റീപോസ്റ്റ് -എഴുതിയത് august 2017)
ബിന്ദു..ഞാനും നിന്നെപ്പോലെ ചിന്തിക്കാൻ ശ്രമിച്ചുനോക്കാം. പുരുഷനൊരിക്കലും പീഡനമേല്‍ക്കാറില്ല. അവന്‍ പീഡിപ്പിക്കാറേയുള്ളു, അല്ലെ? നിങ്ങൾ പെണ്മനസ്സുകൾ ശുദ്ധമാണ്. നിങ്ങള്ക്ക് കളവുപറയാൻ അറിയില്ല. നിങ്ങൾ നീതി നിഷേധിക്കപെട്ടവരാണ്. ഞാൻ അടങ്ങിയ പുരുഷവർഗം നിങ്ങളെ എപ്പോഴും ചൂഷണത്തിന് വിധേയമാക്കികൊണ്ടിരിക്കുന്നു. പീഡനം എന്ന് കേൾക്കുമ്പോൾ അവിടെയൊരു ക്രൂരനായ പുരുഷന്റെ ബിംബം ഓരോ വായനകാരന്റെയും മനസ്സിൽ ജ്വാലയായിപടരണം അല്ലെ? പുരുഷൻ പീടിക്കപെടുമ്പോൾ യുക്തിഹീനവും സ്ത്രീ പീടിക്കപെടുമ്പോൾ അത് സത്യവും ആവണം അല്ലെ?"
"രാജീവ്... ഏതെങ്കിലും ഒരമ്മ തന്റെ പെണ്മക്കളെ അവരുടെ മുത്തച്ഛൻ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന് പറഞ്ഞുകൊണ്ട് വെറുതെ കേസുകൊടുക്കുമോ? നിങ്ങൾ പത്രക്കാർ അങ്ങിനെയൊരു ചിത്രം ജനങ്ങൾക്ക് മുമ്പിൽ സമർപ്പിച്ചാൽ, പൊതു ജനം അത് വിശ്വസിക്കുമോ? കാരണം ഞാനും നീയും വായിച്ചും കണ്ടും ശീലിച്ചത് പുരുഷനാൽ പീടിക്കപെടുന്ന സ്ത്രീയെയാണ്. പേടിച്ചും വിറച്ചും പുരുഷൻ എന്ന സിംഹത്തിന് ഇടയിൽ ജീവിക്കേണ്ടിവരുന്ന മാൻപേടയുടെ അവസ്ഥയിലാണ് ഓരോ സ്ത്രീകളും ജീവിക്കുന്നത്. അതിനിടയിലാണ് നീ ഒരു പുരുഷനെ നല്ലവനായി ചിത്രീകരിക്കാൻ പോവുന്നത്? രാജീവ്...നീ ആ ചെറുപ്പക്കാരനെ കണ്ടുമുട്ടിയപ്പോൾ എന്താണ് അയാൾ നിന്നോട് പറഞ്ഞത്?
ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ അയാൾ കടുത്ത മനസികസംഘർഷത്തിൽ അകപ്പെട്ടിരുന്നു എന്ന് തോന്നി. വല്ലാത്തൊരു നിസ്സഹായത അയാളിൽ ഞാൻ കണ്ടു. . അയാൾ എന്നോട് സംസാരിക്കാൻ തുടങ്ങി "സാർ ഞങ്ങൾ കേരളത്തിന് വെളിയിൽ വർഷങ്ങളായി താമസിക്കുന്നവരാണ്. ഇപ്പോൾ എന്റെ ഭാര്യ കുട്ടികളെ എന്റെ അടുക്കൽ ഉപേക്ഷിച്ച് അവളുടെ വീട്ടിലേക്കു പോയിരിക്കുകയാണ്. എന്റെ അച്ഛനും അമ്മയ്ക്കും മകനായി ഞാൻ ഒരാൾ മാത്രമാണുള്ളത്. അത്യാവശ്യം എല്ലാ സൗകര്യങ്ങളും ഉള്ള ഒരു നല്ലവീട് അച്ഛന്റെ പേരിൽ ഞങ്ങൾക്ക് നാട്ടിൽ ഉണ്ട്. പക്ഷേ അവൾക്കവിടെ താമസിക്കാൻ ഇഷ്ടമില്ല. അവൾക്കു സ്വന്തമായി ഒരു വീട് വേണം അല്ലെങ്കിൽ അമ്പതുലക്ഷം അവളുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കണം. ഇതാണ് അവളുടെ വീട്ടുകാരുടെ ആവശ്യം. എനിക്കത് നല്കാൻ കഴിയില്ല എന്ന് ഞൻ അവളുടെ കുടുംബത്തോട് പറഞ്ഞു. ഇപ്പോൾ അവർ എനിക്കും എന്റെ കുടുംബത്തിനും എതിരെ കേസ് കൊടുത്തിരിക്കുകയാണ്. സാർ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. അറുപത്തിയഞ്ചു കഴിഞ്ഞ എന്റെ അച്ഛന്റെ പേര് സ്ക്രോളിംഗ് ന്യൂസ് ആയി ടെലിവിഷനിൽ പ്രത്യക്ഷ്യപ്പെടാൻ തുടങ്ങിയിരിക്കുന്നു. എന്റെ പെൺകുഞ്ഞുങ്ങളെ ലൈംഗീകമായി പീഡിപ്പിച്ചു എന്നാരോപിച്ചാണ് അവൾ കേസ് കൊടുത്തിട്ടുള്ളത്. പലവിധരോഗത്താൽ എഴുനേറ്റ് നടക്കാൻ പോലും കഴിയാതെ മൃതപ്രായായ എന്റെ അച്ഛൻ ഇന്ന് പോക്സോ കേസിൽ പ്രതിയാണ്"
അയാൾ കുറച്ചു നിമിഷം നിശബ്ദനായി, പിന്നെ തൊണ്ട ഇടറി വാക്കുകൾ മുറിഞ്ഞുപോയ അവസ്ഥയിലായി ...കണ്ണുകളിൽ നിന്ന് ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് അയാൾ വീണ്ടും പറയാൻ തുടങ്ങി..
"നിങ്ങളിൽ പലരും സ്വയം പറഞ്ഞുകാണും സാറേ.. വയസ്സുകാലത്ത് എന്തിനായിരിയ്ക്കും ആ നീചൻ പാവം കുഞ്ഞുങ്ങളെ പീഡിപ്പിച്ചത്!! ആ പിശാചിനെ വെടിവെച്ചു കൊല്ലുകയാണ് വേണ്ടത്. ആ നായയുടെ പുരുഷ ലിംഗം ഛേദിക്കണം!! ആ തെണ്ടിയെ ചെരുപ്പുമാല അണിയിച്ചുകൊണ്ട് തെരുവിലൂടെ നഗ്നായായി നടത്തണം " എനിക്കറിയാം നിങ്ങൾ പാവങ്ങളാണെന്ന്. ഞാനും നിങ്ങളുമെല്ലാം വാർത്താമാധ്യമങ്ങളെ വളരെയധികം വിശ്വസിക്കുന്നു. പോലീസിനെ വിശ്വസിക്കുന്നു. അവർ പറയുന്നത് സത്യമാണെന്ന് വിശ്വസിക്കുന്നു. അവർ തയ്യാറാക്കുന്ന കേസ് ഡയറിപോലും സത്യമാണെന്ന് വിദേശിക്കുന്നു. ഞാനും വിശ്വസിച്ചിരുന്നു അവർ പറയുന്നതൊക്കെ സത്യമാണെന്ന് ഈ കേസിൽ അകപെടുന്നതുവരെ. ഞാനും എന്റെ അച്ഛനും അമ്മയും പിന്നെ ദൈവവും മാത്രമേയൊള്ളു ഈ കേസിലെ സത്യം അറിയുന്നവർ. ഞങ്ങൾക്ക് കരയാൻ മാത്രമേ കഴിയു. ഞങ്ങൾ പറയുന്നത് ആരും വിശ്വസിക്കില്ല. മനസ്സും ഹൃദയവും നിങ്ങള്ക്ക് തുറന്നു വച്ചുതരാൻ കഴിയുന്ന മന്ത്രികവിദ്യ ഞങ്ങൾക്കറിയില്ല. ഞങ്ങൾക്ക് മുമ്പിലുള്ള ഏക വഴി കൂട്ട ആത്മഹത്യയാണ്. പക്ഷേ അപ്പോഴും സത്യം ഇവിടെ വിജയിക്കുന്നില്ല...ഞങ്ങൾ മരിച്ചാലും നിങ്ങളിൽ ഒരാൾ പോലും ഞങ്ങൾക്ക് വേണ്ടി കണ്ണുനീർ പൊഴിക്കില്ല. ഞങ്ങൾ മരിക്കുക തന്നെയാണ് വേണ്ടതെന്ന് നിങ്ങൾ എല്ലാവരും കൂട്ടത്തോടെ പറയും. സത്യം ജയിക്കേണ്ടേ സാർ? സ്വന്തം കുഞ്ഞുങ്ങളുടെ മേൽ ഇത്തരം ആരോപണം നടത്തുന്ന മാതാവ് ശിക്ഷ്യക്ക് അർഹയല്ലേ സാർ? ഞാൻ പുരുഷനായത്കൊണ്ട് ഒരു കമ്മീഷനും ഞങ്ങൾക്കനുകൂലമായി സംസാരിക്കില്ല. നമ്മുടെ കോടതികൾ പോലും മാധ്യമങ്ങളുടെ സ്വാധീനത്തിന്റെ വലയിൽ അകപ്പെട്ടിരിക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈയിടെ നടന്ന പല കേസുകളിലും കോടതിയുടെ ഇടപെടലിൽ മാധ്യമങ്ങളുടെ സ്വാധീനം പ്രകടമായി കാണാം. ഞങ്ങൾക്ക് നീതി കിട്ടുമോ സാർ? അതോ നിങ്ങൾ പത്രക്കാർ ഞങ്ങളെ കൂട്ട ആത്മഹത്യയിലേക്ക് കൊണ്ടുപോകുമോ? "
അയാളോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഞാൻ അയാളോട് കണ്ണുകളിലേക്കു ഉറ്റുനോക്കികൊണ്ടിരിക്കുകയായിരുന്നു. അയാളുടെ മനസ്സിലെ വിചാരവികാരങ്ങളുടെ മിന്നലാട്ടങ്ങള്‍ ആ കണ്ണുകളിലൂടെ പ്രതിബിംബിക്കുന്നത് ഞാൻ കണ്ടു. ആ കണ്ണുകളില്‍ നിന്നും തുരാതുരാ ഒഴുകുന്ന ചുടുനീർ എന്റെ ഹൃദയത്തെ പൊള്ളിച്ചു. ചാലുകീറി ഒഴുകുന്ന ആ കണ്ണീരില്‍ അയാളുടെ നിഷ്‌കളങ്കത തെളിഞ്ഞു കാണാമായിരുന്നു. എന്നിരുന്നാലും എനിക്ക് അയാളെ അപരാധിയായി മാത്രമേ കാണാൻ പാടൊള്ളു. അതാണ് സാമൂഹ്യകമായ കാഴ്ചപ്പാട്. അതിനു വിരുദ്ധമായി ഞാൻ എഴുതുമ്പോൾ എന്റെ ചിന്തകൾ മനുഷ്യത്വവിരുദ്ധം ആയി മാറും. എന്ത്‌കൊണ്ടാണ് എനിക്ക് മറ്റുള്ളവരെ പോലെ ചിന്തിക്കാൻ കഴിയാത്തത്? ഒരുപക്ഷേ എനിക്ക് പെൺകുട്ടികൾ ഇല്ലാത്തതുകൊണ്ടാവാം. അല്ലെങ്കിൽ സഹോദരികൾ എനിക്കില്ലാത്തത് കൊണ്ടും ആവാം. ആയിരുന്നുവെങ്കിൽ എനിക്ക് പെണ്ണിനെ കുറിച്ചും അവളുടെ മനസ്സിനെ കുറിച്ചും അറിയാൻ സാധിക്കുമായിരുന്നു!!
എന്റെ മനസ്സിലെ ചിന്തകളിൽ ഉടലെടുത്ത സംശയം അയാളിൽ നിന്ന് മറച്ചുപിടിച്ചുവച്ചുകൊണ്ട് ഞാൻ പറഞ്ഞു "ദയവു വിചാരിച്ചു താങ്കൾ കരായതിരിക്കു സുഹൃത്തേ.. എനിക്ക് കഴിയുന്ന എല്ലാ സഹായങ്ങളും ഞാൻ താങ്കൾക്ക് വേണ്ടി ചെയ്തുതരാം....നമ്മുടെ രാജ്യത്ത് സ്ത്രീക്ക് മാത്രമായി ഒരു പ്രത്യേക നീതിയില്ല. പുരുഷനും നീതികിട്ടും!! പക്ഷേ എന്റെ ആശ്വാസ വാക്കുകൾ അയാളുടെ കരച്ചിലിന്റെ ശക്തിയെ ശമിപ്പിച്ചില്ല.. അതുകൂടി കൂടി വരാൻ തുടങ്ങി. പിന്നെയൊരു കൊച്ചുകുട്ടിയെപോലെ വിതുമ്പികൊണ്ടു കരച്ചിലിനിടയിൽ അയാൾ പറഞ്ഞു "ഞാന്‍ വല്ലാതെ അപമാനിക്കപ്പെട്ടിരുന്നു സാറെ. ഞാനൊരു പുരുഷനായി പോയതാണോ സാറേ എന്റെ കുറ്റം? അല്ലായിരുന്നുവെങ്കിൽ എന്നെ സഹായിക്കുവാനും എനിക്കുവേണ്ടി ശബ്‌ദിക്കുവാനും ആയിരം പേർ ഉണ്ടാകുമായിരുന്നില്ലേ സാറേ?" അപ്പോൾ ഏകാന്തതയുടെ ശൂന്യമായ വഴിയില്‍ തളര്‍ന്നുപോയ ആ മനുഷ്യന്റെ മ്ലാനമായ മുഖത്തുനിന്നും പീഡനത്തിന്റെ ഇരയെ ഞാന്‍ വായിച്ചെടുക്കുകയായിരുന്നു. നിസ്സഹായനായ ആ മനുഷ്യന്‍ ജീവിതത്തില്‍ ഇത്രയൊക്കെ സഹിക്കേണ്ടി വരുന്നതിന്റെ യുക്തിയെകുറിച്ച് ഞാൻ ആലോചിച്ചുനോക്കി. സ്ത്രീ സുരക്ഷക്കും, സ്ത്രീ സംരക്ഷത്തിനു വേണ്ടിയുള്ള നിയമങ്ങൾ എങ്ങിനെയാണ് സ്ത്രീകൾ ദുർവിനിയോഗം ചെയ്യുന്നതെന്ന് മനസ്സിലായപ്പോൾ പുരുഷനായ ഞാൻ ഒരു നിമിഷം എന്റെ ജന്മത്തെ ശപിച്ചു.
"രാജീവ്.. പിന്നീട് എന്തുണ്ടായി?"
ഞാൻ, കേസ് ഫയൽ ചെയ്ത പോലീസ് സ്റ്റേഷനിലേക്ക് പോയി. . ഇൻസ്‌പെക്ടറെ കാണുക എന്നതായിരുന്നു എന്റെ ലക്‌ഷ്യം. ഇടതൂര്‍ന്നു നില്‍ക്കുന്ന പൈന്‍മരക്കാടുകള്‍ക്ക് അരികെയായിരുന്നു ആ പോലീസ് സ്റ്റേഷൻ. പ്രവേശന കവാടത്തിൽ തോക്ക് പിടിച്ചുനിൽക്കുന്ന കോൺസ്റ്റബിളിനോട് ഇൻസ്‌പെക്ടറെ തിരക്കുമ്പോൾ എന്റെ കാൽമുട്ടുകൾ വിറകൊള്ളൂന്നുണ്ടായിയുരുന്നു. ഒരു മെലിഞ്ഞ രൂപം ആയിരുന്നു ഇസ്നപെക്ടർക്ക്. ചുവന്ന കണ്ണുകളുള്ള അദ്ദേഹം എന്റെ അടുത്തെത്തിയപ്പോൾ മദ്യത്തിന്റെ മണം എനിക്കനുഭവപെട്ടു. പക്ഷേ ഉടനെ എന്റെ മനസ്സ് എന്നെ തിരുത്തി. ചുവന്ന കണ്ണുകൾ ആയത് കാരണം മാത്രമായിരിക്കണം ഞാൻ അയാൾ മദ്യപാനി ആണ് എന്ന് ചിന്തിച്ചു പോയത്. ഒരുപക്ഷേ ജന്മനാ അയാളുടെ കണ്ണുകൾ അങ്ങിനെയായിരിക്കും. നമ്മൾ മനുഷ്യർക്ക് പലരെ കുറിച്ചും ഒരു മുൻസമീപനം ഉണ്ട്. അതുകൊണ്ടായിരിക്കാം ഞാൻ അങ്ങിനെ ചിന്തിച്ചുപോയത്. "അവൾ..... " ഞാൻ പറഞ്ഞു മുഴുവിക്കുന്നതിനു മുമ്പ്തന്നെ അദ്ദേഹം എന്നോട് പറഞ്ഞു.. "ഇര എന്ന വാക്കു ഉപയോഗിക്കു.. അതാണ് കൂടുതൽ യോജിക്കുക.."
'സർ ആരാണ് ഇര, പ്രതിയാക്കപ്പെട്ട ആളോ അതോ ഹർജിക്കാരിയോ ?'
"ഈ സ്റ്റേഷനിൽ എത്തിയ മറ്റു കേസുകളിൽ നിന്ന് തികച്ചും അപൂർവമായ കേസ് തന്നെയാണ് ഇത് . അതുകൊണ്ടാണ് ഇത് കോടതിയിൽ അയക്കുന്നതിനു മുമ്പായി ഞാൻ കമീഷണർ ഓഫീസിലേക്ക് അയച്ചതും. ഈ കേസിൽ ഞങ്ങൾക്ക് കൂടുതൽ നിയമ ഉപദേശം ആവശ്യമുണ്ട്.'
"സർ.. . ഒരു സാധാരണക്കാരൻ എന്ന നിലയിൽ എനിക്ക് കുറച്ചു സംശയങ്ങൾ ഉണ്ട്.. അതുകൊണ്ടാണ് ഞാൻ കൂടുതൽ ചോദ്യങ്ങളിലേക്കു കടക്കുന്നത്.. ഒരു സ്ത്രീ ഒരു പരാതി നൽകുമ്പോൾ, അത് സത്യമാണോ അതോ വ്യാജ പരാതിയാണോ എന്നറിയാൻ പോലീസിന്റെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടാവേണ്ടതല്ലേ? നമ്മുടെ കേസിൽ അങ്ങിനെ ഉണ്ടായിട്ടില്ല.. പരാതി കിട്ടിയപ്പോൾ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാനാണ് താങ്കളുടെ ഡിപ്പാർട്ട്മെന്റ് ശ്രമിച്ചത്. എന്തുകൊണ്ട് പരാതി ന്യായമാണോ എന്ന് അറിയാൻ ശ്രമിക്കാഞ്ഞത്"
"ഇതൊരു ലൈംഗിക പീഡന കേസ് ആണ്. തനിക്കും തന്റെ കുട്ടികൾക്കും ഭർത്താവിന്റെ കുടുംബത്തിൽ നിന്ന് അനുഭവിക്കേണ്ടി വന്ന ലൈംഗീക പീഡനം ആണ് ഹരജിക്കാരി ഉന്നയിച്ചിട്ടുള്ളത്. ലൈംഗീക പീഡനം എന്ന് പറഞ്ഞാൽ എന്താണ് എന്നറിയുമോ? സ്‌ത്രീക്ക് ഇഷ്ടമില്ലാതെ...അവരുടെ ശരീരത്തില്‍ തുറിച്ചു നോക്കുക, ലൈംഗിക താല്‍പര്യത്തോടെ നോക്കുക, ചൂളമടിക്കുക, നേരിട്ടോ ഫോണിലൂടെയോ അശ്ലീല കമന്റുകള്‍/തമാശകള്‍ പറയുക, കത്തുകള്‍/ ഫോണ്‍ വഴി അശ്ലീല സന്ദേശങ്ങള്‍ അയക്കുക. പിന്‍തുടര്‍ന്നു ശല്യപ്പെടുത്തുക (പ്രത്യേകിച്ചും വിജനമായ സ്ഥങ്ങളില്‍), അശ്ലീല സിനിമ/ ചിത്രങ്ങള്‍ കാണിക്കുക, ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുക, ശ്വാസം ശരീരത്തില്‍ വീഴുന്നമാതിരി ചേര്‍ന്നു നില്‍ക്കുക, ലൈംഗിക താല്‍പര്യത്തോടെ ശരീരത്തില്‍ സ്‌പര്‍ശിക്കുക, ചുംബിക്കുക, കെട്ടിപ്പിടിക്കുക, അവയവങ്ങള്‍ കൊണ്ട് ശരീരത്തില്‍ ഉരസുക, ലൈംഗിക സേവനങ്ങള്‍ ആവശ്യപ്പെടുക ഇതൊക്കെ ലൈംഗീക പീഡന പരിധിയിൽ വരുന്നതാണ്. സ്ത്രീ ഇത്തരം ആരോപണം ഉന്നയിക്കുമ്പോൾ അവിടെ കൂടുതൽ അന്വേഷണത്തിന്റെ ആവശ്യമില്ല. കാരണം സ്ത്രീ പറയുന്നത് സത്യമായിരിക്കും!!!"
'ഒരു വഴിയുമില്ലേ സാർ അയാളെ രക്ഷിക്കാൻ? അതോ അയാൾ ഒരു പുരുഷനായതാണോ അയാളുടെ തെറ്റ്?'
"ഞങ്ങൾ നിസ്സഹായരാണ്. നിയമം നടപ്പിൽ വരുത്തുക എന്നതാണ് ഞങ്ങളുടെ കർത്തവ്യം. നിങ്ങൾ ഒരു വകീലിനെ സമീപിക്കു. കോടതിയിൽ എത്തുമ്പോൾ ജാമ്യത്തിന് അപേക്ഷിക്കു.. ഇത് മാത്രമാണ് എനിക്ക് പറയാനുള്ളത്"
"പിന്നെ എന്തുണ്ടായി രാജീവ് ? നീ ഒരു വകീലിനെ കണ്ടെത്തിയോ ?"
ഞാൻ എന്റെ പരിചയത്തിലുള്ള ഒരു അഭിഭാഷകയെ സമീപിച്ചു. അവരോട് കേസിനെ കുറിച്ചുള്ള കാര്യങ്ങൾ വിവരിച്ചു. . അവർ പറഞ്ഞത് ഇപ്രകാരമാണ് . "ഈ കേസിൽ കുട്ടികളുടെ മൊഴി അതിപ്രധാനമാണ്. കുട്ടികൾ അയാളുടെ കയ്യിലുള്ളത് കൊണ്ട് പേടിക്കാനില്ല.. ഒരു അഭിഭാഷക എന്ന നിലയിൽ വർഷങ്ങളായിട്ടുള്ള എന്റെ അനുഭസമ്പത്ത് വച്ച് പറയാം. ഈ ഹർജിയിൽ കള്ളങ്ങളുടെ പ്രളയമാണ്. നിങ്ങളുമായി സംസാരിച്ചപ്പോൾ എനിക്കത് കൂടുതൽ വ്യക്തമായിട്ടുണ്ട്. ഞങ്ങളുടെ പ്രൊഫഷനിൽ ആളുകളെ കുറ്റം പറയാൻ പാടില്ല. എന്നിരുന്നാലും ചില സത്യങ്ങൾ പറയാതിരിക്കാനും നിവർത്തിയില്ല.. അവൾക്ക് വേണ്ടി കേസ് ഏറ്റെടുത്ത വകീൽ ഒരു ഫ്രോഡ് ആണ്. എനിക്ക് വർഷങ്ങളായി അയാളെ അറിയാം.. എല്ലാ പ്രഫഷനിലും ഉള്ളത്പോലെ ഞങ്ങളുടെ കൂട്ടത്തിലും കുറച്ചു വൃത്തികെട്ടവന്മാർ ഉണ്ട്. അതുകാരണം കൂടിയാണ് ഹർജിയിൽ ഇത്രയും നീചമായ കാര്യങ്ങൾ എഴുതി ചേർത്തിട്ടുള്ളത്. ഈ കേസിനെ സംബന്ധിച്ച് ബാലാവകാശ കമീഷനിലും പരാതി നൽകിയിട്ടുണ്ട്.. അതുകൊണ്ടു കൂടിയാണ് കേസ് സ്ട്രോങ്ങ് ആയി മാറിയത്" .
'കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനും അവരുടെ പരിരക്ഷക്കുമായി അനുവദിക്കപ്പെട്ട നിയമത്തെ നമ്മൾ മനുഷ്യർ അവഹേളന പത്രമാക്കുക അല്ലെ.. മാഡം? ദാമ്പത്യ ബന്ധത്തിൽ ഉണ്ടാവുന്ന താളപ്പിഴകൾ കുടുംബ കോടതികളിലേക്കെത്തുമ്പോൾ, കേസിനു ബലം നൽകാൻ വേണ്ടി മാത്രമായിരിക്കണം ഇത്തരത്തിൽ ഒരു പീഡനകഥ മെനഞ് കുഞ്ഞുങ്ങളെ നമ്മൾ ബലികൊടുക്കുന്നത് അല്ലെ?. പാവം ആ കുട്ടികൾ.. ആ പിഞ്ചുപെൺകുഞ്ഞുങ്ങൾ അറിഞ്ഞുകാണുമോ... തങ്ങളുടെ മുത്തച്ഛനാൽ തങ്ങൾ ലൈംഗീക പീഡനത്തിന് ഇരയായിയെന്ന് തങ്ങളുടെ അമ്മ ബാലാവകാശ കമീഷനിലും പോലീസിലും പരാതി കൊടുത്തിരിക്കുമെന്ന്? തങ്ങളുടെ അച്ഛൻ ഒരു ക്രിമിനൽ കേസിൽ പ്രതിയാണെന്ന്? നാളെ പത്രങ്ങളിലും ടി.വി. ന്യൂസിലും തങ്ങളുടെ അച്ഛന്റെ മനസാക്ഷിയെ ചോദ്യം ചെയ്യാവുന്ന തരത്തിലുള്ള വാർത്തകൾ ഇടംപിടിക്കുമെന്ന്? ഇരകൾ എന്ന പേരിൽ നാളെ തങ്ങളും വാർത്തകളിൽ നിറയുമെന്ന്?'
"കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും ഇല്ലാതാക്കുക എന്നതിന് വേണ്ടിയാണ് ഇങ്ങിനെയൊരു കമ്മീഷൻ . പക്ഷേ പലപ്പോഴും ഒന്നമറിയാത്ത ഇളം പിഞ്ചുമനസ്സുകൾ കോടതി മുറിക്കുള്ളിക്ക് എടുത്തറിയപ്പെടുന്നതിനു അവർ കാരണം ആവുന്നു. നിങ്ങളുടെ കേസിൽ അവരുടെ ഇടപെടൽ ശരിയായില്ല എന്നാണ് എനിക്ക് തോന്നുന്നത്... ഇതിൽ പറയുന്ന പെൺകുട്ടികൾ വിദേശത്ത് താമസിക്കുന്നവരാണ്.... ഈ കുറ്റകൃത്യം നടന്നു എന്ന് പറയുന്നത് വിദേശത്ത് വച്ചാണ്. നിങ്ങളുമായി തെറ്റിപ്പിരിഞ്ഞ കുട്ടികളെ ഉപേക്ഷിച്ചു നാട്ടിലേക്കു വന്നത്തിനു ശേഷമാണ് അവൾ ഇത്തരത്തിൽ ഒരു കേസ് കൊടുത്തിട്ടുള്ളത്.."
'മാഡം ... ഈ കേസിൽനിന്ന് അവരെ മുക്തരാക്കാൻ ഇനിയൊരു വഴിയുമില്ലേ?'
"തെറ്റുചെയ്തില്ല എന്നത് അയാളുടെ മനസാക്ഷിക്ക് മാത്രം അറിയുന്ന കാര്യമാണ്. സമൂഹത്തിൽ ഇപ്പോൾ ഏറെക്കുറെ അയാൾ കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കും. . കാരണം, നമ്മൾ പലരുടെയും മനസ്സുകൾ ലൈംഗികാവയവങ്ങളേ മാത്രം ചുറ്റിപ്പറ്റി കഥകള്‍ മെനയുകയും, സ്വയം സര്‍വ്വജ്ഞരും കഷ്ടത അനുഭവിക്കുന്ന ജനങ്ങളുടെ വക്താക്കളുമായി വേഷം കെട്ടുകയും ചെയ്യുന്ന അവസ്ഥയിലേക്ക് മാറിയിട്ടുണ്ട്. അയാളോട് വിഷമിക്കേണ്ട എന്ന് പറയാൻ മാത്രമെയിപ്പോൾ എനിക്ക് കഴിയു. അയാൾക്ക് ആവശ്യമുള്ള നിയമ സഹായം ചെയ്യാനുള്ള ശ്രമം ആരംഭിച്ചു എന്ന് പറയു... "
"വല്ലാത്ത നിസ്സഹായ അവസ്ഥ തന്നെ അല്ലെ രാജീവ്. ഇന്നത്തെ കംബോള വല്‍ക്കരണ സാഹചര്യത്തില്‍ വിവാഹം എന്നത് ഒരു ചരക്കായി മാറുന്നു. സ്ത്രീസ്വാതന്ത്ര്യം ഇപ്പോൾ പുരുഷപീഡനം ആയി മാറിയിരിക്കുന്നു. . "
"ബിന്ദു..പോലീസ് സ്റ്റേഷനിൽ നിന്ന് ഞാൻ പുറത്തിറങ്ങുമ്പോൾ നിസ്സഹായതയുടെ ക്രൂരമുഖം എന്നിലെ എന്നെ ഉറ്റുനോക്കികൊണ്ടരിക്കുന്നത്പോലെ തോന്നി. ഉറ്റവര്‍ ഉടയവര്‍ അറത്തുമുറിച്ചില്ലാതാക്കിയ ബന്ധത്തിന്റെ ബന്ധനത്തെ കുറിച്ചോർത്ത് എന്റെ മനസ്സ് പിടഞ്ഞു. എന്തായിരിക്കും അവർ ആ പിഞ്ചുകുഞ്ഞുങ്ങളോട് ചോദിക്കുക? നിങ്ങളെ മുത്തച്ഛൻ മടിയിലിരുത്താറുണ്ടോ എന്നാവുമോ?...അതോ നിങ്ങളുടെ കവിളുകളിൽ ഉമ്മക്കവാറുണ്ടോ എന്നാവുമോ? അതോ നിങ്ങളുടെ തുടകളിൽ മുത്തച്ഛന്റെ കൈവിരലുകൾ ഓടികളിക്കാറുണ്ടോ എന്നായിരിക്കുമോ? അല്ലെങ്കിൽ നിങ്ങളുടെ മാറിടത്തിലെ കൊച്ചു മുഴുപ്പുകളിൽ മുത്തച്ഛൻ തലോടാറുണ്ടോ എന്നായിരിക്കുമോ?"
"രാജീവ്...അവർക്ക് അറിയാം ഏത് രീതിയിലാണ് കുട്ടികളോട് സംസാരിക്കേണ്ടത് എന്നതിനെക്കുറിച്ച്. കുട്ടികളുടെ മാനസിക നിലയെക്കുറിച്ചും അവർ പറയുന്നത് എന്താണെന്നും മനസ്സിലാക്കാനുള്ള കഴിവുള്ള ആളുകളാണ് ഇത്തരം ചോദ്യങ്ങളുമായി അവരെ സമീപിക്കുന്നത്"
"ബിന്ദു...എന്തായാലും എന്റെ മനസ്സിൽ ഉടെലെടുത്ത സന്ദേഹം തന്നെയാവില്ലേ അവരുടെ ചോദ്യങ്ങളിലൂടെ പുറത്തുവരിക? ഒരു മുത്തച്ഛന്.അല്ലെങ്കിൽ അച്ഛന്...തന്റെ പെൺകുഞ്ഞുങ്ങളെ ഉമ്മ വക്കാൻ പാടില്ലേ? അവരുടെ തുടകളിൽ മുറിവുണ്ടായാൽ മരുന്ന് പുരട്ടി കൊടുക്കാൻ പാടില്ലേ? ഒരു പക്ഷേ അമ്മയുടെ അസാന്നിധ്യത്തിൽ അച്ഛനും മുത്തശ്ശനും ഒക്കെ കുട്ടികളെ കുളിപ്പിക്കുമ്പോൾ അവരുടെ ജനനദ്രീയങ്ങളിൽ സ്പർശിക്കേണ്ടി വരില്ലേ? അതൊക്കെ പിന്നീട് ബാലപീഡനം ആയിമാറുമോ?'
"രാജീവ് നീ എന്തിനാണ് ഇതിൽ ഇത്ര ഡെസ്പേറേറ്റ് ആവുന്നത്? നിന്റെ ജോലി റിപ്പോർട്ടിങ് ആണ്. അതിലെ തെറ്റും ശെരിയും ഓർത്ത് നീ വ്യാകുലപ്പെടേണ്ടതില്ല. തെറ്റോ ശെരിയോ എന്നതിൽ ഉപരി നീ നൽകുന്ന റിപ്പോർട്ട് ആളുകളെ രസിപ്പിക്കുന്നുണ്ടോ എന്നതിലാണ് കാര്യം. ആ വാർത്തക്ക് ജനങ്ങളുടെ മനസ്സിൽ ഇടംനേടാൻ കഴിയുന്നുണ്ടോ? അതിനെ അനുകൂലിച്ച് ജനങ്ങൾ അഭിപ്രായപ്രകടനം നടത്തുന്നുണ്ടോ? മറ്റു മാധ്യമങ്ങൾ നിന്റെ ന്യൂസ് ഫോളോ ചെയ്യുന്നുണ്ടോ? ഇങ്ങിനെയൊക്കെ സംഭവിച്ചാൽ നീ വിജയിച്ചു. മറ്റുള്ളവരുടെ ശ്രദ്ധക്ക് പത്രമാവാൻ കഴിയുക എന്നത് ഒരു പത്രവാർത്തകനെ സംബന്ധിച്ചു വലിയ വിജയമാണ്. ഈ കേസിൽ കുട്ടികളുടെ മൊഴിയെടുക്കുന്നതോടു കൂടി, അയാളുടെ നിരപരാധിത്വം തെളിയിക്കാവുന്നതല്ലേ ഒള്ളു... ഇതൊക്കെ ഓർത്ത് ഈ രാത്രി വെറുതെ നശിപ്പിക്കണോ? എല്ലാം മനസ്സിൽ നിന്ന് മാറ്റു എന്നിട്ട് എന്നെ കെട്ടിപിടിച്ചുകൊണ്ട് നിന്നിലേക്ക് അമർത്തു. നിന്റെ ചുണ്ടുകളുടെ ലാളന ഞാൻ അറിയട്ടെ...നിന്റെ കൈവിരലുകളുടെ മാന്ത്രികത എന്നെ ഉണർത്തട്ടെ.. ഓർമ്മയുണ്ടോ നമ്മൾ ആദ്യം കാണുമ്പോൾ ഞാൻ ഉണങ്ങിയ ഒരു വിറകുകൊള്ളിയായിരുന്നു. നിന്റെ മഴത്തുള്ളികളുടെ തണുപ്പേറ്റാണ് എന്നിൽ പിന്നെയും പുതുനാമ്പുകൾ തളിർത്തത്"
'ഇല്ല ബിന്ദു... എന്നോട് ക്ഷമിക്കു...എനിക്ക് നിന്റെ ശരീരത്തിന്റെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുൻ കഴിയുമെന്ന് തോന്നുന്നില്ല. നിന്റെ ശരീരത്തിലേക്ക് നീ എന്നെ വലിച്ചടുപ്പിക്കുബോൾ, നിന്റെ അധരങ്ങളിലെ മധുചഷകം എന്റെ ചുണ്ടോടു അടുപ്പിക്കുമ്പോൾ, നിന്റെ മാറിടം എനിക്കുവേണ്ടി ചുരക്കുമ്പോൾ എല്ലാം ഞാൻ ഭയപ്പെടുന്നു. ഒരു പക്ഷേ നാളെ ഞാനും ഒരു പീഡകന്റെ റോളിൽ ജനങ്ങൾക്ക് മുമ്പിൽ എത്താം.. ഒരു ചാനൽ ചർച്ചയിൽ ജീവിതം പറയുന്ന കെട്ടുകഥയിൽ നമ്മൾ രണ്ടു പേരും മുഖത്തോടു മുഖം നോക്കി അന്യരെപ്പോലെ ഇരുന്നെന്നു വരാം. എനിക്കൊന്നിനും കഴിവില്ല. ഒരു നിർവികാരത എന്നെ ബാധിച്ചിരിക്കുന്നു.'
"രാജീവ്...മുച്യൽ കോൺസെന്റിൽ ശാരീരികമായി ബന്ധപ്പെടുമ്പോൾ അവിടെ പുരുഷനെ മാത്രം കുറ്റപ്പെടുത്തുന്നത് ശെരിയല്ല. രണ്ടുപേരും ആ നിമിഷങ്ങൾ ആഘോഷിക്കുന്നുണ്ട്. അവിടെ പുരുഷൻ മാത്രമായി തെറ്റുകാരൻ ആവുന്നത് എങ്ങിനെയാണ് എന്ന് മനസ്സിലാവുന്നില്ല. ഇനി ഇപ്പോൾ ഒറ്റ വഴിയേ ഒള്ളൂ. നിങ്ങൾ പുരുഷന്മാർ എല്ലാം കൂടി ഒരു സംഘടന ഉണ്ടാക്ക്. അല്ലെങ്കിൽ ഞങ്ങൾ സ്ത്രീകൾ ഉണങ്ങിയ വിറകുകൊള്ളികളായി പോവും. നിന്റെ ഭാര്യയോടും നീ ഇങ്ങിനെയാണോ രാജീവ്...അവളുടെ ശരീരത്തെയും നീ തൊടാറില്ലേ? അവളിലേക്ക് നീ ഒരു നദിയായി പ്രവഹിക്കാറില്ലേ? ഇങ്ങിനെ പേടിത്തൊണ്ടനായാൽ നിനക്കെങ്ങനെ ജീവിക്കാൻ കഴിയും. നിനക്കെങ്ങനെ നിന്റെ വംശത്തെ നിലനിർത്താൻ കഴിയും. നിനക്ക് പിറക്കാൻ പോവുന്ന കുഞ് ഒരു പെണ്കുട്ടിയായിരിക്കണേ എന്ന് എത്ര തവണ നീ എന്നോട് പറഞ്ഞിട്ടുണ്ട്..ഓർമയുണ്ടോ?"
"ഒരു പാട് കണ്ണുനീരും, ഒരു പാട് നിശ്വാസങ്ങളും ഇതൊക്കെ മൂടിവയ്ക്കാൻ ഒരു ചെറുപുഞ്ചിരിയും അതാണ് എന്റെ ഭാര്യ. അധികം സംസാരിക്കാത്ത, അടങ്ങിയൊതുങ്ങി കഴിയുന്ന വീടുനോക്കുന്ന പാചകവിദഗ്‌ധയായ ഒരു സ്ത്രീയാണ് അവൾ. പക്ഷേ ഞാനിപ്പോൾ അവളെ പോലും സംശയത്തോടെയാണ് നോക്കുന്നത്. രാത്രികളിൽ ഞാൻ അവളെ വാരിപുണരുമ്പോൾ എന്റെ വികാരം എന്നിൽനിന്നും ചോർന്നുപോവുന്നത് പോലെ അനുഭവപ്പെടുന്നു. എന്നിലെ എന്നെ ചൂടുപിടിപ്പിക്കാൻ അവൾ വളരെയധികം പരിശ്രമിക്കാറുണ്ട്. അവസാനം അവൾ എന്നിൽനിന്ന് അകന്നു മാറി നിശബ്ദം തേങ്ങി കരയുന്നത് കാണാം. എനിക്കപ്പോൾ അവളുടെ ശരീരത്തെ തൊടാനോ ആശ്വസിപ്പിക്കാനോ ധൈര്യം ഉണ്ടാകാറില്ല. എനിക്ക് കുഞ്ഞുങ്ങൾ വേണ്ട..ബിന്ദു....എനിക്ക് പിറക്കുന്ന കുഞ് അഥവാ ഒരു പെൺകുട്ടി കൂടി ആണെങ്കിൽ..!!! നാളെ ഒരു പീഡകന്റെ റോളിൽ ഞാൻ.!!!...എനിക്കോർക്കാൻ വയ്യ.... വേണ്ട... എനിക്ക് കുഞ്ഞുങ്ങൾ വേണ്ട......എനിക്ക് ധൈര്യമില്ല ബിന്ദു.."
Wednesday, July 22, 2020
Subscribe to:
Post Comments (Atom)
ധന്യമീ ജീവിതം
അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള്‍ ഉറങ്ങിയെന്നുറപ...

-
അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള്‍ ഉറങ്ങിയെന്നുറപ...
-
മരം പെയ്യുന്നു ---------------------- "മനു, നിനക്ക് എന്താണ് അറിയേണ്ടത്? നീ ചോദിക്കുന്നത് പറയാന്‍ എനിക്ക് ബുദ്ധിമുട്ടാ...
-
ഖാദിം ഹുസൈൻ തിരിച്ചുവന്നിരിക്കുന്നു. എനിക്ക് അതൊരു വലിയ ഷോക്ക് ആയിരുന്നു. അയാളുടെ നെഞ്ചിൽ നിന്ന് ഇറ്റിറ്റു വീഴുന്ന രക്തത്തു...
No comments:
Post a Comment