Sunday, January 1, 2017

ഉദ്യാനപാലകർ





'എന്താണ് ഡോക്ടര്‍  പതിവില്ലാത്തൊരു ഗൌരവം ?‘ എന്നു  ചോദിച്ചു കൊണ്ട് ഡോക്ടര്‍ രേഷ്മ അടുത്തേക്കു വന്നപ്പോള്‍ ഡോക്ടര്‍ അനിത  അസ്വസ്ഥതയോടെ പ്രതികരിച്ചു: "വിവരിക്കാനാവാത്ത എന്തൊക്കെയോ മനസ്സില്‍ കിടന്നു പിടയുന്നു.  മനസ്സിന്റെ ഭാഷ വാക്കുകളില്‍ പരിമിതപ്പെടുത്താന്‍ സാധിക്കില്ല'   അതു കേട്ട് രേഷ്മ  പകുതി കളിയായും പകുതി സീരിയസ്സായും  പറഞ്ഞു: "ഈശ്വരാ, വേറെ ലിപി കണ്ടു പിടിക്കേണ്ടി വരുമോ?  മനസ്സ് പറിച്ചുനടാനുള്ള മാര്‍ഗ്ഗത്തെക്കുറിച്ച് നമുക്കൊന്നാലോചിച്ചു നോക്കിയാലോ?  അതോ ഡോക്ടറുടെ റിലേ പോയോ?" ദ്വയാര്‍ത്ഥം തിരിച്ചറിഞ്ഞപ്പോള്‍ അസ്വസ്ഥതയോടെ അവള്‍  പറഞ്ഞു "ഇപ്പോള്‍ എല്ലാത്തിനും പകരം ഉണ്ടല്ലോ, കയ്യില്‍ ബാറ്റന്‍ ഉണ്ട്, പക്ഷെ നിന്നെപ്പോലെ കൈമാറാന്‍ ആളുകള്‍ ഇല്ല"  പൊടുന്നനെ ഒരു അടി കിട്ടിയതുപോലെ തോന്നി രേഷ്മയ്ക്ക്.

രേഷ്മ പോയിട്ടും ഡോക്ടര്‍ അനിത  തന്റെ അസ്വസ്ഥതയെക്കുറിച്ചു തന്നെ ഓര്‍ത്തുകൊണ്ടിരുന്നു. കുറെ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും മനസ്സില്‍ എവിടെയൊക്കെയോ കിടന്നു പിടയുന്നതുപോലെ അവള്‍ക്കനുഭവപ്പെട്ടു .  ആരോ വലിച്ചെറിഞ്ഞുപോയ ഒരു പാവക്കുട്ടിയുടെ ചുണ്ട് കടിച്ചമര്‍ത്തിക്കൊണ്ടുള്ള വിങ്ങിപ്പൊട്ടല്‍ പോലെ, ഒരു തേങ്ങല്‍ ഹൃദയത്തില്‍ നിന്ന് അടര്‍ന്നു വീഴാന്‍ വെമ്പുന്നതുപോലെ തോന്നി. അടുക്കും ചിട്ടയുമില്ലാതെ ഓര്‍മ്മകള്‍ ഒന്നിന്നു മീതെ ഒന്നായി  ചിതറിവീണപ്പോള്‍  അവള്‍ക്കു തല പെരുത്തുവരുന്നത് അറിയാന്‍ കഴിഞ്ഞു. തന്റെ ഫേസ് ബുക്ക്‌ ഫോട്ടോയ്ക്ക് താഴെ 'വികാരം തുടിച്ചു നില്‍ക്കുന്ന മുഖം'  എന്ന ഒരാളുടെ  കമന്റ്‌ കണ്ടപ്പോള്‍ ആണ് മനസ്സ് അസ്വസ്ഥമാവാന്‍ തുടങ്ങിയത്. 'ഇതളുകള്‍ അടര്‍ന്നുവീണ താമരപ്പൂവ്' എന്ന് അതിനുതാഴെ എഴുതിവയ്ക്കാന്‍ തോന്നി.  റോസിനെ സൃഷ്ടിക്കാന്‍ ആര്‍ക്കും കഴിയും. സൂക്ഷ്‌മതയോടെ, ശ്രദ്ധയോടെ, വളര്‍ത്തിയാല്‍ ഒരു റോസ് ഉണ്ടാവും. പക്ഷെ താമര അങ്ങിനെയാണോ? ആരുമാരും ശ്രദ്ധിക്കാന്‍ ഇല്ലാതെ, തീര്‍ത്തും ഒറ്റപ്പെട്ട്, ജലാശയത്തിലെ ചെളിയും പായലും നിറഞ്ഞ സ്ഥലത്ത് വളര്‍ന്നുവന്ന്, പൂജയ്ക്കെടുക്കാൻ കഴിയുന്നത്രയും വിശുദ്ധിയിലേക്ക് എത്തുന്നതിനാല്‍ റോസിലും സുന്ദരം ലോട്ടസ് തന്നെയാണ്. ബാഹ്യമായ സൌന്ദര്യം ആസ്വദിക്കുന്നവന് ഒരുപക്ഷെ രണ്ടു പൂവുകളെയും താരതമ്യപ്പെടുത്തവന്‍ സാധ്യമായി എന്ന് വരില്ല.  അത് കൊണ്ടുതന്നെ, ഏതു പൂവും അവന്റെ മുന്നില്‍ വെറുമൊരു പൂവ് മാത്രമാണ്.  ഇതളുകള്‍ അടര്‍ന്നു വീണാല്‍ ആരുടെയെങ്കിലും കാല്‍പാദത്തിനടിയില്‍ ഞെരിഞ്ഞു അമര്‍ന്നു പോവാന്‍ മാത്രമാണ് അതിന്റെ വിധി.  

തന്നെ ആരെങ്കിലും മുമ്പ് അങ്ങിനെ വിളിച്ചിരുന്നോ? ഓര്‍മ്മയുടെ ഇടനാഴിയില്‍ വീണ്ടും മറ്റൊരു ജാലകം തുറന്നു.  വികാരം തുടിച്ചു നില്‍ക്കുന്ന താമരപ്പൂവ്. അങ്ങിനെയാണ് മനോജ്‌ തന്നെ വിശേഷിപ്പിച്ചത്. എന്നിട്ടവന്‍ ചോദിച്ചു "നിന്നെ ആരെങ്കിലും മുമ്പ് ലോട്ടസ് എന്ന് വിളിച്ചിട്ടുണ്ടോ ?" നോ, നെവര്‍ ഇന്‍ മൈ ലൈഫ്, യു ആര്‍ ദി ഫസ്റ്റ്‌ വണ്‍, പക്ഷെ  ഞാന്‍ നിന്നെ എപ്പൊഴെങ്കിലും മോഹിപ്പിച്ചിട്ടുണ്ടോ? എന്റെ വക്കുകളിലൂടെയോ, നോട്ടത്തിലൂടെയോ, എന്നിട്ടും ‘വികാരം തുടിച്ചു നില്‍ക്കുന്ന‘ എന്ന് നീ എന്തുകൊണ്ട് പറഞ്ഞു.? "സ്ത്രീയെ നോക്കുന്ന പക്വത്വയുള്ള എതൊരു പുരുഷനും അതറിയാന്‍ കഴിയും  എന്റെ കണ്ണുകളിലെ ആഴം സഹിക്കാന്‍ കഴിയാതെ നീ എന്നില്‍ നിന്നും കണ്ണുകള്‍ വലിച്ചെടുക്കുമ്പോള്‍, നിന്റെ ധമനികളിലേക്ക് ഇരച്ചു കയറുന്ന രക്തത്തിന്റെ ചൂട് നിന്നെ പരിഭ്രമിപ്പിക്കുന്നുണ്ടെന്നറിയാൻ എനിക്കു കഴിഞ്ഞിരുന്നു.  നീന്റെ നോട്ടമോ, പ്രവൃത്തിയോ ആരെയും മോഹിപ്പിക്കരുതെന്നു നീ ആഗ്രഹിക്കുന്നതുപോലും, നിന്നില്‍ മോഹഭംഗമുള്ളതു കൊണ്ടാണ്. വികാരങ്ങള്‍ ഉള്ളിലൊതുക്കി, യഥാർത്ഥ്യത്തെ നേരിടാന്‍ കഴിയാതെ ആമയെപ്പോലെ തല വലിയ്ക്കുന്ന സ്വഭാവം സ്ത്രീകളില്‍ ഉള്ളതുകൊണ്ടാണ് നിങ്ങള്‍ക്കിടയില്‍ നിന്ന് ഒരു ക്രിസ്തുവോ ബുദ്ധനോ ഉണ്ടാവാത്തത്."  

പെട്ടെന്ന് തളര്‍ച്ച ബാധിച്ചതു പോലെ തോന്നി.തെല്ലു നേരത്തെ നിശബ്ദതയ്ക്കു ശേഷം ഭ്രാന്തമായ ആവേശത്തോടെ പറയാന്‍ ശ്രമിച്ചു  "നീ എന്തിനാണ് എന്നെയിങ്ങനെ മാനസികമായി പീഡിപ്പിക്കുന്നത്?"  പറഞ്ഞു കഴിഞ്ഞപ്പോളാണ്  തന്റെ ഭാഷ ദയനീയമായിപ്പോയെന്നോർത്തത്. പക്ഷെ അവന്‍ ഒന്നും ഭാവിക്കാതെ പറഞ്ഞു  "ശാരീരികമായി പീഡിപ്പിക്കാന്‍ നീ നിന്നുതരാത്തതു കൊണ്ട്,  നിന്റെ ശരീരം എനിക്ക് സമർപ്പിക്കൂ എങ്കില്‍ ഞാന്‍ നിന്റെ മനസ്സിനെ വെറുതെ വിടാം"   ഒരു നിമിഷം അവനെത്തന്നെ നോക്കിനിന്നു.  പെട്ടെന്ന് കണ്ണുകളില്‍ തീ പടരുന്നതായി അനുഭവപ്പെടാന്‍ തുടങ്ങി. ബാഗില്‍ ഊരിവച്ച കണ്ണട വീണ്ടും ധരിച്ചു കൊണ്ട് അവിടുന്ന് പോവുമ്പോള്‍ പിന്നില്‍ ഒരു പൊട്ടിച്ചിരി ഉയര്‍ന്നതു പോലെ തോന്നി.  ഇപ്പോള്‍ താനിതൊക്കെ എന്തിനോര്‍ക്കണം? അനിതയ്ക്ക് വീണ്ടും അസ്വസ്ഥതയേറി വന്നു. കൺസല്‍ട്ടിംഗ് റൂമിലേക്ക്‌ ഇന്നലെ കടന്നുവന്ന റോസ് എന്നുപേരുള്ള ആ പതിനാലുകാരിപ്പെണ്‍കുട്ടിയാണ് തന്നെ വീണ്ടും ഓര്‍മ്മകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയിരിക്കുന്നത്.  അവള്‍ക്കു തന്നോട് ഒന്നേ പറയാന്‍ ഉണ്ടായിരുന്നൊള്ളൂ "പറ്റിപ്പോയി ആന്റി,  എങ്ങിനെയെങ്കിലും രക്ഷിയ്ക്കണം, ഡാഡി അറിയരുത്, പ്ലീസ്‌"  

റോസ്,  തന്നെ വീണ്ടും ഓര്‍മ്മകള്‍ വലിച്ചുകൊണ്ടുപോവുന്നു. ഒരിക്കല്‍ അവന്‍ തന്നെ നോക്കി പറഞ്ഞു "എന്റെ താമരപ്പൂവേ, ദുഃഖം മാത്രമാണല്ലോ നിനക്കു കൂട്ട്. വിശുദ്ധിയുടെ പര്യായമായ നിനക്ക്, ദൂരെനിന്നു നിന്നെ നോക്കി, തന്റെ സൌന്ദര്യത്തെ വാഴ്ത്തുന്ന ആരാധകന്റെ കൈകളില്‍ എത്തിച്ചേരാനുള്ള ഭാഗ്യമില്ലാതെ പോയല്ലോ.  നീന്തല്‍ വശമില്ലാത്ത ആ രാജകുമാരന്‍ പായലും ചെളിയും മൂടിയ ജലാശയത്തിനരികില്‍ നിന്നെ നോക്കിയിരിക്കുകയാണ്. പക്ഷെ നീ ഇപ്പോഴും ചിന്തിക്കുന്നത് ആ രാജകുമാരന്റെ കൈകള്‍ക്ക് വിശുദ്ധിയുണ്ടോ എന്നു മാത്രമാണ്. നീ റോസായിരുന്നെങ്കിലെന്ന് അവനിപ്പോള്‍ ആഗ്രഹിച്ചു പോവുന്നു.  ചുറ്റിലും ചെറിയ മുള്ളുകള്‍ മാത്രമാണ് റോസിനെ സംരക്ഷിച്ചു നിര്‍ത്താന്‍ ഉള്ളത്. കൈയെത്തിച്ചു നിന്നെ തൊട്ടുതലോടുമ്പോള്‍, ചുറ്റുമുള്ള മുള്ളുകള്‍ അവനെ വേദനിപ്പിക്കാന്‍ ശ്രമിക്കുമായിരിക്കാം. പക്ഷെ,  നീ അവന്റെ അരികിളില്‍  ഇല്ലാത്ത നിമിഷങ്ങള്‍ എല്ലാം ആ മുള്ളുകളുടെ നീറ്റലിന്റെ സുഖമുള്ള വേദനയില്‍ അലിഞ്ഞു ചേര്‍ന്ന് കിടക്കാന്‍ അവന്‍ ആഗ്രഹിക്കും. അപ്പോള്‍  പ്രകൃതിയെ നോക്കി അവന്‍ പറയുമായിരിക്കും  ' ഹേ പ്രപഞ്ചമേ നിന്നിലേയ്ക്കു വര്‍ഷിക്കുന്ന പുതുമഴയുടെ ഗന്ധം എനിക്കേറെ പ്രിയമായിരുന്നു. മേഘങ്ങള്‍ക്കുള്ളില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന ആദ്യ മഴത്തുള്ളി തന്റെ വെള്ളിച്ചിറകുകള്‍ മെല്ലെ വിടർത്തി, ഭൂമിയിലേക്ക്‌ പറന്നിറങ്ങുമ്പോള്‍ ഞാന്‍ ഒരു തുള്ളിയായി അലിഞ്ഞു ചേരുവാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ, ഞാന്‍ ഒരു സ്ത്രീയുടെ തലമുടിയില്‍ തഴുകിയതുമുതല്‍ അവളുടെ സ്വര്‍ണ്ണമുടി ഉരുകി ഒരു സ്വര്‍ണനദിയായി എനിക്ക് ചുറ്റും ഒഴുകി. പ്രപഞ്ചമേ,  സ്ത്രീസൌന്ദര്യത്തിന്റെ പകുതി പോലും നിന്നെ സൃഷ്‌ടിച്ച ശക്തി നിനക്ക് നൽകിയിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ നിന്നെയോര്‍ത്ത് എനിക്ക് ലജ്ജ തോന്നുന്നു.    

 'സ്റ്റോപ്പ്‌ ഇറ്റ്‌'  താന്‍ അറിയാതെ നിലവിളിച്ചു പോയി. പിന്നെ, പൊട്ടിപ്പൊട്ടിക്കരഞ്ഞു. കരച്ചിലിനിടയില്‍ വിതുമ്പിയ വാക്കുകള്‍ മുറിഞ്ഞു മുറിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.  പിന്നെ എങ്ങിനെയൊക്കെയോ ഇത്രയും പറഞ്ഞൊപ്പിച്ചു:  'എന്നെക്കുറിച്ച് ആദ്യമാണ് ഇങ്ങിനെ ഒരാള്‍... എന്റെ മനസ്സിലൂടെ കടന്നു പോവുന്ന പരശ്ശതം ചിന്തകള്‍ അതേ വികാരാവേശത്തോടെ, അതെ ഊഷ്മളതയോടെ ഒരാള്‍ അറിയുന്നത് ആദ്യമായാണ്'  പെട്ടെന്നായിരുന്നു അവന്‍ തന്നെ കടന്നുപിടിച്ചു മാറോടു ചേര്‍ത്തണച്ചത്.  ഉടഞ്ഞു ചിതറിയ ഹൃദയവുമായി അവനില്‍ നിന്നകന്നു മാറാന്‍ കഴിയാതെ വിറച്ചുനിന്നപ്പോള്‍ താന്‍ ചോദിച്ചു കൊണ്ടിരുന്നു  'നീ എന്തിനിങ്ങനെ...ഇങ്ങനെയായിരുന്നില്ല നീ,  ഞാന്‍ അറിയുന്ന നിന്നില്‍ ഇത്രയും പൈശാചികത നിറഞ്ഞിരുന്നില്ല.  എങ്ങിനെയാണ്‌ നിനക്ക് പെട്ടെന്ന് മാറാന്‍ സാധിച്ചത്.?  ദെയർ  ഷുഡ്‌ ബി എ റീസൺ.  തന്റെ കൈകള്‍ അവന്റെ ശരീരത്തോട് ചേര്‍ത്തമര്‍ത്തിക്കൊണ്ടവന്‍ പറഞ്ഞു: ' ഞാന്‍ ഒരു പുരുഷന്‍ ആണെന്നുള്ളത് തന്നെയാണ് റീസണ്‍. പല തരം വികാരവിചാരങ്ങള്‍ കൊണ്ട് സങ്കീര്‍ണമാണ് ഓരോ വ്യക്തിയുടെയും ജീവിതം. വികാരങ്ങളുടെ മാറ്റം അനുസരിച്ച് പ്രവര്‍ത്തനങ്ങളിലും മാറ്റം ഉണ്ടാവുന്നു.   ശാന്തതയും, സമാധാനവും, മാത്രം പുറമേ കാണിക്കുന്ന ഒരാളിന്റെ മനസ്സ് പൂര്‍ണമായും കളങ്കരഹിതമാണെന്ന് പറയുമോ നീ?  ഞാന്‍ പറയും,  അവന്‍ പൂര്‍ണനാവണമെങ്കില്‍ രൌദ്രത കൂടി തന്റെ സ്വഭാവത്തില്‍ കൊണ്ടുവരേണ്ടതായിട്ടുണ്ട്. മനുഷ്യന്‍ പൂര്‍ണ്ണന്‍ ആവണമെങ്കില്‍  അവനില്‍ എല്ലാ വികാരങ്ങളും ഉണ്ടായിരിക്കണം.   നീ എന്നിൽ അത്തരമൊരു  സങ്കീര്‍ണമായ വികാരം ഉണർത്തിയിരിക്കുന്നു. എന്നെ മനസ്സിലാക്ക് പ്ലീസ്‌..എന്നെ ദുഖിപ്പിക്കരുത് പ്ലീസ്‌"

അവന്‍ തന്നെ നോക്കി ദയനീമായി കേണു കൊണ്ടിരുന്നപ്പോള്‍ അലിവുതോന്നി. മഞ്ഞിന്റെ തണുപ്പിലേക്ക് ചൂട് അരിച്ചു കയറുന്നത് പോലെ തോന്നി. എന്റെ മോഹങ്ങളെയും സ്വപ്നങ്ങളെയും അവന്‍ മേച്ചു നടന്നപ്പോള്‍ അനുസരണയുള്ള അശ്വങ്ങളായി അവ പിന്നാലെ ചെന്നു. പിന്നെയവന്‍ ആ അശ്വങ്ങളെ തെളിച്ചു കൊണ്ട് ദൂരെ സ്വപ്നങ്ങള്‍ ഉറങ്ങിക്കിടക്കുന്ന സ്വര്‍ഗ്ഗകവാടത്തിലേക്ക് തന്നെ കൊണ്ടുപോയി.  സന്ധികളെ ഉലയ്ക്കുന്ന വേദനകളില്‍  നിന്നാണ് തിരിച്ചറിവ് ഉണ്ടായത്. എഴുന്നേറ്റു നിന്നു കൈകള്‍ നിവര്‍ത്തി കുടഞ്ഞു അവനോടു പറഞ്ഞു 'എനിക്ക് പനി വരുന്നുണ്ടെന്നു തോന്നുന്നു'  അപ്പോൾ അവന്‍ ചിരിച്ചുകൊണ്ടുപറഞ്ഞത്,  ഒരു പാരസെറ്റമോള്‍ കഴിക്കാനാണ്.  പെട്ടെന്ന് തനിക്കവനോടു വെറുപ്പ്‌ തോന്നി.  വല്ലാത്തൊരു നിസ്സഹായത തന്നിലേക്ക്  അരിച്ചു വന്നു. ഉള്ളിന്റെയുഉള്ളില്‍ നിന്നു ആരോ പറയുന്നതുപോലെ തോന്നി ' ഇതിനു വേണ്ടിയായായിരുന്നുവോ നീ ഇത്രയും കാലം ജീവിച്ചത് ?"  ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു ഹോസ്റ്റല്‍ മുറിയിലേക്ക് നടക്കുമ്പോള്‍ വേദനയോടെ താന്‍ പറഞ്ഞുകൊണ്ടിരുന്നു 'എന്റെ താമരപ്പൂവേ, പായലും ചെളിയും നിറഞ്ഞ ജലാശയത്തില്‍, പ്രകൃതിയുടെ സംരക്ഷണത്തില്‍ മാത്രം വളര്‍ന്നു വന്ന നീന്നെ നീന്തല്‍ വശമില്ലാത്ത ഒരുവന്‍ കവർന്നെടുത്തിരിക്കുന്നു. എത്ര വളര്‍ന്നാലും ഒരു ചുരുട്ടിയ കൈത്തലത്തിനപ്പം വലിപ്പമുള്ള ഒരു പൂ മാത്രമാണ് നീ'  

നിറഞ്ഞ മിഴികളുമായി റോസ് തന്നെ നോക്കി  പറഞ്ഞ വാക്കുകള്‍ ഓർമ്മ വരുന്നു. ‘പറ്റിപ്പോയി ആന്റി.  അവന്‍ ദയനീമായി കേണപേക്ഷിച്ചപ്പോള്‍, മനസ്സലിഞ്ഞു പോയി. പിന്നെ ഒന്നും ഓര്‍ക്കാന്‍ പറ്റിയില്ല. ഇപ്പോള്‍  ദിനവും അവനെക്കുറിച്ച് വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു. ഹി ഈസ്‌ എ ഡെർട്ടി ഡെവിള്‍...’. പച്ച കര്‍ട്ടന്‍ ഇട്ട മുറിയില്‍ നിന്നു കൈകഴുകി പുറത്തു വരുമ്പോള്‍, ആശ്വസിച്ചു ' ഒറ്റപ്പെട്ടു പോയ പൂവേ, നിന്റെ വേദന ഞാന്‍ അറിയുന്നു. നമ്മള്‍ വെറും പൂവുകള്‍ മാത്രമാണ്. നിഴലുകളുടെ ഇരുട്ടിനുള്ളില്‍ കുടുങ്ങിക്കിടക്കാന്‍ വിധിക്കപ്പെട്ടവര്‍. എത്ര വളര്‍ന്നാലും, ചുറ്റും മുള്ളുകള്‍ തീര്‍ത്താലും ഒരു  ചുരുട്ടിയ കൈത്തലം നമുക്ക് മേല്‍  ഭ്രാന്തമായി പടര്‍ന്നു കയറാം. . ആരോടും ഒന്നിനോടും നമുക്ക്  വെറുപ്പില്ല. ചില കണ്ണുകള്‍ക്ക്‌ മുന്നില്‍ നമ്മുടെ  ഇതളുകള്‍ ചതഞ്ഞരഞ്ഞു പോയിട്ടുണ്ടാവാം. ആയിരം ദീപങ്ങള്‍ നമുക്ക് ചുറ്റും ഉദ്യാനമായിയിത്തീരുന്ന കാലമത്രയും നമുക്ക് ചിരിച്ചുകൊണ്ടിരിക്കാം"    

ഡോക്ടര്‍, ഡോക്ടര്‍...ഒരു ആക്സിഡന്റ്റ്.‘ രേഷ്മയുടെ നിര്‍ത്താതെയുള്ള വിളി കേട്ടാണ് ഡോക്ടര്‍ അനിത ചിന്തയില്‍ നിന്നുണര്‍ന്നത്. ‘ഒരു ചെറിയ പെണ്‍കുട്ടിയാണ്. പതിനാലോ പതിനഞ്ചോ പ്രായം വരും. . കാഷ്വൽറ്റി വാര്‍ഡിലേക്കോടുമ്പോള്‍, ഡോക്ടര്‍ അനിത പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു: ‘ഈശ്വരാ, അത് അവളായിരിക്കരുതേ.. അപ്പോഴും ഉദ്ദ്യാനത്തില്‍  ഇതളുകള്‍ വേര്‍പെട്ട ഉടലുമായി അനേകം പൂവുകള്‍ ദയനീയമായി ചിരിച്ചുകൊണ്ട് നില്‍പ്പുണ്ടായിരുന്നു.

2 comments:

  1. കാലം കറുത്ത മുഖമണിയുന്നു സ്നേഹപൂര്‍വ്വം ഒരു കുഞ്ഞുമയില്‍പീലി

    ReplyDelete
  2. ചുറ്റും മുള്ളുകള്‍ കൊണ്ടു പൊതിഞ്ഞു വെച്ചാലും ഒരു കൈ....
    ചിന്തകള്‍പ്പുറത്തേക്ക് വളന്നു കൊണ്ടിരിക്കുന്ന വികൃതമായ മനസ്സുകള്‍ .

    ReplyDelete

ധന്യമീ ജീവിതം

അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള്‍ ഉറങ്ങിയെന്നുറപ...