"തീവണ്ടിയുടെ ജാലകക്കാഴ്ചകളില്‍ മനസ്സ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അപര്‍ണയുടെ മൊബൈല്‍ ഫോണില്‍ മെസ്സേജ് എത്തിയത് : "നീ ചെയ്യാന്‍ പോവുന്ന പ്രവൃത്തിയുടെ അനന്തര ഫലം എന്താവുമെന്ന് നീ ചിന്തിച്ചിട്ടുണ്ടോ? വിവാഹത്തിന് മുമ്പ് അനുഭവിച്ചത് ഏകാന്തതയല്ല എന്ന് ഒരു സ്ത്രീക്ക് ബോധ്യമാവുന്നത് വിവാഹശേഷമാണ്. നീ എം വിളിക്കുന്ന വഴിയെ പോവരുത്. ദയവായി നീ ഓരോ കുരുക്കില്‍ ചെന്ന് തല വെയ്ക്കരുത്." വിദ്യ നായരുടെ സന്ദേശം മൊബൈലിന്റെ മെസ്സേജ് ബോക്സില്‍ വന്നപ്പോള്‍ അപര്‍ണ്ണ പുച്ഛത്തോടെ അതിലേക്കു നോക്കിയിട്ട് മെസ്സേജ് ബോക്സ് ക്ലോസ് ചെയ്തു. പിന്നെ കോണ്ടാക്റ്റ് ബട്ടണ്‍ അമർത്തി എം എന്ന പേരെടുത്ത് അതിലേക്കു നോക്കിക്കൊണ്ടു സ്വയം പറഞ്ഞു: "അടുത്ത ജന്മത്തില്‍ ഞാന്‍ ഒരു പുരുഷനായി ജനിക്കുമെന്ന് നീ കളിയായി പറഞ്ഞതല്ലല്ലോ.
നോക്കിക്കോ അപ്പോള്‍ ഞാനും നിന്നെപ്പോലെയാവും, സ്വതന്ത്രനായി...."
വിവാഹത്തോടെ സ്ത്രീയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. പിന്നെ, അടങ്ങിയൊതുങ്ങി തന്റെ ഇഷ്ടങ്ങളെല്ലാം മറ്റുള്ളവര്‍ക്കുവേണ്ടി ത്യജിച്ചു ജീവിക്കേണ്ട ഒരു അവസ്ഥയിലെത്തുന്നു.. ത്യാഗത്തെ വേണമെങ്കില്‍ സ്നേഹത്തിന്റെ ഒരു ഖണ്‌ഡമായി കാണാം. പക്ഷെ കൂട്ടിലടക്കപ്പെട്ട് നിസ്സഹായതയുടെ ഭാരം പേറി ജീവിക്കേണ്ടി വരുമ്പോള്‍ ഒരു കാരാഗൃഹത്തില്‍ എത്തിപ്പെട്ടതു പോലെയാവില്ലേ? വിവാഹത്തിന് മുമ്പുള്ള ജീവിതം ആസ്വദിക്കണം. അത് ഒരു പ്രതിജ്ഞയാണ്. അതിനു വേണ്ടിത്തന്നെയാണ് എത്രയും പെട്ടെന്ന് വീട്ടില്‍ എത്തിച്ചേരാനുള്ള അച്ഛന്റെ ഫോണ്‍ സന്ദേശം കിട്ടിയിട്ടും എം-നെ കാണാന്‍ താന്‍ പുറപ്പെടുന്നത്. ഇന്നലെയാണ് അച്ഛന്‍ വിളിച്ചത്. ഒരു പക്ഷെ ഇപ്പോള്‍ അച്ഛന്റെ തിരക്കിട്ടുള്ള ഈ വിളി ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലേക്കുള്ള തന്റെ പ്രയാണത്തിന്റെ ആരംഭത്തിനു വേണ്ടിയായിരിക്കാം. പ്രണയത്തില്‍ തുടങ്ങി വിവാഹത്തില്‍ എത്തുന്ന ഒരു ബന്ധത്തെക്കുറിച്ചും താന്‍ ആലോചിച്ചിട്ടില്ല എന്നിട്ടും എം-നെ കണ്ടു മുട്ടിയപ്പോള്‍, കൂടുതല്‍ സംസാരിച്ചപ്പോള്‍, ഇടയ്ക്കെപ്പോഴോ ആ മോഹം
തന്നില്‍ ഉണരുകയായിരുന്നു. ഒരു തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാതെ എപ്പോഴും മാറിമറിയുന്ന മനസ്സ് തന്നെയാണോ പെണ്ണിന്റെ ശാപം?
മൊബൈല്‍ ഫോണില്‍ കോണ്ടാക്റ്റ് പേജില്‍ തെളിയുന്ന ആ പേരിലേക്കു വിളിക്കുമ്പോളെല്ലാം അച്ഛന്‍ തനിക്കു ചെറുക്കനെ അന്വേഷിക്കുന്ന കാര്യം എമ്മിനെ ഉണര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. പലപ്പോഴും കല്യാണക്കാര്യം ചര്‍ച്ചാവിഷയമാകുമ്പോള്‍ എം മൌനത്തിലാണ്ടു പോവുകയും,
അല്‍പ്പനേരത്തിനു ശേഷം എം പരിധിക്കു പുറത്താണ് എന്ന സന്ദേശം മൊബൈല്‍ഫോണ്‍ തനിക്കു നല്‍കുകയും ചെയ്തു കൊണ്ടിരിക്കും. ഏതൊക്കെ നിമിഷങ്ങളില്‍ വിവാഹത്തെക്കുറിച്ചു സംസാരിചിട്ടുണ്ടോ അപ്പോഴൊക്കെ, സ്നേഹിക്കുന്നതിന്റെ ലക്ഷ്യം വിവാഹം കഴിക്കുക മാത്രമല്ലെന്നും വിവാഹമെന്നത് കുറെ കടമകളും ലക്ഷ്യങ്ങളും നിറവേറ്റപ്പെടുന്നതിനു വേണ്ടി മാത്രമുള്ളതാണെന്നും അതുകൊണ്ട് യഥാര്‍ത്ഥ സ്നേഹം വിവാഹത്തിനു മുമ്പുള്ളതാണെന്നും' എം ഉണര്‍ത്തുമായിരുന്നു . എഴുത്തുകാരന്റെ ആ വാക്കുകളെ തനിക്കു തള്ളാന്‍ കഴിയുമായിരുന്നില്ല. കാരണം അക്ഷരങ്ങളാണ് തന്റെ സ്വപ്നങ്ങള്‍ക്കു നിറം നല്‍കിക്കൊണ്ടിരിക്കുന്നത്. പിന്നെപ്പിന്നെ എം പറയുന്നത് കേള്‍ക്കാനായി കൊതിക്കാന്‍ തുടങ്ങി മനസ്സ്. മനുഷ്യന്‍ എത്രതന്നെ ചിന്താശീലനാണെങ്കിലും സ്നേഹമെന്ന വികാരം നിറയുമ്പോള്‍ സ്ത്രീയും പുരുഷനും കേവലം വികാരങ്ങളുടെ സങ്കേതം മാത്രമാവുന്നു. ഹൃദയത്തില്‍ ആദ്യമായി സൌഹൃദം എന്ന വികാരം പടര്‍ത്തിയതും വാക്കുകള്‍ കൊണ്ട് തന്റെ ശരീരത്തിലെ രക്തവാഹിനികളില്‍ വികാരതീവ്രമായ ഉഷ്ണപ്രവാഹം ഉണ്ടാക്കിയതും എം ആയിരുന്നു. എം എന്ന അക്ഷരം ആദ്യമായി തന്റെ മൊബൈല്‍ ഫോണിന്റെ കോണ്ടാക്റ്റ് നമ്പറില്‍ ഒന്നായി മാറിയതിനു കാരണം ഇതുപോലെ ഒരു തീവണ്ടിയാത്രയായിരുന്നു. ഒരിക്കൽ, തീവണ്ടിയിലെ ശയ്യാതലത്തിലിരുന്ന്, ജീവിതത്തിലെ ഇനിയും പൂര്‍ത്തിയാകാത്ത വികാരങ്ങള്‍ക്ക് ഓര്‍മകളിലൂടെ ജീവന്‍ കൊടുക്കാന്‍ തുനിയവെയായിരുന്നു രണ്ടു കണ്ണുകള്‍ തന്നെ സഹശയനത്തിനു ക്ഷണിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടത്. ആദ്യം ആ കണ്ണുകളിലെ തിളക്കം അസ്വസ്ഥതയുണ്ടാക്കിയെങ്കിലും, പിന്നീടു തറപ്പിച്ചൊന്നു നോക്കിയപ്പോള്‍ തല താഴ്ത്തിപ്പോവുന്ന പുരുഷനിലെ ധൈര്യമോർത്ത് താന്‍
ചിരിച്ചുപോവുകയായിരുന്നു. സംസാരമദ്ധ്യേ അയാള്‍ ഒരു എഴുത്തുകാരനാണെറിഞ്ഞത് അയാളെ കൂടുതലറിയാന്‍ ഉത്സാഹിപ്പിച്ചു. എഴുത്തുകാര്‍ എന്നും തന്റെ ആരാധനാപാത്രങ്ങള്‍ ആയിരുന്നുവല്ലോ. ആദ്യത്തെ ഉപചാര വാക്കുകള്‍ക്കുശേഷം ചോദ്യങ്ങള്‍ക്കു തുടര്‍ച്ച നല്‍കിയത് താന്‍ തന്നെയായിരുന്നു.
"ഒരു പാട് കണ്ണുനീരും സ്വപ്നങ്ങളും നിറഞ്ഞ താങ്കളുടെ പുതിയ കഥകളൊന്നും വായനക്കാരിലേക്ക് എത്തുന്നില്ലല്ലോ, എന്തുപറ്റി.? കഥകളുടെ ഭണ്ടാരം ആരെങ്കിലും കുത്തിത്തുറന്നുവോ?"
‘തുറക്കാന്‍ പറ്റാത്ത താഴിട്ടാണ് ഞാന്‍ പൂട്ടിയിട്ടുള്ളത്. ആര്‍ക്കുമത്
എളുപ്പത്തില്‍ തുറക്കാന്‍ പറ്റില്ല.. ചിലപ്പോള്‍ എനിക്കുപോലും..‘
"അപ്പോള്‍ താക്കോല്‍ തിരഞ്ഞു നടക്കുവാണോ.? അതോ, അത് കളഞ്ഞുപോയോ? "
‘ഞാന്‍ തുറക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ ഈയിടെയായി ശ്രമം വിജയിക്കാത്തതു പോലെ. ഓരോ ശ്രമവും എന്നെ എഴുത്തില്‍ നിന്നു പിന്തിരിപ്പിക്കുന്നു.. ഓരോ നിമിഷവും ജീവിതം തീര്‍ന്നു പോവുന്നതുപോലെ തോന്നുന്നു. മരണത്തിലേയ്ക്ക് അടുക്കുന്നതു പോലെ...’
"താങ്കള്‍ മനസ്സിന്റെ വാതിലില്‍ നിന്നു കിതയ്ക്കാതെ. കണ്ണു തുറക്ക്. അപ്പോള്‍ ശ്രമം വിജയിക്കും" സംസാരം വഴി തിരിച്ചുവിടാനായി പിന്നീട് താന്‍ ഓണത്തെക്കുറിച്ചും അന്യംനിന്നു പോവുന്ന ആഘോഷങ്ങളെക്കുറിച്ചുമെല്ലാം സംസാരിച്ചു. പക്ഷെ അതും എഴുത്തുകാരന്റെ തത്ത്വചിന്താപരമായ വാക്കുകളുടെ ഗതി മാറ്റാന്‍ സഹായകമായില്ല.. അദ്ദേഹം വീണ്ടും തുടര്‍ന്നു
"ജീവിതം ഒരു തടവറയല്ലേ, അവിടെ ആഘോഷങ്ങള്‍ക്ക് എന്തു പ്രസക്തി? ഇരുട്ടില്‍ കണ്ണു തുറന്നിട്ടും കാര്യമില്ല. ഒന്നും കാണില്ല.. "
"താങ്കളുടെ മുന്‍ എഴുത്തില്‍ കാണാന്‍ കഴിഞ്ഞ യാത്രകള്‍ വീണ്ടും തുടരൂ. യാത്രകള്‍ മനസ്സിന്റെ കണ്ണു തുറപ്പിക്കും, തടവറകളില്‍ നിന്നും പുറത്തുകടക്കാന്‍ പിന്നെ എളുപ്പമായിരിക്കും. മനസ്സിന്റെ ഇടനാഴികളില്‍ കഥകളുടെ ബീജസങ്കലനം യഥേഷ്ടം നടക്കും"
‘എന്റെ ദുഃഖം, കഥകളിലെ എന്റെ പുരുഷകഥാപാത്രങ്ങള്‍ എപ്പോഴും അസ്വസ്ഥരാണെന്നുള്ളതാണ്. അവര്‍ക്ക് ധൈര്യം കൊടുക്കാന്‍ എനിക്ക് കഴിയുന്നില്ല.. അതില്‍ നിന്നുള്ള മോചനമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ കഥാപാത്രത്തെ പുതിയ യുഗത്തിന്റെ പ്രതിനിധിയാക്കണം. പക്ഷെ എന്റെ മനസ്സ് എപ്പോഴും സഞ്ചരിക്കുന്നത് സ്ത്രീയ്ക്കൊപ്പമാണ്, അവളുടെ വിലാപങ്ങളും വിഷാദം നിറഞ്ഞ ജീവിതമാണ് എന്റെ കഥകള്‍ക്കാധാരം.. എനിക്ക് ഇനി സ്ത്രീ കഥാപാത്രങ്ങളെത്തേടിയുള്ള അലച്ചില്‍ നിര്‍ത്തണം എന്നു തോന്നിത്തുടങ്ങിയിട്ടുണ്ട്. അങ്ങനെയൊരു തീരുമാനത്തില്‍ എത്തിയപ്പോളാണ്, ഞാന്‍ തടവറക്കുള്ളിലെത്തിപ്പെട്ടത്. ഞാന്‍ എഴുതിത്തുടങ്ങരുതായിന്നു എന്നിപ്പോള്‍ തോന്നുന്നു. കാരണം എനിക്കിപ്പോള്‍ ആരും ഇല്ലാതായി."
അദ്ദേഹം പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞാന്‍ കുറെ നേരം ചിന്തിച്ചിരുന്നു. അദ്ദേഹത്തിന്റെ ദുഃഖം നിലനില്‍പ്പിന്റേതാണോ അതോ ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണോ എന്ന് എനിക്കു മനസ്സിലായില്ല. ജീവിക്കണമെങ്കില്‍, കൂട് തുറന്നു ലോകത്തിന്റെ വിശാലതയിലെത്തണം. അല്ലെങ്കില്‍ നഷ്ടസ്വപ്ങ്ങളെക്കുറിച്ചുള്ള വിലാപമായിത്തീരും ജീവിതം എന്ന് അദ്ദേഹത്തോടു പറയാന്‍ തോന്നി. പക്ഷെ അതു പറഞ്ഞാല്‍ തന്റെ സംസാരം, ചിലപ്പോള്‍ ആ മനസ്സിന്റെ കോണില്‍ ഒരു പോറലുണ്ടാക്കുകയില്ലേ എന്നോർത്തപ്പോൾ, വേണ്ടെന്നു വെയ്ക്കുകയായിരുന്നു. നഷ്ടങ്ങളില്‍ മാത്രം ജീവിക്കുന്ന ഒരാൾക്ക് മുന്നോട്ടുള്ള ജീവിതത്തിനു കുറച്ചു പ്രയത്നിക്കേണ്ടി വരും. താനിപ്പോള്‍ ജീവിക്കുന്നതു തന്നെയാണ് യഥാര്‍ത്ഥ ജീവിതം എന്ന വ്യാജസന്ദേശം നല്‍കി, സ്വന്തം മനസ്സിനെ നിശ്ചലമായ ഒരു അവസ്ഥയിലെത്തിക്കേണ്ടി വരും. ഒരിക്കല്‍ താനും ഇങ്ങനെ നഷ്ടങ്ങളില്‍ ജീവിക്കുകയായിരുന്നില്ലേ.? പക്ഷെ കൂടു തുറന്ന് ആകാശത്തിന്റെ വിശാലതയിലെത്തിയപ്പോള്‍...പിന്നെ എല്ലാം അറിയണമെന്നു തോന്നി.. ഇനിയും അറിയാന്‍ പലതുമുണ്ട്. തന്റെ ചിന്തകള്‍ മുറിഞ്ഞത് അദ്ദേഹത്തിന്റെ ഒരു മറുചോദ്യം കേട്ടാണ്. “ആയുസ്സ് ഒന്നിനും വേണ്ടി കാത്തുനില്‍ക്കില്ല അല്ലേ ?" എന്നായിരുന്നു അത്. പിന്നെ എന്തോ ആലോചിച്ചതിനു ശേഷം അദ്ദേഹം വീണ്ടും പറഞ്ഞു "ജീവിതത്തിലെ ആഗ്രഹങ്ങള്‍ വെറുതെ എരിഞ്ഞു തീരട്ടെ എന്നു കരുതാന്‍ വയ്യ." ഈയൊരു വാക്യം തന്റെ ചിന്തകളുമായി കൂട്ടി മുട്ടുന്നതായിരുന്നു. തനിക്കും ആഗ്രഹങ്ങളുണ്ട്. മനസ്സിന്റെ ആഗ്രഹങ്ങള്‍ മാത്രമല്ല അത്. മറിച്ച് ശരീരത്തിന്റെ കൂടെ ആഗ്രഹമാണ്.. ഒരു പുരുഷന്റെ തണല്‍പറ്റി, വിയര്‍പ്പില്‍ കുളിച്ചു കിടക്കുന്ന ഒരു സ്ത്രീയാവാന്‍ കൊതി തോന്നിയത് ഏതോ ഇംഗ്ലീഷ് മൂവി കണ്ടപ്പോളായിരുന്നു. ഇത്തരം ചിന്തകള്‍ അപകടമാണെന്ന് ഉപബോധ മനസ്സ് ഉണര്‍ത്തിയപ്പോള്‍ പോലും ശരീരം അതിനു വേണ്ടി കൊതിക്കുന്നതായി തനിക്കു തോന്നിയിരുന്നു. പിന്നെയും അദ്ദേഹത്തോട് എന്തൊക്കെയോ സംസാരിച്ചു. അന്നത്തെ യാത്ര അവസാനിക്കുമ്പോള്‍ എം എന്ന പേര് തന്റെ മൊബൈല്‍ സ്ക്രീനിലേക്കെത്തി. പിന്നീട് ഒരു തരം ഉന്മാദത്തോടെ, ആവേശത്തോടെ ആ മിഴികളില്‍ കണ്ട ലഹരിയുടെ തിളക്കത്തിലൂടെ എം തന്റെ ഹൃദയത്തിന്റെ സ്ക്രീനില്‍ തെളിഞ്ഞു വരാന്‍ തുടങ്ങി. തങ്ങളുടെ സംസാരം പതിയെപ്പതിയെ തേങ്ങലൊതുക്കുന്ന മനസ്സിനു ചുറ്റും
തേന്‍കിട്ടാശലഭമായി പറന്നു നടന്നു. പിന്നീട് എപ്പോഴോ സംസാരമദ്ധ്യേയാണ് ഒരിക്കല്‍ക്കൂടി കാണണമെന്ന് ആഗ്രഹം തോന്നിയത്. പക്ഷെ, ആ കാണല്‍ വെറും ഓർമ്മപുതുക്കല്‍ മാത്രമാവരുത്. അതിനുമപ്പുറം, ജീവിതത്തില്‍ എന്നുമെന്നും ഓര്‍ക്കാന്‍ കഴിയുന്ന ഒന്നാവണം എന്നുകൂടി എം പറഞ്ഞപ്പോള്‍ തികച്ചും അര്‍ത്ഥമില്ലാത്ത ഒരു വാചകം കേട്ടതുപോലെ തോന്നി. പൊട്ടിച്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അത് കേട്ട് എം തുടര്‍ന്നു "ഞാന്‍ മാത്രമാവുന്ന എന്റെ സ്വകാര്യ നിമിഷങ്ങളില്‍ എന്റെ മനസ്സ് നിന്നെത്തേടി പോവുന്നു. പിന്നെപ്പിന്നെ മടുപ്പുളവാക്കുന്ന എന്റെ തടവറജീവിതം നീയുമായി ശയിക്കുന്നു. പിന്നെ എന്റെ കിടക്കവിരിയില്‍ മഞ്ഞപ്പാടുകള്‍ അവശേഷിക്കുവോളം നീ ലഹരിയായി എന്നില്‍ പടര്‍ന്നു കയറുന്നു.." അപ്പോള്‍ പൊടുന്നനെ താന്‍ ചോദിച്ചത് ഇങ്ങിനെയായിരുന്നു. "എന്നെ പ്രാപിക്കണമെന്നു തോന്നുന്നുണ്ടോ ഇപ്പോള്‍.?" അദ്ദേഹം ഞെട്ടിയിരിക്കണം.. അല്ലെങ്കില്‍ ധൈര്യം ചോര്‍ന്നു പോയ ഒരു പുരുഷനായിത്തീര്‍ന്നിര്‍ക്കണം. പെണ്ണ് മാന്‍പേട പോലെയാവുമ്പോള്‍ മാത്രമാണ് പുരുഷന്‍ ധീരനാവുന്നത്. സ്ത്രീ ഒന്നു പൊട്ടിത്തെറിച്ചാല്‍ ചോര്‍ന്നുപോവുന്നതാണ് പുരുഷന്റെ ധൈര്യം.!
വിദ്യനായരുടെ മൊബൈല്‍ സന്ദേശം വീണ്ടും ഓര്‍മയിലെത്തി.. താന്‍ ചെയ്യാന്‍ പോവുന്ന പ്രവൃത്തിയുടെ അനന്തരഫലത്തെക്കുറിച്ച് തന്നില്‍ ബോധം നിറയ്ക്കുകയാണവള്‍. മെഡിക്കല്‍ സ്റ്റോറില്‍ നിന്നോ അല്ലെങ്കില്‍ ഏതെങ്കിലും കടയില്‍ നിന്നോ വാങ്ങി കയ്യിലുള്ള ബാഗില്‍ സൂക്ഷിക്കാവുന്ന ഒരു കവര്‍ കൊണ്ടു മൂടിവെയ്ക്കാവുന്നതേയുള്ളു അനന്തരഫലം. ഇനി അഥവാ താന്‍ മറ്റൊരാളിന്റെ താലിച്ചരടിനുള്ളില്‍ കുരുങ്ങിക്കിടന്നാലും, ജീവിതത്തില്‍ എന്നുമെന്നും ഓര്‍ക്കാന്‍ എന്തെങ്കിലുമൊക്കെ ഉണ്ടാവുന്നത് നല്ലതല്ലേ.? ഒരു പക്ഷെ, തന്റെ വിവാഹജീവിതത്തിലേയ്ക്കു വരുന്ന വ്യക്തിയുടെ കൂടെ ശയിക്കുമ്പോള്‍...തന്നിലെ ജഡാവസ്ഥയാണ് അയാള്‍ ആഗ്രഹിക്കുന്നതെങ്കില്‍, സു
നിറഞ്ഞ മനസ്സോടെ, സുഖമുള്ള ഓര്‍മകളോടെ, എം എന്ന എഴുത്തുകാരന്റെ വിയര്‍പ്പിന്റെ മണം പേറി വീടെത്തുമ്പോള്‍, ഏകാന്തതയുടെ ഭാരം തന്നില്‍ നിന്നകന്നു പോയതായി അപര്‍ണയ്ക്കു തോന്നി.. ആദ്യമായി തനിയ്ക്ക് ആരൊക്കെയോ ഉള്ളതുപോലെ.. തന്റെ ചുറ്റും തന്നെ സ്നേഹിക്കുന്ന കുറേപ്പേർ ഉള്ളതുപോലെ അവള്‍ക്കു തോന്നാന്‍ തുടങ്ങി. അപര്‍ണ മനസ്സിലാക്കിയത് ശരിയായിരുന്നു..അവള്‍ക്കായി കാലം കാത്തിരിക്കുന്നുണ്ടായിരുന്നു; കത്തുന്ന കണ്ണുകളുമായി...
ആ സമയം എം എന്ന എഴുത്തുകാരൻ തന്റെ 'ന്യു ജനറേഷൻ അപകടങ്ങൾ' എന്ന കഥയുടെ ക്ലൈമാക്സിൽ ഇങ്ങിനെ ഒരു പാരഗ്രാഫ് കൂടി എഴുതി ചേർത്തകൊണ്ടു കഥ അവസാനിപ്പിക്കുകയായിരുന്നു. "മൊബൈലിൽ പതിഞ്ഞ അവളുടെ ശയനദൃശ്യങ്ങളിൽ തെളിഞ്ഞ നഗ്നശരീരത്തിന്റെ വ്യത്യസ്തപോസുകളിലേക്കു നോക്കി അയാൾ പൊട്ടിച്ചിരിച്ചു. ആ ചിത്രങ്ങളിലെവിടെയും തന്റെ മുഖമില്ല എന്നുറപ്പു വരുത്തിയ ശേഷം തന്റെ മൊബൈലിലേക്ക് അവ അപ്‌ലോഡ് ചെയ്തു. ആ കാഴ്ചകള്‍ പലര്‍ക്കും ആശ്വാസമാവുന്ന തോര്‍ത്ത് അയാള്‍ മനസ്സില്‍ പറഞ്ഞു : "അടുത്ത ജന്മത്തിലെങ്കിലും നീ ഒരു പുരുഷനായി ജനിക്കണം.അപ്പോള്‍ നിനക്കും എന്നെപ്പോലെ സ്വതന്ത്രനായി.."......"

പുതുമ ........മനോഹരമായി
ReplyDeleteഒരു നേര്‍കാഴ്ച ... അഭിനന്ദങ്ങള്‍ സുഹൃത്തേ ..
ReplyDeleteന്യൂ ജനറേഷന് അപകടങ്ങള്‍
ReplyDeleteNalla effort...
ReplyDeletekollam
ReplyDelete