Tuesday, June 12, 2012

കഥ ഇതുവരെ




മടുപ്പ് തോന്നിപ്പിക്കുന്ന ദൈനംദിന ജീവിതത്തിലെപ്പോഴോ അര്‍ദ്ധവിരാമമിട്ട പഴയ പതിവുകള്‍ വീണ്ടും തുടങ്ങിവെച്ചത് ഈയിടെയാണ്. ആ സമയത്ത് പതിവായി ആസ്വദിച്ചിരുന്ന ഒന്നായിരുന്നു വൈകുന്നേരങ്ങളിലുള്ള നടത്തം. കടല്‍ക്കരയിലൂടെ,  ഏകനായി കൈ വീശി,  കടലില്‍ നിന്നു കരയിലേക്കു വീശുന്ന കാറ്റിനെ ജയിച്ചു മുന്നേറാന്‍ ഒരു പ്രത്യക സുഖമാണ്. ചുറ്റിനും കണ്ണോടിച്ചു മനസ്സില്‍ അസംഖ്യം ചിത്രങ്ങള്‍ രൂപപ്പെടുത്തി സ്വകാര്യ സ്വപ്നങ്ങളില്‍ കൂടിയുള്ള യാത്ര...അങ്ങിനെയുള്ള ഒരു യാത്രയിലാണ് ഞാന്‍ ആ ശബ്ദം കേട്ടത് .

" ഞാന്‍ പിടിക്കപ്പെട്ടു ..ഞാന്‍ പിടിക്കപ്പെട്ടു...."

അന്തരീക്ഷത്തില്‍ ഉയര്‍ന്നു പൊങ്ങിയ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ നടത്തം നിര്‍ത്തി. . നങ്കൂരമിട്ടിരിക്കുന്ന ഉല്ലാസനൌകകള്‍ക്കടുത്ത് എവിടെയോ നിന്നാണ് ആ ശബ്ദം വരുന്നതെന്നു തോന്നി. ഞാന്‍ പതുക്കെ അങ്ങോട്ടുനടന്നു. രണ്ടു നൌകകള്‍ക്കിടയിലായി ഒരു കൊച്ചുവഞ്ചി കിടക്കുന്നുണ്ട്. കടലിലെ തിരമാലകള്‍ വഞ്ചിയെ ഒരു പ്രത്യേക താളക്രമത്തില്‍ ചലിപ്പിക്കുന്നുണ്ട്. ആ വഞ്ചിയില്‍ നിന്നാണ് ശബ്ദം കേള്‍ക്കുന്നത്. ഞാന്‍ നോക്കുമ്പോള്‍ ആ വഞ്ചിയില്‍ മുപ്പതുകാരന്‍ എന്ന് തോന്നിപ്പിക്കുന്ന ഒരു യുവാവ്‌ ഇരിക്കുന്നു. വളരെ പ്രാകൃതമായ വേഷമാണ് അയാളുടേത്. വെളുത്ത ജുബ്ബ പോലെയുള്ള ഒരു കുപ്പായമാണ് അയാള്‍ ധരിച്ചിരിക്കുന്നത്. ഞാന്‍ അയാളുടെ അടുത്തുചെന്ന് ചോദിച്ചു.

"നിങ്ങള്‍ എന്താണ് പറഞ്ഞു കൊണ്ടിരിക്കുന്നത്? ആര് പിടിക്കപ്പെട്ടു എന്നാണ് പറയുന്നത്?"

അയാള്‍ ക്രൂരമായി എന്നെ നോക്കി. തെല്ലു പതര്‍ച്ചയോടെ ഞാന്‍ പിന്നോട്ട് മാറി. അപ്പോള്‍ അയാള്‍ തന്റെ സുന്ദരമായ മുഖത്ത് അതിലും സുന്ദരമായ ഒരു ചിരി വരുത്തിക്കൊണ്ട് എന്നോടു പറഞ്ഞു

"എന്നെ അവള്‍ പിടിച്ചു. എന്നെ അവള്‍ അറിഞ്ഞു.. എന്നെ അവള്‍ മനസ്സിലാക്കി."
.
"ഇയാള്‍ക്ക് എന്തെങ്കിലും മാനസികരോഗമാണോ? അതോ സിനിമ തലയ്ക്കു പിടിച്ച ഒരു ഭ്രാന്തനാണോ ഇയാള്‍?" എന്റെ ചിന്തകള്‍ ചിതല്‍പ്പുറ്റുകളെപ്പോലെ വ്യാപിക്കുന്നതിനു മുന്നേ അയാള്‍ പറഞ്ഞു:  "എനിക്ക് ഭ്രാന്തൊന്നുമില്ല. ഞാന്‍ ഒരു കഥാകൃത്താണ്. എന്റെ എഴുത്തുകളധികവും രൂപപ്പെട്ടത് ഈ കടല്‍ത്തീരത്തു നിന്നാണ്. ഇന്ന് ഞാനൊരു കഥ എഴുതുകയായിരുന്നു. അപ്പോള്‍ കഥയില്‍ നിന്ന് എന്റെ കഥാപാത്രം ഇറങ്ങിവന്ന് എന്നോടു സംസാരിക്കാന്‍ തുടങ്ങി. കഥ എഴുതുന്നതിനു മുമ്പ് ഞാന്‍ വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു. എന്റെ ദേഹമാകെ മരവിച്ചതു പോലെയായിരുന്നു. പെരുവിരലില്‍ നിന്നു തുടങ്ങി ശിരസ്സിലേക്കെത്തുന്ന ഒരു വേദന എന്നില്‍ പടര്‍ന്നുകൊണ്ടിരുന്നു. ദുരന്തങ്ങളും ഭീതി നിറഞ്ഞ അന്തരീക്ഷവും, നിരായുധനായ ഒരു മനുഷ്യന്റെ പൊട്ടിപ്പിളര്‍ന്ന തലയുടെ ദൃശ്യങ്ങളും എന്നിലെ മനുഷ്യനെ ഇല്ലാതാക്കിയെന്ന് ഞാന്‍ അറിയുകയായിരുന്നു. ഞാന്‍ കാണുന്നതും, ചിന്തിക്കുന്നതും, എന്റെ സിരകളിലുമെല്ലാം ഒന്നുമാത്രമായിരുന്നു; ചോര, കട്ടപിടിച്ച ചോര.! അധികാരത്തിന്റെ ഇടനാഴികളിലെ ചോരക്കൊതിയന്മാരുടെ മടിശ്ശീലക്കിലുക്കം എന്നെ ഭീതിപ്പെടുത്തി.  അപ്പോള്‍ മുതല്‍ എനിക്കു മനസ്സിലാവാന്‍ തുടങ്ങി, ഇനിയെനിക്ക് ഒന്നുമെഴുതാന്‍ കഴിയില്ലെന്ന്. എന്നിലെ കഥാകാരന്‍ മരിച്ചു പോയിരിക്കുന്നു. കാരുണ്യരൂപിയായ കടല്‍ നിനച്ചിരിക്കാതെ രൌദ്രഭാഭാവം എടുത്തണിഞ്ഞിരിക്കുന്നു. തിരമാലകള്‍ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ ഞാന്‍ എഴുതിത്തുടങ്ങിയ എന്റെ "കഥയില്‍നിന്ന്" അവള്‍ ഇറങ്ങിവന്നതു മുതല്‍ എനിക്കു ചുറ്റും പ്രകാശം പരന്നു. അവളൊരിക്കലും എനിക്കൊരു കൂട്ടായിത്തീരുമെന്ന് പ്രതീക്ഷിച്ചതല്ല. അവളെ എനിക്കു കിട്ടിയത് ഒരു അത്ഭുതമായി തോന്നുന്നു. എന്റെ 'കഥയിലെ' നായകന്‍ അവളോട്‌ പറയാന്‍ തുടങ്ങുകയായിരുന്നു "അദൃശ്യമായ നിന്റെ കൈകള്‍ എന്നെ വാരിപ്പുണരുന്നു. ആ മാന്ത്രികവിരലുകള്‍ നീണ്ട നാരുകളെപ്പോലെ എന്നെ ബന്ധിതനാക്കി യിരിക്കുന്നു. ഞാനിപ്പോള്‍ ഒരു പഞ്ഞിത്തുണ്ട് പോലെ അന്തരീക്ഷത്തില്‍ ഒഴുകിനടക്കുകയാണ്. നിന്റെ മൃദുലമായ കൈകള്‍ക്കുള്ളില്‍ അമർന്നിരിക്കാന്‍ എനിക്കു ഭാഗ്യമില്ല. ഞാന്‍ നിസ്സംഗനാണ്, നിര്‍വികാരനാണ്. മരണം ബാക്കിവെച്ചുപോയ ചില അടയാളങ്ങള്‍ മാത്രമാണ്‌ എന്നില്‍ അവശേഷിക്കുന്നത്. ഏതെങ്കിലും കഥയ്ക്കുള്ളില്‍ ഞാന്‍ അകപ്പെട്ടുപോയാല്‍ പിന്നെ എനിക്കു ജീവിതമില്ല. ആ കഥയില്‍ ഞാന്‍ മരിച്ചിരിക്കും,"  അപ്പോഴാണ് അവള്‍ കഥയില്‍ നിന്നിറങ്ങിവന്ന് എന്നോടു സംസാരിച്ചത് .  "എന്തിനാണ് നീ നായകനെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്.?  അവനു നീ ധൈര്യം കൊടുക്കണം. ഒരു പെണ്ണിനെ സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള ധൈര്യം."

ഞാന്‍ അവളോട്‌ പറഞ്ഞു: "അവനു ധൈര്യമില്ലാത്തത് ഒരു മുസ്ലിം പേര് ഉണ്ടായതു കൊണ്ടാണ്. ഹിന്ദുവായ നിന്നെ അവനു മനസ്സുകൊണ്ട് സ്നേഹിക്കാം. അവനു നിന്നോട് പ്രണയാഭ്യര്‍ത്ഥന നടത്താം. പക്ഷെ അതറിയുന്നതോടുകൂടി സമൂഹം അവനെ തീവ്രവാദിയെന്നു മുദ്രകുത്തും. ഹിന്ദുവിനെ സ്നേഹിച്ചു മതപരിവര്‍ത്തനം നടത്തുന്ന ഒരു മതഭ്രാന്തന്‍ എന്ന് വിളിക്കുമവനെ. അതു കാരണം അവനു സമൂഹത്തെ പേടിയാണ്. അധികാരവര്‍ഗത്തെ പേടിയാണ്. നിയമപാലകരെ പേടിയാണ്. അങ്ങിനെയുള്ള ഒരാളിന് എങ്ങനെ ധൈര്യം ഉണ്ടാവും? അതുകൊണ്ട് എന്റെ നായകന് ധൈര്യമില്ല. നിര്‍വികാരത മാത്രമാണ് അവനെ നയിക്കുന്നത്." ഞാന്‍ പറഞ്ഞതുകേട്ട് ദേഷ്യത്തോടെ എന്റെ നേര്‍ക്ക്‌ നോക്കി. എന്നിട്ട് പറയാന്‍ തുടങ്ങി.
"എഴുത്തുകാരാ, നീ കള്ളനാണ്. നീ തന്നെയല്ലേ കഥയിലെ നായകന്‍.? എന്നിട്ട് വെറുതെ എന്തിനു നീ നിഷ്കളങ്കതയുടെ മൂടുപടമെടുത്തണിയുന്നു? ഒന്നുമറിയില്ലെന്ന നിന്റെ ഭാവം എന്നെ ചിരിപ്പിക്കുന്നു. നീ സംസാരിക്കുന്നതുകേട്ടാല്‍ ഏതു പെണ്‍കുട്ടിയും വിശ്വസിച്ചുപോവും. പാവം പെണ്‍കുട്ടികള്‍.. അവര്‍ ഹൃദയം കൊണ്ട് ചിന്തിക്കുന്നു. നീ കഥയിലൂടെ എന്നോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ പോലും നിന്നെ വിശ്വസിച്ചുപോയി. പക്ഷെ എനിക്ക് നീ വിവേചനബുദ്ധി ആദ്യമേ നല്‍കിയിരുന്നു. നിന്റെ കഥാപാത്രം വെറും ഹൃദയം കൊണ്ട് ചിന്തിക്കുന്ന ഒരാളായി മാറരുത് എന്ന് വാശിയുള്ളതുപോലെയാണ് നീ എന്നെ രൂപപ്പെടുത്തിരിക്കുന്നത് അതെനിക്ക് ഉപകാരമായി. നീ എന്നെ സ്നേഹിക്കുന്നതുപോലെ അഭിനയിക്കുകയായിരുന്നു. നിനക്ക് എവിടെ സ്നേഹം? എത്രയെത്ര പെണ്‍കുട്ടികളുടെ കണ്ണുനീരാണ് നിന്റെ കഥകളില്‍ നീ കുത്തി നിറച്ചിരിക്കുന്നത്.?"

എനിക്ക് എന്റെ കഥാപാത്രത്തോട് പെട്ടെന്നൊരു ആരാധന തോന്നി. എന്റെ അസ്തിത്വത്തെക്കുറിച്ച് ഒരാള്‍ സംസാരിച്ചുകേള്‍ക്കുന്നത് ആദ്യമായിരുന്നു. എന്റെ കഥകളിലൂടെ ഞാന്‍ എത്രയോ കാലമായി എന്നെ തേടുന്നു. പക്ഷെ, എനിക്കൊരിക്കലും എന്നെ കണ്ടെത്താന്‍ ഭാഗ്യമുണ്ടായിട്ടില്ല. ഞാന്‍ അവളോട്‌ പറഞ്ഞു  "നിനക്ക് എന്റെ കൂട്ടുകാരിയായിക്കൂടേ,? നിന്റെ സൌഹൃദം എന്റെ ജീവിത്തിനു പുതിയ അര്‍ഥങ്ങള്‍ തരും"  പൊടുന്നനെ അവളുടെ കൈവിരലുകള്‍ എന്റെ നെറ്റിയില്‍ തടവിക്കൊണ്ടിരിക്കുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു  അപ്പോള്‍ വര്‍ഷത്തിലെ ആദ്യ മഴ കൊണ്ടിട്ടെന്നപോലെ ഞാന്‍ കോരിത്തരിച്ചു പോയി.  സ്വച്ഛവും സുന്ദരവുമായ സ്വപ്നത്തിലെന്ന പോലെ പാതിയടഞ്ഞ മിഴികളില്‍ക്കൂടി ഞാന്‍ അവളെ കണ്ടു. അവള്‍ ചുണ്ടുകള്‍ എന്റെ ചെവിയോടു ചേര്‍ത്തുവച്ചു മന്ത്രിച്ചു " നീ കഴിഞ്ഞതൊക്കെ മറക്കണം. നിന്റെ ജീവിത്തില്‍ ഞാന്‍ എന്നുമെന്നും ഉണ്ടായിരിക്കും. നിനക്ക് ഒരു കൂട്ടായി,  താങ്ങായി, തണലായി."

ഞാന്‍ അവളോട്‌ പറഞ്ഞു "അങ്ങിനെയെങ്കില്‍ എനിക്ക് എന്നെ മറക്കേണ്ടിയിരിക്കുന്നു. എന്റെ കുട്ടിക്കാലത്തെ മറക്കേണ്ടിയിരിക്കുന്നു. എന്നെ മുറിപ്പെടുത്തിയവരെയും, വേദനിപ്പിച്ചവരെയും, എന്നില്‍ നിന്ന് വിദൂരതയിലേക്ക് പോയവരെയും മറക്കേണ്ടിയിരിക്കുന്നു. എന്നെ മറന്നാല്‍ ഞാന്‍ പിന്നെ ആരെക്കുറിച്ച് എഴുതും? നിന്നില്‍പോലും ഞാനുണ്ട്. എന്റെ അസ്തിത്വമില്ലാതെ ഒരു കഥാപാത്രത്തിനും പൂര്‍ണത നല്കാന്‍ എനിക്കു കഴിയില്ല. ഞാന്‍ ഈ കഥ തീര്‍ക്കുമ്പോള്‍ നിനക്ക് അവകാശികള്‍ ഉണ്ടാവും. അവര്‍ എന്നെ തള്ളിപ്പറയും. നിമിഷനേരത്തെ സന്തോഷത്തിനു വേണ്ടി, നിയന്ത്രിക്കാനാവാത്ത വികാരങ്ങളുടെ വെപ്രാളത്തില്‍ ഞാന്‍ എപ്പോഴോ സൃഷ്ടിച്ചതാണു നിന്നെയെന്നു അവര്‍ പറയും. ആരുമറിയാതെ എവിടെയോ കിടക്കുന്ന നിനക്ക് പൂര്‍ണത നല്‍കുന്നത് വരെ മാത്രമാണ് നീ എന്റേതാവുന്നത്. നിനക്കറിയുമോ? നിന്നെ കാണുന്നതിനുമുമ്പ് ഞാന്‍ ദുഃഖക്കയത്തിലായിരുന്നു. ആ കയത്തില്‍ നിന്നു പുറത്തുകടക്കാന്‍ കഴിയാതെ നിലവിളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അങ്ങനെയാണ് ഞാന്‍ എഴുതിത്തുടങ്ങിയത്. എന്റെ നിലവിളി ലോകം കേള്‍ക്കട്ടെയെന്നു ഞാന്‍ ആഗ്രഹിച്ചു.. ഞാന്‍ കരയുമ്പോള്‍ അത് കഥകളായി മാറി. കണ്ണീരിന്റെ പ്രളയമായി.  സ്നേഹത്തിന്റെയും പ്രണയത്തിന്റെയും പ്രതീകമായി. ചിലതൊക്കെ എഴുതിക്കഴിയുമ്പോള്‍ എന്റെ നിലവിളികള്‍ തേങ്ങലുകളായി പരിണമിച്ചു.  ചില കഥകൾ അവസാനിപ്പിക്കുമ്പോള്‍ ഞാന്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു. മറ്റുചിലവ അവസാനിപ്പിക്കാന്‍ കഴിയാതെ ഞാന്‍ വീടുവിട്ടിറങ്ങി. തെരുവിലൂടെ അലഞ്ഞു. പുഴകളോടും, കാറ്റിനോടും കടലിനോടും സംസാരിക്കാന്‍ ശ്രമിച്ചു. ചിലപ്പോള്‍ അവര്‍ എനിക്ക് ആശ്വാസം തന്നു. മറ്റു ചിലപ്പോള്‍ അവര്‍ എന്നെ അന്യനെപ്പോലെ ആട്ടിയോടിച്ചു. ചൂടും തണുപ്പും മാറിമാറി വന്ന ഒരു നിമിഷത്തില്‍ എന്റെ മനസ്സിന്റെ ഇടനാഴിയിലാണ് നിന്റെ ജനനം ഉണ്ടായത്. ആ നിമിഷത്തില്‍ എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്റെ കണ്ണുനീര്‍ത്തുള്ളി കൊണ്ട് നിന്റെ മനസ്സിന്റെ ചിത്രത്തില്‍ തുരുതുരാ ചുംബനങ്ങള്‍ കൊണ്ട് മൂടണമെന്ന് "

"എഴുത്തുകാരാ, നിന്റെ സൌഹൃദത്തിന്റെ നൈർമല്ല്യത്തെക്കുറിച്ച് ആദ്യമെന്നില്‍ സംശയമുണർന്നിരുന്നു. പക്ഷേ, നിന്നെ ഞാന്‍ സ്നേഹിക്കാന്‍ തുടങ്ങിയപ്പോള്‍ കോരിച്ചൊരിയുന്ന മഴയില്‍ എന്റെ കുടയുടെ ഇത്തിരിവട്ടത്തില്‍ നിന്റെ ശരീരം എന്നോട് മുട്ടിയുരുമ്മിനിന്നു. പിന്നെ, എന്റെ ഉള്ളിലുള്ള സ്നേഹമെല്ലാം ഞാന്‍ നിനക്കു നല്‍കുകയായിരുന്നു. പക്ഷെ നീ സംസാരിക്കുന്നതു കേള്‍ക്കുമ്പോള്‍ അറിയാം നീയൊരു കാപട്യക്കാരനാണെന്ന്. നീ സ്വന്തം കാലില്‍ നില്ക്കാന്‍ പഠിച്ചവനാണ്. നിന്നെ വിശ്വസിക്കുന്ന പെണ്‍കുട്ടി എല്ലാം ഉപേക്ഷിച്ചു നിന്റെകൂടെ വരാന്‍ നില്‍ക്കുമ്പോള്‍, നീ അവളോട്‌ പറയും  നീ അന്യജാതിയില്‍പ്പെട്ടതാണ് അതുകൊണ്ട് നമുക്ക് ഒന്നിക്കാന്‍ കഴിയില്ല,  എന്റെ സ്നേഹം ഒരു സങ്കല്പമായി കാണുക. യാഥാര്‍ത്ഥസ്നേഹത്തിനു വേദന മാത്രമാണുള്ളത്. സ്നേഹത്തിന്റെ സൗരഭ്യമറിയാന്‍ നമുക്ക് സങ്കല്പത്തിലൂടെയുള്ള സ്നേഹത്തിലൂടെ ശ്രമിക്കാം.  അപ്പോള്‍ നിന്നെ വിശ്വസിച്ച പെണ്‍കുട്ടി  നിന്റെ കാലില്‍ വീഴും. എന്നെ ഉപേക്ഷിക്കല്ലേയെന്നു കേണപേക്ഷിക്കും. അപ്പോള്‍ നീ അവളോട്‌ ചോദിക്കുമായിരിക്കും ഏതു നൂറ്റാണ്ടിലാണ് നീ ജീവിക്കുന്നതെന്ന്. ചങ്ങമ്പുഴയുടെ രമണന്‍ എഴുതിയ കാലഘട്ടമാണോയെന്ന്.  എന്റെ പ്രിയപ്പെട്ട കഥാകാരാ, നൂറ്റാണ്ടുകള്‍ സൃഷ്‌ടിച്ച വിപ്ലവങ്ങള്‍ക്കൊന്നും പെണ്ണിന്റെ മനസ്സിനെ മാറ്റാന്‍ കഴിഞ്ഞിട്ടില്ല. മനുഷ്യന്റെ രോദനങ്ങള്‍ക്കും യാതനകള്‍ക്കും സങ്കടങ്ങള്‍ക്കും വ്യഥകള്‍ക്കും കാലമില്ല. അവ മനുഷ്യന്റെ  സൃഷ്‌ടി മുതല്‍ എങ്ങനെയായിരുന്നുവോ അങ്ങനെതന്നെയാണ് ഇന്നും. മഹാവിപ്ലവങ്ങള്‍ മാറ്റിയത് മനുഷ്യന്റെ ചിന്തകളെ മാത്രമാണ്. അതിനു വില നല്‍കിയതോ, അവന്റെ സന്താനങ്ങളെ, സഹോദരങ്ങളെ, അച്ഛനമ്മമാരെ. ഇന്നും അത് തുടരുന്നു.  കണ്ണീരിന്റെ ഉണങ്ങാത്ത മുറിവുകളുമായി വിലപിക്കുന്ന അമ്മമാരുടെ ചിത്രങ്ങള്‍ നിന്റെ കണ്മുന്നില്‍ കഥകളായി മാറുന്നത് നീ കാണുന്നില്ലേ? വെട്ടിപ്പൊളിച്ച തലയോട്ടികളും രക്തത്തില്‍ കുതിര്‍ന്ന തന്റെ പ്രിയതമന് അന്ത്യ ചുംബനം നല്കാന്‍ കഷണംകഷണമായ തുണ്ടുകളില്‍നിന്നു ചുണ്ടുകള്‍ തിരയുന്ന ഹതഭാഗ്യയായ സ്ത്രീയെയും നീ കാണുന്നില്ലേ? എന്നിട്ടും നീ സ്ത്രീയെ കളിപ്പാട്ടമാക്കുന്നു. അവളുടെ ഹൃദയത്തെ നീ കീറിമുറിയ്ക്കുന്നു."
.
എന്റെ കഥാപാത്രമേ, നീ എന്റെ മനസ്സിന്റെ വിഭ്രാന്തിയുടെ പരിസമാപ്തിയായി മാറാതിരിക്കൂ. നീ എന്റെ മനസ്സില്‍ ചുട്ടു പൊള്ളുന്ന തീ കോരിയിടാതെയിരിക്കൂ. എന്റെ ചുണ്ടുകള്‍ വരണ്ടു പോവുകയും ശരീരമാകെ വിയര്‍പ്പില്‍ കുളിക്കുകയും ചെയ്യുന്നു. ഞാന്‍ നിസ്സഹായനാണ്,  ഞാന്‍ കാപട്യക്കാരനാവാം നീചനാവാം, ക്രൂരനാവാം, പക്ഷെ ഞാന്‍ സ്നേഹിച്ചിട്ടില്ല എന്നുമാത്രം പറയരുത്. സ്നേഹം കൊണ്ടല്ലേ ഞാന്‍ നിന്നെക്കുറിച്ചെഴുതുന്നത്?  സ്നേഹം കൊണ്ടല്ലേ പെണ്ണിന്റെ മനസ്സിനെ ഞാന്‍ അറിയാന്‍ ശ്രമിക്കുന്നത്? സ്നേഹത്തെ അറിയാന്‍ ശ്രമിക്കുന്നത്? സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും ആഗ്രഹിക്കുന്നതും സ്നേഹം കൊണ്ട് തന്നെയാണ്..

"എഴുത്തുകാരാ,  നീ സ്നേഹിക്കുന്ന ഞാന്‍ നിന്നെ വിട്ടുപോയാല്‍ നീ എന്തുചെയ്യും? എന്നെ വീണ്ടും പുന:സൃഷ്‌ടിക്കാന്‍ ശ്രമിക്കുമോ? ഇല്ല ഒരിക്കലുമില്ല. നീ പുതിയ ഒരു പെണ്‍കഥാപാത്രത്തെ പുന:സൃഷ്‌ടിക്കും  എന്നിട്ട് നീ അവളെ വശീകരിക്കാന്‍ ശ്രമിക്കും. സ്നേഹം അഭിനയിച്ച് അവളെ വശത്താക്കും. നീ അവളെ നിന്റെ അടിമയാക്കി മാറ്റും "

“ധിക്കാരം പറയുന്നുവോ? നിന്റെ അസ്ഥിത്വം നീ മറക്കുന്നു.  നീ എന്റെ സൃഷ്‌ടിയാണ്, ഞാന്‍ ആണ് നിനക്ക് പൂര്‍ണത നല്‍കിയത്. എന്റെ ചിന്തകളാണ് നീ പറയാന്‍ ശ്രമിക്കുന്നത്. ഞാന്‍ നിനക്കു നല്‍കിയ അഖണ്‌ഡമായ ജ്ഞാനം കൊണ്ടാണ് നീ പറയുന്നത് ലോകം അറിയുന്നത് .  നിനക്ക് ഇനി ജീവിക്കാന്‍ അര്‍ഹതയില്ല. ഞാന്‍ നിന്നെ സംഹരിക്കുന്നു. കണ്ടില്ലേ, നിനക്ക് നിലവിളിക്കാന്‍ കൂടി കഴിയുന്നില്ല.“

അത്രയും പറഞ്ഞു നിര്‍ത്തി അയാള്‍ കിതക്കാന്‍ തുടങ്ങി. പിന്നെയും അയാള്‍ക്ക് എന്നോട് എന്തൊക്കെയോ പറയാന്‍ ഉണ്ടെന്നു അയാളുടെ മുഖഭാവത്തില്‍ നിന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. ഞാന്‍ അയാളോട് ചോദിച്ചു "എന്നിട്ട് നിങ്ങള്‍ നിങ്ങളുടെ കഥാപാത്രത്തെ എന്ത് ചെയ്തു? അവളെ നിഷ്കരുണം കൊന്നുകളഞ്ഞുവോ?"

"എനിക്ക് അവളെ കൊല്ലേണ്ടിയിരുന്നില്ല.. പക്ഷെ ഞാന്‍ പിടിക്കപ്പെട്ടുവെന്നു മനസിലാക്കിയപ്പോള്‍, എനിക്ക് എന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഒരു പക്ഷെ അവള്‍ക്കു ഞാന്‍ സ്വാതന്ത്ര്യം കൊടുത്താല്‍ അവള്‍ എനിക്കെതിരെ പോരാടും. എന്റെ ചിന്തകളെ മാറ്റിമറിക്കും. നിനക്കറിയുമോ, അവളെ ഞാന്‍ കൊണ്ടുപോകാനിരിക്കുകയായിരുന്നു. ഏഴു സമുദ്രങ്ങളും കടന്നു മനുഷ്യന്റെ കാല്‍ പതിയാത്തിടത്തേക്ക്. എന്റെ വലിയ സ്വപ്നമായിരുന്നു ഞങ്ങള്‍ രണ്ടു പേര്‍ മാത്രമുള്ള ഭൂമി. പക്ഷെ അവളെ ഞാന്‍..." അതും പറഞ്ഞു അയാള്‍ കരയാന്‍ തുടങ്ങി. എന്നിട്ട് അയാള്‍ പറഞ്ഞു.. "പാവമായിരുന്നു അവള്‍. ചിറകുകള്‍ ഛേദിക്കപ്പെട്ടവൾ..സ്വാതന്ത്ര്യം നഷ്ടപ്പെട്ടുപോയവള്‍. അവള്‍ ശബ്ദിച്ചപ്പോള്‍ ദിക്കുകള്‍ ഭേദിക്കാന്‍ ശക്തിയുള്ള വാക്കുകള്‍ വന്നു. അവളെ നേരിടാന്‍ കഴിയാതെ നിസ്സഹനായിപ്പോയി ഞാന്‍ " പിന്നെ അയാള്‍ ക്രൂരനായി എന്നെ നോക്കി. എന്നിട്ട് വിലപിക്കുന്ന സ്വരത്തില്‍ ചോദിച്ചു. "നീ എന്റെ ഏതു കഥയില്‍ നിന്നാണ് പുറത്തു ചാടിയത്? നിങ്ങളോടൊക്കെ ഞാന്‍ എന്തുതെറ്റ് ചെയ്തു? എന്റെ ഹൃദയത്തില്‍ വിടരാനവാതെ വിങ്ങുന്ന പൂവിനെ കാണിച്ചു തന്നതാണോ ഞാന്‍ ചെയ്ത പാപം? എന്റെ ദുര്‍ബല വിചാരങ്ങള്‍ ഞാന്‍ ത്യജിക്കണമായിരുന്നു. എന്റെ കഥാപാത്രങ്ങളെയെല്ലാം സ്നേഹിക്കുമെന്നു വ്യമോഹിക്കരുതായിരുന്നു."

പെട്ടെന്ന് പ്രക്ഷുബ്ധമായ ഒരു തിരമാല തീരത്തേക്ക് ആഞ്ഞടിച്ചു. രണ്ടു ഉല്ലാസനൌകകള്‍ക്കിടയില്‍ കിടക്കുന്ന അയാളുടെ കൊച്ചുവഞ്ചി ആടിയുലഞ്ഞു. അപ്പോള്‍ ഒരു നിലവിളി അന്തരീക്ഷത്തില്‍ മുഴങ്ങി. " എന്നോട് സൌഹാര്‍ദം നടിച്ചതെന്തിനായിരുന്നു.? എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് എന്തിനായിരുന്നു.?"

അനേകം വികാരങ്ങളേറ്റു വാങ്ങിയിട്ടും ഒന്നിനും ജീവന്‍ കൊടുക്കാനാവാതെപോയ ഒരു പാവം കഥാകൃത്തിനെയോര്‍ത്തു ഞാന്‍ എന്റെ യാത്രയ്ക്ക് വിരാമമിട്ടു. ആ കടല്‍ക്കരയില്‍ നിന്ന് തിരിച്ചു പോരുമ്പോള്‍ കഥാപാത്രങ്ങള്‍ കഥാകൃത്തിനെ തേടിച്ചെല്ലുന്ന ഒരു കാലഘട്ടത്തെക്കുറിച്ച് ഓര്‍ത്തു ഞാന്‍ സ്വയം ചിരിച്ചുകൊണ്ടിരുന്നു.

6 comments:

  1. കഥാപാത്രങ്ങള്‍ കഥാകൃത്തിനെ തേടിചെല്ലുന്ന ഒരു കാലഘട്ടം...

    ReplyDelete
    Replies
    1. കഥ മാത്രം കേട്ട് കൊണ്ടിരുന്ന സമൂഹം മാറി വരുന്നു.
      കഥാപാത്രങ്ങള്‍ കഥാകൃത്തുകളെ തേടി പോയി തുടങ്ങി..

      Delete
  2. Replies
    1. നന്ദി മുഹമ്മദ്‌

      Delete
  3. നല്ല ഭാവന
    നന്നായിട്ടുണ്ട്
    ആശംസകളോടെ

    ReplyDelete
    Replies
    1. നന്ദി തങ്കപ്പന്‍ ചേട്ടാ.. വിത്യസ്തത കഥകളില്‍ പരീക്ഷിക്കാന്‍ ശ്രമിക്കുകയാണ്

      Delete

ധന്യമീ ജീവിതം

അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള്‍ ഉറങ്ങിയെന്നുറപ...