Tuesday, April 17, 2012

ഇനിയും കഥ തുടരും





അയാള്‍ ഒരു കഥ അന്വേഷിച്ചു നടക്കുകയാണ്.. 
ജീവിതാനുഭവങ്ങളില്‍  നിന്നാണ് കഥ ഉണ്ടാവുന്നതെന്ന്  അയാള്‍ക്കറിയാം.. പക്ഷേ , അയാളുടെ മനസ്സ് നിശ്ചലമാണ്. നിശ്ചലാവസ്ഥ തന്റെ മനസ്സിനെ അസ്വസ്ഥമാക്കില്ല എന്നും അയാള്‍ക്ക് അറിയാം, അത് കൊണ്ട്, മനസ്സിനെ  അസ്വസ്ഥമാക്കാന്‍   വേണ്ടി അയാള്‍  ശ്രമമാരംഭിച്ചു.



ഭൂമിയും അതിന്റെ വൈജാത്യങ്ങളും ആയിരുന്നു  ആദിമ മനുഷ്യരെ അസ്വസ്ഥമാക്കിയിരുന്നതെങ്കില്‍, ഇന്നത്തെ മനുഷ്യന്റെ മനസ്സിന്റെ താളം തെറ്റിക്കുന്നത് അവന്‍ തന്റെതന്നെ സമൂഹത്തിലെ ബലഹീനര്‍ക്കുമേല്‍ സ്ഥാപിക്കുന്ന ആദിപത്യമാണ്.  കുറെ കാലമായി ഈ  ചിന്തകളാണ് ‌ അയാളെ കുറച്ചെങ്കിലും അസ്വസ്ഥനാക്കുന്നതെന്ന്  അയാളുടെ കഥകള്‍ വായിച്ചാല്‍ അറിയാം. ഇതിലുമപ്പുറമുള്ള ചിന്തകളാണ് ഇനി അയാള്‍ക്ക് വേണ്ടത്.   ഒടുവില്‍ അയാള്‍ തീരുമാനിച്ചു തന്റെ ഭാര്യയോടു കലഹത്തില്‍ ഏര്‍പ്പെടാന്‍..  അവള്‍ ചിരിച്ചുകൊണ്ട് അയാളോട് ചോദിച്ചു.. "നിങ്ങള്‍ കഥകള്‍ എഴുതാന്‍ വേണ്ടി അല്ലെ എന്നോട് കലഹത്തില്‍ ഏര്‍പ്പെടുന്നത്?  എല്ലാവരും മനസ്സിന്റെ സ്വസ്ഥത ആഗ്രഹിച്ചാണ് ഭാര്യയോട് സംസാരിക്കുക, നിങ്ങള്‍ വല്ലാത്തൊരു മനുഷ്യന്‍ തന്നെ,  എന്നാലും നിങ്ങളെ എനിക്ക്  ഇഷ്ട്ടമാണ്, ഒരിക്കലും നിങ്ങളോട് ദേഷ്യപ്പെടാന്‍ എനിക്ക് സാധിക്കില്ല"  ഇളിഭ്യനായ അയാള്‍  മുന്നില്‍ കണ്ട വഴിയിലൂടെ അലക്ഷ്യമായി യാത്ര ആരംഭിച്ചു.





"അമ്പലത്തിലേക്ക് പോവുകയാണോ? എങ്കില്‍ പാദരക്ഷകള്‍ ഞങ്ങളെ ഏല്‍പ്പിക്കു"  റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന പോലീസ് ബാരിക്കേടിനു അടുത്ത് നില്‍ക്കുന്ന താടിവച്ച ചെറുപ്പകാരന്‍ അയാളുടെ നേരെ നോക്കി പറഞ്ഞു.

'എന്റെ ഷൂ ഞാന്‍ അഴിച്ചു വക്കാം, പക്ഷെ അത് നഷ്ടപ്പെടില്ല എന്നതിന് എന്താ ഉറപ്പു?'

"ഞങ്ങള്‍ക്ക് അഞ്ചു രൂപ തന്നാല്‍, ഞങ്ങളിത് സൂക്ഷിച്ചു വക്കും.."

'പക്ഷേ  സുഹൃത്തെ ഇതിനു അയ്യായിരം രൂപയിലധികം വിലയുണ്ട്‌. ഹഷ് പപ്പീസ്‌ എന്ന ഒരു അമേരിക്കന്‍ കമ്പനിയുടേതാണ് ഇത്'

"ഞങ്ങള്‍ക്ക് നിങ്ങളോട് തര്‍ക്കിക്കാന്‍ നേരമില്ല,  പറ്റുമെങ്കില്‍  ഷൂ ഞങ്ങളെ ഏല്പിക്കു.. അമ്പലത്തിലേക്ക് ഇത് ധരിച്ചുകൊണ്ട് പോവാന്‍ പറ്റില്ല."

'ഞാന്‍ അമ്പലത്തില്‍ കയറാന്‍ വന്നതല്ല,.. എന്റെ ജോലി കഥ എഴുത്താണ്,  ഞാന്‍ അലക്ഷ്യമായി നടക്കുകയാണ്.. നിങ്ങളെ കണ്ടപ്പോള്‍ എന്റെ കഥയില്‍ നിങ്ങള്‍ വരണമെന്ന് എനിക്ക് തോന്നി, അത്കൊണ്ട് മാത്രമാണ്  നിങ്ങളോട് ഞാന്‍ സംസാരിക്കാന്‍ നിന്നത്.'



മുന്നോട്ടു നടക്കുമ്പോള്‍ വീണ്ടും അയാള്‍ കുറെ ബാരിക്കേഡുകള്‍ കണ്ടു, ഓരോ ബാരിക്കേഡുകള്‍ക്കും  അരികിലായി പാദരക്ഷകള്‍ സൂക്ഷിക്കാന്‍ ആളുകള്‍ നില്‍ക്കുന്നു.. വഴി നിറയെ കുറെ ആളുകള്‍, സ്ത്രീകളും കുട്ടികളും അവരില്‍ ഉണ്ട്.  ഒരു  ചെറുപ്പകാരിയായ   പെണ്‍കുട്ടി അയാളെ നോക്കി മന്ദസ്മിതം തൂകി. .. അയാള്‍ ഓര്‍ത്തു , .. അലക്ഷ്യമായി നടക്കുന്ന തന്റെ ലക്‌ഷ്യം ഈ പെണ്‍കുട്ടിയെ കാണാന്‍ ആയിരിക്കാം. പക്ഷേ  അവള്‍ അയാളെയും കടന്നു പോയി.  പിറകിലേക്ക്  തിരിഞ്ഞു നോക്കാന്‍ അയാള്‍ക്ക് മടി തോന്നി. അമ്പലത്തിന്  തൊട്ടടുത്ത്  എത്തിയപ്പോള്‍ അവിടെ കുറെ കച്ചവടക്കാരെ  കണ്ടു, വിവിധയിനം പൂക്കൾ കയ്യിലേന്തി  നില്‍ക്കുന്ന  നോര്‍ത്ത് ഇന്ത്യന്‍ എന്ന് തോന്നിപ്പിക്കുന്ന ഒരു ചെറുപ്പക്കാരനോട്  അവിടെ ആളുകള്‍ തടിച്ചുകൂടിയതിനെ കുറിച്ച് അയാള്‍ അനേഷിച്ചു.. ചെറുപ്പക്കാരൻ  പറഞ്ഞ മറുപടിയില്‍ നിന്നാണ്, ആ ദിവസം ശിവരാത്രി ദിനം ആണന്ന്  അയാള്‍ക്ക് മനസിലായത്.. മുന്നോട്ടു നടക്കുമ്പോള്‍ അയാള്‍ക്ക് എതിരെ ഒരു സ്ത്രീയും പുരുഷനും നടന്നു വരുന്നുണ്ടായിരുന്നു.  ആ സ്ത്രീയുടെ നഗ്നമായ വയറു സാരിയുടെ ഇടയില്‍ കൂടി അയാള്‍ കണ്ടു.  അയാള്‍ നോക്കുന്നത് കണ്ടിട്ടാവണം അവള്‍ സാരി വയറിലേക്ക് വലിച്ചിട്ടുകൊണ്ട്  അവിടെ മറച്ചു.. എന്നാലും നേര്‍ത്ത സാരിക്കിടയിലൂടെ അയാള്‍ അവളുടെ വയറിന്റെ മടക്കുകള്‍ കണ്ടു .  സാരിക്കിടയിലൂടെ കണ്ട വയറിന്റെ മാംസളമായ ഭാഗം  അയാളുടെ മനസ്സില്‍ ലഹരി പടര്‍ത്തി .. താന്‍ പണ്ട്  സ്വപനം കണ്ടിരുന്ന  പെണ്‍കുട്ടികള്‍ക്കും ഇത് പോലെ സാരിക്കിടയിലൂടെ വെളിപ്പെടുന്ന മാംസളമായ വയറു ഉണ്ടായിരുന്നതായി അയാള്‍ ഓര്‍ത്തു.. അവരും അയാളെ കടന്നു പോയി..



എന്ത് കൊണ്ടാണ് അവര്‍ മുട്ടിയുരുമ്മി  നടക്കാത്തത്?  കല്യാണം കഴിഞ്ഞ ആദ്യ നാളുകള്‍ മാത്രമായിരിക്കും ഇങ്ങിനെ നടക്കുക.. പിന്നെ പിന്നെ അകലം കൂടും, മനസ്സിന്റെ അകലം കൂടുമോ? കൂടുമായിരിക്കും..എന്നിട്ട് തനിക്കു കൂടിയിട്ടുണ്ടോ... അയാള്‍ ഓര്‍മകളില്‍ ചികഞ്ഞു.. ഭാര്യയുമായി അയാള്‍ കലഹിച്ചിട്ടുണ്ട്.. പിണങ്ങി ഇരിന്നിട്ടുണ്ട്. അവളോട്‌ ഉറങ്ങുകയാണ്  എന്ന് പറഞ്ഞു കള്ളം നടിച്ചു കിടന്നിട്ടുണ്ട്... എന്നിട്ട് .. മറ്റൊരു ദിവസമാവുമ്പോള്‍ കൂടുതല്‍ അടുക്കാന്‍ തോന്നിയിട്ടുണ്ട്.. അവളുടെ കവിളില്‍ തന്റെ മുഖം ചേര്‍ത്ത് കരഞ്ഞിട്ടുണ്ട്.. അവളുടെ പിന്‍കഴുത്തില്‍ ഉമ്മ വച്ച് അവളെ കോരിത്തരിപ്പിച്ചിട്ടുണ്ട്.. അവളെ തന്റെ കൈകളിൽ  കോരിയെടുത്ത് നെഞ്ചോടു ചേർത്ത് ലാളിച്ചിട്ടുണ്ട്.   അകന്നാല്‍ അടുക്കാന്‍ തോന്നും.. അടുത്താല്‍ അകലാന്‍ തോന്നും.. അതായിരിക്കാം സ്നേഹം.. അവര്‍ സ്നേഹിക്കുനത് കൊണ്ടാവാം അകന്നുനടക്കാന്‍ തോന്നുന്നത്..



അയാള്‍ വീണ്ടും യാത്ര തുടര്‍ന്നു.  മുന്നോട്ടു നടക്കുമ്പോള്‍ അയാള്‍ നാലുപാടും നോക്കികൊണ്ടിരിന്നു.. കഥയില്‍ എന്തെക്കെ ഉള്‍പ്പെടുത്തണം, ഒരു പെണ്ണും ആണും പ്രണയിക്കുന്നത് വേണം, അല്ലങ്കില്‍ കഥയാവില്ല.  പ്രണയമില്ലാത്ത കഥകൾ വായനക്കാർ നിഷ്കരുണം തള്ളും.  പക്ഷേ .. പ്രണയിക്കുന്നവരെ അയാളുടെ കണ്ണുകള്‍ക്ക്‌ കാണാന്‍ കഴിഞ്ഞില്ല.. കണ്ട കാഴ്ചകളിലെല്ലാം സ്ത്രീയും പുരുഷനും പരസ്പരം അകലം പാലിച്ചുകൊണ്ട് നടക്കാന്‍ ശ്രമിക്കുന്നത് പോലെ തോന്നിപ്പിച്ചു.



തണുത്ത കാറ്റ് വീശിയപ്പോള്‍  അയാളെ ചെറുതായി തണുക്കാന്‍ തുടങ്ങി..  നെറ്റിയില്‍ തൊട്ടുനോക്കി.. വിയര്‍ത്തിട്ടുണ്ടോ .. ഇല്ല.. അതിനു ഇനിയും നടക്കണമായിരിക്കും.. വിയര്‍ത്താല്‍ തണുക്കില്ല എന്നാണ് അയാളുടെ വിശ്വാസം..  ചില വിശ്വാസങ്ങളും സ്വപ്നങ്ങളും ചേര്‍ന്നതാണ്  ജീവിതം എന്നാണ്  അയാള്‍ വിശ്വസിക്കുന്നത്.. എന്നാൽ  ഓരോ സ്വപ്നത്തിനും അടുത്തെത്തുമ്പോൾ, അത് താന്‍ കണ്ട സ്വപനമല്ലന്ന തിരിച്ചറിവില്‍ അയാള്‍ എത്തുന്നു .. അതുകൊണ്ടുതന്നെ, മറ്റുള്ളവരുടെ സ്വപനങ്ങളെ കുറിച്ച് അയാള്‍ കഥകളില്‍ എഴുതി നിറച്ചു.  കഥകള്‍ എഴുതി തീരുമ്പോള്‍  അതായിരുന്നു തന്റെ സ്വപ്നമെന്നും  അയാള്‍ തിരിച്ചറിഞ്ഞു. ഓരോ സ്വപ്നത്തിന്റെ അവസാനവും മറ്റൊരു സ്വപ്നത്തിന്റെ തുടക്കമാണ് എന്ന് അയാള്‍ തിരിച്ചറിഞ്ഞതും മറ്റുള്ളവരുടെ സ്വപങ്ങളില്‍ കൂടി ആയിരുന്നു..



ദൂരെ ഒരു മരത്തിന്  അരികിലായി നീല സാരിയില്‍ ഒരു സ്ത്രീ ഇരിക്കുന്നത് അയാള്‍ കണ്ടു.. ആ മരത്തിന്  അരികെ തനിച്ചിരിക്കാന്‍ ആ സ്ത്രീയെ പ്രേരിപ്പിച്ചത് എന്താവും?   അയാള്‍ ആ മരത്തിന്  അരികിലേക്ക് നടന്നു..  വളരെ വൃത്തിയായി വസ്ത്രം ധരിച്ച ഒരു പ്രായമായ സ്ത്രീ ആയിരുന്നു അവർ  . എന്തിനാണ് ഈ സ്ത്രീ ഇങ്ങിനെ തനിച്ചിരിക്കുന്നത്?,  ഒരുപക്ഷേ ജീവിതത്തില്‍ അവര്‍ ഒറ്റപ്പെട്ടുപോയിട്ടുണ്ടാവും.    തണുത്ത കാറ്റ് വീശുന്നതും, അത് മരച്ചില്ലകളെ തഴുകി തലോടി പോവുന്നതും അവരറിയുന്നില്ല.  അവര്‍ മറ്റൊരു ലോകത്തില്‍ ആണ് എന്ന് തോന്നുന്നു.. താലോലം പാടി ഉറക്കി, വളര്‍ത്തി വലുതാക്കിയ മക്കള്‍ ആയിരിക്കുമോ അവരെ ഇങ്ങിനെ ഒറ്റപ്പെടുത്തിയത്?   അതോ ഭൗതിക ലോകത്തിലെ സുഖസൗകര്യങ്ങൾ  തേടിപോയ ഭര്‍ത്താവായിരിക്കുമോ? എങ്ങിനെ ആയാലും അവരെ ജീവിപ്പിക്കുന്നത് സ്വപനങ്ങള്‍ ആണ്  .. അല്ലായിരുന്നുവെങ്കില്‍  ഇങ്ങിനെ തനിച്ചിരുന്നുകൊണ്ട്   മറ്റൊരു ലോകത്തിലൂടെ അവര്‍ തന്റെ മനസ്സിനെ വിഹരിക്കാന്‍ ഇഷ്ടപ്പെടുമോ?



അയാള്‍ക്ക് സമാധാനമായി.. ആദ്യമായി തന്റെ മനസ്സ് അസ്വസ്ഥമാവന്‍  തുടങ്ങിയിരിക്കുന്നു.. ഒറ്റപ്പെടലിന്റെ  വേദന നിറഞ്ഞ സുഖത്തെ കുറിച്ച് ഓര്‍ക്കാന്‍ കഴിയുന്നു...  ചിലപ്പോള്‍ തോന്നും ഒറ്റപ്പെടലാണ് ജീവിതത്തില്‍ സന്തോഷം ഉണ്ടാക്കുന്നതെന്ന്...  പിന്നെ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കണ്ടല്ലോ, സ്വന്തത്തിനു വേണ്ടി മാത്രമായി ജീവിക്കാം.. പാരധികള്‍ കേള്‍കണ്ട.. പരിഭവങ്ങള്‍ അറിയണ്ട..താന്‍ ചെയ്തുകൊടുത്ത ഉപകാരത്തിനു പകരമായി തിരിച്ചു കിട്ടാത്ത നന്ദിയെ കുറിച്ചോ , പുഞ്ചിരിയെ ഓർത്തുകൊണ്ടോ  ഹൃദയത്തില്‍ ദുഃഖങ്ങള്‍ നിറക്കണ്ട.  പക്ഷേ , മറ്റു ചിലപ്പോള്‍ തോന്നും  മറ്റുള്ളവര്‍ക്ക്  വേണ്ടി ജീവിക്കുന്നതിനും ആനന്ദം ഉണ്ടന്ന് .   അപ്പോള്‍ തന്നെയാണ് തനിക്കും  ആരെക്കെയോ ഉണ്ടന്ന തോന്നലുകള്‍ ഉണ്ടാവുന്നതെന്ന് ..  സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവുക എന്നതിലും സുഖം, അത് സ്വപ്നമായി അവശേഷിക്കുന്നത് തന്നെയാണ്. അപ്പോള്‍ തന്നെയാണ് ജീവിക്കാനുള്ള പ്രേരണ ഉണ്ടാവുന്നതും.  ഇനി കഥ ഉണ്ടാക്കാം...അസ്വസ്ഥമായ   മനസ്സില്‍ നിന്ന് സുന്ദരമായ കഥകള്‍ ഉണ്ടാക്കാം... അയാള്‍ക്ക് ആര്‍പ്പു വിളിക്കാന്‍ തോന്നി.. സന്തോഷം കൊണ്ട് അയാള്‍ തുള്ളിച്ചാടി..



ലക്‌ഷ്യം നേടിയ സന്തോഷത്തോടെ അയാള്‍ യാത്ര തുടര്‍ന്നു.    പെട്ടെന്ന്   അത്യുച്ചത്തിലുള്ള ഒരു ശബ്ദം ആ പ്രദേശത്തെ ഭീതിയില്‍ ആഴ്ത്തി .. ആളുകള്‍ നാല് പാടും ചിതറി ഓടാൻ തുടങ്ങി.. .. അന്തരീക്ഷത്തില്‍ തീഗോളങ്ങള്‍ ഉയര്‍ന്നു പൊങ്ങി..കുറച്ചു നിമിഷങ്ങൾക്ക്  ശേഷം വീണ്ടും  അതിലും ഭയാനകമായ മറ്റൊരു ശബ്ദം കൂടി അയാള്‍ കേട്ടു. ആ പ്രദേശത്തെ തല ഉയര്‍ത്തി നില്‍ക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വിറകൊള്ളുന്നതുപോലെ അയാൾക്ക്‌ തോന്നി. പൊടുന്നനെ കെട്ടിടത്തിനകത്ത് നിന്ന് ആളുകള്‍ ഇറങ്ങി ഓടാന്‍ തുടങ്ങി. ഡീസലിന്റെയും പെട്രോളിന്റെയും രൂക്ഷ ഗന്ധം അന്തരീക്ഷത്തെ മലിനമാക്കാന്‍ തുടങ്ങി.. അയാള്‍ മൂക്കിന്റെ ആഗ്രഭാഗം കൈ വച്ച് അടച്ചു പിടിച്ചു.  കറുത്തിരുണ്ട പുക മേല്പ്പോട്ടുയര്‍ന്നു ഭൂമിക്കും ആകാശത്തിനുമിടയില്‍ ഒരു ആവരണം തീര്‍ത്തു. സൈറന്‍ മുഴക്കി കൊണ്ട്  മുറിവേറ്റവരേയും പൊള്ളലേറ്റവരെയും കൊണ്ടുപോകാനുള്ള വാഹനങ്ങള്‍ ഇരച്ചെത്തി.  ചെറുപ്പക്കാരും, കുട്ടികളും വയോവൃദ്ധരും എല്ലാം  പൊട്ടികരഞ്ഞുകൊണ്ട് ഓടുന്നത് അയാള്‍ കണ്ടു.   നേരത്തെ തനിച്ചിരുന്നുകൊണ്ട് ഏതോ ദിവാസ്വപ്നത്തില്‍ മുഴകിയിരുന്ന ആ വൃദ്ധയായ സ്ത്രീ മാറത്തടിച്ചു നിലവിളിച്ചു കൊണ്ട് അയാള്ക്കരികിലൂടെ ദ്രിതിപ്പെട്ടു ഓടി.. ആരെക്കെയോ പറയുന്നത് കേട്ടു.. ബോംബ് ... ബോംബ് , ചിലര്‍ പറയുന്നത് കേട്ടു കാറിലാണ് ബോംബ് വച്ചിരുന്നത് ..എല്ലാം നശിച്ചു.. .. എല്ലാം പോയി... . ഒന്നും ബാക്കിയില്ല...



വെന്തുകരിഞ്ഞ ശരീരങ്ങളുമായി ആര്‍ത്തലച്ച് ജീവനുവേണ്ടി കൊതിച്ച് ജനങ്ങള്‍ നാലുപാടും ഓടുന്നത് കണ്ടപ്പോൾ അയാൾക്ക്‌ സന്തോഷം അടക്കാനായില്ല.
ക്ലൈമാക്സ്‌ കിട്ടിയ സന്തോഷത്താല്‍,  ആഹ്ലാദഭരിതനായി അയാള് വിളിച്ചു പറഞ്ഞു: ഹാ എത്ര സുന്ദരമിനിമിഷം!! ..

9 comments:

  1. നന്നായിരിക്കുന്നു അവതരണം.
    ശാന്തിയുടെയും,സമാധാനത്തിന്‍റെയും തീരത്തുനിന്ന്
    ലഹളയും,സംഘര്‍ഷവും തേടിയാണല്ലോ കഥാന്വേഷി
    പോകുന്നത്?
    ആശംസകള്‍

    ReplyDelete
  2. കണ്ണില്‍ കാണുന്നത് കാണാതെ പുതുമ അന്വേഷിച്ച് നടക്കുമ്പോള്‍ എവിടേയും എത്താതെ മനസ്സ്‌ പതറിക്കൊണ്ടിരിക്കും. ചില തോന്നലുകള്‍ മനസ്സിലൂടെ കയറിയിറങ്ങുന്ന കഥ.

    ReplyDelete
  3. കഥയന്വേഷിച്ച് അലഞ്ഞ ചരിത്രം തന്നെ നല്ലൊരു കഥയായി. അന്ത്യഖണ്ഡിക ഇല്ലെങ്കില്‍ വേറൊരു തലത്തില്‍ ആയേനെ കഥ എന്ന് എന്റെ നിരീക്ഷണം...

    ReplyDelete
  4. ഈയിടെ ആയി മനസ്സിലുള്ള കഥകള്‍ എഴുതുന്നതിനു പകരം, കണ്ണില്‍ കാണുന്ന കാഴ്ചകളില്‍ ആയി എന്റെ കഥ..
    അങ്ങിനെ ഒരു കഥ അനേഷിച്ചുളള യാത്രയിലാണ് ഈ കഥ രൂപപ്പെട്ടത്
    ദുബായ് ക്രീക്കില്‍ പൊട്ടിത്തെറിച്ച പത്തേമാരി എന്റെ കാഴ്ച്ചയെ തേടി എത്തിയില്ലായിരുന്നുവെങ്കില്‍
    ക്ലൈമാക്സ്‌ ഒരിക്കലും ഇങ്ങിനെ ആവുമായിരുന്നില്ലായിരുന്നു .

    നന്ദി അജിത്‌, റാംജി & തങ്കപ്പന്‍ ചേട്ടാ

    ReplyDelete
  5. നന്നായിരിക്കുന്നു...ഈ കഥ അന്വേഷിച്ചുള്ള നടത്തം, രചനയിലെ ഈ ശൈലിയും ഇഷ്ടായി...ആശംസകള്‍...

    ReplyDelete
  6. നല്ല രചനാപാടവത്തിനു അനുമോദനങ്ങള്‍ ... കഥ അന്വേഷിച്ചുള്ള നടത്തവും കഥാന്ത്യവും വളരെ നന്നായീ ട്ടോ...

    ReplyDelete
  7. കഥ തേടി ഇറങ്ങിയ എഴുത്തുകാരന്റെ ചിന്തകള്‍ നന്നായിരിക്കുന്നു.
    നമ്മള്‍ എന്തിലും എവിടെയും കഥ അന്വേഷിക്കുകയാണ്. ചിലപ്പോള്‍ അത് നമ്മെ തേടിയെത്തുന്നു. നന്നായിരിക്കുന്നു

    ReplyDelete
  8. വല്ലാത്തൊരു കഥാന്ത്യം തന്നെ.
    കഥക്ക് വേണ്ടിയുള്ള അലച്ചിലിന്റെ വഴികള്‍ നന്നായി പറഞ്ഞു.
    ആശംസകള്‍

    ReplyDelete
  9. കഥക്കുള്ളിൽ കഥാകാരൻറെ മനസ്സ് വരച്ചു വെച്ചിരിക്കുന്നു.
    വളരെ ലളിതമായ ഭാഷയുള്ള എഴുത്ത്. എന്നാൽ ചില തിരിച്ചറിവുകൾ വായനക്കാർക്ക് കൈ മാറുന്നു.

    ReplyDelete

ധന്യമീ ജീവിതം

അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള്‍ ഉറങ്ങിയെന്നുറപ...