Thursday, October 22, 2015

രാവണന്‍ കോട്ട



('ശപഥം' എന്ന വിഷയത്തെ ആസ്പദമാക്കി 'സ്നേഹസ്വാന്തനം' നടത്തിയ ചെറുകഥ രചന മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ കഥ)


ധര്‍മരാജ്യം മാസികയുടെ പത്രാധിപര്‍ അന്നത്തെ ദിവസം അയാള്‍ക്ക് തപാലില്‍ കിട്ടിയ കഥകള്‍ ഓരോന്നായി എടുത്തു വായിക്കാന്‍ തുടങ്ങി.


“പണ്ട് പണ്ട് ഒരു ദേശത്ത്, പ്രജകളെ വളരെയധികം സ്നേഹിക്കുന്ന ഒരു രാജാവ്‌ നാട് ഭരിച്ചിരുന്നു. . രാജാവിന്‌ മുന്ന് ആണ്‍മക്കള്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ രാജാവ്‌ ഒരു ദീനം വന്നു കിടപ്പിലായി. എഴാം കടല്‍ കടന്ന് അക്കരെയെത്തിയാല്‍, അവിടെ ഒരു പളുങ്ക് കൊട്ടാരത്തില്‍ സുന്ദരിയായ രാജകുമാരിയുണ്ട്.. തൂവെള്ള നിറമുള്ള ആ രാജകുമാരിയെ കൊണ്ട് വന്നാല്‍ രാജാവിന്റെ ദീനം മാറുമെന്നു കൊട്ടാരം വൈദ്യന്‍ അറിയിച്ചതിൻ പ്രകാരം, കുമാരന്മാര്‍ പളുങ്കുകൊട്ടാരത്തിലെ സുന്ദരിയായ രാജകുമാരിയെ തേടി യാത്ര ആരംഭിച്ചു. ഒന്നാം കടലില്‍ എത്തി, കുറച്ചു ദൂരെ യാത്ര ചെയ്തപ്പോള്‍, വാളും കുന്തവും കൈകളില്‍ പിടിച്ചു കുറെ കടല്‍ഭൂതങ്ങള്‍ അവരെ എതിരിട്ടു...”


ദൈവമേ..അദ്ദേഹം അറിയാതെ നിലവിളിച്ചുപോയി.. ഈ എഴുത്തുകാര്‍ കാലം മാറിയത് അറിഞ്ഞില്ലായിരിക്കുമോ? അവര്‍ കാണുന്ന ലോകത്തിൽ രാജാവും, രാജകുമാരിയും, പ്രണയവും, മാത്രമായിപ്പോയത് എന്തേ? അന്നത്തെ ദിവസത്തെ ശപിച്ചു കൊണ്ട് അദ്ദേഹം അടുത്ത കഥ വായിക്കാനാരംഭിച്ചു.


പ്രിയ പത്രാധിപര്‍,

ഈ കഥ ഒരു ഉത്തരാധുനികകഥയാണ്. ദൈവവും, മനുഷ്യനും, പ്രകൃതിയും ഉള്‍ക്കൊള്ളുന്ന ലോകത്തിലാണ് ഞാന്‍ ജീവിക്കുന്നത് എന്ന ബോധമാണ് ഈ കഥ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. എന്റെ കണ്‍മുന്നില്‍ ഞാന്‍ കാണുന്ന കാഴ്ചകളാണ് ഈ കഥക്ക് അടിസ്ഥാനം. വ്യത്യസ്‌തത തേടുന്ന വായനക്കാരന്റെ മനസ്സിന്‌ അനുസൃതമായി ഈ കഥയിലെ ക്രാഫ്റ്റിങ്ങില്‍ ചില പുതുമകള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് താങ്കളും കാലഘട്ടത്തിനനുയോജ്യമായ മാറ്റങ്ങളെ സദയം സ്വീകരിക്കും എന്നുകരുതുന്നു.


                                                    രാവണന്‍ കോട്ട


പതിവ് പോലെ കഥാകൃത്ത് കഥ തേടിയുള്ള യാത്ര തുടങ്ങി.. ചിന്തകളുടെ ആധിക്യം കാരണം സ്വയംമറന്ന യാത്രയില്‍ കഥാകൃത്ത് ചെന്നെത്തിയത് ഒരു കോട്ട പോലെ തോന്നിപ്പിക്കുന്ന കുറെ കെട്ടിടങ്ങള്‍ക്ക് ഇടയിലുള്ള ഒരു വഴിയില്‍ ആയിരുന്നു. കെട്ടിടങ്ങള്‍ക്ക് ഇടയില്‍ അകപ്പെട്ടു സംഭ്രമിച്ച കഥാകൃത്ത് തത്വചിന്തകനായി മാറി. പിന്നെ അയാള്‍ എഴുതാന്‍ തുടങ്ങി....


രണ്ടു കെട്ടിടങ്ങള്‍ക്കിടയിലാണ് നിങ്ങള്‍ എന്ന് വിചാരിക്കുക.. പെട്ടെന്ന് ഒരു കൂട്ടം പക്ഷികള്‍ നിങ്ങളെ ലക്‌ഷ്യം വച്ച് വരുന്നു. നിങ്ങള്‍ എന്ത് ചെയ്യും.? പിറകിലോട്ടു തിരിഞ്ഞോടുമോ? പക്ഷെ, നിങ്ങൾക്ക് അപ്പോള്‍ അങ്ങിനെ തോന്നില്ല. നിങ്ങള്‍ ഒരു നിമിഷം ചിന്തിച്ചു നില്‍ക്കാം. ആ ഒരു നിമിഷമാണ് എല്ലാം തീരുമാനിക്കുന്നത്. എനിക്കും അങ്ങിനെ മാത്രമേ ചെയ്യാന്‍ കഴിഞ്ഞുള്ളു. മറിച്ചായിരുന്നെങ്കില്‍ എനിക്ക് ഈ തത്വം നിങ്ങളെ അറിയിക്കാന്‍ കഴിയുമായിരുന്നില്ല. വെളുത്ത തൂവലുള്ള ആ പക്ഷികള്‍ എന്റെ ശരീരത്തിരികില്‍ കൂടി തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ കടന്നുപോയി. ഓരോ പക്ഷിയും എന്നെ കടന്നുപോവുമ്പോള്‍, ഞാന്‍ ഭയപ്പെട്ടു കണ്ണുകള്‍ ഇറുക്കിയടച്ചു. അവയുടെ കൂര്‍ത്ത കൊക്കുകള്‍ എന്റെ തലയില്‍ പതിക്കുന്നതും, ഞാന്‍ വാവിട്ടു കരയുന്നതുമെല്ലാം ഓര്‍ത്ത് മരവിച്ചതുപോലെ ഞാന്‍ നിന്നു. ആ പക്ഷികളിലൊന്ന് എന്റെ കണ്ണുകളിലെ പ്രകാശം തിരിച്ചറിഞ്ഞു എന്നെ അക്രമിച്ചിരുന്നു എങ്കില്‍, എന്റെ ലോകം ഇരുട്ടില്‍ ആയിപ്പോയേനെ. ഞാന്‍ ഒരു ദൈവവിശ്വാസിയാണ് എങ്കില്‍ തീര്‍ച്ചയായും ഈ ഒരു നിമിഷം ഞാന്‍ ശപഥം ചെയ്തേനെ, ദൈവമേ എന്നെ നീ ഈ പക്ഷികളില്‍ നിന്നു രക്ഷപ്പെടുത്തുകയാണെങ്കില്‍ എന്റെ ജീവിതവും, കര്‍മ്മങ്ങളും നിനക്കായി ഞാന്‍ സമര്‍പ്പിക്കും. വിഷമവും ദുഖവും അനുഭവിക്കുമ്പോള്‍ മനുഷ്യന് അഭയം തേടാന്‍ മാത്രമുള്ള ശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു ദൈവങ്ങള്‍. അതിനുമപ്പുറം ദൈവങ്ങള്‍ക്ക് എന്തു പ്രസക്തി?.


ഈ ഇടുങ്ങിയ വഴിയില്‍ നിന്ന് എനിക്ക് പുറത്തു കടക്കണം, ഇപ്പോഴും പക്ഷികളുടെ ആരവങ്ങള്‍ കെട്ടിടങ്ങള്‍ക്കിടയില്‍ പ്രതിധ്വനിച്ചു കൊണ്ടിരിക്കുന്നു. അവ വീണ്ടും എന്റെ നേര്‍ക്ക്‌ പറന്നു അടുത്തേക്കാം. അടുത്ത തവണ ഒരു പക്ഷെ അവരുടെ ലക്‌ഷ്യം ഞാന്‍ ആവാം.. രക്ഷപ്പെടണമെങ്കില്‍ ഈ കെട്ടിടങ്ങള്‍ കടന്നു ലോകത്തിന്റെ വിശാലതയില്‍ എത്തണം. പക്ഷെ കണ്ണ് എത്തുന്ന ദൂരത്ത്‌ എല്ലാം നിങ്ങള്‍ പണിതുയര്‍ത്തിയ കെട്ടിടങ്ങള്‍ തന്നെയാണുള്ളത്, എന്തിന് ഇങ്ങനെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു ഭൂമിയെ വേദനിപ്പിക്കുന്നു? എന്നിട്ട് ഈ കെട്ടിടങ്ങള്‍ക്കുള്ളിലെ കൊച്ചു മുറികളില്‍ മന്ത്രങ്ങള്‍ ഉരുവിട്ടു കൊണ്ട് ഇങ്ങനെ ഒളിച്ചു ജീവിക്കുന്നു? ദൈവങ്ങളെ കുടിയിരുത്താന്‍ എന്ന് എനിക്ക് മറുപടി തന്നേക്കാം.. പക്ഷെ ദൈവങ്ങളെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ കടമയായി മാറിയിട്ടുണ്ടോ? പാവം ദൈവങ്ങള്‍ !! മനുഷ്യര്‍ അവരെ കൂട്ടിലടച്ചു തങ്ങളുടെ സ്വന്തമാക്കിയിരിക്കുന്നു. എന്നിട്ട് അവർക്കെല്ലാം വ്യത്യസ്‌തമായ അധികാരങ്ങള്‍ നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്ന ജാതികള്‍, ദൈവങ്ങൾക്കും നല്‍കിയിരിക്കുന്നു. എന്നിട്ട് ദൈവത്തിന്റെ പേരില്‍ പരസ്പരം തമ്മില്‍ത്തല്ലുന്നു. അവസാനം, ദൈവത്തിനോടുതന്നെ തങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ച് വിലപിക്കുന്നു. കെട്ടിടങ്ങള്‍ക്ക് പുറത്തെത്തുന്നതോടെ മനുഷ്യര്‍ തങ്ങള്‍ ദൈവങ്ങളോട് ചെയ്ത ശപഥം മറക്കുന്നു..വീണ്ടും.


രണ്ടു കെട്ടിടങ്ങള്‍ക്ക് മദ്ധ്യേയാണ് അയാള്‍ നില്‍ക്കുന്നത്, അയാളുടെ കയ്യില്‍ ഒരു സഞ്ചിയുണ്ട് .. അത് നിറയെ റൊട്ടികളാണ്. അവയില്‍ നിന്ന് ഒരു റൊട്ടി പുറത്തു എടുത്തു അത് കഷണം കഷണമാക്കി തന്റെ മുന്നില്‍ കൂടി നില്‍ക്കുന്ന പക്ഷികള്‍ക്ക് നേരെ എറിയുന്നു. അവ നിശ്ശബ്ദം അത് കൊത്തി തിന്നുന്നു. ഞാന്‍ ഒന്ന് എണ്ണി നോക്കട്ടെ. ഒന്ന്.രണ്ട്.. ഇല്ല എനിക്ക് കഴിയില്ല..അസംഖ്യം, എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത അത്രയും. ഈ കാഴ്ച എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു.. വിശന്നു വലയുമ്പോള്‍ നമ്മള്‍ മനുഷ്യര്‍ ഇങ്ങിനെ നിശബ്ദം ഭക്ഷണം കണ്ടു കൊണ്ട് ഇരിക്കുമോ, അതും മറ്റൊരാളുടെ കയ്യില്‍ അതിരിക്കുമ്പോള്‍? എന്തിനായിരിക്കും അയാള്‍ ഈ പക്ഷികള്‍ക്ക് അന്നം ഊട്ടുന്നത്, തനിക്കു തന്റെ സമൂഹത്തെ സ്നേഹിക്കാന്‍ കഴിയാത്തതില്‍ ഉള്ള വേദന മറ്റൊരു ജീവിയെ സ്നേഹിക്കുന്നതില്‍ കൂടി ഉണ്ടാക്കുന്നതാണോ? ഞാന്‍ അയാള്‍ക്ക് തൊട്ടു അടുത്തു എത്തിയപ്പോളാണ് എനിക്ക് ഒരു കാര്യം മനസിലായത്. അയാളുടെ കയ്യില്‍ കുറെ സഞ്ചികളുണ്ട്. ഒരു സഞ്ചിയിലെ റൊട്ടികള്‍ കഴിയുമ്പോള്‍ ഒരു കടലാസ് എടുത്തു അതില്‍ എന്തോ കുത്തിക്കുറിയ്ക്കുന്നു. എന്നിട്ട് അത് കഷണങ്ങളാക്കി താഴേക്ക്‌ വലിച്ചെറിയുന്നു. വീണ്ടും അടുത്ത സഞ്ചി എടുക്കുന്നു, എന്നിട്ട് അതില്‍ നിന്നു റൊട്ടികള്‍ എടുത്തു പക്ഷികള്‍ക്കായി നല്‍കി കൊണ്ടിരിക്കുന്നു. താഴെ കിടക്കുന്ന ആ കടലാസ് കഷണങ്ങള്‍ക്കുളില്‍ എന്തായിരിക്കുമെന്നറിയാന്‍ എന്നില്‍ ജിജ്ഞാസ നിറഞ്ഞു. ഞാന്‍ ആ കടലാസ് കഷണങ്ങള്‍ വാരിയെടുത്ത് കൂട്ടിയോജിപ്പിച്ച് വായിക്കാനാരംഭിച്ചു.


കടലാസ് ഒന്ന്

ദൈവമേ .. അവള്‍ മരിക്കാന്‍ പോവുന്നു. ആ മാറിടം ഇപ്പോള്‍ ഓട്ടുകിണ്ടിയില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന ജലധാര പോലെ നേര്‍ത്തിരിക്കുന്നു . അവള്‍ക്ക് ഇനി അവശേഷിക്കുന്നത് കുറച്ചു  ദിനങ്ങള്‍ മാത്രം. മനുഷ്യര്‍ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും അവളെത്തേടി പോവാന്‍ തുടങ്ങിയിരിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍, ദൈവമേ നീ എത്ര മാത്രം ലജ്ജിക്കും !! കാരണം, നിന്നെ തേടി വരുന്നവരായിരുന്നു അവളില്‍ പാപകറ കഴുകിക്കളഞ്ഞിരുന്നത്. അവള്‍ എന്ത് തെറ്റ് ചെയ്തു.. മനുഷ്യന്റെ പാപങ്ങള്‍ ഏറ്റുവാങ്ങി, തന്റെ കണ്ണീര് കൊണ്ട് അത് കഴുകിക്കളയാന്‍ ശ്രമിച്ചതോ? അവള്‍ക്കു വിലപിക്കാന്‍ കുറെ കാരണങ്ങള്‍ ഉണ്ടാവാം.. പക്ഷെ അതില്‍ ഒന്ന് തീര്‍ച്ചയായും മനുഷ്യന്‍റെ ഉല്‍പ്പത്തിക്കു നിദാനമായ ശ്വേതബിന്ദുക്കളുടെ ദിശ തെറ്റിയ പ്രവാഹം കണ്ടു മനം നൊന്തതാവാം. അവളുടെ നഗ്നമേനിയില്‍ ഇറങ്ങി മന്ത്ര ഉച്ചാരണങ്ങള്‍ കൊണ്ട് മര്‍ത്ത്യകുലം നിന്നോട് പശ്ചാത്തപിച്ചു. അവളില്‍ നിന്ന് വേര്‍പ്പെടുന്ന മാത്രയില്‍ ഉരുവിട്ട മന്ത്രങ്ങള്‍ മറക്കുന്നവര്‍ വീണ്ടും മറ്റൊരു ദിവസം അവളെ തേടി എത്തും അവളില്‍ നിമഗ്നരാവാന്‍.. വീണ്ടും പശ്ചാത്താപത്തിന്‍റെ മേലങ്കി അണിയാന്‍.


കടലാസ് രണ്ട്


കൊടി വച്ച വെളുത്ത നിറത്തിലുള്ള കാറുകളില്‍ അവര്‍ ഞങ്ങളെ തേടിയെത്തി. ദൈന്യത നിറഞ്ഞ അവരുടെ മുഖങ്ങള്‍ ഞങ്ങളെ വേദനിപ്പിച്ചു. അവര്‍ യാചിക്കുകയാ‍യിരുന്നു.. മൂക്കള ഒലിച്ച് നില്ക്കുന്ന കുഞ്ഞുങ്ങളെ അവര്‍ വാനിലേക്ക് എടുത്തുയര്‍ത്തി കൊഞ്ചിച്ചു. പിന്നെ ആ കുഞ്ഞി കവിളുകളില്‍ അവര്‍ ഉമ്മകള്‍ കൊണ്ട് മൂടി. മുത്തശ്ശിമാരുടെ കാല്‍ക്കല്‍ വീണു സാഷ്ടാംഗ പ്രണാമം നടത്തി. ആ ദിവസം ഞങ്ങള്‍ ആഘോഷിക്കുകയായിരുന്നു. ഗ്രാമ ചന്തയില്‍ കച്ചവടം പൊടിപൊടിച്ചു. ഈച്ചകളും, കൊതുകുകളും , ഞങ്ങളോടൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ആ തൂവെള്ള വസ്ത്ര ധാരികള്‍ വാഗ്‌ദാനം നിറച്ച ഭാണ്ഡങ്ങൾ ഞങ്ങള്‍ക്ക് തന്നു. ഇനി ആര്‍ക്കും മൂക്ക് പൊത്താതെ ഈ ഗ്രാമത്തിലൂടെ നടക്കാം. ഞങ്ങളും മനുഷ്യരാവാന്‍ പോവുന്നു.. പ്രകൃതി നിങ്ങള്ക്ക് നല്കിയ ശുദ്ധ വായുവും, ജലവും , നാളെ ഞങ്ങളും അനുഭവിക്കാന്‍ പോകുന്നു. പക്ഷേ, എല്ലാം ചരിത്രമായി. ഇനിയും അവര്‍ വരും, വാഗ്ദാനങ്ങളുടെ മറ്റൊരു ഭാണ്ഡക്കെട്ടുമായി, മറ്റൊരു ആഘോഷത്തിനു കൂടി ഞങ്ങള്‍ കാത്തിരിക്കുകയാണ്.

കടലാസ് മൂന്ന്


ഞാന്‍ വിവാഹിതന്‍ ആണ് എന്നറിഞ്ഞിട്ടും വിതുമ്പിയ വികാരത്തെ ഉറക്കിക്കിടത്താന്‍ കഴിയാതെ അവള്‍ എന്നിലേക്ക് വീണു. ഞാന്‍ അവളെ ബലംപ്രയോഗിച്ചു എന്നില്‍ നിന്നു അടര്‍ത്തിമാറ്റാന്‍ വൃഥാ ശ്രമിച്ചു. മുറിഞ്ഞു മുറിഞ്ഞു പുറത്തേക്കു വന്ന അവളുടെ വാക്കുകള്‍ നിറയെ എന്നോടുള്ള സ്നേഹമായിരുന്നു. ഒരിക്കലും മരിക്കാത്ത സ്നേഹം, ആയുഷ്കാലം മുഴുവൻ എന്റെ കൂടെ ഉണ്ടാവുമെന്ന് ആണയിടുന്ന സ്നേഹം. എനിക്ക് പിടിച്ചുനിൽക്കാന്‍ കഴിഞ്ഞില്ല, സ്നേഹം എന്റെ ഒരു ദുര്‍ബലതയായിരുന്നു. അവള്‍ എന്നെയും കൊണ്ട് ബെഡിലേക്ക് വീണു.. എന്റെ മനസ്സിലപ്പോള്‍ ഒരു പക്ഷി ചിറകിട്ടടിച്ച്, നിലവിളക്കിനടുത്തു ചലനമറ്റ് വീണു. പൊട്ടിത്തെറിച്ച ലാവാപ്രവാഹത്തില്‍ ബന്ധത്തിന്റെ ബന്ധനമില്ലാത്ത ബന്ധത്തില്‍ ഞാന്‍ മയങ്ങിവീണു.. ആവര്‍ത്തനങ്ങള്‍, വിതുമ്പലുകള്‍, സ്നേഹത്തിന്റെ ആണയിടലുകള്‍.. മടുത്തപ്പോള്‍, അവള്‍ പോയി അടുത്ത ലക്ഷ്യത്തിലേക്ക്..


കടലാസ് നാല്


അവര്‍ തെരുവോരങ്ങളില്‍ കൂടി ജാഥയായി ഒഴുകി.. മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിച്ചു.." സ്ത്രീശക്തി, കുടുംബത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ ഇനി സ്ത്രീയെ കിട്ടില്ല. പുരുഷന്മാര്‍ എഴുതിയ പുരാണങ്ങള്‍ ഞങ്ങള്‍ തിരുത്തിയെഴുതും. വളര്‍ച്ച മുരടിപ്പിച്ചു നിങ്ങള്‍ വരികള്‍ക്കിടയില്‍ ചങ്ങലക്കിട്ട സ്ത്രീയെ ഞങ്ങള്‍ മോചിപ്പിക്കും. മദ്യശാലക്ക് മുന്നില്‍ ക്യൂ നിന്ന ഞങ്ങളുടെ പ്രതിനിധിയെ നേരിട്ട സദാചാരപോലീസ് എന്ന് പറയപ്പെടുന്ന പുരുഷ കേസരികളെ ഞങ്ങള്‍ തെരുവിലൂടെ നടത്തും." പുരുഷന്റെ മദ്യപാനത്തെ തുടര്‍ന്ന് ശിഥിലമായ കുടുംബങ്ങളുടെ യാതനകളെ കുറിച്ച് ഘോരഘോരം സംസാരിച്ചിരുന്നവര്‍, സ്ത്രീസമൂഹം അനുഭവിക്കുന്ന കഷ്ടതകള്‍ക്ക് അറുതി വരുത്താന്‍ മദ്യഷാപ്പുകള്‍ക്ക് മുന്നില്‍ ശയനപ്രദക്ഷിണം നടത്തിയ സ്ത്രീരത്നങ്ങള്‍ പുരുഷനൊപ്പം ചേര്‍ന്ന് കള്ളുഷാപ്പില്‍ ഇരുന്നു കള്ള് കുടിക്കുന്ന കാഴ്ചയും നമ്മളെ ത്തേടിയെത്താന്‍ പോവുന്നു.. ദൈവങ്ങളുടെ പേരില്‍ തമ്മില്‍ തല്ലാന്‍ ഇനി നമുക്ക് നേരം ഉണ്ടാവില്ല.. കാരണം, നമ്മള്‍ മനുഷ്യര്‍ എന്ന വര്‍ഗത്തില്‍ നിന്നും, പുരുഷനും സ്ത്രീയും എന്ന രണ്ടു ഖണ്‌ഡങ്ങളായി പരിണമിച്ചിരിക്കുന്നു..ഇനി അറിയേണ്ടത് രണ്ടു പേര്‍ക്കും ഇടയിലുള്ള അവകാശങ്ങളെക്കുറിച്ച് മാത്രമാണ്.. പുരാണങ്ങള്‍ എഴുതിയത് പുരുഷ കരങ്ങള്‍ കൊണ്ടായതിനാൽ, ഒരു പൊളിച്ചെഴുത്ത് സ്ത്രീകളുടെ അവകാശമാണ് എന്ന് അവര്‍ ആഗ്രഹിക്കുന്നതില്‍ തെറ്റ് പറയാന്‍ പറ്റുമോ? ഇല്ല എന്നാണ് ഉത്തരമെങ്കില്‍, ഇതാ അവര്‍ ശപഥം ചെയ്തു കഴിഞ്ഞിരിക്കുന്നു.. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുമെന്ന്. ആനന്ദലബ്ധിക്കു ഇനി എന്ത് വേണം? വനിതാ ദിനം വന്നു.. കണ്ണീര്‍ തുടക്കാനായി ഇനി കൈലേസുകള്‍ കയ്യില്‍ കരുതണ്ട സ്ത്രീകള്‍ക്ക് !!



ഇയാള്‍ എന്തിനാണ് ഇതൊക്കെ കടലാസുകളില്‍ കുറിച്ചിടുന്നത്. ഞാന്‍ അയാളുടെ അടുത്തേക്ക് കുറച്ചുകൂടി ചേര്‍ന്നുനിന്ന് ചോദിച്ചു. നിങ്ങള്‍ ആരാണ്.. എന്തിനാണ് നിങ്ങള്‍ ഇങ്ങിനെ കടലാസ് കഷണങ്ങളില്‍ കുറിപ്പുകള്‍ ഉണ്ടാക്കി താഴേക്ക്‌ എറിയുന്നത്? അയാള്‍ കൈ കൊണ്ട് എന്തൊക്കെയോ ആംഗ്യഭാഷയില്‍ പറഞ്ഞു. അപ്പോഴാണ് അറിയുന്നത് അയാള്‍ക്ക് സംസാരിക്കാന്‍ കഴിയില്ലെന്ന്. അയാള്‍ പറഞ്ഞ ആംഗ്യഭാഷയില്‍ നിന്ന് അയാളാണ് ആ കെട്ടിടത്തിന്റെ കാവല്‍ക്കാരന്‍ എന്ന് മനസ്സിലായി . പിന്നെയും അയാള്‍ എന്തൊക്കെയോ ആംഗ്യങ്ങള്‍ കാണിച്ചു കൊണ്ടിരുന്നു..



പ്രതികരണശേഷി നഷ്ട്ടപ്പെടുമ്പോള്‍ മനുഷ്യ മനസ്സുകള്‍ സംഘര്‍ഷ ഭരിതമാവുമെന്ന ഉള്‍ക്കാഴ്ച കഥാകൃത്ത് തിരിച്ചറിഞ്ഞു. കഥ തേടി നടന്നു കഥാകൃത്ത് ഉപരിവിപ്ളവ ലോകത്ത് നിന്ന് ദാര്‍ശനിക ചിന്തകളിലൂടെ സംസാരശേഷിയില്ലാത്ത ആ മനുഷ്യന്റെ മനസ്സിലേക്ക് പ്രവേശിച്ചു. തന്റെ സ്വപനത്തിലുള്ള ലോകവും മനുഷ്യരുമല്ല താന്‍ നോക്കിക്കണുന്ന ലോകത്തുള്ളത് എന്ന സത്യം തിരിച്ചറിഞ്ഞ ആ കാവല്‍ക്കാരന്‍ മൂകമായി കരഞ്ഞു, കരയാന്‍ കണ്ണീര്‍ മാത്രം മതിയാവില്ല എന്ന് തോന്നിയപ്പോള്‍ അയാളത് കടലാസ്സില്‍ കുറിച്ചിട്ടു , പ്രതിഷേധിക്കാന്‍ എന്ന വണ്ണം ആ കടലാസുകള്‍ കഷണം കഷണമാക്കി ഭൂമിയെ അധീനപ്പെടുത്തിയ മനുഷ്യന്റെ മുന്നിലേക്ക്‌ വലിച്ചെറിയാന്‍ തുടങ്ങി. ചിലപ്പോള്‍ മൌനത്തിന്റെ ശബ്ദം വിവരിക്കാന്‍ കഴിയാത്ത വിധം ഭയാനകമായിരിക്കും. അയാള്‍ക്ക് മുന്നിലുള്ള പക്ഷികളും അയാളെപ്പോലെ തന്നെ അവര്‍ക്ക് മാത്രമറിയാവുന്ന ഭാഷകള്‍ കൊണ്ട് ആശയ വിനിമയം നടത്തുന്നവരായിരുന്നു. അവരുടെ ദുഖങ്ങളും സങ്കടങ്ങളും, അവര്‍ സ്നേഹത്തിലൂടെയും, സാന്ത്വനത്തിലൂടെയും മനുഷ്യന് പകര്‍ന്നു കൊടുത്തു. നന്ദിയില്ലാത്ത മനുഷ്യരില്‍ ചിലര്‍ അവരെ ചൂഷണങ്ങള്‍ക്ക് ഇരയാക്കി.. അവര്‍ മനുഷ്യനെപ്പോലെ സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ മനുഷ്യര്‍ തന്റെ ജാതി മറന്നു അവരെ ആക്രമിക്കാന്‍ തുടങ്ങി. അതിനവര്‍ ദൈവങ്ങളെ കൂട്ട് പിടിച്ചു, പുരോഹിതന്മാര്‍ നോക്കുകുത്തികളായി.. വെള്ളമുണ്ട് ഉടുത്ത് തലയിൽ തൊപ്പി വെച്ചവരും, മീശ വടിച്ച്‌ താടി വെയ്ക്കുന്നവരും, കാവിമുണ്ട് ഉടുത്ത് കൈയ്യിൽ ചരട് കെട്ടിയവരും, വെളുത്ത ളോഹ ഇട്ട് കൊന്ത പിടിച്ചവരുമൊന്നായി. . വെളുത്ത പക്ഷികള്‍ കൂട്ടം കൂട്ടമായി കെട്ടിടത്തിനകത്ത് നിന്നു പുറത്തേക്കു പറക്കാന്‍ തുടങ്ങി. ഏതു ജന്മത്തിലാണ് തങ്ങള്‍ അവിടെ വന്നത് എന്നറിയാതെ, എല്ലാ സ്വരങ്ങളും ഒളിച്ചിരിക്കുന്ന നിശബ്ദതയിലൂടെ അത് പ്രവാഹമായി.



                                                   ----ശുഭം----



പത്രാധിപര്‍ കുറെനേരം എന്തോ ഓര്‍ത്തിരുന്നു. അദ്ദേഹത്തിന്റെ മനസ്സിലൂടെ ചില ചിത്രങ്ങള്‍ മിന്നിമറഞ്ഞു . ദൈവത്തെ നിരാകരിച്ചതിനു ഗലീലിയോ അനുഭവിച്ച പീഡനങ്ങൾ, ജീവനോടെ കണ്ണ് തുരന്നു എടുക്കുന്ന കാഴ്ചകള്‍, നിണം പുരണ്ട വാളുകളില്‍ കോര്‍ത്ത നെടുകെ പിളര്‍ന്ന മനുഷ്യ ശിരസ്സുകളുമായി തെരുവില്‍ നൃത്തം ചെയ്യുന്ന മനുഷ്യ മൃഗങ്ങള്‍.... അദ്ദേഹം ആ കഥ നാലായി മടക്കി, പിന്നെ കഷണം കഷണമാക്കി അന്തരീക്ഷത്തിലേക്ക് വലിച്ചെറിഞ്ഞു.. ആ കടലാസ് കഷണങ്ങള്‍ ദൈവവും, മനുഷ്യനും, പ്രകൃതിയും ഉള്‍കൊള്ളുന്ന ലോകത്തിലൂടെ വായുവില്‍ അപ്രത്യക്ഷമാകുന്ന കാഴ്ച കണ്ടു അദ്ദേഹം അടുത്ത കഥ വായിക്കാന്‍ ആരംഭിച്ചു..


"അയാളുടെ പരുപരുത്ത കൈകള്‍ക്ക് അന്ന് ആദ്യമായി വല്ലാത്ത മൃദുലത തോന്നി..

രോമാവൃതമായ അയാളുടെ മാറിലേക്ക്‌ എന്നെ അടുപ്പിച്ചപ്പോള്‍

കൃത്രിമമാണ് അതെന്നറിഞ്ഞിട്ടും ഞാന്‍ പ്രതിഷേധിച്ചില്ല ...................... .."



12 comments:

  1. Really Good One mansoor.
    വ്യത്യസ്ത്ഥത എന്ന് പറയുന്നത് ഇതാകുന്നു

    ReplyDelete
    Replies
    1. നന്ദി സുമേഷ്..

      Delete
  2. സമകാലീന ജീവിതത്തിലെ നേര്‍ക്കാഴ്ചകള്‍!
    സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക്‌ വേണ്ടി ഭക്തി!പവിത്രതനശിപ്പിക്കല്‍!അധികാരംകൈയ്യടക്കാന്‍
    വാഗ്ദാനങ്ങളുമായി എത്തുന്ന അധികാരമോഹികള്‍!!!ചപലമായ വികാരങ്ങള്‍.,വേറിട്ട
    വിമോചനസമരങ്ങള്‍!അവകാശസംരക്ഷണസമരങ്ങള്‍,അതിനിടയില്‍ പെട്ടുഴലുന്ന പാവം
    ജനങ്ങള്‍!! അന്ധതയുള്ള സംരക്ഷകര്‍!!!
    വ്യത്യസ്തമായ രചനാശൈലി.
    ആശംസകളോടെ

    ReplyDelete
    Replies
    1. ഈ കഥ ഞാന്‍ എഴുതാനിരുന്നപ്പോള്‍. ഹൃദയം ആദ്യം തന്നെ എടുത്തു മേശപ്പുറത്തിട്ടു. വാലും തലയും പിന്നെയാണ് ഉണ്ടാക്കിയത്. അത് കൊണ്ട് വാലിന്റെ തലയുടെയും രൂപത്തിന് ഓരോ ദിവസവും മാറ്റം വന്നു കൊണ്ടിരുന്നു. പക്ഷെ ഹൃദയത്തിന് മാറ്റം ഉണ്ടായില്ല. കാരണം.. ഇത് കഥയുടെ മാത്രം ഹൃദയമല്ല.. എന്റെ കൂടെ ഹൃദയമാണ് ഇത്.

      Delete
    2. വളരെ നന്ദി തങ്കപ്പന്‍ ചേട്ടാ

      Delete
  3. വേറിട്ട ശൈലി .അക്ഷരങ്ങളുടെ മനോഹാരിത ആശംസകള്‍ നേരുന്നു ഒപ്പം അഭിനന്ദനവും

    ReplyDelete
    Replies
    1. 'ഒരു കുഞ്ഞു മയില്‍‌പീലി' വളരെ നന്ദി.. . സമൂഹത്തിന്റെ നേരെ കണ്ണ് തുറന്നാല്‍ ഇനിയും ഒരു പാട് കഥകള്‍ നമ്മുക്ക് നമ്മളില്‍ തന്നെ കിട്ടും.. ഈ കഥ എഴുതാന്‍ ഉണ്ടായ സാഹചര്യം...ഒരു സംസാരിക്കാന്‍ അറിയാത്ത ആള്‍.. പക്ഷികള്‍ക്ക് തീറ്റ കൊടുക്കുന്നത് കണ്ടപ്പോളാണ്. .. അവിടുന്ന് ആണ് കഥയുടെ ഹൃദയം എനിക്ക് കിട്ടിയത്.. അത് എന്റെ ഹൃദയത്തില്‍ ഇട്ടപ്പോള്‍ എനിക്ക് അതിനു വിവിധ അര്‍ഥങ്ങള്‍ കിട്ടി

      Delete
  4. കഥാകൃത്തിന്റെ യാത്ര തുടരട്ടെ. ഭംഗിയുള്ള കഥകള്‍ ഇനിയും പിറക്കട്ടെ

    ReplyDelete
    Replies
    1. വളരെ നന്ദി അജിത്‌

      ഈ കഥയില്‍ ചില സ്ഥലങ്ങളില്‍ ശപഥം എന്ന പദം ഉപയോഗിച്ചിട്ടുണ്ട്.. സത്യത്തില്‍ അങ്ങിനെ ഒരു പദം ചെര്‍ക്കപ്പെടാതെ തന്നെ കഥ തന്തു പൂര്‍ണമാവുമായിരുന്നു. എന്നിട്ടും.. വായനക്കാരന്റെ മനസിനെ കുറിച്ച് ബോധവനയാത് കൊണ്ട് മനപൂര്‍വം ആ വാക്ക് ചേര്‍ക്കാന്‍ ഞാന്‍ നിര്‍ബന്ധ്തനായി തീര്‍ന്നിട്ടുണ്ട്.. എന്റെ കാഴ്ചപാടില്‍ ഏറ്റവും കൂടുതല്‍ ലംഘിക്കപ്പെടുന്ന ശപഥം ദൈവവും മനുഷ്യനും തമ്മിലുള്ളതാണ്. പിന്നെ, സ്നേഹവും... മനുഷ്യനും മനുഷ്യനും തമ്മിലുള്ള സഹവാസവും, യോജിപ്പും, വിയോജിപ്പും, പരസ്പര വിശ്വാസവും എല്ലാം ഒത്തു ചേരുന്നത് ഓരോ ശപഥങ്ങളെ അടിസ്ഥാനമാക്കിയാണ്.. പക്ഷെ ഈ ശപഥങ്ങള്‍ താല്‍ക്കാലികമാണ് എന്ന് തോന്നിക്കുന്ന തരത്തിലാണ് ഓരോരുത്തരുടെയും ജീവിതം അവരവര്‍ കൊണ്ട് പോവുന്നത്. ഇനി വിശ്വാസികളുടെ കാര്യം ആനെങ്ങിലോ. അവര്‍ മന്ത്രങ്ങള്‍ തുടങ്ങുന്നത് തന്നെ ദൈവത്തോട് സാകഷ്യം ചെയ്തു കൊണ്ടാണ്.. പക്ഷെ കെട്ടിടത്തിനു പുറത്തു എതുന്നതോട് കൂടി.. അവര്‍ അതല്ലാം മറക്കുന്നു.. ദൈവം ഹൃദയത്തില്‍ ജീവിക്കേണ്ടതാണ് എന്നതാണ് ശരി.. പക്ഷെ... ദുഃഖം വരുമ്പോള്‍ ഉള്ള ഒരു ആശ്രയം എന്നതില്‍ അപ്പുറം,.. വലിയ ഒരു സ്ഥാനം ദൈവത്തിനു മനുഷ്യന്‍ നല്‍കുന്നുണ്ടോ എന്ന് തോന്നുന്നില്ല.. ചില മതങ്ങള്‍ മരണാന്തര ജീവിതത്തില്‍ വിസ്വസിക്കുനുണ്ട്. അത് കൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്താനുള്ള തന്ത്രങ്ങള്‍ ചില വിശ്വാസികള്‍ പ്രയോഗിച്ചു കാണാറുണ്ട്.. പക്ഷെ ഏറ്റവും വലിയ സ്നേഹം.. മനുഷ്യന്‍ തന്റെ സഹാജീവ്കളോട് കാണിക്കുന്ന സ്നേഹമാണ്.. അപ്പോള്‍ തന്നെയാണ് യഥാര്‍ത്ഥ വിശ്വാസി ആയി മാറുന്ന

      Delete
    2. പക്ഷെ കഥയ്ക്ക് സമ്മാനം ലഭിച്ചതിന് അഭിനന്ദനം പറയാന്‍ മറന്നു.....അഭിനന്ദനങ്ങള്‍ കേട്ടോ

      Delete
  5. ഇത് കഥ
    ജീവനുള്ള കഥ.
    പച്ചയായ യാഥാർത്ഥ്യങ്ങൾ തുറന്നെഴുത്ത്.
    അവസാനം പുരോഹിതർ ഒന്നാവുന്നു എന്ന ഭാഗം അത്യുജ്ജലമാക്കി.
    അഭിനന്ദനങ്ങൾ

    ReplyDelete
  6. ഇത് കഥ
    ജീവനുള്ള കഥ.
    പച്ചയായ യാഥാർത്ഥ്യങ്ങൾ തുറന്നെഴുത്ത്.
    അവസാനം പുരോഹിതർ ഒന്നാവുന്നു എന്ന ഭാഗം അത്യുജ്ജലമാക്കി.
    അഭിനന്ദനങ്ങൾ

    ReplyDelete

ധന്യമീ ജീവിതം

അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള്‍ ഉറങ്ങിയെന്നുറപ...