Sunday, January 3, 2016

നിറമുള്ള കാഴ്ചകള്‍





ഒരു മൂന്നര വയസ്സുകാരന്‍ ആണ്‍കുട്ടി, ഒരു കൊച്ചു സൈക്കിള്‍ , ഒരു പൂച്ച കുട്ടി , രണ്ടു കഷണം ബിസ്കറ്റ് ഇത്രയും ചേര്‍ന്നാല്‍ എന്റെ കഥയിലെ ചേരുവകള്‍ ആയി.. ഈ കഥയില്‍ വേണമെങ്കില്‍ ചിലത് കൂടി ചേര്‍ക്കാം.. 
വശ്യ സുന്ദരമായ പ്രക്രതി, പ്രകൃതിയെ രമണീയമാക്കുന്ന പച്ചപുല്‍മേടുകള്‍, പുല്‍മേടുകള്‍ക്ക്‌ ചുറ്റും വെട്ടിയൊതുക്കി  നിര്‍ത്തിയിരിക്കുന്ന ചെറിയ വൃക്ഷങ്ങള്‍, വൃക്ഷങ്ങളെ തഴുകി തലോടി പോവുന്ന ഇളം കാറ്റ്.. കാറ്റിന്റെ കുളിര്‍മ ആഗ്രഹിച്ചു പുൽമേടിന്  അരികുപറ്റി  നടക്കുന്ന കുറച്ചു മനുഷ്യര്‍, അവസാനമായി ഈ കാഴ്ചകള്‍ കാണുന്ന എന്റെ രണ്ടു കണ്ണുകളെയും കൂട്ടത്തില്‍ ചേര്‍ക്കാം..
.
ഇത്രയും ചേരുവകള്‍ കൊണ്ട് എങ്ങിനെ ഒരു കഥ ഉണ്ടാക്കും? 
വിശന്നു വലഞ്ഞ നേരത്ത് നമ്മള്‍ രുചിയുള്ള ഭക്ഷണം അന്വേഷിച്ചു പോവാതെ, 
പെട്ടെന്ന് ലഭ്യമാവുന്ന ഭക്ഷണത്തെ കുറിച്ചായിരിക്കും ഓര്‍ക്കുക. 
അത് ഒരു പക്ഷെ ഒരു കഷണം റൊട്ടിയോ, ഒരു ഗ്ലാസ്‌ വെള്ളമോ ആയിരിക്കാം. 
പക്ഷെ ഭക്ഷണം കഴിച്ചു കഴിയുന്നതോടു കൂടി നമ്മള്‍ അറിയാതെ പറഞ്ഞു പോവുന്നു ,ഹോ.. എന്തൊരു രുചി..ആദ്യമായിട്ടാണ് ഇത്രയും രുചിയുള്ള ഭക്ഷണം ജീവിതത്തില്‍ കഴിക്കുന്നത് എന്നൊക്കെ.. അങ്ങിനെ ഒരു അവസ്ഥയാണ്‌ എന്റെ മുന്നിലിപ്പോള്‍.. . എന്റെ വിശപ്പിനു നിദാനം എന്റെ അമാശയമല്ല, പകരം ഈ യാത്രയിലെ കാഴ്ചകളെ എങ്ങിനെ നിങ്ങളുടെ മുന്നില്‍ നിരത്തി വക്കും എന്നുള്ളതാണ്.. ഇന്ന് എനിക്ക് കാണാന്‍ കഴിയുന്നത്, ആ മൂന്നര വയസ്സുകാരനും, അവന്റെ സൈക്കിളും, പിന്നെ ആ പൂച്ചകുട്ടിയും, അതിന്റെ അരികില്‍, പച്ച പുതച്ച പുല്മേടില്‍ വിതറിയിട്ടിരിക്കുന്ന ബിസ്ക്കറ്റ് കഷ്ണങ്ങളുമാണ് . ഞാന്‍ അവനെ ഒന്ന് നോക്കി നിന്നോട്ടെ..
.
അവന്‍ ഒരു വെളുത്ത നിറമുള്ള ബനിയനും, ചുവപ്പ് നിറമുള്ള മുട്ടുവരെയെത്തുന്ന അരവസ്‌ത്രവുമാണ് ധരിച്ചിരിക്കുന്നത്. കയ്യില്‍ സ്വര്‍ണ നിറമുള്ള ഒരു ചെയിന്‍ ഉണ്ട്. അവന്റെ ഡ്രസ്സ്‌ പോലെ തന്നെ, വെളുപ്പും, ചുവപ്പും ചേര്‍ന്ന കളറിലുള്ള ഒരു സൈക്കിള്‍ പുല്‍മേട്ടില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. അവന്റെ തൊട്ടരികില്‍ ആണ് ആ പൂച്ചകുട്ടി.. അതിന്റെ മ്യാവു...മ്യാവു എന്നുള്ള കരച്ചില്‍ കേട്ടിട്ട്, പ്രസവിച്ചു അധിക നാളായിട്ടില്ല എന്നുറപ്പാണ്. പുല്‍മേട്ടില്‍ വിതറിയിട്ടിരിക്കുന്ന ബിസ്കറ്റ് കഷണങ്ങള്‍ പൂച്ചകുട്ടി മണത്തു നോക്കുന്നുണ്ട്... പിന്നെ അതിന്റെ കൊച്ചു കാലുകള്‍ കൊണ്ട് ബിസ്കറ്റില്‍ തട്ടി നോക്കുന്നു .. കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം പൂച്ചക്കുട്ടി മ്യാവു... മ്യാവു എന്ന് കരഞ്ഞു കൊണ്ട് അകലേക്ക്‌ ഓടി.. കുട്ടിയും അതിന്റെ പിന്നാലെ ഓടി.. കുറച്ചു ദൂരെ മാത്രമേ ഓടിയൊള്ളൂ. അപ്പോഴേക്കും പൂച്ചകുട്ടി തിരിഞ്ഞു നിന്നു. കുട്ടി അതിനെ വാരിയെടുത്ത് ഉമ്മ വക്കാന്‍ തുടങ്ങി. പിന്നെ അവന്‍ അതിനെ താഴെ വച്ചു... എന്നിട്ട് അവന്‍ ചില്‍... ചില്‍... എന്ന തരത്തിലുള്ള ഒരു പ്രത്യക ശബ്ദം ഉണ്ടാക്കി കൊണ്ട് തിരിഞ്ഞോടി.. പൂച്ചകുട്ടി അവന്റെ പിറകിലായി ഓടി.. വീണ്ടും, അവര്‍ ആ ബിസ്കറ്റ് കഷണങ്ങള്‍ കിടന്നിരുന്ന സ്ഥലത്ത് എത്തി.. കുട്ടി ആ ബിസ്കറ്റ് എടുത്തു പൂച്ചകുട്ടിയുടെ ചുണ്ടോടു അടുപ്പിച്ചു.. പൂച്ചകുട്ടി കരയാന്‍ തുടങ്ങി, മ്യാവു.. മ്യാവു.. ഇപ്പോള്‍ ആ കരച്ചിലിന്റെ ഭാഷ ദയനിയമായിട്ടുണ്ട്. പൂച്ചകുട്ടിയുടെ കരച്ചില്‍ മൊഴിമാറ്റം നടത്തിയാല്‍ എങ്ങിനെ ആയിരിക്കും. ങേ,ങേ,,ങേ,ങേ,,ങേ,,ങേ,ങേ.. അമ്മെ ... അമ്മെ ... അമ്മെ .. എങ്ങോട്ടാ പോയത് അമ്മെ.. എന്തിനു എന്നെ വിട്ടു പോയി അമ്മെ.. ....ങേ,ങേ,,ങേ,ങേ,,ങേ,,ങേ,ങേ...
.
മ്യാവു.. മ്യാവു... ഇപ്പോള്‍ കുട്ടിയും പൂച്ചകുട്ടിയെ പോലെ കരയാന്‍ തുടങ്ങി.. അവനു പൂച്ചകുട്ടിയുടെ ഭാഷ മന്സിലയിട്ടുണ്ടാവുമോ? അല്ലെങ്കില്‍ പൂച്ചകുട്ടി എന്തെ കരച്ചില്‍ നിര്‍ത്തിയത് ? .. ഇപ്പോള്‍ പൂച്ചക്കുട്ടി അതിന്റെ വാല്‍ അവന്റെ ദേഹത്ത് മുട്ടി ഉരുമ്മി കൊണ്ട് അവനോടു ചേര്‍ന്ന് നില്‍ക്കുന്നു. അവന്‍ അതിനെ വാരിയെടുത്ത് മുകളിലേക്ക് ഉയര്‍ത്തി വീണ്ടും പറഞ്ഞു മ്യാവു.. മ്യാവു.. അപ്പോള്‍ ഒരു ഇളം തെന്നല്‍ വൃക്ഷങ്ങളോട് സല്ലപിച്ചു കൊണ്ട്, എന്നെ തഴുകി കടന്നു പോയി.. ഞാന്‍ സാകുതം ആ കാഴ്ച കണ്ടു നില്‍ക്കുകയാണ്.. പ്രകൃതിയും എന്നോടപ്പം ഉണ്ടന്ന് അറിയിക്കാനായിരിക്കും ഒരു പക്ഷെ ആ ഇളം തെന്നല്‍ എനിക്ക് കുളിര്‍മ നല്‍കി കൊണ്ട് എന്നെ കടന്നു പോയത്.. ദൂരെ നിന്ന് ഒരു മുതിര്‍ന്ന സ്ത്രീയും, ഒരു പാവാടക്കാരി പെണ്‍കുട്ടിയും നടന്നു വരുന്നുണ്ട് . അവരും കുട്ടിയെ നോക്കി കൊണ്ടാണ് വരുന്നത്.. അവര്‍ ഒരു പക്ഷെ ആ കുട്ടിയുടെ അമ്മയും സഹോദരിയും ആയിരിക്കില്ലേ.. ഞാന്‍ നോക്കുന്നത് കണ്ടാല്‍ അവര്‍ എന്നെ കുറിച്ച് എന്ത് വിചാരിക്കും . ഞാന്‍ തെല്ലു ഒന്ന് മാറി നിന്നേക്കാം.. .. അവര്‍ അവന്നു തൊട്ടു അടുത്തെത്തി.. എന്തെക്കെയോ സംസാരിച്ചു.. ഏതോ ഒരു ഇന്ത്യന്‍ ഭാഷയാണ്. എനിക്ക് ഒന്നും മനസ്സിലായില്ല. ഒരു പക്ഷെ ആ പൂച്ചകുട്ടിയെ വിട്ടേക്ക്, കളിച്ചത് മതി..വീട്ടില്‍ പോവാം എന്നായിരിക്കാം പറഞ്ഞിട്ടുണ്ടാവുക..... അല്ല എങ്കില്‍, വെറുതെ ആ പൂച്ചകുട്ടിയുടെ അമ്മയുടെ ശാപം ഏറ്റുവാങ്ങണ്ട.. അതിനെ വിട്ടേക്ക് എന്നായിരിക്കാം.... അതുമല്ലങ്കില്‍... ഡാ.. അത് ബിസ്കറ്റ് തിന്നുന്ന പ്രായം അല്ല... പാവം. അത് കരയുന്നത് കണ്ടില്ലേ.. . അതിനെ വിട്ടേക്ക്.. എന്നായിരിക്കാം.. പക്ഷെ കുട്ടി അതൊന്നും കേള്‍ക്കുന്നില്ല.. അവന്‍ പൂച്ചകുട്ടിയുമായി കളി തുടരുകയാണ്. .. ആ മുതിര്‍ന്ന സ്ത്രീയും, പെണ്‍കുട്ടിയും അവനെയും കടന്നു മുന്നോട്ടു നടന്നു .. അപ്പോള്‍ അവന്‍ മ്യാവു... മ്യാവു എന്ന് ഉരുവിട്ട് കൊണ്ട് പൂച്ചകുട്ടിയെ താഴെ വച്ചു.. ദൂരേക്ക്‌ ഓടി.. പൂച്ചക്കുട്ടി അവന്റെ പിറകെയും.. മ്യാവു .. മ്യാവു. ..
.
രണ്ടു സൈക്കിളുകള്‍ കൂടി അവന്റെ അടുത്തേക്ക് വന്നു.. അതില്‍ നിന്നു തടിച്ച ശരീരമുള്ള രണ്ടു കുട്ടികള്‍ ഇറങ്ങി അവന്റെ അടുത്ത് എത്തി.. അവര്‍ എന്തെക്കെയോ അവനോടു സംസാരിക്കാന്‍ തുടങ്ങി.. പൂച്ചകുട്ടി അവരുടെതാണ് എന്നാണു പറയുന്നത് എന്ന് തോന്നുന്നു.. പിന്നെ അവര്‍ തമ്മില്‍ ചെറിയ വഴക്ക് രൂപപെട്ടു വരുന്നത് പോലെ തോന്നി.. പൂച്ചക്കുട്ടി ഇപ്പോള്‍ അനാഥ ആയി മാറിയിട്ടുണ്ട്.. അതിനെ ആരും ശ്രദ്ധിക്കുന്നില്ല എന്നറിഞ്ഞിട്ടാവണം, അത് വീണ്ടും കരഞ്ഞു മ്യാവു .. മ്യാവു.. .. അത് കേട്ട് കുട്ടികള്‍ വഴക്ക് നിര്‍ത്തി പൂച്ചകുട്ടിയുടെ അരികില്‍ എത്തി.. അവര്‍ മൂന്ന് പേരും അതിനു വലയം ചെയ്തു നിന്നു.. പിന്നെ അവര്‍ എല്ലാവരും ചേര്‍ന്ന് ഒന്നിച്ചു നിന്ന് മ്യാവു മ്യാവു എന്ന് പറയാന്‍ തുടങ്ങി.. പൂച്ചക്കുട്ടി ഭയംകൊണ്ട്‌ വിറച്ചുപോയത് പോലെ തോന്നിപ്പിച്ചു. അത് രണ്ടു പ്രാവശ്യം അവരുടെ നേര്‍ക്ക്‌ ചാടി.. അപ്പോള്‍ കുട്ടികള്‍ ആര്‍ത്തു ചിരിച്ചു.. പേടിച്ച് ഭീതിപൂണ്ട പൂച്ചകുട്ടി ദയനമീയി മ്യാവു .. മ്യാവു.. എന്ന് നിലവിളിച്ചു കൊണ്ട് അവര്‍ക്കിടയിലൂടെ ഓടി തൊട്ടു അടുത്ത കുറ്റികാട്ടിലേക്ക് മറഞ്ഞു.. അവര്‍ മൂന്നു പേരും ഇപ്പോള്‍ അതിനെ തിരയുകയാണ്.. ഞാന്‍ എന്ത് ചെയ്യണം.. ആ കുട്ടികളുടെ കൂടെ കൂടി ആ പൂച്ചകുട്ടിയെ തിരഞ്ഞു കണ്ടു പിടിക്കണോ? അതോ ആ പാവം പൂച്ചകുട്ടി രക്ഷപെട്ടു എന്ന് കരുതി ആശ്വസിക്കണോ ... എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.. പ്രകൃതി നിശ്ചലമാണ്.. ഒരു ഇളം തെന്നല്‍ വന്നു എന്റെ ശരീരത്തെ തഴുകി കടന്നു പോയിരുന്നു എങ്കില്‍ തെല്ലു ആശ്വാസം തോന്നിയേനെ.. എനിക്ക് എന്തോ ഈ കാഴ്ചകള്‍ കണ്ടു നില്ക്കാന്‍ തോന്നുന്നില്ല. പൂച്ചകുട്ടിയും, കുട്ടികളും ചില ബിംബങ്ങളായി എന്റെ മനസ്സിനെ മഥിക്കുന്നു... ഈ വഴിയും,.. ഈ പുല്‍മേടുകളും.. വൃക്ഷങ്ങളും, എനിക്കിവിടെ ഉപേക്ഷിച്ചു പോവേണ്ടി വരികയാണ്‌.. ഞാന്‍ മുന്നോട്ടു നടക്കട്ടെ. .. പുതിയ കാഴ്ചകള്‍ കാണട്ടെ.. 
.
മ്യാവു..... മ്യാവു.... ആ പൂച്ചകുട്ടിയുടെ കരച്ചില്‍ ഇപ്പോഴും കേള്‍ക്കാം... ഒരു പക്ഷെ ദിക്ക് അറിയാതെ അത് എവിടെയൊക്കെയോ ആയി അലയുന്നുണ്ടാവാം. അല്ലെങ്കില്‍ അവര്‍ അതിനെ പിടികൂടിയിരിക്കാം.. എനിക്കിത് വെറും കാഴ്ചകള്‍ മാത്രമാണ്.. മറ്റൊരു കാഴ്ച എന്റെ കണ്ണുകളെ തേടി എത്തുമ്പോള്‍, കാഴ്ച അല്ലാതാവുന്ന ഒരു കാഴ്ച!

5 comments:

  1. ഈ കഥ അല്ലെങ്കിൽ ഇതുപോലൊന്ന് എൽ കെ ജിയുടെ ബ്ലോഗിൽ മുൻപ് വായിച്ചിട്ടുണ്ടോ എന്നൊരു സംശയം തോന്നി.

    എന്തായാലും ആശംസകൾ

    ReplyDelete
  2. ശ്രി അജിത്‌.. സംശയം ശരിയാണ്. കുറച്ചു കാലമായി ഒരു തടവറ ജീവിതം അനുഭവിക്കുകയാണ്. കുറെ നാളായി പഴയതിൽ പിടിച്ചു പുറത്തേക്കു കടക്കാനുള്ള മാര്ഗം തേടുകയാണ്. അതിന്റെ ഭാഗമായാണ് ഇത്തരം വേലകൾ. വീണ്ടും ഇതിലൂടെ വന്നതിൽ വളരെയധികം നന്ദി

    ReplyDelete
  3. കഥയിലൂടെ ജീവിതം കാണുന്നത്....
    ആശംസകള്‍

    ReplyDelete
  4. കഥ ആസ്വദിക്കാനുള്ള നിലവാരത്തിലേക്ക് ഞാൻ വളർന്നിട്ടില്ല

    ReplyDelete
  5. പ്രിയപ്പെട്ട റോസാപൂക്കൾ വളരെ നന്ദി. ഈ തുറന്നു പറച്ചിലിന്റെ ആഴത്തിലേക്ക് എത്തിനോക്കാൻ എനിക്ക് കഴിയുന്നില്ല. ഞാൻ എഴുതുന്നത് കഥയാണ് എന്ന് സമർഥിക്കാൻ മാത്രമുള്ള വിവരവും എനിക്കില്ല. ദുബൈ കടൽ തീരത്ത്‌കൂടി അലക്ഷ്യമായി നടക്കുമ്പോൾ എന്റെ മനസ്സില് രൂപപ്പെട്ടുകൊണ്ടിരുന്ന ചിന്തകൾ ആണ് ഏതാണ്ട് എല്ലാ എഴുത്തിന്റെയും ആധാരം. ഒരു വെബ്‌ സൈറ്റിൽ എന്റെ യാത്രാകുറിപ്പ് എന്ന ഒരു പക്തി ഞാൻ എഴുതിയിരുന്നു. അതിലാണ് 'നിറമുള്ള കാഴ്ച്ചകൾ എന്ന ഈ അനുഭവം ഞാൻ പങ്കുവച്ചത് . ബീച്ച് പാർക്കിൽ നിന്നുള്ള ഈ കാഴ്ച്ചകൾ എന്റെ മനസ്സിനെ കുറെ ചിന്തകളിലേക്ക് കൊണ്ടുപോവുകായിരുന്നു.

    ReplyDelete

ധന്യമീ ജീവിതം

അവള്‍ക്കു പുറംതിരിഞ്ഞാണ് അയാളുടെ കിടപ്പ്. അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗത കൂടാന്‍ വേണ്ടി അയാള്‍ കാതോര്‍ത്തു. അവള്‍ ഉറങ്ങിയെന്നുറപ...