Wednesday, April 18, 2012

ഒരു എഴുത്തുകാരന്റെ ജീവിതകഥ


കുറച്ചു ദിവസങ്ങളായി ഒരു നിശ്ചലാവസ്ഥ,
ശൂന്യമായ മനസ്സ്, എവിടെയുമെത്താത്ത ചിന്തകള്‍,
അടുക്കും ചിട്ടയും ഇല്ലാതെ ക്രമരഹിതമായ ദിനചര്യകള്‍,
ഒന്നിനോടും ഒരു ഉത്സാഹം തോന്നുന്നില്ല.
ഇങ്ങിനെയൊക്കെ തോന്നാന്‍ മാത്രം ജീവിതത്തില്‍ എന്തെങ്കിലും  മാറ്റങ്ങൾ സംഭവിച്ചുവോ?
ഇല്ല... ഒന്നുമില്ല, എല്ലാം പഴയത് പോലെ തന്നെ. 
എന്നിട്ടും എന്തുകൊണ്ടാണ് ഒരു അപരിചിത്വം ജീവിതത്തിൽ വന്നുചേർന്നത്‌? 
ഇത്തരം ചിന്തകൾ പേറി നടക്കുമ്പോള്‍
കഥാകൃത്തിന്  സ്വയമൊന്നു വിചിന്തനം നടത്താന്‍ തോന്നി. 
ആ സമയത്താണ്  ആരോ അയാളെ വിളിക്കുന്നതായി  തോന്നിയത്.
'ഹായ് കഥാകാരാ.. ...‍"
ആരാണ് തന്നെ വിളിക്കുന്നത്? 
കഥാകൃത്ത്  ചുറ്റുപാടും നോക്കി.. ആരുമില്ലല്ലോ?"
"കഥാകാരാ.." വീണ്ടും അതെ വിളി...
ഒരു നിമിഷത്തെ സംഭ്രമത്തിനു ശേഷം 
തന്നെയാരാണ് വിളിക്കുന്നതെന്ന്  ഉള്‍കൊള്ളാന്‍ കഥാകൃത്തിനു  സാധിച്ചു.
തന്റെ  മനസ്സാണ് തന്നെ വിളിക്കുന്നത്. 
കഥാകൃത്ത് ചോദിച്ചു.  'ഈ മനസ്സിന് എന്തുപറ്റി ?
മനസ്സിനെ അറിയാന്‍  ഞാന്‍ പലപ്പോഴായി ശ്രമം നടത്തിയതായിരുന്നുവല്ലോ?
അപ്പോഴൊന്നും മനസ്സ് എന്നെ കണ്ട ഭാവം നടിച്ചിരുന്നില്ല. 
എന്ത് പറ്റി?  പതിവില്ലാത്തൊരു സ്നേഹം?'
മനസ്സ് പറഞ്ഞു "പതിവില്ലാത്തത് ഒന്നുമല്ല.
ഞാന്‍ നിന്റെ മുന്നിലൂടെ നടന്നാൽ പോലും നീ എന്നെ കാണാറില്ല. നീ വല്ലാതെ മാറിയിട്ടുണ്ട്"
.
ഹ ഹ ഹ കഥാകൃത്തിന് ചിരി വന്നു.
എന്നിട്ട്  കഥാകൃത്ത്‌  പറഞ്ഞു  'നീ എന്നെ നോക്കുന്നില്ല എന്നായിരുന്നു എന്റെ പരാതി, ഇപ്പോള്‍, ഞാന്‍ സ്വയം ആവര്‍ത്തിക്കുന്ന ചോദ്യം നീ എന്നോട് ചോദിക്കുന്നു. 
ശരിക്കും നമ്മളിൽ, രണ്ടിൽ ഒരാള്‍ക്ക് എന്തോ കുഴപ്പം ഉണ്ട്.
ഒരു പക്ഷെ, എനിക്ക് തന്നെയാവനാണ് സാധ്യത,
കാരണം.ഈയിടെയായി എന്നെ കാണുമ്പോള്‍ ആളുകൾ എല്ലാവരും
എന്നില്‍നിന്ന് അകന്നുമാറി  പോവുന്നതായി എനിക്ക് തോന്നി തുടങ്ങിയിട്ടുണ്ട്'
മനസ്സ് പറഞ്ഞു "നിന്നിൽ നിന്ന് എല്ലാവരും അകന്നുമാറുന്നതിനു കാരണം നീ കഥകളില്‍ ജീവിക്കുന്നത് കൊണ്ടാണ്.
നിന്നെ സ്നേഹിക്കുന്നവരോടും, അറിയുന്നവരോടും 
നിന്നെ അറിയാനായി നിന്നിലേക്ക്‌ വരുന്നവരോടും 
നിനക്ക് സംസാരിക്കാനുള്ളത് കഥകള്‍ മാത്രമാണ്. 
കഥകള്ക്കപ്പുറമുള്ള ലോകം നിനക്ക് അന്യമായി തീർന്നിട്ടുണ്ട്. 
ജീവിതമൊരു കഥയല്ല, കവിതയുമല്ല. 
തീക്ഷണമായ അനുഭവങ്ങളെ,  ചിന്തകളെ അടുക്കും ചിട്ടയോടെ പകർത്തിവച്ച്
കുറച്ചു ചായകൂട്ടുകൾ കൊണ്ട് മോടിപിടിപ്പിച്ചു ഉണ്ടാക്കുന്ന
ഒരു വിഭവം മാത്രമാണ് കഥയും കവിതയും.
എല്ലാവരും ഇത്തരത്തിൽ അനുഭവങ്ങളെ വായനയിലൂടെ അറിയാൻ ശ്രമിക്കുന്നവരാകണം എന്നില്ല. ചിലെരെങ്കിലും  ഇതൊന്നുമില്ലതിരുന്ന നിന്റെപഴയ  കാലത്തേ ഇഷ്ടപ്പെടുന്നവരാണ്. 
സത്യത്തിൽ നിന്നോട് പോലും നിനക്ക് സ്നേഹമില്ല..
 നിന്റെ ശരീരം പോലും അതിനു സാക്ഷിയാണ്. 
ആരോഗ്യമുള്ള ഒരു ശരീരത്തിനു മാത്രമേ ആരോഗ്യമുള്ള ഒരു മനസ്സിനെ കുറിച്ച് അറിയാൻ കഴിയു.  അത്കൊണ്ടാണ് നിനക്ക് എന്നെ അറിയാനോ  മനസ്സിലാക്കുവാനോ സാധിക്കാത്തത്"
'ഞാന്‍ നിന്നെ അറിയാന്‍ ശ്രമിക്കാം. അതിനു ഞാന്‍ എന്താണ് ചെയ്യേണ്ടത്'
"എങ്കില്‍ ഞാന്‍ നിനക്ക് രണ്ടു ജീവിതങ്ങളെ കാണിച്ചു തരാം. 
ആദ്യത്തെ ജീവിതം നീ എഴുതാനിരിക്കുന്ന കഥയിലെ നായകന്റെതാണ്. 
ഒരു കാലത്ത് നിന്റെ സന്തത സഹചാരിയും, നിന്റെ കളികൂട്ടുകാരനും,
സര്‍വോപരി, കുറെ ബിരുദങ്ങള്‍ എടുത്തു, അവസാനം ഒരു സര്‍ക്കാര്‍ തസ്തികയില്‍ ഗുമസ്തനായി ജോലി ചെയ്യുന്ന ആളിന്റെതാണ്‌.  
രണ്ടാമതായി നീ സംസാരിക്കേണ്ടത് നിന്നിലെ കഥാകൃത്തിനോടാണ്.
പക്ഷെ ഒരു നിബന്ധന ഉണ്ട്. സംസാരിച്ചു കഴിയുമ്പോള്‍ നിനക്ക് നിന്നെ മനസ്സിലാവണം.
പിന്നെ നിന്നെ സ്നേഹിക്കുന്ന എന്നെ  അഥവാ നിന്റെ മനസ്സിനെയും....സമ്മതമാണോ?  
ശരി .. എങ്കില്‍ ഇതാ നീ എഴുതാന്‍ ആഗ്രഹിക്കുന്ന കഥയിലെ  നിന്റെ കളികൂട്ടുകാരന്റെ ജീവിതത്തെ നിന്റെ ചിന്തകളിലേക്ക് തരുന്നു. അവനുമായി നീ സംസാരിക്കു"
.
'എങ്ങിനെയുണ്ട് രമേശ്‌ ജീവിതം'
.
"എന്ത് ജീവിതം?  ജനിച്ചത് കൊണ്ട് ജീവിക്കുന്നു.അതിനുമപ്പുറം വലിയ അര്‍ത്ഥങ്ങളൊന്നും ഞാന്‍ ജീവിതത്തിനു കൊടുക്കുന്നില്ല"
.
'നിനക്കിതു എന്ത് പറ്റി?
നീ ഇങ്ങിനെ ചിന്തിക്കുന്ന ഒരാളായിരുന്നില്ലല്ലോ?
ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ച്ചപാടുകളും യുക്തിഭദ്രമായ നിലപാടുകളും നിനക്കുണ്ടായിരുന്നു. നീയുമായുള്ള സൗഹൃദം  എന്റെ വ്യക്തിത്വത്തെ ഒരു പരിധിവരെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വേള നിന്റെ ചിന്തകളാണ് എന്റെ ചിന്തകളായി പുറത്തുവരുന്നത് എന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട്.
പക്ഷെ, നിന്റെ വാക്കുകളിലിപ്പോൾ  നിരാശ നിറഞ്ഞു നിലക്കുന്നതായി മനസ്സിലാവുന്നു'
.
"അങ്ങിനെയൊരു കാലം ഉണ്ടായിരുന്നു എന്നത് ശരി തന്നെയാണ്.
പക്ഷെ എനിക്കിപ്പോള്‍ ആളുകള്‍ കൂടുന്നിടത്ത് പോവാന്‍ വല്ലാത്ത മടിയാണ്.
ആകെകൂടി പോവാന്‍ തോന്നുന്നത് മരണം നടക്കുന്ന സ്ഥലങ്ങളില്‍ മാത്രമാണ്. 
പിന്നെ മരണത്തിന്റെ എല്ലാ ശേഷക്രിയകളും കഴിഞ്ഞതിനു ശേഷം മാത്രമാണ് ഞാൻ അവിടെനിന്നും  മടങ്ങുക"
.
'അതിനര്‍ത്ഥം, സമൂഹത്തിനെ ഉള്‍കൊള്ളാന്‍ നിനക്ക് കഴിയുന്നില്ല എന്നാണ്.
നീ ഒളിച്ചോടാന്‍ ശ്രമിക്കുന്നു.
അത് മരണത്തിലൂടെയാണെങ്കില്‍ പോലും നീ ഏറ്റു വാങ്ങാന്‍ തയ്യാറാണ്.
മരണത്തെ നീ ആഗ്രഹിക്കുന്നു എന്നും പറയാം.
നിന്നെ നീ അളക്കുന്നത് മാറിയ സമൂഹത്തെ നോക്കിയാണ്.
പക്ഷെ നീ കാണുന്നത് സാമൂഹ്യ നനമകളെ അല്ല, മറിച്ച്‌ സമൂഹം ഉണ്ടാക്കി വച്ചിരിക്കുന്ന പൊള്ളയായ ജീവിത യഥാര്‍ത്ത്യങ്ങളെയാണ്'
.
"ഒരു അര്‍ത്ഥത്തില്‍ നീ പറഞ്ഞത് ശരിയാണ്. സമൂഹവുമായി പൊരുത്തപ്പെട്ടുപോവാന്‍ എനിക്ക് കഴിയുന്നില്ല. അതിനു കാരണം, യവ്വനകാലഘട്ടത്തില്‍ എനിക്കുണ്ടായ മാറ്റങ്ങളായിരുന്നു.  ആ കാലത്ത് എന്റെ ചിന്തകളും പ്രവര്‍ത്തനങ്ങളും, എന്നോട് ഇടപഴകുന്നവരുമെല്ലാം ജീവിത്തിലെ വിവിധതലങ്ങളിലുള്ളവരായിരുന്നു.
അവരിൽ പലരും എന്നെ കണ്ടു പഠിക്കാന്‍ മത്സരിക്കുന്നത് എനിക്കറിയാമായിരുന്നു. 
ഓരോ ബിരുദങ്ങള്‍ നേടുമ്പോഴും ഞാൻ സ്വയം എന്റെ അസ്തിത്വത്തിൽ നിന്ന് ഏറെ ദൂരെ പോവുന്നതായി ഒരു തോന്നല്‍ എനിക്കുണ്ടായിരുന്നു.
പിന്നീട് ജോലി തേടിയുള്ള യാത്രകളില്‍ ഞാന്‍ ആഗ്രഹിച്ചത് ഒരു സര്‍ക്കാര്‍ ജോലിയാണ്. പതിയെ പതിയെ എന്നെ മാത്രകയാക്കിയ പലരും എന്നില്‍നിന്ന് അകന്നുപോവുന്നതായി എനിക്ക് മനസ്സിലാവാൻ തുടങ്ങി. സര്‍ക്കാര്‍ ജോലി നേടിയതില്‍ പിന്നെ എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നുമുണ്ടായില്ല, പകരം അത് ഒരു സ്ഥായിയായ അവസ്ഥയില്‍ ഞാന്‍ എത്തപ്പെട്ടു.   സമൂഹം അപ്പോഴെക്കെ മാറ്റങ്ങള്‍ക്കു വേണ്ടി വെമ്പല്‍കൊള്ളുകയായിരുന്നു. പലരും കടൽ കടന്നു. ആഗ്രഹിച്ചതൊക്കെ നേടി.   അവരിൽ പലരും സമൂഹത്തിൽ അവരുടെതായ സ്ഥാനമാനങ്ങൾ  ഉണ്ടാക്കി. ഒരു സർക്കാർ ജോലിയിൽ മാത്രം ഒതുങ്ങിപ്പോയ ഞാൻ  എനിക്ക് ചുറ്റുമുള്ള സമൂഹത്തിന്റെ മുന്നിൽ ഒന്നുമില്ലാത്ത ആളായി മാറി. 
ഞാൻ ആരുമല്ല, എനിക്ക് ഒന്നുമാവാന്‍ കഴിഞ്ഞില്ല"
.
'നീ ജീവിതത്തില്‍ എന്നോ മരിച്ചവനാണ്. 
മരിച്ചവന്‍ എന്നതിന്റെ വിവക്ഷ പരാജയപ്പെട്ടവന്‍ എന്നും നല്‍കാം.
നിന്റെ പരാജയത്തിന്റെ വ്യാപ്തി നീ അളക്കുന്നത്  മറ്റുള്ളവരില്‍ നിന്ന് നിനക്കില്ലാത്തതിനെ കുറിച്ചോർത്ത്കൊണ്ട്  മാത്രമാണ്. 
നിന്റെ ജീവിതാഭിലാഷങ്ങള്‍ പൂവണിയിക്കാന്‍ നിനക്ക് കഴിഞ്ഞില്ലന്നു നീ വിചാരിക്കുന്നു. സുഖവും ദുഖവും ആപേക്ഷികമാണ്.  അത് മാറിമറിഞ്ഞു കൊണ്ടിരിക്കും. നിന്റെ നിർവികാരത കാരണം,  ജീവിതത്തിൽ നീ അനുഭവിക്കുന്ന മനോഹരമായ പല അവസ്ഥകളുടെയും അനുഭൂതി നുകരാൻ നിനക്ക് കഴിയാതെ വരുന്നു....'
.


"കഥാകാരാ.. ...."
.
 'എന്തെ  മനസ്സേ'
.
"ഞാന്‍ നിങ്ങളുടെ സംഭാഷണത്തില്‍ ഇടപെടുകയാണ്. 
"നിന്റെ കഥയിലെ നായകനെ ജീവിത യാഥാർത്യങ്ങളുടെ ലോകത്തേക്ക് തിരികെ കൊണ്ട് വരാന്‍ പെട്ടെന്ന്  കഴിയില്ല. അത്കൊണ്ട് തന്നെയാണ് ഈ കഥ അപൂര്‍ണമായി നീ എന്നില്‍ അവശേഷിപ്പിച്ചത്.  അയാള്ക്ക് ജീവിതം അറിയാം. എന്നിട്ടും, പരാജയപെട്ടവൻ എന്ന തോന്നൽ സ്വയം സൃഷ്ടിച്ചു ജീവിതത്തെ പഴിച്ചുകൊണ്ട് കാലം കഴിക്കാനാണ് അയാൾ ആഗ്രഹിക്കുന്നത്. ഇനി നിനക്ക് രണ്ടാമത്തെ ആളോട് സംസാരിക്കാം.. അത് നിന്നിലുള്ള കഥാകരനോടാണ്. നീ അറിയാത്ത നിന്നിലെ എഴുത്തുകാരനോട്‌"
.
"എന്ത്കൊണ്ട് താങ്കളുടെ കഥകളില്‍ ബാല്യത്തെ കുറിച്ചും, അച്ഛനമ്മാരുടെ സ്നേഹത്തെ കുറിച്ചും കാണുന്നില്ല?'
.
'ഞാന്‍ ഒരു കഥകൃത്ത് അല്ല. കാരണം എനിക്ക് അനുഭവങ്ങളുടെ തീച്ചൂളയില്ല.  ഞാന്‍ വളർന്നത് ഒരു കൂട്ട്കുടുംബത്തില്‍ അല്ല, അത് കൊണ്ട് മുത്തശ്ശി കഥകളെ കുറിച്ച് എനിക്ക് അറിയില്ല. ഞാന്‍ പിച്ചവച്ചത് എന്റെ അമ്മയുടെ കൈകളില്‍ ഇരുന്നല്ല, അത്കൊണ്ട് അമ്മയെക്കുറിച്ച് എഴുതാൻ  എനിക്കറിയില്ല. ജോലി തേടി വിദേശത്തേക്ക് പോയ അച്ഛന്‍ മാസത്തിലൊരിക്കൽ  ഹോസ്റ്റല്‍ വാര്‍ഡനു എഴുതുന്ന കത്തുകളില്‍ കൂടി പകർന്നു കിട്ടിയ സ്നേഹം മാത്രമേ എനിക്കും എന്റെ അച്ഛനും ഇടയിൽ ഒള്ളു  അത് കൊണ്ട് എനിക്ക് അച്ഛനമ്മാരുടെ സ്നേഹത്തിന്റെ ശക്തിയെ കുറിച്ച് എഴുതാനറിയില്ല'
.
"അനുഭവം ഇല്ലാതെ നിങ്ങള്‍ എങ്ങിനെ എഴുതുന്നു?  ഒരു കഥാകൃത്ത് കുറെ അനുഭവങ്ങള്‍ ഉള്‍കൊള്ളുന്ന ഒരാളായിരിക്കണം എന്ന് പറഞ്ഞു കേള്‍ക്കുന്നു? പക്ഷെ താങ്കളുടെ കാര്യത്തില്‍ അത് ശരി അല്ലല്ലോ? താങ്കള്‍ എങ്ങിനെ കഥ ഉണ്ടാക്കുന്നു?"
.
'കഥ ഞാന്‍ കാണുന്നത് എന്റെ ചുറ്റും ജീവിക്കുന്ന ആളുകളില്‍ നിന്നാണ്.  എന്റെ കണ്ണുകളില്‍ പ്രതിഫലിക്കുന്ന എന്തിനെയും അറിയാനും, അവയോടു നിശബ്ധമായി സംസാരിക്കാനും ശ്രമിക്കുന്നു. സ്ഥിരം കാഴ്ചകള്‍ കണ്ണിനെ തേടിയെത്തുമ്പോള്‍, മടുപ്പിക്കുന്ന കാഴ്ച്ചകളിൽ നിന്ന് മാറി കാണാത്തതിനെ തേടി നടക്കാന്‍ തുടങ്ങും.  കഥ എഴുത്ത് തുടങ്ങുന്നതിനു മുമ്പ്, എന്റെ മനസ്സില്‍ എന്തൊക്കെയോ ഉണ്ടായിരുന്നതായി ഞാന്‍ മനസ്സിലാക്കിയിരുന്നു. പക്ഷെ ഇപ്പോള്‍ പൊടുന്നനെ എനിക്ക് ഒന്നും ഓര്‍മിച്ചു എടുക്കാന്‍ കഴിയുന്നില്ല. ഓര്‍ക്കാന്‍ കഴിയാത്ത ഓര്‍മകളുടെ ചെപ്പില്‍ നിന്ന് ചിലതൊക്കെ പെറുക്കിയെടുക്കാൻ  ഈയിടെ വിഫലശ്രമം നടത്തിനോക്കി. പക്ഷെ ഓര്‍മകളെ തേടി നടക്കുന്നതിനു പകരം, കാഴ്ച്ചകളെ തേടി നടക്കുന്നതാണ് കൂടുതല്‍ നല്ലതെന്ന് എനിക്കിപ്പോള്‍ തോന്നിത്തുടങ്ങിയിട്ടുണ്ട്.
 കാഴ്ച്ചകൾ മടുപ്പുണ്ടാക്കില്ല. ഓര്‍മ്മകള്‍ ചിലപ്പോള്‍ അസ്വസ്ഥതയായി മാറും'
.
"കണ്ടു മറന്ന കാഴ്ച്ഛകളിലെ ചിലതക്കെയോര്‍ത്തു താങ്കള്‍ സ്വയം ചിരിച്ചു കൊണ്ട് പലപ്പോഴും നടക്കാറുണ്ടല്ലോ? എന്നിട്ടും എന്ത് കൊണ്ട് താങ്കളുടെ കഥകളില്‍ തമാശകള്‍ ഉണ്ടാവുന്നില്ല?"
.
'തമാശകള്‍' നമ്മള്‍ സ്വയം സൃഷ്‌ടിക്കുന്നത്  അല്ല. 
ചില ചിന്തകള്‍പോലും തമാശകളാണ്. 
ഞാന്‍ ഒരു ഉദാഹരണം പറയാം..എന്റെ 'യാത്രക്കിടയില്‍' എന്ന പംക്തിയില്‍, എന്റെ മുന്നില്‍ നില്ക്കുന്ന ചുവന്ന ചുരിദാര്‍ ധരിച്ച ഒരു  പെണ്‍കുട്ടി  ആരുമായോ ഫോണില്‍ സംസാരിച്ചു കൊണ്ട് നില്‍ക്കുന്ന കാഴ്ച  എന്നില്‍ അസ്വസ്ഥയായി പടര്‍ന്നു കയറുന്നു. അപ്പോൾ ഞാന്‍ സ്വയം പറയുന്നു,  അവൾ  അവിടെ നിന്ന് മാറി മറ്റേതെങ്കിലും ഒരു സീറ്റില്‍ പോയിരുന്നു സംസാരിച്ചു കൂടെയെന്ന് കാരണം അവളവിടെ നിന്ന് സംസാരിക്കുന്നതു കൊണ്ട് എനിക്ക് മറ്റൊന്നും ശ്രദ്ധിക്കാന്‍ പറ്റാതെ വരുന്നു,  ഇതില്‍ ഒരു തമാശ ഉണ്ട്.  ഞാന്‍ അവിടെനിന്നു മാറി മറ്റൊരു സ്ഥലത്ത് ഇരുന്നാൽ എനിക്ക് അവളെ കാണേണ്ട അവസ്ഥയുണ്ടാവില്ല  പക്ഷെ ഞാന്‍ സ്വയം  മാറുന്നതിനു പകരം,   അവളോട്‌ മാറി എവിടെയെങ്കിലും പോയി ഇരിക്കാന്‍ പറയുന്നു. .. സമൂഹത്തിന്റെ പൊതുവായ അവസ്ഥയാണിത്.  ഇത് തന്നെയാണ് എന്റെ ചിന്തകള്‍... ഇത് ഒരു ആക്ഷേപഹാസ്യമാണ്. പക്ഷെ വായനക്കാര്‍ എന്നെ  സീരിയസ്സ് എഴുത്തുകാരനായി കാണുന്നത് കൊണ്ടാവാം അവര്‍ക്ക് എന്റെ എഴ്ത്തിലെ തമാശകള്‍ അറിയാന്‍ കഴിയാത്തത്'
.
"കഥാകാരാ..., നിനക്ക് നിന്നെ മനസിലായില്ലേ, നീ ശൂന്യതയില്‍ നിന്നാണ് കഥകള്‍ ഉണ്ടാക്കുന്നത്. പ്രകൃതിയാണ് നിനക്ക് കഥകള്‍ തരുന്നത്.. നിന്റെ കണ്ണുകള്‍ എങ്ങിനെ പ്രകൃതിയെ നോക്കുന്നുവോ?  അതാണ് നിന്റെ കഥ.  പ്രകൃതിയുടെ മാറ്റങ്ങള്‍ക്കു അനുസരിച്ച് നീന്റെ ചിന്തകളും മാറുന്നു. നീ അനുഭവിക്കുന്ന ഇപ്പോഴുള്ള വിഷമവും അത് തന്നെയാണ്..പൊടുന്നനെ നിന്റെ പ്രക്രതി മാറിയിട്ടുണ്ട്.. അത് മനസിലാക്കാനുള്ള ശ്രമമാണ് നിന്നില്‍ അസ്വസ്ഥതയായി മാറിയത്"
സ്വയം മനസ്സിലായ കഥാകാരന്‍ ചിന്തകളുടെ ഉള്‍കാഴ്ചയുമായി കാഥികന്റെ പണിപ്പുരയിലേക്ക് നടന്നു... .മനസ്സെന്ന അത്ഭുത മാന്ത്രികതയില്‍ വിടര്‍ന്ന കാഴ്ച്ചകളുമായി,..

9 comments:

  1. നീന്റെ പരാജയത്തിന്റെ വ്യാപ്തി അളക്കുന്നത് നിനക്ക് മറ്റുള്ളവരില്‍ നിന്ന് ഇല്ലാത്തതിനെ കുറിച്ച് ഓര്‍ത്തു മാത്രമാണ്

    വളരെ നന്നായിരിക്കുന്നു.നന്നായി ഇഷ്ടപ്പെട്ടു.
    സ്വയംവിമര്‍ശനന്ത്തിന്റെ ആവശ്യകത ഓരോരുത്തരും എത്രയും വേഗം സ്വീകരിക്കേണ്ടതിന്റെ നിലയിലേക്കാണ് ഈ പോസ്റ്നിനെ ഞാന്‍ വിലയിരുത്തുന്നത്. അത് വളരെ നല്ല അവതരണത്തിലൂടെ ഭാഷയിലൂടെ അവതരിപ്പിച്ചിരിക്കുന്നു.
    അഭിനന്ദനങ്ങള്‍.

    ReplyDelete
    Replies
    1. മനസ്സ് നിശ്ചലാവസ്ഥയില്‍ ആയപ്പോള്‍ അതിനു സ്വയം ഉത്തരം തേടിയുള്ള ചിന്തകളില്‍ നിന്നാണ് ഈ കഥ ഉടലെടുത്തത്.. സ്വയം വിലയിരുത്തലില്‍ നിന്ന് കഥ ഉണ്ടായപ്പോള്‍, അത് തന്നെ ആയിരുന്നു എന്റെ അവസ്ഥക്കുള്ള രക്ഷാമാര്‍ഗ്ഗം. കഥ വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയതിനു വളരെ നന്ദി റാംജി. വീണ്ടും വരിക..

      Delete
  2. Congrats....
    valare nannayi ezhuthiyittundu...
    Kathakarante manasiloode onnu kayari irangiyathu pole thonni...

    ReplyDelete
    Replies
    1. ലക്ഷ്മി നന്ദി.. നമ്മള്‍ അസ്വസ്ഥമാവുമ്പോള്‍, വെറുതെ ഒന്ന് നമ്മിലേക്ക്‌ നോക്കിയാല്‍, അല്ല എങ്കില്‍ നമുക്ക് ചുറ്റുമുള്ളവരെ നോക്കിയാല്‍ മാറാവുന്ന അവസ്ഥയെ നമ്മുടെ മനസ്സിനൊള്ളൂ. പകരം നിരാശയില്‍ ജീവിതം ബലി കഴിച്ചു.. ഇരുളടഞ്ഞ ഗുഹകളില്‍ ജീവിതം ജീവിച്ചു തീര്‍ക്കേണ്ട ഗതികേടു എത്ര പരിതാപകരമാണ്.. . വീണ്ടും വരിക..

      Delete
  3. അയാള്‍ കഥയെഴുതുകയാണ്....നല്ല കഥ

    ReplyDelete
    Replies
    1. എന്റെ എഴുത്തിനെ എപ്പോഴും പ്രോസഹിപ്പികുന്ന ശ്രി അജിത്തിന് വളരെയധികം നന്ദി.. ഈ കഥ എന്റെയും നിങ്ങളുടെയും എല്ലാം ആവുന്നത് കൊണ്ട് തന്നെയാണ്.. ചില വരികള്‍ എങ്കിലും കഥക്ക് അതീതമായി മനസ്സിലേക്ക് എത്തി നോക്കുന്നത്..

      Delete
  4. ഒരു കഥാകൃത്ത് സ്വയം മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. വല്ലപ്പോഴും ഇത് പോലുള്ള ആത്മ വിമര്‍ശനം നല്ലത് തന്നെ.

    ReplyDelete
  5. തിരച്ചറിവ് നേടിയ കഥാകാരന്‍റെ അവതരണം നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  6. ith enteyum ninteyum okke manasaanu.. mukhamaanu..

    ReplyDelete

ധന്യമീ ജീവിതം

അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള്‍ ഉറങ്ങിയെന്നുറപ...