്ധനായി. എന്തെങ്കിലും  പറയാന്‍ പറ്റാവുന്ന അവസ്ഥ ആയിരുന്നില്ല എന്റേത്  "എന്തിനാ കരയുന്നത്?"  എന്റെ ചോദ്യത്തിന്  മറുപടിയായി  അവളുടെ കരച്ചിലിന്റെ ശക്തി കൂടി കൂടി വന്നു.  എന്റെ ഹൃദയ ദമനികളില്‍ രക്ത പ്രവാഹം നിലച്ചത് പോലെ  തോന്നി.  എന്താനു സംഭവിച്ചത്?   ഒരു ഉത്തരത്തിനായി ഞാന്‍ എന്റെ മനസിന്റെ വതിലില്‍ നിന്നു കിതച്ചു. അവളുടെ കരച്ചിലിന്റെ ശക്തി എന്റെ തൊണ്ടയില്‍ നിന്ന് ഉതിര്‍ന്നു വീണ വാക്കുകളെ തടസ്സപ്പെടുത്തി, 'മൌനം' അത് എത്ര നേരം തുടരാന്‍ കഴിയും? ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.   അല്‍പ നേരത്തെ ഇടവേളക്കിടയില്‍  എന്റെ ഫോണ്‍വീണ്ടും ശബ്ദിക്കാന്‍ തുടങ്ങി.  മനമില്ല മനസ്സോടെ ഞാന്‍ ഫോണ്‍ കയ്യില്‍ എടുത്തു.  അവളുടെ അമ്മയുടെ ക്ഷമാപണം എന്റെ മനസ്സിലേക്ക് ഒരു ഈര്‍ച്ചവാള്‍ പോലെ ആഴ്ന്നിറങ്ങി.  വാള്‍ സ്പര്‍ശം ഏറ്റു എന്റെ മനസ്സിന്റെ ഭിത്തികള്‍ മുറിഞ്ഞു.  പിന്നെ അവര്‍ പറഞ്ഞ വാക്കുകള്‍ ഒന്നും ഞാന്‍ കേട്ടില്ല. അവയില്‍ ചിലത് എന്റെ ഹൃദയത്തില്‍ ഒരു മുള്ള് പോലെ തറച്ചു ..  "മോനെ കേള്‍കുമ്പോള്‍ നിനെക്ക് വിഷമം തോന്നുമെന്നറിയാം. ഞങ്ങള്‍ അവളെ വളര്‍ത്തിയത് അങ്ങിനെയായിരുന്നു.  അവള്‍ ഞങ്ങളോട് ഒരിക്കലും കള്ളം പറഞ്ഞിട്ടില്ല.  ഇപ്പോള്‍ മോന്‍ കാരണം ആദ്യമായി....."അവരുടെ വാക്കുകള്‍ ഇടറി... എന്നിട്ട് പറഞ്ഞു  "അവളുടെ ചേട്ടന്‍ അവളെ ആദ്യമായി തല്ലി.  അവനു ഭ്രാന്ത് ആണ് മോനെ. ഞങ്ങള്‍ക്ക് അറിയാം മോന്‍ തെറ്റ് ഒന്നും ചെയ്ത്ട്ടില്ലന്നു.   നിങ്ങള്‍ ഇനി കാണരുത് മോനെ. മോന്‍ എത്രയും പെട്ടന്ന് അവിടുന്ന് പോവണം.. അല്ലെങ്കില്‍ .. അവന്‍............."  പിന്നെയ്യും അവര്‍ എന്തെക്കെയോ പറഞ്ഞു .  എല്ലാം കേള്‍ക്കാനുള്ള ശക്തി എനിക്ക് ഉണ്ടായിരുന്നില്ല. എന്തിനാണ് അവള്‍ അങ്ങിനെ പറഞ്ഞത് ???     അന്ന് വൈകുന്നേരമാണ്  ഞാന്‍ അവിടെ എത്തിയതെന്നും, അന്നത്തെ ദിവസം ഞങ്ങള്‍ തമ്മില്‍ കണ്ടിട്ട് ഇല്ലന്നും,  അവള്‍ ഒരിക്കല്‍ പോലും എന്നെ വിളിചിട്ടില്ലന്നും.  എന്തിനാണ് അവള്‍ കോളേജ് ലൈബ്രറിയില്‍  പോവാന്‍ ഉണ്ട് എന്ന് പറഞ്ഞു വീട്ടില്‍ നിന്ന് അതിരാവിലെ ഇറങ്ങിയത്? അവള്‍ക്കു പറയാമായിരുന്നില്ലേ എന്നെ കാണാനാണ് അവള്‍ വരുന്നതെന്ന്.?..എന്ത് കൊണ്ട് അവള്‍ക്ക് സത്യം പറയാന്‍ പറ്റിയില്ല? ഞങ്ങള്‍ നല്ല സൌഹൃദത്തില്‍ ആണ് എന്ന കാര്യം, അവളുടെ വീട്ടുകാര്‍ക്ക് അറിയുന്നതാണല്ലോ.  പെട്ടെന്ന് ദുഃഖം എന്റെ മനസ്സിലേക്ക്  ഇരച്ചു കയറി.   ഇത് പോലുള്ള അവസരത്തില്‍ ഏതു മാതാവും ചെയ്യുന്നത് തന്നെയാണ് അവളുടെ മാതാവും ചെയ്തത്. അവരില്‍ എന്നെ കുറിച്ച് എത്ര മാത്രം സംശയം ജനിചിട്ടുണ്ടാവണം.   എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ തലയില്‍ കൈ തങ്ങി ഇരുന്നു.   ഹോട്ടലിന്റെ ഇടനാഴികളില്‍ പതിഞ്ഞ ശബ്ദത്തില്‍ കേള്‍ക്കുന്ന കാല്‍ ഒച്ചകള്‍ എന്നില്‍ ഭീതി ഉണര്‍ത്താന്‍ തുടങ്ങി.   ശരീരം എവിടെയെക്കെയോ വേദനിക്കുന്നത് പോലെ.  ആരുടെയെക്കെയോ കൈകള്‍ എന്റെ കഴുത്തിലേക്കു നീണ്ടു വരുന്നത് പോലെ.  നേരം ഇരുട്ടി.. ജാലക പഴുതിലൂടെ അരണ്ട പ്രകാശത്തില്‍ ഞാന്‍ പുറം ലോകം ദര്‍ശിച്ചു. പതുക്കെ പതുക്കെ പ്രകാശം എന്റെ കണ്ണുകളില്‍ നിന്നും മറയാന്‍ തുടങ്ങുന്നതായി എനിക്ക് തോന്നി .. ഞാന്‍ കണ്ണുകള്‍ അടച്ചു ...വീണ്ടും തുറന്നു നോക്കി... കൂരിരുട്ടു ..ഒന്നും കാണാന്‍ പറ്റുന്നില്ല.. പേടിയോടെ  ജനല്‍ പാളികള്‍ അടച്ചു .. രക്ഷപെടണം... രക്ഷപെടണം ..  മനസ്സ് മന്ത്രിച്ചു ..

ഹോട്ടലിന്റെ പുറത്തു കടന്ന ഞാന്‍ ഒരു ഓട്ടോ പിടിച്ചു റെയില്‍വേ സ്റ്റേഷനില്‍ എത്തി .. പക്ഷെ അപ്പോഴേക്കും അവസാനത്തെ വണ്ടിയും പോയി കഴിഞ്ഞിരുന്നു. ഇനി എന്തു ചെയ്യും? ഞാന്‍ വീണ്ടും ഹോട്ടലില്‍ എത്തി.  പുതപ്പുനുള്ളില്‍ ചുരുണ്ട് കൂടാന്‍ ഒരു ശ്രെമം നടത്തി.  എന്നെ തേടി വരുന്ന ഒരു കാലൊച്ച എന്റെ നെഞ്ജചകം തകര്‍ക്കുമെന്ന ഭീതി എന്റെ ശരീരത്തില്‍ വ്യാപിച്ചു .. പൊലിഞ്ഞു പോയ സ്വപ്‌നങ്ങള്‍ ഓര്‍ത്തു ഞാന്‍ നെടുവീര്‍പ്പിട്ടു .. അവള്‍ക്കു സമ്മാനിക്കാനായി വാങ്ങി കൂട്ടിയ സാദനങ്ങള്‍ നോക്കി കൊണ്ടിരിക്കവേ  കണ്ണുകള്‍ നിറഞ്ഞു ഒഴുകി.
                                                                

ഇപ്പോള്‍ നിങ്ങള്ക്ക് മനസിലായില്ലേ ഞാന്‍ എന്ത് കൊണ്ടാണ് ഭയപെടുന്നതെന്നു .  നോക്കു ഇപ്പോഴും നിങ്ങളില്‍ അല്ല എന്റെ മനസ്സ്.. എന്നെ തേടി വരുന്ന ഓരോ കണ്ണുകളിലും എന്നെ പേടി പെടുത്തുന്ന എന്തെക്കെയോ ഉള്ളത് പോലെ... എന്നെ ആക്രമിക്കാന്‍ വരുന്നത് നിങ്ങളില്‍ ഒരാളാവാം .. അല്ലെങ്ങില്‍ നിങ്ങളെ പോലെ ഉള്ള ഒരാള്‍ .. ഒറ്റപെടുന്നത് എത്ര വേദനാജനകമാണ് .. ആള്‍ക്കൂട്ടത്തില്‍ നമ്മള്‍ ആരെക്കെയോയാണ്.  നമ്മള്‍ ആരാണന്നു നമ്മള്‍ സ്വയം തിരിച്ചറിയാറില്ല .. വെളിച്ചം നമ്മുടെ അടുത്ത് ഉണ്ടാവുമ്പോള്‍ പോലും ഇരുട്ടിന്റെ മറ പറ്റി നമ്മള്‍ നടക്കാന്‍ ആഗ്രഹിക്കുന്നു .. ഒരിക്കലെങ്കിലും ഒറ്റപെട്ടു പോവുമെന്ന ഓര്‍മ നമ്മളില്‍ ഉണ്ടായിരുന്നെങ്കില്‍ നമ്മള്‍ ആരെക്കെയോ ആയി തീര്‍ന്നേനെ അല്ലെ? നിങ്ങളോട് വിട പറയാന്‍ സമയമായി എന്ന് തോന്നുന്നു.  അകലെ നിന്ന് എനിക്ക് പോകുവാനുള്ള വണ്ടിയുടെ ചൂളം വിളി അടുത്ത് വരുന്നു.. നിങ്ങളെ പോലെ തന്നെ കുറെ പ്രതീക്ഷകളുമായി ഞനും  യാത്ര ആരംഭിക്കുകയാണ് ... വിട .. സുഹൃത്തുക്കളെ ...മറക്കുവാന്‍ കഴിയാത്ത കുറെ നല്ല ഓര്‍മകളുമായി.  പ്രിയപ്പെട്ടവരേ എന്റെ മൊബൈലിലേക്ക്   അവളുടെ ഒരു സന്ദേശം  ഇപ്പോള്‍    വന്നിരിക്കുന്നു.  ഞാന്‍ അതൊന്നു വായിക്കട്ടെ   "പ്രിയനെ എന്റെ ഹൃദയത്തിന്റെ അഗാധതയില്‍ എന്റെ ആത്മാവു എന്നോടു പറഞ്ഞു കൊണ്ടിരിക്കുന്നു... നിന്നെ എത്രമാത്രംഎനിക്കു ആവശ്യം ഉണ്ടെന്നു .. നി ഒരു കവിതയായ്‌, സ്വപ്നമായ്‌, സുഖമുള്ള ഒര്‍മായയി എന്നില്‍ ഉണ്ടാവും... സസ്നേഹം"

4 comments:

  1. നല്ല എഴുത്ത്.........തുടരുക മാഷേ.....

    ReplyDelete
  2. ഒരു ജീവന് എത്ര വിലപെട്ടതാണോ പ്രാണന്‍ അത് തന്നെയാണ് പ്രണയവും .... പ്രണയമില്ലാത്ത ജീവന്‍ ശവ ശരീരത്തിന് തുല്യമാണ് .... പ്രണയമാണ് ജീവന്റെ തുടിപ്പ്,
    good narration

    ReplyDelete
  3. oru maramakan jeevithathil adyamayi kothichu poyi..........SUPERB!!!!!!!!!!!!!!!!!!

    ReplyDelete
  4. sms കൊള്ളാം... എഴുതുക

    ReplyDelete

ധന്യമീ ജീവിതം

അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള്‍ ഉറങ്ങിയെന്നുറപ...